Thursday, February 28, 2008

മാടപ്രാവിന്റെ വിധി

വൈകുണ്ഠത്തില്‍ വിഷ്ണുഭഗവാനെ കാണാന്‍ ദേവന്‍മാരുടെ തിരക്ക്‌. കൂട്ടത്തില്‍ യമരാജാവും വന്നു ഭഗവാനെ കാണാന്‍. ഈ സമയം ഗോപുരവാതിലിലെ ഒരു തൂണില്‍ ഒരു ചെറിയ മാടപ്രാവ്‌ ഇരിക്കുന്നുണ്ടായിരുന്നു. മാടപ്രാവിനെ കണ്ടതും യമരാജാവ്‌ പ്രാവിനെ സൂക്ഷിച്ചൊന്നു നോക്കി. ഒപ്പം അത്‌ഭുതത്താല്‍ അദ്ദേഹത്തിന്റെ മുഖം വിടരുകയും ചെയ്തു.

എന്നിട്ട്‌ പ്രാവിനെ നോക്കി ' ഇനി ഒരു മൂന്നു നാഴിക കൂടി' എന്നു മനസ്സില്‍ പറയുകയും ചെയ്തു.

ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു വിഷ്ണുവിന്റെ വാഹനമായ ഗരുഡന്‍. പക്ഷികളുടെ രാജാവാണല്ലോ ഗരുഡന്‍. ആ മാടപ്രാവിന്റെ ആയുസ്സിനെക്കുറിച്ചാണ്‌ യമരാജാവ്‌ ഉത്‌കണ്ഠപ്പെട്ടതെന്നു ഗരുഡനു തീര്‍ച്ചയായിരുന്നു.

യമരാജാവിനെ ഒന്നു പറ്റിക്കണമെന്നു തന്നെ ഗരുഡന്‍ തീരുമാനിച്ചു. യമരാജാവ്‌ വിഷ്ണുവിനെ കാണാന്‍ അകത്തേക്കു പോയ തക്കം നോക്കി ഗരുഡന്‍ ആ മാടപ്രാവിനെ റാഞ്ചിയെടുത്ത്‌ മിന്നല്‍ വേഗത്തില്‍ പറന്ന്‌ അഞ്ഞൂറുയോജന അകലെയുള്ള ദണ്ഡകാരണ്യത്തിലെ ഒരു ഗുഹക്കുള്ളില്‍ കൊണ്ടുപോയി ഒളിപ്പിച്ചു വെച്ച ശേഷം തിരിച്ചു വൈകുണ്ഠത്തില്‍ വന്ന്‌ പഴയ സ്ഥാനത്തിരുന്നു.

അല്പസമയം കഴിഞ്ഞ്‌ യമരാജാവ്‌ വിഷ്ണുവിനെ കണ്ട ശേഷം തിരിച്ചിറങ്ങി വന്നു.

ഉള്ളില്‍ അടക്കിപ്പിടിച്ച കള്ളച്ചിരിയോടെ ഗരുഡന്‍ യമനോടു ചോദിച്ചു.

'അല്ലയോ യമരാജാവേ, അങ്ങു അകത്തേക്കു പോകും മുന്‍പേ ഇവിടിരുന്ന മാടപ്രാവിനെ കണ്ട്‌ എന്തിനാണ്‌ അത്‌ഭുതപ്പെട്ടത്‌?

യമരാജന്‍ മറുപടി പറഞ്ഞു.

'അല്ലയോ പക്ഷിശ്രേഷ്ഠാ, മൂന്നു നാഴികക്കുള്ളില്‍ ദണ്ഡകാരണ്യത്തിലെ ഒരു ഗുഹക്കുള്ളില്‍വെച്ച്‌ ഒരു മലമ്പാമ്പ്‌ വിഴുങ്ങി മരണപ്പെടണമെന്നതായിരുന്നു ആ മാടപ്രാവിന്റെ വിധി. ഇത്രയും പെട്ടെന്ന്‌ ഇത്ര ദൂരെയുള്ള ദണ്ഡകാരണ്യത്തില്‍ ഇത്തിരിപ്പോന്ന ഈ പക്ഷി എങ്ങിനെയെത്തും എന്നു കരുതിയാണ്‌ ഞാന്‍ അത്‌ഭുതപ്പെട്ടത്‌. ഇപ്പോള്‍ എല്ലാം ശുഭമായി."

70 ശതമാനം മലയാളികള്‍ തിരിച്ചു മടങ്ങുമ്പോള്‍...

ഗള്‍ഫില്‍ വിസ കാലാവധി 10 വര്‍ഷമാക്കി, 70 ശതമാനം മലയാളികളും തിരികെ നാട്ടിലേക്ക്‌
ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കാലാവധി പത്തുവര്‍ഷമായി ചുരുക്കാന്‍ അറബ്‌ - ഗള്‍ഫ്‌ കോ-ഓപ്പറേറ്റീവ്‌ കൌണ്‍സില്‍ തീരുമാനിച്ചു.

അടുത്ത അറബ്‌ ഉച്ചകോടി ഈ തീരുമാനത്തിന്‌ അംഗീകാരം നല്‍കും. ഇതോടെ പ്രവാസി തൊഴിലാളികളുടെ വേതനത്തിന്റെ തണലില്‍ കെട്ടിപ്പൊക്കിയ കേരള സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയിളകും. നിയം പ്രാബല്യത്തിലാകുന്നതോടെ ഗള്‍ഫിലുള്ള 70 ശതമാനം മലയാളികള്‍ക്ക്‌ തിരിച്ചുപോകേണ്ടിവരും.

സ്വന്തമായി സ്‌പോണ്‍സര്‍ഷിപ്പ്‌ അധികാരമുള്ള ബിസിനസ്‌കാര്‍ക്കും നിക്ഷേപകര്‍ക്കും നിയമം ബാധകമാവുകയില്ല. അറബ്‌-ഗള്‍ഫ്‌ കൌണ്‍സിലിന്റെ ബഹ്‌റൈന്‍, ഖത്തര്‍, യു. എ. ഇ., കുവൈറ്റ്‌, സൌദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളിലാണ്‌ നിയമം പ്രാബല്യത്തില്‍ വരിക. ഒരു രാജ്യത്ത്‌ 20 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക്‌ വോട്ടവകാശത്തിന്‌ അര്‍ഹതയുണ്ടെന്ന ഐക്യരാഷ്‌ട്രസഭയുടെ പുതിയ നിയമമാണ്‌ അറബ്‌ രാജ്യങ്ങളെ തീരുമാനത്തിനു പ്രേരിപ്പിച്ചത്‌. നാടിന്റെ വരുമാനം ഭൂരിഭാഗവും വിദേശരാജ്യങ്ങളിലേക്കു പോകുന്നതും കാരണമാണെന്നു കരുതുന്നു.

65,000 കോടി രൂപയാണ്‌ ഗള്‍ഫ്‌ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന്‌ 2007-ല്‍ കേരളത്തിലേക്ക്‌ ഒഴുകിയെത്തിയത്‌. വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക്‌ കഴിഞ്ഞ വര്‍ഷം ആകെ 1, 05, 300 കോടി (2700 കോടി യു. എസ്‌. ഡോളര്‍) ലഭിച്ചപ്പോളാണ്‌ ഇതില്‍ പകുതിയിലേറെയും കേരളത്തിലേക്കൊഴുകിയത്‌. മൂന്നു കോടിയിലധികം ജനസംഖ്യയുള്ള സംസ്ഥാനത്ത്‌ നാലു ശതമാനത്തിലധികം മാത്രമുള്ള പ്രവാസികളാണ്‌ ബജറ്റിലെ വരുമാനത്തേക്കാള്‍ സമ്പദ്‌ഘടനയെ താങ്ങിനിര്‍ത്തുന്നത്‌.

വലിയൊരു വിഭാഗം തൊഴിലാളികള്‍ കേരളത്തിലേക്കു മടങ്ങുമ്പോള്‍ ഇവരുടെ പുനരധിവാസം സംസ്ഥാന സര്‍ക്കാരിനു വലിയ ഒരു ബാധ്യതയാകും. ഇവരുടെ പുനരധിവാസത്തിനു പ്രവാസി ക്ഷേമനിധി പോലുല്ല സംവിധാനങ്ങള്‍ ആരംഭിച്ചാലേ ഒരു പരിധി വരെ പിടിച്ചു നില്കാന്‍ പറ്റൂ.

പ്രവര്‍ത്തിപരിചയമെന്ന മാനദണ്ഡത്തിനു പകരം യു. എ. ഇ-യില്‍ ജോലിക്കു യോഗ്യതാ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന്‌ ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പിന്‍സ്‌, ഈജിപ്റ്റ്‌, യു. കെ. തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചു വരികയാണ്‌. ഈ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ വലിയൊരു വിഭാഗത്തിനു നാട്ടിലേക്കു ടിക്കറ്റെടുക്കേണ്ടി വരും. അറബ്‌ - ഗള്‍ഫ്‌ രാജ്യങ്ങളില്‍ പൊതു മാപ്പ്‌ ലഭിച്ച്‌ പതിനായിരങ്ങള്‍ നാട്ടിലേക്ക്‌ തിരിച്ചെത്തുന്നതിനു പുറമെയാണ്‌ പുതിയ പ്രതിസന്ധികള്‍.

-മംഗളം ന്യൂസ് - 28 ഫെബ്രുവരി 2008

Sunday, February 24, 2008

മാധവിക്കുട്ടി - നഷ്ടപ്പെട്ട നീലാംബരി.

(രഘു നായര്‍, കുവൈറ്റ്‌ എഴുതി പുഴ.കോം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്‌.)

'എന്നോടു ദയ കാണിക്കരുത്‌. ദയ എന്ന ഭീരുവാക്കും. ദയ എന്നെ കരയിക്കും. സ്‌നേഹത്തിന്റെ അഭാവവും അല്പസ്വല്‍പ്പം ക്രൂരതയും എന്നെ എന്നും ഒരു സിംഹിയായി നിലനിര്‍ത്തും.'

ഇങ്ങനെ എഴുതിയ മാധവിക്കുട്ടി എന്ന മലയാളത്തിലെ സത്യസന്ധയായ സാഹിത്യകാരി എന്നും സിംഹിയായി തുടരാനായിരിക്കും 'നാടുവിട്ടു' എന്നറിയിച്ചുകൊണ്ട്‌ മലയാളത്തോട്‌ ചെറിയ ക്രൂരത കാണിച്ചത്‌. പക്ഷേ ഇവരുടെ സാഹിത്യരചനകളുടെ അന്ത:സത്ത അനുഭവിച്ചവര്‍ക്കാര്‍ക്കും ഈ ക്രൂരതയില്‍ ലവലേശം ഉത്‌കണ്ഠയുണ്ടാകില്ല.

ഈ ലോകത്തിന്റെ ഏതു കോണാണ്‌ മാധവിക്കുട്ടി കാണാതിരുന്നത്‌, ഏതു വന്യതകളിലൂടെയാണ്‌ നടക്കാതിരുന്നത്‌. എവിടെയിരുന്നാലും പുന്നയൂര്‍ക്കുളത്തെ കണിക്കൊന്നയും നാലപ്പാട്ടു തറവാടും, സര്‍പ്പക്കാവും, കുളക്കടവും, കേരളത്തിന്റെ സ്വന്തം ഞാറ്റുവേലയും അവരെ അലട്ടിക്കൊണ്ടേയിരിക്കും. ഒരു കൂടുമാറ്റവും മാധവിക്കുട്ടിയെ സ്വത്വത്തെ ബാധിക്കില്ലായെന്നത്‌ അവര്‍ തന്നെ പല തവണ തെളിയിച്ചു കഴിഞ്ഞതാണ്‌.

സമൂഹത്തിലെ കപടസദാചാരമൂല്യങ്ങള്‍ക്കു വിപരീതമായി നടന്നാണ്‌ മാധവിക്കുട്ടി സാഹിത്യകാരിയായത്‌. മേധാവിത്വശീലമുള്ള മന:സാക്ഷിയുടെ നേര്‍ക്കുനേരെ, വെളിച്ചത്തു നിന്നുകൊണ്ട്‌, ഭയമില്ലാതെ 'രാജാവ്‌ നഗ്നനാണ്‌ ' എന്നു വിളിച്ചുപറയാന്‍ ,മലയാള സാഹിത്യത്തില്‍ ധൈര്യമുള്ള ഒരാളേയുണ്ടായിരുന്നുള്ളൂ എന്ന സത്യം നമ്മള്‍ സൌകര്യപൂര്‍വം മറന്നതിനാലാകണം ഈ കലാകാരിക്ക്‌ ജീവിതസായാഹ്‌നത്തില്‍ ഇങ്ങനെയൊരു ക്രൂരതയെക്കുറിച്ച്‌ ചിന്തിക്കേണ്ടിവന്നത്‌.

സംസ്കാരശുദ്ധിയിലേക്കുള്ള മനുഷ്യന്റെ യാത്രയില്‍ നിഷേധിക്കുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന മൃഗവാസനകളെക്കുറിച്ച്‌ മറയത്തു നിന്നും മാറി ഇറയത്തുവന്നുനിന്നു പറഞ്ഞതിനാലാണ്‌ മാധവിക്കുട്ടി നമ്മുടെ വിശുദ്ധ 'സംസ്കാര' ത്തിനു അനഭിമതയായത്‌. മട്ടുള്ളവരുടെ പ്രേതവിചാരണകളെ ഭയന്ന്‌ തന്റെ എഴുത്തിനെ മാട്ടിമറിക്കാന്‍ കഴിയാതെപോയ ദൌര്‍ബല്യമാണ്‌ ഇവരെ നിരാലംബയാക്കിയത്‌.

എഴുത്തുകാരന്റെ സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും നിരുപാധികമായിരിക്കണമെന്നു നിഷ്ഠ്യുള്ള ഒറ്റ സാഹിത്യകാരി മാത്രമേ ഭാരതത്തിലുണ്ടായിട്ടുള്ളൂ എന്ന്‌ ഏവര്‍ക്കുമറിയാം. ആത്‌മരതിയുടെ സായൂജ്യത്തിനായി സ്വപ്നസാഹിത്യം രചിക്കുന്ന മാധവിക്കുട്ടിയെ വായിക്കപ്പെടുമ്പോള്‍ എഴുത്തുകാരി തന്നെ കഥയിലെ നായികയായി വായനക്കരിലേക്ക്‌ ഒരു ബാധ പോലെ സന്നിവേശിക്കപ്പെടുന്നു. ഈ സ്ഫടികസൌന്ദര്യം കാണാതെ അല്‍പ്പവായനയിലൂടെ സദാചാരലംഘനമായും സാമൂഹിക വിമര്‍ശനമായും വായിക്കപ്പെട്ടുപോയതിനാലാണ്‌ ഇവര്‍ക്ക്‌ നിത്യം ഒളിയമ്പുകളേല്‍ക്കേണ്ടി വരുന്നത്‌. മാധവിക്കുട്ടി മദമിളകിയ സ്ത്രീയാണെന്ന ഒരു ചിത്രം ഒരു സമൂഹമാകെ വ്യാപിപ്പിക്കുവാന്‍ മാത്രമേ ഇത്തരം വായനക്കര്‍ ശ്രമിച്ചിട്ടുള്ളൂ.

എഴുതുമ്പോള്‍ മാധവിക്കുട്ടിക്ക്‌ ഭയത്തിന്റെ അര്‍ത്ഥം അറിഞ്ഞുകൂടാതാകുന്നു. ഒരു വിനാശത്തിന്റെ മുന്നേറ്റം പോലെ എഴുതാന്‍ പോലും അവര്‍ക്കു കഴിയുന്നു. പ്രാര്‍ത്ഥനയുടെ അടിസ്ഥാനരൂപങ്ങള്‍ കൈകാര്യം ചെയ്യുന്നതുപോലെ ലൈംഗികതയെ അവര്‍ വിശകലനം ചെയ്യുന്നു. - കെ. പി. അപ്പന്‍ ഒരിക്കല്‍ മാധവിക്കുട്ടിയെക്കുറിച്ചെഴുതിയതാണിത്‌.

ആണും പെണ്ണും തമ്മില്‍ സന്താനോല്‍പാദനത്തിനായി ചെയ്യുന്ന ശാരീരികസംഗമമാണ്‌ ലൈംഗികത എന്ന പൊതുവായ അറിവിനപ്പുറത്തുള്ള അറിവാണ്‌ മാധവിക്കുട്ടിയുടെ രചനയിലെ അടയാളങ്ങള്‍. മനുഷ്യനിലെ രതികല്‍പ്പനകളെ സംസ്കാരതിന്റെ തടവറക്കുള്ളില്‍ അടക്കിവെക്കേണ്ടിവരുമ്പോഴുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളുടെ അനുരണനങ്ങള്‍ അടുത്തറിഞ്ഞതും പറഞ്ഞുകൊടുത്തതുമാണ്‌ അവരിലെ അക്ഷന്തവ്യതയായി കണക്കാക്കപ്പെട്ടത്‌.

മുട്ടത്തു വര്‍ക്കി, കാനം ഇ. ജെ., മുതലായ പൈങ്കിളിസാഹിത്യകാരുടേയും, അയ്യനേത്ത്‌, പമ്മന്‍ തുടങ്ങിയ ഇക്കിളിസാഹിത്യകാരുടേയും സൃഷ്ടികള്‍ വായിച്ച്‌ ഇന്ദ്രിയങ്ങളില്‍ ഇളക്കമുണ്ടാക്കിയിരുന്ന ഒരു വായനാസമൂഹത്തിന്‌ മാധവിക്കുട്ടിയുടെ രചനകളും അതിലെ രത്യംശങ്ങളും അവനവന്റെ തന്നെ നേര്‍ക്കുനേരെ വരുന്ന ശരങ്ങളായി സ്വയം തൊന്നിപ്പിച്ചിട്ടുണ്ടാകാം. ഇവരുടെ രചനകളില്‍ അടക്കിവെക്കലുകളിലൂടെ അക്രമാസക്തമായിപ്പോയ മനസ്സു ചുമക്കുന്ന തന്റെ തന്നെ ഛായ ഒരോരുത്തരും കാണാന്‍ തുടങ്ങുന്നു.

വിവാഹം കഴിഞ്ഞവരിലെ ലൈംഗികതയും അരാജകത്വവും മാധവിക്കുട്ടി തന്റെ മസൃണഭാഷയിലൂടെ പറഞ്ഞപ്പോള്‍ അതിന്‌ നാനാര്‍ത്ഥങ്ങള്‍ കണ്ടെത്തുകയായിരുന്നു ഒരുപിടി മലയാളികള്‍ ചെയ്തത്‌. കേരളത്തിലെ വിവിധ ലൈംഗിക കുറ്റകൃത്യങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു സത്യമുണ്ട്‌. പ്രതികളില്‍ കൂടുതല്‍ പേരും വിവാഹിതരും കുടുംബമായി കഴിയുന്നവരുമാണ്‌. മാധവിക്കുട്ടി അടയാളപ്പെടുത്തിയ അരാജകത്വത്തിന്റെ അടിയാന്‍മാരാണിവര്‍.

ഓര്‍മ്മ വെച്ച നാള്‍ മുതല്‍ പ്രവാസത്തിലായിരുന്ന ഒരു കഥാകാരി തിരിച്ചെത്തി വര്‍ഷങ്ങള്‍ക്കു ശേഷം ജീവിതത്തിന്റെ സന്ധ്യാവേളയില്‍ നാടിന്റെ പടിയിറങ്ങി മറ്റൊരു പ്രവാസജീവിതത്തെക്കുറിച്ചു ചിന്തിക്കുന്നുവെങ്കില്‍ അവരുടെ നൊമ്പരങ്ങള്‍ക്കു മറുപടി പറയാന്‍ നാം ബാദ്ധ്യസ്ഥരാണ്‌.

മലയാളത്തിലെ ഇതര സാഹിത്യകാരില്‍ നിന്നെല്ലാം വ്യത്യസ്തയായി ഒരുപാടു സൌഭാഗ്യങ്ങള്‍ക്കിടയില്‍ ജനിച്ചു വളര്‍ന്നവളാണ്‌ മാധവിക്കുട്ടി. അതുകൊണ്ടുതന്നെ താഴേക്കിടയിലുള്ളവരുടെ വേദനകളെ ഉപരിപ്ലവമായി മാത്രമേ അവര്‍ക്കു കാണാന്‍ സാധിച്ചിട്ടുള്ളൂ. ആഢ്യത്തത്തിന്റെ അടിച്ചമര്‍ത്തലുകളില്‍ അവരുടെ ആനന്ദവും ഉള്‍പ്പെട്ടതില്‍ നിന്നുള്ള അമര്‍ഷമാണ്‌ അവരുടെ രചനയിലെ രത്യംശങ്ങള്‍. തന്നേക്കാള്‍ വളരെയധികം പ്രായക്കൂടുതലുള്ള ഭര്‍ത്താവിനോടൊപ്പം പത്തൊമ്പതാം വയസ്സുമുതല്‍ ജീവിക്കേണ്ടിവന്നപ്പോള്‍ ഒരു കൌമാരക്കാരിയുടെ നഷ്ടസ്വപ്നങ്ങളും കല്‍പ്പനകളും അവരെ എന്നും പിന്‍വിളി വിളിച്ചിരുന്നു.

ചന്ദനമരങ്ങളില്‍ നായികക്ക്‌ കല്യാണിക്കുട്ടിയോടുണ്ടായ പ്രണയം ഇത്തരമൊരു നഷ്ടസ്മൃതിയുടെ മൂര്‍ത്തീകരണമാണ്‌. കൌമാരത്തിലെ ഏകാന്തതയില്‍ വീണുകിട്ടിയ പ്രണയവും തുടര്‍ന്നുണ്ടായ രതിയുടെ കടന്നുവരവും ഒരു ഉല്‍സവം പോലെ ആഘോഷിക്കുകയും ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ഒരു കളിപ്പാവയെപ്പോലെ അതിനെ കയ്യിലെടുത്ത്‌ ഓമനിക്കുകയും ചെയ്യുന്നു.

ഇത്തരം കല്‍പ്പനകളെ സദാചാരത്തിന്റെ വേലിക്കെട്ടു നോക്കാതെ സ്വപ്നസാഹിത്യത്തിന്റെ ഭാഷ്യത്തിലൂടെ അവതരിപ്പിക്കുവാന്‍ ധൈര്യം കാട്ടിയ സാഹിത്യകാരിയാണ്‌ മാധവിക്കുട്ടി. ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ മാജിക്കല്‍ റിയലിസത്തെ മാറോടണച്ചു പുകഴ്ത്തി സംസാരിച്ച വായനാസമൂഹമാണ്‌ മാധവിക്കുട്ടിയുടെ സ്വപ്നസാഹിത്യത്തെ ഒരു വിഭ്രമമായി വായിച്ചവസാനിപ്പിച്ചതും ഇകഴ്ത്തിയതുമെന്നതാണ്‌ ദയനീയത. തന്റെ തോന്നലും തന്റെ സ്വപ്നങ്ങളുമാണ്‌ തന്റെ സാഹിത്യമെന്ന്‌ ഭയലേശമെന്യേ അവര്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. ഇങ്ങനെ പറയുന്ന ഒരേ ഒരു സാഹിത്യകാരി മാത്രമേ ഭാരത്തൈലുണ്ടായിട്ടുള്ളൂ എന്ന സത്യം മറച്ചുവെക്കനാകാത്തതാണ്‌. അത്‌ അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവരോട്‌ പറയാതെ പിന്നീടെപ്പോഴെങ്കിലും പറയാനും എഴുതാനും വേണ്ടി കരുതിവെക്കുന്നത്‌ ആ സാഹിത്യകാരിക്കു ഒരു ഗുണവും ചെയ്യില്ല.

തല്ലിച്ചളുക്കിയ തകരപ്പാത്രം പോലെ വഴിയുലുപേക്ഷിക്കാനുള്ളതല്ല മാധവിക്കുട്ടി എന്ന കഥാകാരി. കാലമുരുളുമ്പോള്‍ തിമിരമേല്‍ക്കാത്ത കണ്ണുകളിലൂടെയും നവീകരിക്കപ്പെട്ട വായനയിലൂടെയും മാധവിക്കുട്ടിയെ വാഴ്ത്തുന്ന ഒരു തലമുറ വരാനിരിക്കുന്നുണ്ട്‌. ജീവിച്ചിരുന്നപ്പോള്‍ യേശുക്രിസ്തുവിനുപോലും കല്ലേറു ഏറ്റിട്ടുള്ള കാര്യമോര്‍ത്തെങ്കിലും ഈ സ്വപ്നസാഹിത്യത്തിന്റെ 'അമ്മ' മലയാളിത്തത്തോട്‌ ക്ഷമിക്കുമെന്നു നമുക്കു വിശ്വസിക്കാം.

പുറംനാട്ടിലെ ജീവിതം എന്നും തന്റെ സര്‍ഗ്ഗശക്തിയെ പോഷിപ്പിക്കാറുണ്ട്‌ എന്നു പറഞ്ഞിട്ടുള്ള മാധവിക്കുട്ടിക്ക്‌ ഈ സായന്തനപ്രവാസം കൂടുതലെഴുതാന്‍ പ്രചോദനമാകട്ടെ. പക്ഷേ ഒരു കാര്യമുണ്ട്‌. മലയാളഭാഷയെ തിര്യക്കുകളുടെ ശ്രേണിയിലാക്കാന്‍ ഈ സാഹിത്യകാരിക്ക്‌ അര്‍ഹതയോ അവകാശമോ ഇല്ല. കാരണം ലോകത്തിന്റെ ഏതു കോണിലിരുന്നാലും മാധവിക്കുട്ടിക്ക്‌ മലയാളത്തില്‍ മാത്രമേ ചിന്തിക്കാന്‍ കഴിയൂ എന്നത്‌ കമലാദാസിന്റെ ഇംഗ്ലീഷു കവിതകളിലൂടെ നടന്നവര്‍ക്കറിയാം. വിധുരസ്‌മരണകളും, ഗ്രാമ്യതയുടെ പിന്‍വിളിയും വള്ളുവനാടന്‍ ഉള്‍ഗ്രാമത്തിലെ നടുമുറ്റങ്ങളില്‍ തത്തിക്കളിക്കുന്ന കാറ്റിന്റെ ഗന്ധവും അവരെ വായിക്കുമ്പോള്‍ അനുഭവിച്ചറിയുന്നുവെങ്കില്‍ കമലാദാസ്‌ മലയാളിയായതുകൊണ്ടുമാത്രമാണ്‌. മലയാളം അവരുടെ മാതൃഭാഷയായതിനാലാണ്‌. മാധവിക്കുട്ടിയുടെ നല്ല രചനകളെല്ലാം മലയാളത്തിലാണെന്ന്‌ ഈ സാഹിത്യകാരിക്കു നിഷേധിക്കുവാനും മലയാളികള്‍ക്കു മറക്കുവാനും കഴിയില്ല.

Tuesday, February 19, 2008

മണിമുഴക്കങ്ങള്‍

(കടപ്പാട്‌ - അനില്‍കുമാര്‍ വി. നായര്‍)

ഞാന്‍ എന്നെ നിങ്ങള്‍ക്കു പരിചയപ്പെടുത്താം. ഞാന്‍ നിങ്ങളിലൊരുവന്‍ തന്നെയാണ്‌. അല്ലെങ്കില്‍ നിങ്ങളില്‍ പലരും ഞാനായി മാറേണ്ടവരാണ്‌.

എന്റെ പേരു്‌ ജോസഫ് സ്റ്റീഫന്‍. ഒരിക്കല്‍ അതു ജോസൂട്ടിയായിരുന്നു. പിന്നെ ജോസഫായി, ജോസഫ്‌ സാറായി, ജോസഫ്‌ അച്ചായനായി. ജീവിതത്തില്‍ പലപ്പോഴായി മുഴങ്ങിക്കേട്ട മണിയൊച്ചകള്‍ പോലെ കാലഘട്ടങ്ങള്‍ക്കനുസരിച്ച്‌ പേരിനു മാറ്റം വന്നു. ഞാന്‍ കേട്ട മണിയൊച്ചകളില്‍ ഇങ്ങനൊക്കെയായിരുന്നു.

മണിമുഴക്കം - 1

ഞാന്‍ സ്കൂളിലാണ്‌. അസംബ്ലി ചേരുകയാണ്‌. പബ്ലിക്‌ എക്‌സാമിനേഷന്‌ ഏറ്റവുമധികം മാര്‍ക്ക് വാങ്ങിയ കുട്ടിയയതുകൊണ്ട്‌ എനിക്കു പുരസ്കാരം ലഭിക്കുവാന്‍ പോവുകയാണ്‌. സ്കൂള്‍ വരാന്തയില്‍ അദ്ധ്യാപകര്‍ക്കൊപ്പം നില്ക്കുകയാണ്‌ ഞാന്‍. മുറ്റത്തു വരിവരിയായി നില്‍ക്കുന്ന കുട്ടികളെ കടന്ന്‌ അമ്മച്ചി വരുന്നതു എനിക്കു കാണാം. സ്കൂളിനടുത്തുല്ല കൊട്ടാരത്തു വീട്ടിലാണ്‌ അമ്മച്ചിക്കു ജോലി. കരിപുരണ്ട പാത്രം കഴുകിയ കൈ തുടച്ചിട്ടാകാം മുണ്ടിലാകെ കരി പുരണ്ടിരിക്കുന്നു. പ്രധാന അദ്ധ്യാപകന്‍ എന്നെ പുകഴ്ത്തി പറഞ്ഞു സംസാരിക്കുകയും അവാര്‍ഡ്‌ തരികയും ചെയുമ്പോള്‍ കോന്തല കൊണ്ട്‌ അമ്മച്ചി കണ്ണീര്‍ തുടയ്ക്കുന്നത്‌ എനിക്കു കാണാമായിരുന്നു.

മണിമുഴക്കം - 2

പള്ളിമണികല്‍ മുഴങ്ങുന്നു. കുന്തിരിക്കത്തിന്റേയും സാമ്പ്രാണിയുടെയും ഗന്ധം. സ്വര്‍ണ്ണനിറമുള്ള ചിത്രപ്പണി ചെയ്ത പെട്ടിയില്‍ അമ്മച്ചി കിടക്കുന്നു. ശുഷ്‌കിച്ച ശരീരം നോക്കി കരയാന്‍ ആരുമില്ല. എന്റെ ഭാര്യ റോസ്‌ലിന്‍ അമ്മച്ചിയുടെ മുഖത്തേക്കു നോക്കിയിരിക്കുന്നു. തറവാട്ടു മഹിമ നോക്കിയിരുന്നെങ്കില്‍ എനിക്കു റോസ്‌ലിനെ ഭാര്യയായി കിട്ടുമായിരുന്നില്ല. അത്രയും ഉയര്‍ന്ന കുടുംബക്കാരാണവര്‍. ഗള്‍ഫിലെ ഉയര്‍ന്ന ജോലി കാരണമാണ്‌ എനിക്കു റോസ്‌ലിനെ ഭാര്യയായി കിട്ടിയത്‌. വന്ന നാള്‍ മുതല്‍ അമ്മച്ചിയോടൊപ്പം കഴിയാന്‍ അവള്‍ക്ക്‌ അകല്‍ച്ചയായിരുന്നു. കഷ്ടപ്പാടുകള്‍ ഏറെ സഹിച്ചിട്ടുള്ളതുകൊണ്ടാകാം അമ്മച്ചിക്കു ഇത്തിരി പിശുക്കുണ്ടായിരുന്നു. റോസ്‌ലിന്‍ സമ്പത്തിന്റെ നടുക്കു വളര്‍ന്നതുകൊണ്ട്‌ ധാരാളിയും. അത്തരം ചെറിയ ചെറിയ വഴക്കുകള്‍ മൂര്‍ച്ഛിച്ചപ്പോള്‍ റോസ്‌ലിന്‍ ഞാന്‍ നാട്ടിലില്ലാത്ത സമയത്തെല്ലാം സ്വന്തം വീട്ടിലായിരുന്നു താമസം. മരണസമയത്ത്‌ അമ്മച്ചിയുടെ അരികില്‍ ആരുമുണ്ടായിരുന്നില്ല. മരിച്ചതു തന്നെ ഒരു ദിവസം കഴിഞ്ഞാണ്‌ അറിഞ്ഞത്‌. ഭാഗ്യത്തിനു തനിക്കു പെട്ടെന്നു പോരാന്‍ ലീവു കിട്ടി.

മണിമുഴക്കം - 3

ഇപ്പോള്‍ മണി മുഴങ്ങിയത് കോളേജില്‍ നിന്നാണ്‌. ഇളയ മകന്‍ റോണിയുടെ കോളേജ്‌ അഡ്‌മിഷനു വേണ്ടി നഗരത്തിലെ പ്രശസ്തമായ കോളേജില്‍ വന്നിരിക്കയാണ്‌. എന്റെ മൂത്തമകന്‍ ജെയിംസ്‌ ഇപ്പോള്‍ എഞ്ചിനീയറിംഗിനു പടിക്കുന്നു. അവനെ ചേര്‍ക്കേണ്ടുന്ന സമയത്തൊന്നും ഞാന്‍ നാട്ടിലുണ്ടായിരുന്നില്ല. എന്തെന്നറിയില്ല റോണിയുടെ ഏതു കാര്യം നടക്കുന്ന സമയത്തും ഞാന്‍ നാട്ടിലുണ്ടാകും. മാമോദീസക്കും, സ്കൂളില്‍ ചേര്‍ത്തപ്പോഴും ഇപ്പോള്‍ ഇതാ കോളേജില്‍ ചേര്‍ക്കുന്ന അവസരത്തിലും. അമ്മച്ചിയുടെ ചെറിയ ഛായയുണ്ട്‌ റോണിക്ക്‌. അതുകൊണ്ട്‌ എനിക്കു അവനോട്‌ ഇത്തിരി ഇഷ്ടം കൂടുതലുണ്ട്‌. രണ്ടുമക്കള്‍ക്കും അമ്മച്ചിയോടാണു കൂടുതല്‍ ഇഷ്ടം. എപ്പോഴും കാണുന്നത്‌ അവളെയല്ലേ. വല്ലപ്പോഴും അവധിക്കുവരുമ്പോളുണ്ടാകുന്ന സ്നേഹമല്ലേ എന്നില്‍ നിന്നു കിട്ടിയിട്ടുള്ളൂ. എനിക്കു അവരോട്‌ ഉള്ളു നിറയെ സ്നേഹമാണ്‌. ഞാന്‍ പൊതുവെ ഗൌരവക്കാരനാണ്‌ അവരുടെ മുമ്പില്‍. അല്ലേല്‍ പിള്ളേര്‍ക്കു പേടിക്കാന്‍ ആളില്ലാതാകുമെന്നു വിചാരിച്ചിട്ടാ.

മണിമുഴക്കം - 4

അര മണിക്കൂറായി കാത്തിരിക്കുന്നു. ഭാഗ്യം മണിയടിച്ചു. പേരക്കുട്ടിയുടെ സ്കൂളാണ്‌. ഇതൊക്കെയാണ്‌ എന്റെ ഇപ്പോഴത്തെ ജോലി. പേരക്കുട്ടികളെ സ്കൂളില്‍ കൊണ്ടുവരണം, തിരിച്ചുകൊണ്ടുപോകണം. ബില്ലുകളും നികുതികളും അടക്കാന്‍ പോകണം. അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകണം. എല്ലം ചെയ്യാം. എന്നാലും വര്‍ഷയുടെ ചീത്ത വിളി സഹിക്കാന്‍ വയ്യ. വര്‍ഷയെ നിങ്ങള്‍ അറിയില്ലേ. എന്റെ ഇളയ മകന്‍ റോണിയുടെ ഭാര്യയാണ്‌. അവന്‍ ജോലി ചെയ്യുന്ന അതേ ബാങ്കില്‍ തന്നെയാണ്‌ അവള്‍ക്കും ജോലി. എന്റെ മോന്‍ റോണി മിടുക്കനാണ്‌. അതുകൊണ്ടല്ലേ ഇത്രയും പെട്ടെന്നു ഏരിയ മാനേജര്‍ ആയത്‌. എന്നാലും എന്റെ ഭാര്യ റോസ്‌ലിനു വന്ന മാറ്റാമാണ്‌ ഭയങ്കരം. എന്തിനും ഏതിനും ഒരക്ഷരം പറയാതെ എന്നെ അനുസരിച്ചിരുന്ന റോസ്‌ലിന്‍ ഇപ്പോള്‍ മരുമകളുടെ പക്ഷം പറഞ്ഞു എന്നെ കുറ്റം പറയുന്നു. ഒന്നോര്‍ത്താല്‍ അവളു പാവമാണ്‌. അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. മൂത്ത മോന്‍ ജേയിംസുകുട്ടിയുടെ കൂടെ നിന്നപ്പോള്‍ അവന്റെ ഭാര്യ ഇറക്കിവിട്ടതുപോലെ വര്‍ഷയും ചെയ്തേക്കുമോ എന്ന ഭയം കൊണ്ടാകും അവള്‍ വര്‍ഷയുടെ പക്ഷം പറയുന്നത്‌.

മണിമുഴക്കം - 5

ഇപ്പോള്‍ മണിമുഴങ്ങുന്നത്‌ എന്റെ ഭൂതകാലത്തിലല്ല. ഇവിടെ ഈ വൃദ്ധസദനത്തിലാണ്‌. ഇവിടെ ഇങ്ങിനെയാണ്‌. ഓരോന്നിനും മണിയടിയാണ്‌. പ്രാര്‍ത്ഥനക്കും, ഭക്ഷണം കഴിക്കാനും ഉറങ്ങാന്‍ കിടക്കുന്നതിനും അങ്ങിനെ എല്ലാത്തിനും. ഇപ്പോള്‍ കേട്ടത്‌ അത്താഴം കഴിക്കാനുള്ള മണിയടിയാണ്‌. എനിക്കു നന്നെ വിശക്കുന്നുണ്ട്. ഞാന്‍ അത്താഴഹാളിലേക്കു നടക്കട്ടെ. അതിനു മുമ്പ്‌ ഞാന്‍ ഒന്നു പറയുന്നു. ഒരോ മനുഷ്യനും വലുത്‌ അവരവര്‍ തന്നെയായിരിക്കണം. ഞാന്‍ ആരേയും ശപിക്കുന്നില്ല. കാരണം ഞാന്‍ എന്റെ അമ്മച്ചിയോട്‌ നീതി ചെയ്തില്ല. എന്റെ മക്കള്‍ എന്നോടും. വിതയ്ക്കുന്നതു മാത്രമേ കൊയ്യൂ. കൊടുത്തതേ കിട്ടൂ.

Sunday, February 17, 2008

പ്രവാസലോകത്തെ തിരുമുറിവുകള്‍

നാനാത്വത്തില്‍ ഏകത്വം, യൂണിറ്റി ഇന്‍ ഡൈവേര്‍സിറ്റി, അനേകതാ മേം ഏകത..

ഇതു നമ്മള്‍ സ്കൂളിലെ ചരിത്ര പാഠങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ ഭാരതീയ പൌരധര്‍മ്മ സമവാക്യം. എന്നാല്‍ നാനാത്വങ്ങളുടെ നാണംകെട്ട സമവാക്യങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി മലയാളി സമൂഹത്തിന്‍റെ ഇടവഴികളിലേക്കു നമുക്കൊന്നു നോക്കാം.

ഒരു മലയാളി ജോലി ചെയ്യുന്ന സ്ഥാപനത്തിലോ, താമസസ്ഥലത്തോ പുതിയതായി ഒരു മലയാളി വന്നു ചേര്‍ന്നാല്‍ ആദ്യം അന്വേഷിക്കുക അയാളുടെ സ്ഥലമായിരിക്കും. ഗള്‍ഫുലോകത്തെ മലയാളികള്‍ക്കിടയിലെ ആദ്യത്തെ വേര്‍തിരിവ്‌ തുടങ്ങുന്നത്‌ ഒരാള്‍ 'തെക്കനാണോ' അതോ 'വടക്കനാണോ' എന്നതിലൂടെയാണ്‌.

എറണാകുളത്തിനു തെക്കോട്ടുള്ളവരൊക്കെ തെക്കനും അവിടെ നിന്ന്‌ വടക്കൊട്ടുള്ളവരെല്ലം വടക്കനുമാണ്‌. യാതൊരു മുന്‍പരിചയമോ, അനുഭവമോ ഇല്ലാതെ തന്നെ ഒരാളുടെ വ്യക്തിത്വത്തിന്‌ വിലയിടുന്ന വൃത്തികെട്ട അളവുകോലായി മാറുന്നു ഈ വേര്‍തിരിവ്‌. ഇത്തരം ഒരു സൈലെന്റ് ഗ്രൂപ്പിസത്തില്‍ തുടങ്ങി സ്വയം വര്‍ഗ്ഗങ്ങളായി തരം തിരിച്ച്‌ മലയാളികല്‍ തങ്ങളുടെ 'ഗോത്രസംസ്കാരം' പ്രവാസലോകത്ത്‌ അനുശീലിക്കുന്നു.

'തെക്കന്‍മാരെ വിശ്വസിക്കരുത്‌', 'വടക്കന്‍മാരൊക്കെ സ്വാര്‍ത്ഥന്‍മാരാണ്‌ ' എന്നൊക്കെയുള്ള മുന്‍വിധിയിലൂടെയും ന്യായപ്രമാണങ്ങളിലൂടെയും സ്വന്തം ഭാഷ സംസാരിക്കുന്ന തന്‍റെ സഹോദരനെ വേര്‍തിരിച്ചും വര്‍ഗ്ഗീകരിച്ചും മാറ്റുന്നവര്‍ ഈ വടക്കന്‍-തെക്കന്‍ വേര്‍തിരിവിലൂടെ ഐക്യമില്ലായ്മയുടെ ആദ്യത്തെ ആണി അടിക്കുന്നു. അതിനുശേഷം ഇയാള്‍ തന്‍റെ തന്നെ ജില്ലയില്‍ പെട്ട ആളാണോ എന്ന്‌ മൌനമായി ഒരു ചെറിയ ക്ലാസ്സിഫിക്കേഷന്‍ നടത്തും. അടുത്ത മുറിച്ചുമാറ്റല്‍ മതത്തിന്‍റെ കത്തി കൊണ്ടാണ്‌. പിന്നാലെ വരുന്നു ജാതിത്തിരിവുകള്‍.

ഹിന്ദുവാണെന്നറിഞ്ഞാല്‍ അടുത്ത ആകാംക്ഷ തുടങ്ങുന്നത്‌ അയാള്‍ നായരാണോ? ഈഴവനാണോ? അമ്പലവാസിയാണോ? അതോ പട്ടികജാതിയോ? നായരായാലോ, അയാള്‍ മേനോനാണോ? പിള്ളയാണോ? നമ്പ്യാരാണോ? കുറുപ്പാണോ? പണിക്കരാണോ? കൈമളാണോ? ഈഴവനെങ്കില്‍ അയാള്‍ ചാന്നനാണോ, ചേകവരാണോ എന്നു തുടങ്ങുന്നു ഉത്‌കണ്ഠകള്‍.

കൃസ്ത്യാനികള്‍ക്കിടയിലെ വേര്‍തിരിവാണ്‌ വേദനാജനകം. ഏവരും കൃസ്തുദേവന്‍റെ അനുയായികള്‍ തന്നെ. പക്ഷേ അദ്ദേഹത്തിനുണ്ടായ തിരുമുറിവുകളേക്കാള്‍ എത്രയോ കൂടുതലാണ്‌ കൃസ്ത്യാനികള്‍ക്കിടയിലെ 'വേര്‍-മുറിവുകള്‍'. ആദ്യം നോക്കുന്നത്‌ ഒരാള്‍ കത്തോലിക്കനാണോ അതൊ പ്രൊട്ടെസ്‌റ്റന്റ്‌ ആണോയെന്നാണ്‌. ഇനി കത്തോളിക്കനായാലോ, അവന്‍ സീറോ മലബാര്‍കാരനാണോ, മലങ്കര സഭയാണോ, ലത്തീന്‍ കത്തോലിക്കനാണോ അതൊ ക്നാനായ ആണോ? ഇങ്ങനെ പോകുന്നു ആശങ്കകള്‍.

ഇനി പ്രൊട്ടെസ്‌റ്റെന്റ് ആയാലോ അവന്‍ മാര്‍ത്തൊമ്മയാണോ, യാക്കോബായാണോ, ബാവ കക്ഷിയാണോ, മെത്രാന്‍ കക്ഷിയാണോ? അതൊ ഇനി പെന്തക്കോസ്താണോ? ഇനി പെന്തക്കോസ്താണേലോ, ഇവാഞ്ചലിക്കനാണോ അതോ ബ്രദറനോ? ഇത്തരം വര്‍ഗ്ഗീകരണങ്ങളുടെ സുവിശേഷങ്ങള്‍ പാടി പ്രവാസലോകത്ത്‌ മലയാളി കൃസ്ത്യാനികള്‍ നടക്കുമ്പോള്‍ ' നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെ സ്‌നേഹിക്കുക' എന്നു പറഞ്ഞ ആ തിരുരൂപം രൂപക്കൂടിനുള്ളില്‍ കിടന്നുപിടയുന്നത്‌ ആരു കാണാന്‍?

ഭാഗ്യവശാല്‍ പ്രവാസലോകത്തെ മലയാളി മുസ്ലീമുകള്‍ക്കിടയില്‍ ഇത്തരം ഒരു വര്‍ഗ്ഗീകരണം താരതമ്യേന കുരഞ്ഞിരിക്കുന്നതായാണ്‌ കാണുന്നത്‌. എന്നാല്‍ വടക്കേ ഇന്‍ഡ്യകാര്‍ക്കിടയില്‍ സുന്നി, ഷിയാ, ബോറ തുടങ്ങിയ വര്‍ഗ്ഗീകരണങ്ങളുടെ സാന്നിദ്ധ്യമുണ്ടെങ്കിലും മലയാളി മുസ്ലീമുകള്‍ പൊതുവെ ഇത്തരം ഒരു വര്‍ഗ്ഗീകരണത്തിലൂടെ വേര്‍തിരിവു കാണിക്കുന്നതു വിരളമായി മാത്രമേ കാണാന്‍ കഴിയൂ.

ജില്ലയുടേയും ജാതിയുടേയും പേരില്‍ കൂട്ടായ്‌മകള്‍ സംഘടിപ്പിച്ചും അസോസ്സിയേഷന്‍ രൂപീകരിച്ചും സ്വയം ചെറിയ ചെറിയ കൂടുകളുണ്ടാക്കി അതില്‍ കസേരയിട്ടിരിക്കുന്ന മലയാളികള്‍ തനിക്കിഷ്ടമുള്ളവരെ മാത്രമേ, അല്ലെങ്കില്‍ തന്‍റെ നാട്ടുകാരനെ മാത്രമേ, അതുമല്ലെങ്കില്‍ തന്‍റെ ജാതിക്കരനെ മാത്രമേ സഹായിക്കൂ എന്നു വാശി പിടിക്കുമ്പോള്‍ നമ്മള്‍ പഠിച്ചിറങ്ങിയ നാനാത്വത്തിലെ ഏകത്വമെന്ന അഖണ്ഡമന്ത്രം മരുഭൂമിയിലെ മണല്‍കാറ്റില്‍ എവിടെയോ മൂടപ്പെടുന്നു. കൂട്ടായ്‌മയിലൂടെ, ഒത്തൊരുമയിലൂടെ ലോകത്താദ്യമായി ബാലറ്റിലൂടെ സോഷ്യലിസത്തെ ഭരണചക്രത്തിലെത്തിച്ച മലയാളികളാണ്‌ ഇങ്ങനെ ചെറിയ കൂടുകളുണ്ടാകുന്നത്‌ എന്നതാണ്‌ ഇതിലെ വിരോധാഭാസം.

കൂട്ടുകൂടുന്നതിലും റൂമില്‍ കൂടെ താമസിക്കാന്‍ ആളെ തെരഞ്ഞെടുക്കുന്നതിലും എല്ലാം ഇത്തരം അളവുകോലുകള്‍ കൊണ്ടുനടക്കുന്നവരെ പ്രവാസലോകത്ത്‌ കാണാം. നാട്ടുകാരനാണ്‌ കൂടെ താമസിക്കുന്നതെങ്കില്‍ നാട്ടില്‍ പോകുമ്പോള്‍ 'എന്തേലും കൊടുത്തുവിടാമല്ലോ' എന്നു കരുതുന്നതിനും അപ്പുറത്തേക്ക്‌ പലപ്പോഴും ഇത്തരം വര്‍ഗ്ഗീകരണം വളരുന്നതായിക്കാണാം.

പക്ഷേ ഇക്കൂട്ടര്‍ മറക്കുന്ന ഒന്നുണ്ട്‌. വടക്കനായാലും തെക്കനായാലും ഹിന്ദുവായാലും കൃസ്ത്യാനിയായാലും നിങ്ങളെ ഈ പ്രവാസലോകത്ത്‌ ആരും കെട്ടിവാഴിക്കാനായി കൊണ്ടുവന്നതല്ല. പണിയെടുപ്പിക്കാനായി കൊണ്ടുവന്നതാണ്‌. കവറോളിട്ടു പണിയുന്നവരും ടൈയും കെട്ടി പണിയുന്നവരും കമ്പ്യൂട്ടറില്‍ പണിയുന്നവരും എല്ലാം അറബിയുടെയോ അമേരിക്കന്‍റെയോ ഒക്കെ കേവലം പണിക്കാര്‍ മാത്രമാണ്‌.

ഏതെങ്കിലും ഒരു മലയാളി എവിടെയെങ്കിലും പീഡിപ്പിക്കപ്പെടുമ്പോള്‍ ആ പീഡനം നാളെ നിന്‍റെ നേരെയും വരുമെന്നു കരുതി അവനെ സഹായിക്കാന്‍ അവനോടൊപ്പം നില്‍ക്കാതെ അവന്‍ വേറെ ജാതിയാണെന്നോ, വേറെ ജില്ലക്കാരനാണെന്നോ കരുതി അവനെ തഴയുന്നതിലെ ആ 'മാനുഷികതയെ' എങ്ങനെയാണു ന്യായീകരിക്കാനാകുക.

പ്രതികരിക്കാന്‍ ഒരുപാടു പരിമിതികളുള്ള പ്രവാസലോകത്ത്‌ നിങ്ങളുടെ നാട്ടുകാരനോ ജാതിക്കാരനോ അല്ലയെന്ന പേരില്‍ പാര്‍ശ്വവത്‌കരിച്ച്‌ നിന്നെപ്പോലെ അന്നം തേടി വന്ന, നിന്‍റെ തന്നെ ഭാഷ സംസാരിക്കുന്ന, സഹോദരനെ മാറ്റിനിര്‍ത്താതെയിരിക്കുക. ഒരാപത്തു വരുമ്പോള്‍ കൂടെയുണ്ടാവുക ഏതു നാട്ടുകാരനാണെന്നാരറിഞ്ഞു?

'ഞാന്‍ ' 'എന്റേത്‌ ' 'എന്റെ നാട്ടുകാര്‍' എന്നുള്ളിടത്തുനിന്നാണ്‌ എല്ലാ പ്രശ്നങ്ങളും തുടങ്ങുന്നതെന്ന്‌ സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്‌ ഇനി ഈ പ്രവാസി മലയാളികളെ കണ്ടിട്ടാണോ? എനിക്കു സംശയമുണ്ട്‌.

Saturday, February 16, 2008

ഞാന്‍ ഒരു പാമ്പ്‌ - കവിത

ഉത്‌പത്തികാലം മുതലേ
എന്‍റെ ഉള്ളിന്‍റെ ഉറക്കുള്ളില്‍
ഒരു പാമ്പ്‌ ചുരുണ്ടുറങ്ങുന്നു.
വിഷം മുറ്റിയ പല്ലുകളുമായി
ഉരസ്സുകൊണ്ടിഴഞ്ഞുനടക്കുന്നു
ഇരട്ടത്തുമ്പുള്ള നാക്കുമായി
ഫണം താഴ്ത്തി
അയലത്തുകാരന്‍റെ ദൌര്‍ബല്യങ്ങളിലേക്കും,
അന്യന്‍റെ രഹസ്യങ്ങളിലേക്കും,
അപരദു:ഖങ്ങളില്‍ ലാഭം തേടി
കണ്ണിനെ കാതാക്കി
അത്‌ മാളങ്ങള്‍ പരതുന്നു.
മിഴിപ്പോളകള്‍ തുറന്ന്‌ എന്നില്‍
അനങ്ങാതെ കിടക്കുന്നു,
അടിയേല്‍ക്കുന്ന നിമിഷത്തെ
പ്രതീക്ഷിച്ചുകൊണ്ടെന്നും.

പറഞ്ഞുകേട്ട കഥ..

ഒരു ട്രെയിന്‍ പുറപ്പെട്ടു തുടങ്ങി. യാത്രക്കര്‍ വളരെയധികം. വൈകിട്ട്‌ 5 മണിക്കുള്ള ഷട്ടില്‍ ട്രെയിനായിരുന്നു. നഗരത്തില്‍ നിന്നും ജോലി കഴിഞ്ഞു പോകുന്നവരും കോളേജ് കുട്ടികളുമായിരുന്നു യാത്രക്കാരിലധികവും. ട്രെയിനിലെ ജനാലക്കരുകില്‍ വയസ്സായ ഒരു അച്ഛനും അയാളുടെ മുപ്പതു വയസ്സോളം പ്രായം തോന്നിക്കുന്ന മകനും ഇരിപ്പുണ്ട്. ട്രെയിന്‍ ഓടിത്തുടങ്ങിയപ്പോള്‍ വൃദ്ധന്‍റെ മകന്‍സന്തോഷം കൊണ്ട്‌ തുള്ളിച്ചാടാന്‍ തുടങ്ങി.

"നോക്കൂ അച്ഛാ, പച്ച നിറമുള്ള മരങ്ങള്‍ പുറകോട്ടു ഓടി മാറുന്നതു കാണാന്‍ എന്തു ഭംഗിയാണ്‌.."

മുപ്പതു വയസ്സോളം പ്രായമുള്ള മകന്‍റെ ഈ തുള്ളിച്ചാടല്‍ കണ്ട്‌ വണ്ടിയിലെ സ്തിരം യാത്രക്കര്‍ പരസപരം നോക്കി ഗൂഢമായി ചിരിച്ചു.

ഓഫീസ്‌ പീയൂണായ തോമസ്‌ പറഞ്ഞു. 'വട്ടാണെന്നാ തോന്നുന്നത്‌"

ബാങ്ക് ക്ലാര്‍ക്കായ സുമതി ഇതു കണ്ട്‌ അടുത്തു നിന്ന കൂട്ടുകാരിയോട്‌ അടക്കം പറഞ്ഞു ചിരിച്ചു.

പുറത്ത്‌ തുലാവര്‍ഷത്തിന്‍റെ വരവറിയിച്ചുകൊണ്ട്‌ ഇടിവെട്ടി. പെട്ടെന്നു തന്നെ മഴയും പെയ്തു തുടങ്ങി. എന്നിട്ടും ജനാലയുടെ അരികില്‍ നിന്നും മാറാതെ ഇരുന്ന ചെറുപ്പക്കാരന്‍ ജനാലയുടെ ചില്ലുകള്‍ അടച്ചില്ല.

മഴ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങിയപ്പോള്‍ ചെറുപ്പക്കാരന്‍ വീണ്ടും സന്തോഷവാനായി.

മഴത്തുള്ളികള്‍ ശക്തിയായി താഴേക്കു വീഴുന്നതു കണ്ട ചെറുപ്പക്കാരന്‍ മതിമറന്ന സന്തോഷത്താല്‍ അച്ഛനെ തട്ടിക്കൊണ്ടു പറഞ്ഞു.

'നോക്കൂ അച്ഛാ.. എന്തു ഭംഗി"

ചെറുപ്പക്കാരന്‍ പറയുന്നതു കേട്ടു എല്ലാവരും പുറത്തേക്കു നോക്കി. അവര്‍ അവിടെ ഒന്നും കണ്ടില്ല. നൂല്‍വണ്ണത്തില്‍ മഴ പെയ്യുന്നു..പാലത്തിനരുകിലുള്ള വേനല്‍പച്ചയുടെ വെളുത്തപൂക്കള്‍ പഞ്ഞിക്കെട്ടുപോലെ നനഞ്ഞിരിക്കുന്നു. അത്രമാത്രം. ഇതു എത്ര വര്‍ഷമായി പല തവണ കാണുന്നുണ്ട്‌.

ജനാലവഴി മഴത്തുള്ളികള്‍ ദേഹത്തു പതിക്കാന്‍ തുടങ്ങിയപ്പോള്‍ കോളേജ്‌ ഗേളായ രേഷ്മക്കു ദേഷ്യം വന്നു. രേഷ്‌മയെ സഹായിക്കാന്‍ അവസരം കാത്തിരുന്ന ചിലര്‍ ചെറുപ്പക്കാരനോടു തട്ടിക്കയറി.

'ജനല്‍ അടയ്ക്കടൊ' എന്നവര്‍ ഉച്ചത്തില്‍ അലറി. എന്നിട്ടു ചെറുപ്പക്കാരന്‍റെ അച്ചനോട്‌ ചോദിച്ചു..

'മോന്‌ എത്ര നാളായി അസുഖം തുടങ്ങിയിട്ട്' ? 'വല്ല ഊളംപാറയ്ക്കും കൊണ്ടുപൊയ്ക്കൂടേ'

വൃദ്ധനായ അച്ഛന്‍ വളരെ താഴ്മയോട്‌ അവരോടു പറഞ്ഞു...

'ഞങ്ങള്‍ ആശുപത്രി വിട്ടുവരുന്നവരാണ്‌. ഇന്നു രാവിലെയാണ്‌ എന്‍റെ മകനെ ഡിസ്‌ചാര്‍ജ്ജ് ചെയ്തത്‌. ജനിച്ചപ്പോള്‍ മുതല്‍ ഇവനു കാഴ്ചയുണ്ടായിരുന്നില്ല. കഴിഞ്ഞ ആഴ്ച്ചയാണ്‌ ഇവനു കണ്ണു കിട്ടിയത്‌. ഈ കാഴ്ചകളൊക്കെ ആദ്യമായിട്ടാണ്‌ ഇവന്‍ കാണുന്നത്‌. അതുകൊണ്ടാണ്‌..നിങ്ങള്‍ ക്ഷമിക്കണം.

Tuesday, February 12, 2008

വിജയകൃഷ്ണനും തോമാച്ചായനും

വിജയകൃഷ്ണന്‍ വെക്കേഷനു പോയപ്പോള്‍, തന്‍റെ നാട്ടുകാരനും അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്നതുമായ ജോസൂട്ടി ഒരു എമര്‍ജന്‍സി ലൈറ്റും ടൈഗര്‍ ബാമും പിന്നെ ഒരു ചെക്കും വിജയകൃഷ്ണന്‍റെ കൈയ്യില്‍ കൊടുത്തു വിട്ടിരുന്നു. അതു കൊണ്ടുക്കൊടുക്കാനായി വിജയകൃഷ്ണന്‍ ജോസൂട്ടിയുടെ അപ്പന്‍ ചാങ്ങേപ്പറമ്പില്‍ തോമാച്ചന്‍റെ വീട്ടിലെത്തി. തോമച്ചന്‍ തന്‍റെ ദു:ഖങ്ങള്‍ വിജയകൃഷ്ണനുമായി പങ്കു വെച്ചതിങ്ങനെയാണ്‌..

വിജയകൃഷ്ണന്‍ കുഞ്ഞേ, എതെന്നതൊക്കെയാ അവന്‍ തന്നു വിട്ടിരിക്കുന്നേ? ജോസൂട്ടി കഴിഞ്ഞ എട്ടു നോമ്പിനൊന്നു വിളിച്ചതാ, അതിപ്പിന്നെ, ങേഹേ, ഇന്നേവരെ അവന്‍ വിളിച്ചിട്ടില്ല. അവന്‍ വിളിക്കുമ്പോഴൊക്കെ ഞാന്‍ എന്നതാ ഈ പൈസേടെ കണക്കു മാത്രം പറയുന്നേ എന്നാ അവന്‍റെ ചോദ്യം? ഇന്നാളവന്‍റെ അമ്മച്ചിയെ വിളിച്ചാരുന്നു. അന്നേരം ഞാന്‍ ഇവിടില്ലാരുന്നെന്നേ. റബ്ബര്‍ വെട്ടിക്കാന്‍ പൊയിരിക്കുവാരുന്നു. എല്ലായിടത്തും ഞാന്‍ തന്നെ ഓടിനടക്കേണ്ടേ? അന്നു അവളെ വിളിച്ചപ്പോളാ എമര്‍ജന്‍സി ലൈറ്റു കൊടുത്തുവിടണമെന്നു അവള്‍ പറഞ്ഞത്‌. അവന്‍ കഴിഞ്ഞ തവണ കൊണ്ടുവന്നതു ആലീസിന്‍റെ മോന്‍ പള്ളിക്കൂടം അടച്ചപ്പോള്‍ ഇവിടെ വന്നു നിന്നപ്പോള്‍ അങ്ങു പൊട്ടിച്ചു. അവന്‍റെ തന്തേടെ മൊതല്‍ ആയിരുന്നേല്‍ അറിയാമാരുന്നു. ഞാന്‍ ഒരു പെടയും കൊടുത്തു. അതു പോട്ടെ.

ജോസൂട്ടിക്ക്‌ അവിടെ സുഖമാണൊ മോനേ? പഴേ പൊലൊന്നുമല്ല കുഞ്ഞേ ഇപ്പോ അവന്‍. പെണ്ണുകെട്ടിയേപ്പിന്നെ ആകെ മാറിപ്പൊയെന്നേ. ഞന്‍ ഇതു പറയുന്നതു മോന്‍ അവനെ കാണുമ്പോള്‍ ഒന്നു പറഞ്ഞു കൊടുക്കാന്‍ കൂടിയാ. ഈ പെണ്ണുകെട്ടുന്നതിനു മുന്നേം അവന്‍ അക്കരെ തന്നെയാരുന്നേ. അന്നവന്‍ അയച്ച കാശു കൊണ്ടല്ലേ കുഞ്ഞേ ഈ വീടൊക്കെ ഈ പരുവത്തിലാക്കിയത്‌. ഇപ്പോ അവന്‍റെ കാശൊക്കെ എന്തിയേ? അവന്‍ എല്ലാം അങ്ങു പെണ്ണുംപിള്ള വീട്ടിലോട്ടു തള്ളുവായിരിക്കും. അവള്‍ വരച്ച വരേലാ മോനേ അവന്‍ .

അല്ലേല്‍ ഇപ്പോ അവന്‍റെ കാശൊക്കെ എവിടെപ്പോയി? ഞങ്ങളു കൃസ്ത്യാനികള്‍ക്കു വീടിനവകാശം എതായാലും എളേ പിള്ളേര്‍ക്കാ. ഈ വീടേതായാലും ഇളയവന്‍ ബോബനു കൊടുക്കേണ്ടി വരും. അതൊക്കെ ജോസൂട്ടിയുടെ പെണ്ണുംപിള്ള ഉറുത്തികൊടുത്തുകാണും. അവന്‌ പെണ്ണുംപിള്ളേടെ നാട്ടില്‍ വസ്തു വാങ്ങാന്‍ ഉദ്ദേശമുണ്ടെന്ന്‌ പുത്തന്‍ കുര്‍ബ്ബാനക്കു അവന്‍റെ അമ്മായിയപ്പനെ പള്ളീല്‍ വെച്ചു കണ്ടപ്പോള്‍ ആ സംസാരത്തീന്നു എനിക്കു തോന്നി.

പിന്നെ എന്‍റെ ഷേര്‍ലിമോളും അക്കരെ തന്നെ നേഴ്‌സായതു കൊണ്ടാ ഇവിടെ കാര്യങ്ങളൊക്കെ ഒരു മാതിരി നടന്നു പോന്നേ. ജോസൂട്ടിയുടെ ഇളേതാണേലും അവള്‍ക്കു കാര്യവിവരമുണ്ട്‌. അവളേം കെട്ടിച്ചു വിട്ടതാണേ, പക്ഷേ അവള്‍ക്കു വീടൊന്നൊരു വിചാരമൊക്കെയുണ്ട്‌. അവടെ കെട്ടിയോന്‍റെ നയാ പൈസ അവള്‍ അവന്‍റെ വീട്ടിലോട്ടു കൊടുപ്പിക്കത്തില്ല. അനാവശ്യം കളയിക്കത്തുമില്ല. ആ കാശെല്ലാം സ്വരുക്കൂട്ടിയല്ലിയോ മോനേ ഞാന്‍ ആ പാണ്ടന്‍പറമ്പത്തുകാരുടെ റബ്ബര്‍ തോട്ടം ഇങ്ങു വാങ്ങിയേ. അവടെ കെട്ടിയോന്‍ ഒരു പാവം പിടിച്ച കൊച്ചനാണെന്നേ. അവളു പറയുന്നതു കേട്ടു നിന്നോളും. ഇപ്പോ ദേ ഇളയ ചെക്കന്‍ ബോബനു ഒരു ക്യമറാ മൊബൈലാ കഴിഞ്ഞ ആഴ്ച്ച കൊടുത്തുവിട്ടത്‌.

എന്‍റെ മൂത്ത മോള്‍ ആലീസിനെ മോന്‍ കണ്ടിട്ടില്ലേ? അവടെ കെട്ടിയോന്‍ മാത്തുക്കുട്ടിക്കു ഗള്‍ഫില്‍ പോകാന്‍ ആ ട്രാവല്‍ ഏജന്‍സിക്കാര്‍ക്കു കൊടുക്കന്‍ 50000 രൂപക്കു വേണ്ടി പണയം വെക്കാനായി ജോസൂട്ടിയുടെ പെണ്ണുംപിള്ളേടെ ഇത്തിരി സ്വര്‍ണ്ണം ചോദിച്ചതിനുണ്ടായ പുകിലൊന്നും പറയേണ്ട. പിന്നെ ഷേര്‍ലിക്കു കൊടുത്ത സ്വര്‍ണ്ണം എടുത്തു പണയം വെച്ചാ കുഞ്ഞേ അവന്‍ പോയത്‌.

മോനൊരു കാര്യമറിയാവോ? ഞങ്ങടെ കൂട്ടത്തില്‍ ഒരാള്‍ അക്കരെ പോയല്‍ കുടുംബത്തിലുള്ള മറ്റെല്ലവരേയും കൊണ്ടുപോകും. എന്‍റെ അനിയന്‍ ഔതക്കുട്ടിയുടെ എളേ മോന്‍ ഷിബൂനെ ഒന്നു രക്ഷപ്പെടുത്താന്‍ നാലുകൊല്ലമായി ഞാന്‍ പറയുന്നു. ഇതേവരെ അവന്‌ ആ കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ല. അതെങ്ങനാ അവനു അവന്‍റെ പെമ്പ്രന്നോത്തി പറയുന്നതല്ലേ വേദവാക്യം. എന്നാലോ അവളുടെ ആങ്ങള ചെറുക്കനെ അങ്ങു കൊണ്ടുപോവേം ചെയ്തു. അവനു കമ്പ്യൂട്ടറില്‍ എന്തൊ വലിയ പഠിത്തമുണ്ടെന്നൊരു പറച്ചിലും.

ഇവിടുത്തെ കാര്യങ്ങള്‍ എങ്ങനാ നടക്കുന്നേന്ന്‌ ജോസൂട്ടിക്കൊരു വിചാരോമില്ല. നാട്ടിലെ പൈസാ ചെലവ്‌ അവിടിരിക്കുന്ന നിങ്ങള്‍ക്കു മനസ്സിലാകത്തില്ലെന്നേ. കല്യാണം, വെഞ്ചെരിപ്പ്‌, മാമ്മോദീസ, പള്ളിപ്പിരിവ്‌, ഉത്‌സവപ്പിരിവ്‌, കറണ്ടു ചാര്‍ജ്ജ്‌, ഫോണ്‍ ബില്ല്‌, ഇതിന്‍റെയൊക്കെ പേരില്‍ മാസാമാസം എത്ര പൈസയാ പെറുക്കുന്നത്‌? നാട്ടുകാരുടെ കണ്ണില്‍ മോനും മോളും ഇപ്പോ ദേ മരുമോനും ഗള്‍ഫിലായതുകൊണ്ട്‌ ആര്‍ക്കും കൊടുക്കുന്നതൊന്നും അത്രക്കങ്ങു പോരാത്തതുപോലാ. ഇവിടെ ഒരു ബുദ്ധിമുട്ടുമില്ലാ എന്നാ എല്ലരുടെയും വിചാരം.

ദേ ഇന്നു രാവിലെ ഇടവകപ്പള്ളീന്ന്‌ അച്ചന്‍ വന്നുപോയതേ ഉള്ളൂ. പള്ളിവക കോളേജിലെന്തോ സ്വാശ്രയപഠിത്തം തുടങ്ങിയെന്നും അതിനു വേണ്ടി കൈ അയഞ്ഞ്‌ കൊടുക്കണമെന്നുമൊക്കെ പറഞ്ഞോണ്ട്‌. ഇടയ ലേഖനമാണെന്നും പറഞ്ഞ്‌ ഒരു നോട്ടീസും തന്നിട്ടുപോയി. മക്കളു ഗള്‍ഫിലായതു കൊണ്ട്‌ അവരു അവിടെക്കിടന്നൊണ്ടാക്കുന്ന കാശെല്ലാം പള്ളിക്കു കൊടുക്കണമെന്നാ അച്ചന്‍മാര്‍ വിചാരിക്കുന്നേ. കവലയിലെ കുരിശുംമൂടിനു സംഭാവന കൊടുത്തിട്ട്‌ ആറുമാസമായില്ല. അച്ചന്‍മാര്‍ക്ക്‌ പള്ളിക്കാര്യം നോക്കിയാല്‍ പോരേ, പള്ളിക്കൂടം പഴേപോലെ അങ്ങു നടക്കത്തില്ലിയോ. ഒരോരോ പരിഷ്‌ക്കാരങ്ങള്‌.

പറഞ്ഞു പറഞ്ഞ്‌ സമയം പോയതറിഞ്ഞില്ല. ദേ കൊണ്ടുവെച്ച ചായേം ചക്കയുപ്പേരിയും മോന്‍ കഴിച്ചില്ലല്ലോ. ജോസൂട്ടിയെ കാണുമ്പോള്‍ ഇവിടുത്തെ കഷ്ടപ്പാടൊക്കെ മോന്‍ അവനോടു പറയണം. തെക്കേലെ മധോന്നായരുടെ മോള്‍ ബിന്ദൂന്‍റെ കല്യാണമാ. അവരുടെ മൂത്തമോന്‍ അങ്ങു പട്ടാളത്തിലാ. പട്ടാളത്തീന്നൊക്കെ കിട്ടുന്നതുകൊണ്ട്‌ ഇന്നത്തെ കാലത്ത്‌ ഒരു പെണ്ണിനെ ഒക്കെ കെട്ടിച്ചുവിടാന്‍ പറ്റുമോ? സ്വര്‍ണ്ണത്തിനൊക്കെ എന്താ വില? അവരാ പടിഞ്ഞാറ്റേലെ 25 സെന്റ്‌ കല്യാണാവശ്യത്തിനായി വില്‍ക്കുമെന്നാ കേള്‍ക്കുന്നേ. നമ്മുടെ ബ്രോക്കര്‍ ഗോവിന്ദന്‍ പറഞ്ഞതാണേ. അങ്ങനെങ്ങാനും അവരു വില്‍ക്കുവാണേല്‍ അതൊന്നു വാങ്ങുന്ന കാര്യം ജോസൂട്ടിയോടു പറയണമെന്നു വിചാരിച്ചിരിക്കുവാ. അവന്‍റെ പെണ്ണുംപിള്ളക്കു പിടിക്കുകേലായിരിക്കും. മോന്‍ അവനെ കാണുമ്പോള്‍ ഈ കാര്യം ഒന്നു ശരിക്കും പറഞ്ഞു കൊടുക്കണം. നല്ല കണ്ണായ വസ്തുവാ. റോഡിറമ്പിലാണു താനും. മറ്റു വല്ല ജാതിക്കാരും വന്നു വാങ്ങുന്നതിനേക്കാള്‍ നല്ലതല്ലിയോന്നു വിചാരിച്ചാ.

മോന്‍റ്റടുത്തല്ലിയോ നമ്മുടെ കുന്നുംപുറത്തെ ദിവാകരനും. അവന്‍ അവിടെ നല്ല നെലേലാ അല്ലിയോ മോനേ? മേമനക്കരുടെ 50 സെന്റ്‌ അവന്‍ ഇന്നാളു വാങ്ങിയ കാര്യോം അന്നു ബ്രോക്കര്‍ ഗോവിന്ദന്‍ പറഞ്ഞാരുന്നു. അവന്‍റെ പഴേ സ്വഭാവമൊക്കെ മാറിയോ മോനേ? ഒരു കണക്കിനു അവന്‍ നാട്ടീന്നു പോയതും നന്നായി.

മോനെന്താ പെണ്ണൊന്നും കെട്ടുന്നില്ലേ? അവിടെത്തന്നെ ആശുപത്രീലുള്ള ഏതോ ഒരു കൊച്ചുമായി അടുപ്പമാണെന്നൊക്കെ അച്ഛന്‍ ഇന്നാളു ഷാപ്പിന്‍റെ അടുത്തുള്ള ഇടവഴിയില്‍ വെച്ചു കണ്ടപ്പോള്‍ സൂചിപ്പിച്ചു.

ഒരു കണക്കിന്‌ കല്യാണം ഉടനെ നടത്താതിരിക്കുന്നതാ നല്ലത്‌. വീട്ടുകാര്‍ക്കേലും ഗുണമുണ്ടാകുമല്ലോ. എന്‍റെ ജോസൂട്ടിയുടെ കാര്യം തന്നെ നോക്ക്!. ഒരു പെണ്ണു വന്നു കേറിയാലത്തെ അവസ്ഥയേ? ഏതായലും മോന്‍ അവനെ കാണുമ്പോള്‍ എല്ലാം ഒന്നു വിശദമായി പറഞ്ഞേരു കേട്ടോ. അപ്പോ ശരി മോനേ...

തോമാച്ചന്‍റെ കഥ കേട്ടു വിജയകൃഷ്ണന്‍ ചാങ്ങേപ്പറമ്പില്‍ നിന്നും സ്വന്തം വീട്ടിലേക്കു തിരിച്ചു.