Wednesday, March 26, 2008

ദീദി കരയുമ്പോള്‍..

ഇന്ത്യയിലെ ആദ്യത്തെ പോപ്പ്‌ ഗായികയായ ഉഷാ ഉതുപ്പ്‌ എന്ന ഉഷാ അയ്യരെ ഇന്നു കേരളത്തിലെ അഞ്ചു വയസ്സുള്ള കുട്ടി മുതല്‍ എഴുപതു വയസ്സുള്ള മുത്തശ്ശി വരെ അറിയുന്നു. ഒരു ഗായിക എന്നതിലുപരി ഒരു വാക്കു കൊണ്ടുപോലും ഒരാളെ മുറിവെല്‍പ്പിക്കാനാകാത്ത നന്‍മയുടെ പ്രതീകമായ 'ചേച്ചിയായി' ഏവരും ഉഷാ ഉതുപ്പിനെ സ്വീകരിച്ചു കഴിഞ്ഞു.

ദീദിയുടെ നല്ല മനസ്സിന്റെ നൊമ്പരം ഏഷ്യാനെറ്റിന്റെ വിജയത്തിന്‌ ഏറെ ഗുണകരമായി എന്നു പരക്കെ ഒരു പറച്ചിലുണ്ട്. ആരും വേദനിക്കുന്നത്‌ ഇഷ്ടമല്ലാത്ത ഒരു മനസ്സ്‌ ഒരിക്കലും ഒരു വിധികര്‍ത്താവിനു ചേര്‍ന്നതല്ല. വിധി നടപ്പാക്കുന്നവര്‍ മനസ്സുകളിലേക്കു കടക്കരുത്‌ എന്നാണ്‌ ആപ്തവാക്യം. പക്ഷേ തഴയപ്പെടലിന്റെ വേദന നന്നേ അറിയുന്ന ദീദി, ഒരു വിധികര്‍ത്താവെന്ന നിലയില്‍ നിന്നും ഒരു 'ദീദി' യിലേക്കു പെട്ടെന്നു മാറിപ്പോകുന്നു. അപ്പോള്‍ അവരറിയാതെ കരഞ്ഞു പോകുന്നു. ആ കണ്ണീരിനിടയില്‍ യാതൊരു ലാഭേച്ഛയുമില്ല.

കടലു കണ്ടിട്ടു വന്ന്‌ കടലിതു പോര, കുറച്ചുകൂടി വലുതാകേണ്ടതായിരുന്നു എന്നു പറഞ്ഞ നമ്മള്‍, ഒന്നിലും തൃപ്തിവരാത്ത നമ്മള്‍, പ്രശംസിക്കാന്‍ ലുബ്ധുകാട്ടുന്ന നമ്മള്‍, ഈ കണ്ണീരിനെ അവിശ്വസിക്കരുത്‌.

ഇനി ദീദിയെക്കുറിച്ചല്‍പ്പം.

ഇന്നോളം ഉപരി വര്‍ഗ്ഗം മാത്രമറിഞ്ഞിരുന്ന ഉഷാ ഉതുപ്പിനെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോ കേരളത്തിലെ ഓരോരുത്തര്‍ക്കും സുപരിചിതയാക്കി എന്നതു ഉഷാ ഉതുപ്പിന്റെ ജീവിത ഗ്രാഫില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമോ?

'പീതാംബരാ..ഓ...കൃഷ്ണാ..' എന്ന പാട്ടു മലയാളത്തില്‍ പാടിയ കാലത്ത്‌ മലയാളികളുടെ മനസ്സില്‍ ദീദിയുടെ സ്ഥാനമെന്തായിരുന്നു? ജാനകിയേയും സുശീലയേയും കേട്ടു ശീലിച്ച മലയാളി സമൂഹം അത്ര ബഹുമാനത്തോടെയല്ലായിരുന്നു അന്ന്‌ ആ ഗാനം സ്വീകരിച്ചത്‌. എന്നാല്‍ പോത്തന്‍ വാവയിലെ 'വാവേ മകനേ..' എന്ന പാട്ടുകേള്‍ക്കുമ്പോള്‍ പാട്ടിന്റെ ഇമ്പം കൊണ്ടല്ല, മറിച്ച്‌ ഉഷാ ഉതുപ്പ്‌ പാടി എന്ന ഒറ്റക്കാരണത്താല്‍ ആ പാട്ടിനെ മലയാളി സ്വീകരിച്ചിരിക്കുന്നു. അതിന്റെ കാരണം ദീദിയുടെ നന്‍മ നിറഞ്ഞ മനസ്സ്‌ മലയാളി തൊട്ടറിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ്‌.

കാലുറച്ചാലുടനെ സിനിമാറ്റിക്‌ ഡാന്‍സ്‌ കളിക്കുകയും ഇന്‍സ്ട്രമെന്റുകളുടെ ബലത്തില്‍ പോപ്പ് ഗാനം ആലപിക്കുകയും ചെയ്യുന്ന ഇന്നത്തെ തലമുറ ദീദി നടന്നു വന്ന വഴികളെക്കുറിച്ചു ഇത്തിരി അറിഞ്ഞിരിക്കുന്നതു നന്നായിരിക്കും.

ഉഷാ അയ്യര്‍ക്കു മുന്‍പും ഇന്ത്യയില്‍ പോപ്പ് ഗാനം പാടുന്നവരുണ്ടായിരുന്നു. പക്ഷേ അവര്‍ക്കൊന്നും പേരുകളില്ലായിരുന്നു. കാരണം പാശ്ചാത്യ സംഗീതമായ 'പോപ്പ്' സംഗീതം ബോംബേ മാതിരിയുള്ള കോസ്‌മോപോളിറ്റന്‍ സിറ്റികളിലെ മദ്യശാലകളിലും കാബറേ ഹാളുകളിലും മാത്രമൊതുങ്ങി നിന്നു. പാടിയിരുന്നവര്‍ സമൂഹത്തെ ഭയന്ന്‌ യഥാര്‍ഥപേരുകള്‍ മറച്ചുവെച്ചു.

പാകിസ്താനി ഗായികയായ നസിയ ഹസ്സന്റെ 'ആപ്‌ ജൈസേ കോയി മേരെ ജിന്ദഗി മേം ആയേ' എന്ന ഗാനം ഭാരതമാകെ അലകളുണ്ടാക്കിയതോടെയാണ്‌ പോപ്പ്‌ സംഗീതത്തെ ഭാരതീയര്‍ അല്പം കാര്യമായി കാണാന്‍ തുടങ്ങിയത്‌.

രാത്രിയിലെ വിരുന്നുശാലകളില്‍നിന്നും പോപ്പ്‌ സംഗീതത്തെ ജനകീയമാക്കുന്നതില്‍ ഒരു പോലീസ്‌ കമ്മീഷണറുടെ മകളായ ഉഷാ അയ്യര്‍ കാണിച്ച ധൈര്യമാണ്‌ 'ഇന്‍ഡി-പോപ്പ്' എന്ന്‌ ഇന്നറിയപ്പെടുന്ന ഗാനശാഖയുടെ അടിത്തറ.

ഭാരതീയ സംസ്കൃതിക്കു ചേരാത്ത സംഗീതമായി തഴയപ്പെട്ട പോപ്പ് ഗാനശാഖയെ ഇതു ആഭാസത്തിന്റെ സംഗീതമല്ലാ എന്നു പറഞ്ഞു വിശ്വസിപ്പിക്കാനും, ഇത്തരം സംഗീതത്തിലേക്കു ജനങ്ങളെ ആകര്‍ഷിക്കാനും തമിഴ്‌ ബ്രാഹ്മണ കുലത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടിക്കു ഒരുപാടു പരിമിതികളുണ്ടായിരുന്നു. അതിനായി അന്നവര്‍ സ്വീകരിച്ച രീതി ഇന്നു ഉഷാ ഉതുപ്പിന്റെ ഐഡന്‍റ്റിറ്റിയാണ്‌.

കുപ്പിവളയും കണ്‍മഷിയും കുങ്കുമപ്പൊട്ടും കാഞ്ചീപുരം സാരിയും മുല്ലപ്പൂവും ഒക്കെയായി, സുസ്‌മേരവദനയായി, സ്വതസ്സിദ്ധമായ നിഷ്‌ക്കളങ്കതയോടെ, അത്ര മൃദുവല്ലാത്ത ശബ്ദത്തില്‍ സ്‌റ്റേജില്‍ നിന്ന് ഈ സംഗീതത്തെ ജനങ്ങളുടെ മുന്നിലേക്കിട്ടുകൊടുത്തിട്ട്‌ ഉഷാ അയ്യര്‍ 'ഗിവ്‌ മി എ ബിഗ്‌ ഹാന്‍ഡ്‌' എന്നു പറഞ്ഞപ്പോള്‍ അവരോടൊപ്പം തുള്ളാതിരിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. പിന്നെ ഉഷാ അയ്യര്‍ ആഘോഷങ്ങളിലെ അവശ്യഗായികയായത്‌ കേവല ചരിത്രം മാത്രം.

ബോംബേയിലും കല്‍ക്കട്ടയിലുമായി ജീവിച്ച ഉഷാ അയ്യര്‍ പാശ്ചാത്യ സംഗീതത്തെ ഭാരതീയ സംഗീതവുമായി ചേര്‍ത്ത്‌ തികച്ചും ഭാരതീയര്‍ക്കു രുചിക്കും വിധം പോപ്പ്‌ സംഗീതത്തെ അവതരിപ്പിച്ചു. ബാപ്പി ലഹരിയുടെ 'റംബാ ഹോ..ഹോ' എന്ന ഗാനത്തോടെ ഉഷാ ഉതുപ്പ്‌ സര്‍വത്ര സ്വീകാര്യയായി. ഡിസ്‌കോ ഡാന്‍സറിലെ ‘കോയി യഹാം ആഹാ നാച്‌ നാച്‌' എന്ന ഗാനത്തോടെ യുവഹൃദയങ്ങളിലേക്ക് പോപ്പിന്റെ ഭ്രമാത്‌മകതയെ വാരിയിടാന്‍ കഴിഞ്ഞ ഉഷാ ഉതുപ്പിനോട് ഇന്നത്തെ ഓരോ പോപ്പ്‌ സിംഗേര്‍സും കടപ്പെട്ടിരിക്കുന്നു.

ഉഷാ ഉതുപ്പിന്റെ സ്വീകാര്യതയാണ്‌ പിന്നെ ഷാരോണ്‍ പ്രഭാകറിനേയും മസാനിയേയുമൊക്കെ സ്‌റ്റേജ് ഷോ ബിംബങ്ങളാക്കിത്തീര്‍ത്തത്. അലിഷാ ചിനായിയും ബാബാ സേഗളുമൊക്കെ ദീദി തെളിച്ച വഴിയിലൂടെ നടന്നു വിജയിച്ചവരാണ്‌.

കേരളത്തിന്‌ യേശുദാസും ചിത്രയും പോലെ എല്ലാ പ്രാദേശികഭാഷകള്‍ക്കും അവരുടേതായ സ്വന്തം പാട്ടുകാരുണ്ട്. യേശുദാസിനെയോ ചിത്രയെയോ വടക്കേഇന്ത്യാക്കരില്‍ ഒരു നല്ല ശതമാനത്തിനും ഇനിയും അറിയില്ലെന്ന വേദനിപ്പിക്കുന്ന സത്യം നമുക്കറിയാം. എന്നാല്‍ ഹിന്ദി ചലചിത്രമേഖലയിലെ ഇന്നലെ വന്ന ഗായകരെപ്പോലും മലയാളികള്‍ക്കു പരിചിതമാണ്‌. അതു മലയാളിയുടെ സവിശേഷത. എന്നാല്‍ ഭാരതത്തിലങ്ങോളമിങ്ങോളം അറിയുന്ന, എല്ലാ ഭാഷകളിലും പാടിയിട്ടുള്ള ഏക ഗായിക ഉഷാ ദീദി എന്നതാണ്‌ ദീദിയെ മറ്റുള്ളവരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്ന പലതില്‍ ഒന്ന്.

ലോകത്തിന്റെ ഏതു കോണില്‍ പോയാലും ഇന്ത്യയുടെ കയ്യൊപ്പെന്നപോലെ, ഇന്ത്യന്‍ വേഷഭൂഷാദികളോടെ, പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്ന ദീദി വിദേശികളുടെ അത്‌ഭുതമാണ്‌.

‘നമ്മള്‍ ഭാരതീയര്‍’ എന്ന മഹത്തായ കണ്‍സെപ്റ്റ്‌ വാരിപ്പുതച്ചു നടക്കുന്ന ഏക ഗായികയും ഉഷാ ഉതുപ്പു മാത്രം.

Sunday, March 23, 2008

നായന്‍മാര്‍ നേപ്പാളികളോ?

ചില സാമൂഹ്യശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായത്തില്‍ കേരളത്തിലെ സവര്‍ണ്ണജാതിയായ നായന്‍മാര്‍ കേരളത്തിലെ മണ്ണിന്റെ മക്കളല്ലെന്നും നേപ്പാളില്‍ നിന്നും കേരളത്തിലേക്കു കുടിയേറിയവരാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ നായന്‍മാര്‍ക്കിടയില്‍ നിലനില്ക്കുന്ന ചില സാമൂഹികക്രമങ്ങളും അവരുടെ ആവാസരീതികളും നേപ്പാളിലെ നേവാര്‍ സമുദായത്തിന്റേതുമായി വളരെയേറെ സാമ്യമുണ്ടെന്നുള്ളതാണ്‌ ഈ കണ്ടെത്തലിന്റെ മൂലാധാരം.

'മുണ്ഡ' കൂട്ടപ്പലായനത്തിന്റെ ഭാഗമായി നേപ്പാളില്‍ നിന്നും കേരളത്തിലേക്കു കുടിയേറിയ നേവാര്‍ വംശജരാണ്‌ നായന്‍മാര്‍. എന്തെന്നാല്‍ നായന്‍മാരുടെയിടയില്‍ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായവും, നേപ്പാളിലെ പഗോഡ മാതൃകയിലുള്ള നാലുകെട്ടു ഗൃഹനിര്‍മ്മാണവും ആരാധനാക്രമങ്ങളുമൊക്കെ നേവാര്‍ വംശജരുടേതുമായി താദാത്മ്യമുള്ളതാണ്‌.

പരശുരാമന്റെ ക്ഷത്രിയനിഗ്രഹത്തെ ഭയന്ന്‌ പൂണൂലു പൊട്ടിച്ചെറിഞ്ഞ് കേരളത്തിലേക്കു കുടിയേറിയ ക്ഷത്രിയ കുല നാഗവംശജരാണ്‌ നായന്‍മാരെന്നും പറയുന്നു. നായന്‍മാരുടെ സര്‍പ്പാരാധനയും വീടുകളില്‍ 'കുരിയാല' കെട്ടി നാഗത്താന്‍മാര്‍ക്കു വാസസ്ഥാനമൊരുക്കി സര്‍പ്പാരാധനയോട് കാട്ടുന്ന പ്രത്യേക മമതയുമാണ്‌ ഇതിനു തെളിവായി സാക്ഷ്യപ്പെടുത്തുന്നത്‌.

നാഗങ്ങളെ ആരാധിച്ചിരുന്ന നാഗന്‍മാര്‍ കേരളത്തിലുണ്ടായിരുന്നുവെന്നും നമ്പൂതിരിമാരുമായി ഒരു അഭിപ്രായ ഐക്യം ഉണ്ടാകും വരെ കാലങ്ങളോളം ഇവര്‍ പരസ്‌പരം കലഹിച്ചിരുന്നതായും തിരുവിതാംകൂര്‍ സ്‌റ്റേറ്റ്‌ മാനുവലില്‍ പ്രസ്താവിച്ചിരിക്കുന്നു.

ചേരസാമ്രാജ്യത്തിലെ നാടുവാഴികളായിരുന്ന 'നാകന്‍' മാരുടെ വംശപരമ്പരകളാണ്‌ നായന്‍മാര്‍ എന്നു ചട്ടമ്പി സ്വാമികള്‍ വ്യാഖ്യാനിച്ചതായും എഴുതപ്പെട്ടിരിക്കുന്നു. ചോളന്‍മാര്‍ ചേരസാമ്രാജ്യം ആക്രമിച്ചപ്പോള്‍ ചാവേറുകളായി യുദ്ധം ചെയ്ത പടയാളികളാണ്‌ നായന്‍മാര്‍ എന്നും പറയപ്പെടുന്നു.

ഇതെല്ലാം നായന്‍മാരെക്കുറിച്ച്‌ വിക്കിപീഡിയയില്‍ എഴുതിയിരിക്കുന്നതാണ്‌. ആധികാരികമായി അറിയുന്നവര്‍ കൂടുതല്‍ പറഞ്ഞു തരുമെന്ന പ്രതീക്ഷയോടെ ഇതു ബൂലോകത്തിനു സമര്‍പ്പിക്കുന്നു.

Thursday, March 20, 2008

സ്‌നാനം - ചുള്ളിക്കാടിന്റെ മറ്റൊരു കവിത.

(1993-ല്‍ ചുള്ളിക്കാട്‌ എഴുതിയ ഒരു കവിത.)

സ്‌നാനം

ഷവര്‍ തുറക്കുമ്പോള്‍
ഷവറിനു താഴെ
പിറന്നരൂപത്തില്‍
നനഞ്ഞൊലിക്കുമ്പോള്‍.

തലേന്നു രാത്രിയില്‍
കുടിച്ച മദ്യത്തിന്‍
വിഷഭാരം വിങ്ങും
ശിരസ്സില്‍ ശീതള
ജലത്തിന്‍ കാരുണ്യം
നനഞ്ഞിറങ്ങുമ്പോള്‍.

ഷവറിനു താഴെ
പിറന്ന രൂപത്തില്‍
ജലത്തിലാദ്യമായ്‌
കുരുത്ത ജീവന്റെ
തുടര്‍ച്ചയായി ഞാന്‍
പിറന്ന രൂപത്തില്‍.

ഇതേ ജലം തനോ
ഗഗനം ഭേദിച്ചു
ശിവന്റെ മൂര്‍ദ്ധാവില്‍
പതിച്ച ഗംഗയും?

ഇതേ ജലം തനോ
വിശുദ്ധ യോഹന്നാന്‍
ഒരിക്കല്‍ യേശുവില്‍
തളിച്ച തീര്‍ത്ഥവും?

ഇതേ ജലം തനോ
നബി തിരുമേനി
മരുഭൂമില്‍ പെയ്ത
വചനധാരയും?

ഷവര്‍ തുറക്കുമ്പോള്‍
ജലത്തിന്‍ ഖഡ്‌ഗമെന്‍
തല പിളര്‍ക്കുമ്പോള്‍

ഷവര്‍ തുറക്കുമ്പോള്‍
മനുഷ്യ രക്തമോ
തിളച്ച കണ്ണീരോ
കുതിച്ചു ചാടുമ്പോള്‍

മരിക്കണേ, വേഗം
മരിക്കണേയെന്നു
മനുഷ്യരൊക്കെയും
വിളിച്ചു കേഴുമ്പോള്‍

എനിക്കു തോന്നുന്നു
മരിച്ചാലും നമ്മള്‍
മരിക്കാറില്ലെന്ന്‌.

ജലം നീരാവിയായ്‌-
പ്പറന്നു പോകിലും
പെരുമഴയായി-
ത്തിരിച്ചെത്തും പോലെ
മരിച്ചാലും നമ്മള്‍
മനുഷ്യരായ്‌ ത്തന്നെ
പിറക്കാറുണ്ടെന്ന്.

ഷവറിനു താഴെ
നനഞ്ഞൊലിച്ചു നാം
പിറന്നു നില്‍ക്കുമ്പോള്‍.

Friday, March 14, 2008

നഗ്നകവിതകള്‍ - കുരീപ്പുഴ ശ്രീകുമാര്‍

ജ്യോത്സ്യന്‍
ജ്യോത്സ്യന്റെ ഭാര്യയെ
കാണ്മാനില്ല.
ചന്ദ്രന്‍ അപഹരിച്ചോ
രാഹുവോ, കേതുവോ
തെക്കോട്ടു നടത്തിച്ചോ
ചൊവ്വ പിടിച്ചോ
ശനി മറച്ചോ
അയാള്‍
കവടി നിരത്തിയതേ ഇല്ല.
നേരേ നടന്നു
പോലീസ്‌ സ്‌റ്റേഷനിലേക്ക്.

രാഹുകാലം
ഒന്നര മണിക്കൂര്‍
അയാള്‍ പിടിച്ചുനിന്നു
രാഹുകാലത്തില്‍
മൂത്രമൊഴിക്കുന്നതെങ്ങനെ?
കുറെക്കാലമായപ്പോള്‍
ഡോക്ടറെ കാണേണ്ടിവന്നു
അന്നു തുടങ്ങി
ഗുളികകാലം.
-(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും)

Wednesday, March 12, 2008

പലതരം കവികള്‍ - ചുള്ളിക്കാടിന്റെ കവിത

ചില കവികള്‍ പണ്ടത്തെ
രാജാക്കന്‍മാരെപ്പോലെയാണ്‌
ബുദ്ധിയും തന്ത്രവും സൈന്യവും
കൊണ്ട്‌ അവര്‍ കാവ്യരാജ്യം
ഭരിക്കും, ചോദ്യം ചെയ്യുന്നവരെ
കവിതയില്‍നിന്ന്‌ നാടുകടത്തും
വാക്കിന്റെ സൂര്യന്‍ ഉദിക്കുന്നതും
അസ്തമിക്കുന്നതും അവരുടെ
ആജ്ഞകൊണ്ടാണെന്ന്‌
വൈതാളികവൃന്ദം രാപ്പകല്‍
കീര്‍ത്തിക്കും, പക്ഷേ,
അയല്‍രാജാക്കന്മാരെ
കീഴടക്കാമെന്നല്ലാതെ
സ്വന്തം ജനതയുടെ ഹൃദയം കീഴടക്കാന്‍
അവര്‍ക്ക്‌ കഴിയുകയില്ല
അതിനാല്‍ ഒടുവിലവര്‍
നാല്‍ക്കവലകളില്‍ കാക്ക തൂറുന്ന
പ്രതിമകളായി മാറും.

2.
ചില കവികള്‍ ഇന്നത്തെ
മന്ത്രിമാരെപ്പോലെയാണ്‌
അവര്‍ക്ക്‌
ഗണ്‍മാന്‍മാരുണ്ട്‌, അവരെ
ആരെങ്കിലും കൂവിയാല്‍
ഗണ്‍മാന്‍മാര്‍ വെടിവെച്ച്‌
കൊല്ലും, ഒരു ദിവസം
ഭ്രാന്തിളകിയ സ്വന്തം ഗണ്‍മാന്റെ
വെടിയേറ്റ്‌ അവര്‍
മരിച്ചുവീഴാനും മതി.

3.
ചില കവികള്‍ സിനിമാതാരങ്ങളെ
പ്പോലെയാണ്‌, ക്ഷണികതയുടെ
തീവ്രബോധം അവരുടെ
നിമിഷങ്ങളെ
മഹോത്സവങ്ങളാക്കുന്നു
ബുദ്ധിമാന്‍മാര്‍ അവരുടെ കാലം
കടന്നുപോകുന്നത്‌ നിസ്സംഗരായി
നോക്കിനില്‍ക്കുന്നു.
വ്യാജബുദ്ധിജീവികള്‍ പരസ്യമായി
അവരെ പരിഹസിക്കുന്നു;
രഹസ്യമായി അവരോടുള്ള
അസൂയ കൊണ്ട്‌
പൊറുതിമുട്ടുന്നു.

4.
ചില കവികള്‍
എല്‍. ഐ. സി. ഏജന്റുമാരെ-
പ്പോലെയാണ്‌
അവരെക്കാണുമ്പോള്‍
മരണത്തെക്കുറിച്ചോര്‍ത്ത്‌
മറ്റുള്ളവര്‍ മുങ്ങിക്കളയും.

5.
ചില കവികള്‍ കുഷ്ഠരോഗികളെ-
പ്പോലെയാണ്‌.
ദേവാലയാങ്കണത്തില്‍
കുത്തിയിരുന്ന്‌ മുരടിച്ച കൈകള്‍
നീട്ടി അവര്‍
യാചിച്ചുകൊണ്ടിരിക്കും.
അവരെക്കണ്ട്‌
ദൈവശിക്ഷയോര്‍ത്തു നടുങ്ങി
നില്‍ക്കുന്ന അമ്മയോട്‌
കുഞ്ഞുമാലാഖയെപ്പോലുള്ള
മകള്‍ ചോദിക്കും: ' അമ്മേ ഇവര്‍
ഏതു ഗ്രഹത്തില്‍നിന്നു
വരുന്നു?"

6.
അപൂര്‍വം ചില കവികള്‍
പ്രൈമറി സ്കൂള്‍ അധ്യാപകരെ-
പ്പോലെയാണ്‌.
ഗ്രാമത്തിനു വെളിയില്‍
അവര്‍ അറിയപ്പെടില്ല.
എങ്കിലും നിത്യം മുന്നില്‍
വന്നിരിക്കുന്ന
പിഞ്ചുകുഞ്ഞുങ്ങളുടെ
ദൈവദീപ്തമായ കണ്ണുകള്‍ അവരെ
ശുദ്ധീകരിച്ചുകൊണ്ടിരിക്കും.
വിശ്വപ്രസിദ്ധിയുടെയോ
അനശ്വരതയുടെയോ
വ്യാമോഹങ്ങളും, ഉല്‍കണ്ഠകളും
ഇല്ലാതെ ഒരു ദിവസം അവര്‍
സംതൃപ്തിയോടെ ദൈവത്തിലേക്കു
പെന്‍ഷന്‍ പറ്റും.

Tuesday, March 11, 2008

പിറക്കാത്ത മകന്‌ - ചുള്ളിക്കാടിന്റെ കവിത

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.

പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍.

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌.

Saturday, March 8, 2008

വീട്ടിലുണ്ടാകരുതാത്ത സംഭവങ്ങള്‍

വിജയകൃഷ്ണനു മുത്തശ്ശി പറഞ്ഞു തന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്കും പറഞ്ഞു തരാം. ഒരു വീട്ടിലുണ്ടാകരുതാത്ത ചില അമംഗള വസ്തുക്കളേതെല്ലാമെന്നറിയേണ്ടേ.. ദേ ഇതൊക്കെയാണ്‌..

കത്തിക്കരിഞ്ഞ മുറം,
കത്തിക്കരിഞ്ഞ തുണി,
അഴിഞ്ഞ ചൂല്‍
ഉടഞ്ഞ കുപ്പി,
ഉടഞ്ഞ കണ്ണാടി,
പൊട്ടിയ കലം, കുടം.
ഒരേ വീട്ടില്‍ രണ്ടിടത്തു ഭക്ഷണം പാകം ചെയ്യല്‍,
നിലവിളക്കു കരിന്തിരി കത്തല്‍,
കിടന്നുറങ്ങിയ പായയും കിടക്കയും മടക്കിവെക്കാതിരിക്കല്‍,
ഉമ്മറപ്പടിമേലിരിക്കല്‍,
തുണിയോ, മുറമോ തീപിടിക്കല്‍,
ഭക്ഷണം കഴിച്ചിടത്തെ എച്ചില്‍ നീക്കാതിരിക്കല്‍,
ഭക്ഷണം കഴിഞ്ഞു പാത്രം കഴുകാതിരിക്കല്‍,
വീട്ടുമുറ്റം അടിക്കാതെ കിടക്കല്‍,
അല്പം നെല്ലുപോലുമില്ലാത്ത പത്തായം,
വെള്ളിയാഴ്ച ദിവസം അത്താഴപ്പട്ടിണി കിടക്കല്‍,
വീടിന്റെ മുന്‍വശത്തു മൂത്രവിസര്‍ജ്ജനം നടത്തല്‍ (ഇതു നടത്തിയപ്പോഴാ മുത്തശ്ശി പിടിച്ചു മടിയിലിരുത്തി ഇതെല്ലാം പറഞ്ഞു തന്നത്‌)
കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹിക്കല്‍,
വീടിന്റെ പിന്‍വശത്തുകൂടി സാധനങ്ങള്‍ ക്രയവിക്രയം നടത്തല്‍ (അച്ചന്റെ മദ്യക്കുപ്പി ആകാം കേട്ടോ)
അന്നം വിറ്റു പണം വാങ്ങല്‍
നഖം മുറിച്ചതും അടയ്കാമൊരിയും തലമുടി വേര്‍പെടുത്തിയതും തിരുമുറ്റത്തു ദര്‍ശിക്കല്‍
ഉമിക്കരിയും ഉപ്പും കൈയ്യില്‍ കൊടുക്കല്‍
വറുത്ത എണ്ണ കൊണ്ട്‌ നിലവിളക്കു കൊളുത്തല്‍
അമ്മിയിലും ഉരലിലും കയറി നിക്കല്‍
വീട്ടില്‍ നെല്ല്‌, അരി, വിളക്കെണ്ണ, വിളക്കുതിരി, ഉപ്പ്‌, അലക്കിയ വസ്ത്രം, ഉമിക്കരി, ഭസ്മം, കുങ്കുമം, ചാന്ത്‌, കണ്‍മഷി, പശുവിന്‍ ചാണകം എന്നിവ ഇല്ലാതിരിക്കല്‍ ...

ഇനിയും ഏതാണ്ടൊക്കെയുണ്ട്‌..മറന്നുപോയി...ഇപ്പോള്‍ ഏകദേശം നമ്മള്‍ എല്ലാം കവര്‍ ചെയ്തില്ലേ....
പാവം മുത്തശ്ശി ഇപ്പോള്‍ അങ്ങു സ്വര്‍ഗ്ഗത്തീന്ന്‌ 'എടാ, വിജേഷ്‌ണോ' എന്നു വിളിക്കുന്നുണ്ടാകും. മുത്തശ്ശി സ്വര്‍ഗ്ഗത്തില്‍ തന്നെയായിരിക്കും..അതു വിജയകൃഷ്ണനുറപ്പാ.....

Wednesday, March 5, 2008

കുറുക്കന്‍

സൂര്യോദയവേളയില്‍ ഒരു കുറുക്കന്‍ തന്‍റെ നിഴലിനെ നോക്കി ഇങ്ങനെ പറഞ്ഞു. "ഇന്നു ഉച്ചഭക്ഷണത്തിന്‌ ഒരു ഒട്ടകം". പ്രഭാതം മുഴുവന്‍ അവന്‍ ഒട്ടകത്തെ തെരഞ്ഞുനടന്നു. മധ്യാഹ്നത്തോടെ വീണ്ടും തന്‍റെ നിഴല്‍ കണ്ട കുറുക്കന്‍ പറഞ്ഞു. "തല്ക്കാലം ഒരു എലി മതി".

Saturday, March 1, 2008

ഓമനത്തിങ്കള്‍ക്കിടാവോ

ഓമനത്തിങ്കള്‍ക്കിടാവോ, നല്ല കോമളത്താമരപ്പൂവോ

പൂവില്‍നിറഞ്ഞ മധുവോ, പരിപൂര്‍ണേന്ദു തന്റെ നിലാവോ

പുത്തന്‍ പവിഴക്കൊടിയോ, ചെറുതത്തകള്‍ കൊഞ്ചും മൊഴിയോ

ചാഞ്ചാടിയാടും മയിലോ, മൃദുപഞ്ചമം പാടും കുയിലോ

തുള്ളുമിളമാന്‍ കിടാവോ, ശോഭ കൊള്ളുന്നൊരന്നക്കൊടിയോ

ഈശ്വരന്‍ തന്ന നിധിയോ, പരമേശ്വരിയേന്തും കിളിയോ

പാരിജാതത്തിന്‍ തളിരോ, എന്റെ ഭാഗ്യദ്രുമത്തിന്‍ ഫലമോ,

വാത്സല്യരത്നത്തെ വെയ്പ്പാന്‍, മമ വാച്ചോരു കാഞ്ചന ചെപ്പോ,

ദൃഷ്ടിക്കുവെച്ചോരമൃതോ, കൂരിരുട്ടത്തുവെച്ച വിളക്കോ

കീര്‍ത്തീലതക്കുള്ള വിത്തോ, എന്നും കേടു വരാതുള്ള മുത്തോ

ആര്‍ത്തീതിമിരം കളവാന്‍, ഉള്ള മാര്‍ത്താണ്ഡദേവപ്രഭയോ

സൂക്തിയില്‍ കണ്ട പൊരുളോ, അതി സൂക്ഷ്മമാം വീണാരവമോ

വമ്പിച്ച സന്തോഷവല്ലി, തന്റെ കൊമ്പതില്‍ പൂത്ത പൂവല്ലീ

പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ, നാവിന്നിച്ഛ നല്കുന്ന കല്‍ക്കണ്ടോ,

കസ്തൂരി തന്റെ മണമോ, നല്ല സത്തുക്കള്‍ക്കുള്ള ഗുണമോ

പൂമണമേറ്റോരു കാറ്റോ, ഏറ്റം പൊന്നില്‍ കലര്‍ന്നോരു മാറ്റോ

കാച്ചിക്കുറുക്കിയ പാലോ, നല്ല ഗന്ധമെഴും പനിനീരോ

നന്‍മ വിളയും നിലമോ, ബഹുധര്‍മങ്ങള്‍വാഴും ഗൃഹമോ

ദാഹം കളയും ജലമോ, മാര്‍ഗ്ഗഖേദം കളയും തണലോ

വാടാത്ത മല്ലികപ്പൂവോ, ഞാനുംതേടിവെച്ചുള്ള ധനമോ

കണ്ണിന്നു നല്ല കണിയോ, മമ കൈവന്ന ചിന്താമണിയോ

ലാവണ്യപുണ്യ നദിയോ, ഉണ്ണിക്കാര്‍വര്‍ണ്ണന്‍ തന്റെ കണിയോ

ലക്ഷ്മീഭഗവതി തന്റെ, തിരുനെറ്റിമേലിട്ട കുറിയോ

എന്നുണ്ണിക്കൃഷ്ണന്‍ ജനിച്ചോ, പാരിലിങ്ങനെ വേഷം ധരിച്ചോ

പത്മനാഭന്‍ തന്‍ കൃപയോ, ഇനി ഭാഗ്യം വരുന്ന വഴിയോ

ഓമനത്തിങ്കള്‍ക്കിടാവോ, നല്ല കോമളത്താമരപ്പൂവോ

പൂവില്‍നിറഞ്ഞ മധുവോ, പരിപൂര്‍ണേന്ദു തന്റെ നിലാവോ

- ഇരയിമ്മന്‍ തമ്പി