Friday, May 30, 2008

താതവാക്യം-ചുള്ളിക്കാടിന്റെ കവിത

(ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മാസ്റ്റര്‍പീസെന്നു തന്നെ പറയാവുന്ന കവിതയാണ്‌ താതവാക്യം. ബൂലോകത്ത്‌ 'ബഹുവ്രീഹി'യെപ്പോലുള്ളവരോ അതുപോലെ പാടാന്‍ കഴിവുള്ള ഏതെങ്കിലുമൊരാളോ ഇതൊന്നു ചൊല്ലിക്കേട്ടിരുന്നെങ്കില്‍ എന്ന ആഗ്രഹത്തോടെ എടുത്തെഴുതുന്നു..)

അച്ഛന്റെ കാലപുരവാസി കരാളരൂപം
സ്വപ്നത്തില്‍ രാത്രിയുടെ വാതില്‍ തുറന്നു വന്നു;
മൊട്ടം വടിച്ചും, ഉടലാകെ മലം പുരണ്ടും
വട്ടച്ച കണ്ണുകളില്‍ നിന്നു നിണം ചുരന്നും

ബോധങ്ങളൊക്കെയൊരബോധ തമസ്സമുദ്രം
ബാധിച്ചു മുങ്ങിമറയും പടി താതഭൂതം
പ്രേതപ്പെരുമ്പറ നടുങ്ങി മുഴങ്ങു, മന്ധ
നാദത്തിലെന്നൊടുരചെയ്തു ദുരന്തവാക്യം:

ആയുസ്സു തീര്‍ന്ന സമയത്തൊരു തുള്ളി വെള്ളം
വായില്‍പ്പകര്‍ന്നു തരുവാനുതകാതെ പോയ
നീയാണു മൂത്തമകനെന്നതുകൊണ്ടു മാത്രം
തീയാണെനിക്കു ഭുവനസ്‌മരണാവശിഷ്ടം

നിന്നമ്മ തന്നണുവില്‍ ഞാന്‍ കലരുന്ന നേരം
അന്നാദിയാമഖില ഭൂതവുമാര്‍ത്തിരമ്പി
ഒന്നായി ഞങ്ങളൊരു മാത്ര നിറഞ്ഞ നേരില്‍
നിന്നാണു നിന്നുരുവമെന്നു മറന്നുപോയ്‌ നീ.

സാനന്ദമമ്മ കരുണാമയി നിന്റെ നാവില്‍
തേനും വയമ്പുമൊരുനാളിലരച്ചു ചേര്‍ത്തു
മാനക്ഷയത്തിലെരികാച്ചി നിനക്കു നല്‍കാം
ഞാനെന്റെ ജീവിതവിഷാന്തകഥാകഷായം.

തീരാക്കുടിപ്പക വളര്‍ത്തിയ മന്ത്രവാദി
പൂരം കഴിഞ്ഞൊ, രിരവില്‍ തിരികേ വരുമ്പോള്‍,
ആരോ പതുങ്ങി വഴിവക്കിലിരുന്നു കമ്പി-
പ്പാരക്കടിച്ചു തലമണ്ട തകര്‍ത്തു വീഴ്ത്തി.

ഹാ, മന്ദഭാഗ്യര്‍, വിപരീതമനസ്കനാകു-
മാ, മന്ത്രവാദിയുടെ മക്കളനാഥരായി
സീമന്തപുത്ര, നിവനന്നുഡുജാല സൂര്യ
സോമപ്രകാശകിരണാവലി കെട്ടുപോയി.

ജീവിക്കുവാനിവനിലേക നിയോഗമേകീ
പൂവല്ലി, പുല്ലു, പുഴു, പല്ലി, പിപീലികാന്തം
ആവിര്‍ഭവിച്ചു മറയുന്ന ജഗത്തിനെല്ലാ-
മാധാരമായി നിലകൊള്ളുമനന്തശക്തി.

പോകേണ്ടിവന്നു പതിനാറുവയസ്സില്‍, രണ്ടാം
ലോകാഹവത്തിലൊരു സൈനികലാവണത്തില്‍;
ആകട്ടെ, യന്നുമുതലെന്നുമൊരേ കൊലച്ചോ-
റാകാമെനിക്കു വിധികല്‍പിത ലോകഭോഗം.

നാലഞ്ചുപേരെ വയറിന്റെ വിശപ്പു തീര്‍ത്തു
പാലിച്ചു തീറെഴുതി ഞാനൊരു മര്‍ത്ത്യജന്‍മം;
ലോലങ്ങളെന്റെ നരഭാവദളങ്ങളെല്ലാം
കാലാതപത്തില്‍ മുരടിച്ചു മുടിഞ്ഞിരിക്കാം.

കല്ലിന്നകത്തു കിനിയും തെളിനീരുപോലെന്‍
കല്ലിപ്പില്‍ നിന്നുമനുരാഗമൊലിച്ച കാലം,
നെല്ലുള്ളൊരാ വലിയ വീട്ടിലെ സന്തതിക്കെന്‍
പുല്ലിന്റെ തുമ്പുമൊരു പൂങ്കണയെന്നു തോന്നി.

എന്നഗ്നി കാണ്‍കെയവളെന്റെ കരം ഗ്രഹിച്ചു
അന്നേയവള്‍ക്കു മുഴുവന്‍ ഗ്രഹവും പിഴച്ചു;
വന്നെങ്കില്‍ വന്നു ഭടനെന്ന വിധിക്കു തന്റെ
ജന്‍മത്തെയും പ്രണയധീരതയാല്‍ തുലച്ചു.

കാര്‍കൊണ്ടലിന്‍ തിര തെറുത്തു കറുത്തവാവു
കോള്‍കൊണ്ട കര്‍ക്കടകരാത്രിയില്‍ നീ പിറന്നു;
ആര്‍ കണ്ടു നീ വളരുമന്നു വെറും വെറുപ്പിന്‍
ചോര്‍കൊണ്ടെനിക്കു ബലിപിണ്ഡമുരുട്ടുമെന്നായ്;

നായെക്കണക്കു കടുചങ്ങലയിട്ടു ബാല-
പ്രായത്തില്‍ നിന്നെ, യടിതന്നു വളര്‍ത്തിയെങ്കില്‍
പേയുള്ള നിന്നെയുലകിന്‍വഴിയേ മെരുക്കാന്‍
ന്യായപ്രകാരമതൊരച്ഛനു ധര്‍മ്മമല്ലീ?

പാഠാലയത്തിലടികൂട്ടിയും, ഒച്ചവെച്ചും
പാഠങ്ങള്‍ വിട്ടു സമരക്കൊടിയേന്തിയും നീ
'ബീഡിക്കു തീ തരിക' യെന്നു ഗുരുക്കളോടും
ചോദിച്ചു വാങ്ങി പെരുതായ ഗുരുത്വദോഷം.

വീടിന്റെ പേരു കളയാനിടയായ്‌ ഭടന്റെ
കേടുള്ള ബീജമിവളേറ്റതുമൂലമെന്നു
മാതാവിനോടു പഴി മാതുലര്‍ ചൊന്നതെല്ലാം
കാതില്‍ കഠാരകള്‍ കണക്കു തറച്ചു പോന്നും,

നീ കണ്ട തെണ്ടികളുമായ്‌ക്കെടുകൂട്ടു കൂടി-
ച്ചാകാന്‍ നടക്കുവതറിഞ്ഞു മനം തകര്‍ന്നും
ശോകങ്ങളെന്നെ, അതിര്‍വിട്ടറിയിച്ചിടാതെ
മൂകം സഹിച്ചുമവള്‍ രോഗിണിയായി വീഴ്‌കെ,

ദീപം കെടുത്തി, യിരുളില്‍ ത്തനിയേ, തണുപ്പില്-
ക്കോപം കെടാത്ത ഹൃദയത്തെ ഞെരിച്ചു ഞാനാ-
ബാരക്കിലെപ്പഴുതിലൂടെ ഹിമാദ്രി നിദ്ര
മൂടിക്കിടക്കുവതു നോക്കി നശിച്ചു നിന്നു.

ആശിച്ചവേഷമൊരുനാളുമരങ്ങിലാടാ-
നാകാതെ വീണ നടനാം ഭടനെങ്കിലും ഞാന്‍
ആശിച്ചുപോയി മകനൊന്നിനി മര്‍ത്ത്യവേഷ-
മാടിത്തിളങ്ങുവതു കണ്ടു കഴിഞ്ഞുറങ്ങാന്‍.

ചോടും പിഴച്ചു, പദമൊക്കെ മറന്നു, താളം
കൂടെപ്പിഴച്ചു, മകനാട്ടവിളക്കുപോലു-
മൂതിക്കെടുത്തുവതു കണ്ടു നടുങ്ങി, ശത്രു-
ലോകം വെടിഞ്ഞു പരലോകമണഞ്ഞുപോയ്‌ ഞാന്‍.

ഏതോ നിഗൂഢനിയമം നിഖിലപ്രപഞ്ചം
പാലിച്ചു നില്‍പ്പതു നമുക്കറിവില്ല, പക്ഷേ,
ആശിക്കലാണു വലുതാമപരാധമെന്നാ-
ണാ ശപ്തമായ നിയമത്തിലെ ആദ്യവാക്യം.

ഹാ, ശിക്ഷിതന്‍ സകല ജീവിതകാലവും ഞാന്‍;
ആ ശിക്ഷതന്നെ മരണത്തിനു ശേഷമിന്നും
ക്ലേശപ്പെടുത്തുവതിനിന്നിനിയാര്‍ക്കു സാദ്ധ്യം?
നാശത്തിലാത്മസുഖമെന്നുമെനിക്കു ശീലം.

കാലാവസാനമണയും വരെ വേണ്ടി വന്നാല്‍
മാലൊട്ടുമില്ല നരകാഗ്നിയില്‍ വെന്തുവാഴാന്‍;
കാലന്റെ മുന്നിലുമൊരിഞ്ചു കുലുങ്ങിടാ ഞാന്‍
കാലാരിയെന്റെ കരളില്‍ക്കുടികൊള്‍ക മൂലം.

ഭാവിക്കയില്ല മകനെന്നിനി നിന്നെ ഞാനും
തീ വെച്ചുകൊള്ളുക പിതൃസ്‌മരണക്കു നീയും;
നീ വെച്ച പിണ്ഡമൊരുനാളുമെനിക്കു വേണ്ട,
പോവുന്നു ഞാന്‍ - ഉദയമെന്നെ സഹിക്കയില്ല.

പിന്നെ പ്രേതാവതാരം, ഘനരവസഹിതം
ഗര്‍ജ്ജനം ചെയ്തരങ്ങിന്‍
പിന്നില്‍പ്പഞ്ചേന്ദ്രിയങ്ങള്‍ക്കണിയറ പണിയും
കാലഗേഹേ മറഞ്ഞു;
വന്നൂ, മാര്‍ത്താണ്ഡയാമം, തിരയുടെ മുകളില്‍
പ്പൊങ്ങി പൊന്നിന്‍ കിരീടം;
മുന്നില്‍ ബ്രഹ്മാണ്ഡരംഗേ ജനിതകനടനം,
ജീവചൈതന്യപൂര്‍ണ്ണം.

-ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ - 1992

Monday, May 12, 2008

യേശു എന്ന നിര്‍ദ്ദയന്‍ - ഗലീലയില്‍നിന്നൊരു അമ്മയുടെ വിലാപം

എന്റെ മകന്‍.
എന്റെ ആദ്യത്തെ മകനായിരുന്നു അവന്‍. എന്റെ ഒരേ ഒരു സന്തതി.
അവന്‍ ഞങ്ങളുടെ പാടത്ത്‌ പണിയെടുത്തു വരികയായിരുന്നു.
അവന്‍ ഇന്നു യേശു എന്ന ഒരാളിന്റെ പിന്നാലെ നടക്കുന്നു.
യേശു എന്ന നിര്‍ദ്ദയനായ ഒരാള്‍ ജനക്കൂട്ടത്തോട്‌ സംസാരിക്കുന്നതു കേള്‍ക്കുന്നതുവരെ അവന്‍ എന്നോടൊപ്പം സന്തോഷവാനായിരുന്നു.
യേശുവിന്റെ പ്രസംഗം കേട്ടതിനുശേഷം അവന്‍ വ്യത്യസ്ഥനായി. ഏതോ ഒരു ബാഹ്യശക്തി അവന്റെ ആത്മാവിനെ ബാധിച്ചതുപോലെയായിരുന്നു പിന്നീട്‌.
അവന്‍ പാടത്തെ പണി ഉപേക്ഷിച്ചു. എന്നെ വിട്ടു പോയി.
അവനൊരു വിലകെട്ടവനായി മാറിയിരിക്കുന്നു ഇന്ന്‌. അവന്‍ പെരുവഴിതോറും യേശുവിനോടൊപ്പം നടക്കുന്നു.
നസ്രേത്തില്‍ നിന്നുള്ള ആ യേശു ഒരു തിന്‍മയായിരുന്നു. അമ്മയില്‍ നിന്ന്‌ മകനെ ഏതെങ്കിലും നന്‍മയുള്ള മനുഷ്യന്‍ വേര്‍പെടുത്തുമോ?
എന്റെ മകന്‍ ഒടുവില്‍ എന്നോടു പറഞ്ഞ വാക്കുകള്‍ എന്റെ ചങ്കു തകര്‍ക്കുന്നവയായിരുന്നു.
'ഞാന്‍ അദ്ദേഹത്തിന്റെ ഒരു ശിഷ്യനൊമൊത്ത്‌ വടക്കന്‍ ദേശങ്ങളിലേക്കു പോവുകയാണ്‌. എന്റെ ജീവിതം നസ്രേത്തുകാരനായ യേശുവിനു നല്‍കിയിരിക്കുകയാണ്‌. അമ്മ എനിക്കു ജന്മം നല്‍കി. അതില്‍ എനിക്കു നന്ദിയുണ്ട്‌. എനിക്കു പോയേ പറ്റൂ. നമ്മുടെ ഫലഭൂയിഷ്ഠമായ വയല്‍ ഞാന്‍ അമ്മയെ ഏല്‍പ്പിക്കുന്നു.
നമ്മുടെ സ്വര്‍ണ്ണവും വെള്ളിയുമൊന്നും ഞാനെടുക്കുന്നില്ല. ഈ കുപ്പായവും ഒരു വടിയുമല്ലാതെ ഞാന്‍ ഒന്നും കൊണ്ടുപോകുന്നില്ല..
ഇത്രയും പറഞ്ഞ്‌ അവന്‍ യാത്രയായി.
ഇപ്പോള്‍ ഞാന്‍ ഒരു വാര്‍ത്ത കേട്ടു.
റോമാക്കാരും പുരോഹിതരും കൂടി യേശുവിനെ പിടികൂടുകയും ക്രൂശിക്കുകയും ചെയ്തിരിക്കുന്നു. അതു നന്നായി.
അമ്മയേയും മകനേയും തമ്മിലകറ്റുന്നവന്‍ എന്തായാലും ദിവ്യനാകാന്‍ വഴിയില്ല. കുഞ്ഞുങ്ങളെ അമ്മയുടെ സമ്മതമില്ലാതെ നഗരങ്ങളിലേക്കു കൊണ്ടുപോകുന്നവന്‍ നന്മയുള്ളവനാകുന്നതെങ്ങനെ?
എന്റെ മകന്‍ എന്റെയടുത്തേക്കു ഇനി ഒരിക്കലും മടങ്ങി വരില്ല എന്നെനിക്കറിയാം. കൃഷി ചെയ്യാത്ത ഈ വയലും ഒറ്റയായിപ്പോയ എന്നെയും ഉപേക്ഷിച്ചു അവന്‍ പോകാന്‍ കാരണം ആ യേശുവാണ്‌. ഈ ഒറ്റക്കാരണത്താല്‍ ഞാന്‍ അവനെ വെറുക്കുന്നു. അവനെ സ്‌തുതിക്കുന്നവരെയൊക്കെ ഞാന്‍ വെറുക്കുന്നു.
എന്റെ മകന്‍ എന്നോടു പറഞ്ഞു. യേശു ഇങ്ങനെ പറയാറുണ്ടെന്ന്‌. 'എന്റെ പിതാവും മാതാവും സഹോദരങ്ങളുമെല്ലാം എന്നെ പിന്‍തുടരുന്നവരാണെന്ന്‌'
പക്ഷേ അവനെ പിന്‍തുടരാനായി മക്കള്‍ എന്തിനാണ്‌ അവരുടെ അമ്മമാരെ ഉപേക്ഷിക്കുന്നത്‌?
ഇതുവരെ രുചിച്ചിട്ടില്ലാത്ത ജലം മോഹിച്ച്‌ അവന്‍ എന്റെ മുലപ്പാലിനെ തള്ളിക്കളഞ്ഞതെന്തിനാണ്‌?
എന്റെ കൈകള്‍ക്കുള്ളിലെ ചൂടുപേക്ഷിച്ച്‌ അവനു പരിചിതമല്ലാത്ത വടക്കന്‍ ദേശത്തെ തണുപ്പിലേക്കു അവന്‍ എന്തിനാണ്‌ പോയിക്കളഞ്ഞത്‌?
ഹോ, ഞാന്‍ ആ നസ്രേത്തുകാരനായ യേശുവിനെ വെറുക്കുന്നു. എന്റെ ജീവിതാവസാനം വരെ ഞാന്‍ അവനെ വെറുക്കും.
കാരണം അവന്‍ എന്റെ ഒരേ ഒരുപുത്രനെ എന്നില്‍ നിന്നും അപഹരിച്ചു.
-ഖലീല്‍ ജിബ്രാന്റെ ഒരു കഥ

Thursday, May 8, 2008

ഓര്‍മ്മകളുടെ ഓണം - ചുള്ളിക്കാടിന്റെ കവിത

ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍
വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,
പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,
പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു
കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,
മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി-
ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,
പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി-
ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,
തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍
എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,
ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല
പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,
ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍
പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,
ആദ്യാനുരാഗപരവശനായി ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെക്കാണിച്ചു
പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,
ഉള്ളില്‍ക്കലിയും കവിതയും ബാധിച്ചു
കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ
ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്റെ
നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ,
പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടില്‍നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,
അന്നു ത്രിസന്ധ്യയ്ക്കു തന്‍ നടയില്‍ നിന്നു
വിങ്ങിക്കരഞ്ഞുകൊ 'ണ്ടെന്നെ രക്ഷിക്കണേ'
യെന്നു തൊഴുകൈയുമായിരന്നെങ്കിലും
കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,
എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍
വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍.

-ബാലചന്ദ്രന്‍ ചുള്ളിക്കാട് - 1994

Friday, May 2, 2008

ഇങ്ങനെ ഒരാള്‍ ഉണ്ടായിരുന്നു..ഒരു വട്ടം കൂടി ആ ഓര്‍മ്മകളിലേക്ക്..


വിരല്‍ത്തുമ്പില്‍ ടെക്‌നോളജി പൂക്കുന്ന ഇക്കാലത്തിനപ്പുറം നമുക്കൊരു പൂക്കാലമുണ്ടായിരുന്നു എന്നു വിളിച്ചറിയിക്കാന്‍ പാകത്തിന്‌ ചില സുകൃതങ്ങള്‍ കേരളത്തിനുണ്ടായിരുന്നു. അതിലൊരാളാണ്‌ എം. ബി. ശ്രീനിവാസന്‍ എന്ന സംഗീതസംവിധായകന്‍.

കമ്യൂണിസ്റ്റ്‌ ആദര്‍ശങ്ങളോടുള്ള ആവേശം കേരളത്തിന്റെ മണ്ണില്‍ തളച്ചിട്ട ആന്ധ്ര സ്വദേശിയായ മാനാമധുരൈ ബാലകൃഷ്ണ ശ്രീനിവാസന്‍ അയ്യങ്കാര്‍ മലയാളത്തിന്റെ എം.ബി. എസ്‌. ആയത് കേവലം ഒരു നിയോഗമായിരുന്നില്ല. സംഗീതത്തിലുള്ള കടുത്ത സാധനയുടേയും വിപ്ലവത്തോടുള്ള ചോദനയുടേയും ബാക്കിപത്രമായിരുന്നു.

ഇന്ന്‌ മറവിയുടെ പിന്‍തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ചലച്ചിത്രമുണ്ട്‌. ജോണ്‍ ഏബ്രഹാമിന്റെ 'അഗ്രഹാരത്തിലെ കഴുതൈ' എന്ന എല്ലാം തികഞ്ഞ ഒരു തമിഴ്‌ ചലച്ചിത്രം. ആ ചിത്രത്തിലെ നായകനെ ആരും അധികം ചോദിച്ചില്ല. എഴുപതുകളുടെ ചെറുപ്പത്തെ എഴുതുക, പറയുക എന്നത്‌ ദുര്‍ഗ്രാഹ്യമാണ്‌. ഒപ്പം സവര്‍ണ്ണ മേധാവിത്വത്തോടുള്ള വെല്ലുവിളിയും. ജോണ്‍ ഏബ്രഹാമിന്റെ മൌലികതയെ അണുമാത്രപോലും നഷ്ടപ്പെടുത്താതെ 'അഗ്രഹാരത്തിലെ കഴുത' എന്ന ചിത്രത്തിലെ നായകവേഷം അഭിനയിച്ചു ഫലിപ്പിച്ച നടന്‍ കൂടിയായിരുന്നു സംഗീതസംവിധായകനായ എം. ബി. ശ്രീനിവാസന്‍.

1961-ല്‍ കൊച്ചിയിലെ ഒരു ഓഡീഷനില്‍ ഹിന്ദി ഗായകനായ മുകേഷിന്റെ 'സാരംഗാ തേരി യാദ്‌ മേം' എന്ന ഗാനം ആലപിച്ച ഒരു ചെറുപ്പക്കാരന്റെ അപാരമായ കഴിവിനെ എം.ബി. ശ്രീനിവാസന്‍ തിരിച്ചറിയുകയും പിന്നീട്‌ താന്‍ സംഗീതസംവിധാനം ചെയ്ത 'കാല്‍പ്പാടുകള്‍' എന്ന ചിത്രത്തില്‍ പാടാന്‍ അവസരം കൊടുക്കുകയും ചെയ്തു. ആ ചെറുപ്പക്കാരനാണ്‌ ഇന്ന്‌ മലയാള സിനിമാഗാനലോകത്തെ ഇതിഹാസമായി നിലകൊള്ളുന്ന ശ്രീ കെ. ജെ. യേശുദാസ്‌. ഭാവഗായകനായ ജയചന്ദ്രന്‌ ആദ്യമായി അവാര്‍ഡ്‌ നേടിക്കൊടുത്ത 'രാഗം ശ്രീരാഗം' എന്ന ഗാനത്തിന്റെ സംഗീതസംവിധായകനും എം. ബി. എസ്‌. തന്നെ.

ഗാനങ്ങളുടെ സത്ത അതിന്റെ വരികളിലാണെന്നു വിശ്വസിച്ച സംഗീതസംവിധായകനായിരുന്നു എം. ബി. എസ്‌. അതിനായി അദ്ദേഹം മലയാള ഭാഷ പഠിച്ചു. ഗാനങ്ങളിലെ വരികളുടെ അര്‍ത്ഥമറിയാതെ അദ്ദേഹം ഒരിക്കലും സംഗീതസംവിധാനത്തിനു തയ്യാറല്ലായിരുന്നു.

അതുകൊണ്ടുതന്നെ എം. ബി. എസ്സിന്റെ ഗാനങ്ങള്‍ ഒരിക്കല്‍ കേട്ടാല്‍ പിന്നെ മറക്കാന്‍ ബുദ്ധിമുട്ടാണ്‌. ഇതിന്റെ തെളിവാണ്‌ ഒരു നഷ്ടസ്‌മൃതിയുടെ സുഖമായി മലയാളി അന്നും ഇന്നും എന്നും മനസ്സില്‍ സൂക്ഷിക്കുന്ന 'ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം' എന്ന ഗാനം.

'ശരദിന്ദു മലര്‍ദീപനാളം നീട്ടി', 'എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ പെണ്‍കൊടീ', 'കൂട്ടിലടച്ചോരു പക്ഷീ,ആരും കൂട്ടില്ലാത്തൊരു പക്ഷീ', 'ചെമ്പകപുഷ്പസുവാസിത യാമം;, 'മിഴികളില്‍ നിറകതിരായി', 'നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണച്ചിറകുള്ള പക്ഷീ', 'ഭരതമുനിയൊരു കളം വരച്ചു', 'ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്‌', 'ചൈത്രം ചായം ചാലിച്ചു' തുടങ്ങിയ ഗാനങ്ങള്‍ മലയാളിയുടെ ഒരു പുഷ്‌കലകാലത്തെ കൂടി സൂചിപ്പിക്കുണ്ടെങ്കില്‍ അത്‌ എം. ബി. എസ്സിന്റെ സംഗീതത്തിന്റെ മാസ്‌മരികത കൊണ്ടും വരികളുടെ അര്‍ത്ഥങ്ങള്‍ക്കുവേണ്ടി അദ്ദേഹം കാട്ടിയ ആര്‍ജ്ജവം കൊണ്ടും മാത്രമാണ്‌.

മലയാളസിനിമാലോകത്തെ മറ്റൊരു സുകൃതമായ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്റെ എല്ലാ ചിത്രങ്ങള്‍ക്കും സംഗീതസംവിധാനം ചെയ്തിരുന്നത്‌ എം. ബി. ശ്രീനിവാസനായിരുന്നു അടൂരിന്റെ എല്ലാ ചിത്രങ്ങള്‍ക്കും സംഗീതസംവിധാനം ചെയ്തിരുന്നത്‌ മരിക്കുന്നതു വരേയും എം. ബി. എസ്. തന്നെ ആയിരുന്നു.
എം.ടി. വാസുദേവന്‍ നായര്‍, ഒ. എന്‍. വി. കുറുപ്പ്‌, ലെനിന്‍ രാജേന്ദ്രന്‍, മോഹന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, കെ. ജി. ജോര്‍ജ്ജ്‌, ജോണ്‍ ഏബ്രഹാം, എന്നിവരെല്ലാം സംഗീതസംവിധാനത്തിനായി ആശ്രയിച്ച അതുല്യ പ്രതിഭയായിരുന്നു എം. ബി. ശ്രീനിവാസന്‍.

ഉള്‍ക്കടല്‍, സ്വാതി തിരുനാള്‍, സ്വപ്‌നാടനം, നിര്‍മ്മാല്യം, ഓപ്പോള്‍, കടല്‍, കാല്‍പ്പാടുകള്‍, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, യവനിക, ആദാമിന്റെ വാരിയെല്ല്‌, മീനമാസത്തിലെ സൂര്യന്‍, കൊടിയേറ്റം, ചില്ല്‌, സ്വയംവരം, എലിപ്പത്തായം, വാരിക്കുഴി, അനന്തരം, വളര്‍ത്തുമൃഗങ്ങള്‍, അമൃതം ഗമയാ, പുതിയ ആകാശം, പുതിയ ഭൂമി, അഗ്രഹാരത്തിലെ കഴുത, തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ അനശ്വരങ്ങളായ ഗാനങ്ങളാണ്‌ എം. ബി. എസ്‌. മലയാളത്തിനു നല്‍കിയിരിക്കുന്നത്.

സംഗീതലോകത്ത്‌ ജോലി ചെയ്യുന്നവര്‍ക്കായി ആദ്യമായി ഒരു സംഘടന ഉണ്ടാക്കിയതും കമ്യൂണിസ്റ്റ്‌ ആദര്‍ശങ്ങളെ സ്‌നേഹിച്ചിരുന്ന എം. ബി. എസ്‌. ആയിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംഗീതതാത്പര്യമുള്ള പ്രതിഭകളെ കണ്ടെത്തി അവര്‍ക്കു വേണ്ടുംവിധം പ്രോത്സാഹനം നല്‍കിപ്പോന്ന കറയറ്റ ഒരു മനുഷ്യസ്‌നേഹിയായിരുന്നു എം. ബി. എസ്‌.

ദേശീയോത്‌ഗ്രഥനം ലാക്കാക്കി കൂട്ടമായി ചേര്‍ന്നു പാടുന്ന സമ്പ്രദായം കൊണ്ടുവന്നതും എം. ബി. എസ്‌. തന്നെ. ഇന്ത്യയില്‍ പലയിടത്തും അതിനായി സംഗീതസംഘങ്ങള്‍ രൂപീകരിച്ചു. അതിന്റെ ഭാഗമായി കേരള യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരു ക്വയര്‍ രൂപീകരിക്കുന്നതിനും മുന്‍കൈ എടുത്തത്‌ എം. ബി. എസ്സായിരുന്നു. (മലയാളം ഇന്നോളം കണ്ടതില്‍ വെച്ചേറ്റവും നല്ല കോറസ്‌ ഗാനമായ 'ഭരതമുനി ഒരു കളം വരച്ചു' എന്ന ഗാനം എം. ബി. എസ്‌. സംവിധാനം ചെയ്തതാണ്‌)

മദ്രാസ്‌ പ്രസിഡന്‍സി കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ മദ്രാസ്‌ സ്റ്റുഡന്‍സ്‌ ഓര്‍ഗനൈസേഷനില്‍ അംഗമായി. തമിഴ്‌നാട്ടില്‍ ഭാരതീയാരുടെ സ്വാതന്ത്ര്യസമരദേശീയപ്രക്ഷോഭങ്ങളില്‍ ആകൃഷ്ടനായി. കമ്യൂണിസ്റ്റ്‌ ആദര്‍ശങ്ങളോടുള്ള ആഭിമുഖ്യത്താല്‍ ഡല്‍ഹിയിലെത്തിയ എം. ബി. എസ്സിനെ വിപ്ലവനാടകങ്ങളും ഗാനങ്ങളും സ്വാധീനിച്ചു. വിവിധ ഭാഷകള്‍ പഠിക്കാനും മുന്‍നിര നേതാക്കന്‍മാരുമായി ഇടപഴകാനും അതുവഴി എം. ബി. എസിനു കഴിഞ്ഞു. സ്വാതന്ത്ര്യസമരസേനാനി ആയിരുന്ന ഡോ. സൈഫുദ്ദീന്‍ കിച്‌ല്യുവിന്റെ മകളായ ഷാഹിദയെ വിവാഹം കഴിച്ചു സ്വന്തം ജീവിതം തന്നെ വിപ്ലവത്തിനു മാതൃകയാക്കിയ വ്യക്തിത്വമാണ്‌ എം. ബി. ശ്രീനിവാസന്റേത്. (ഡോ. സൈഫുദ്ദീന്‍ കിച്‌ല്യുവിന്റെ അറസ്റ്റിനെ പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേരെ ബ്രിട്ടീഷ്‌ പട്ടാളം നടത്തിയ ക്രൂരമായ വെടിവെപ്പാണ്‌ പ്രശസ്തമായ ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊല)

ഇന്ത്യന്‍ പെര്‍ഫോര്‍മന്‍സ്‌ റൈറ്റ് സൊസൈറ്റി ലിമിറ്റഡ്‌ എന്ന സംഘടനയുണ്ടാക്കുന്നതിന്‌ നേതൃത്വം നല്‍കിയത്‌ എം. ബി. എസ്സാണ്‌. സംഗീതമേഖലയിലെ എഴുത്തുകാര്‍ക്കും സംഗീതസംവിധായകര്‍ക്കും റോയല്‍റ്റി നേരിട്ടു ലഭിക്കുന്ന ഇന്നത്തെ സമ്പ്രദായം നടപ്പിലാക്കുന്നതിനായി ഈ സൊസൈറ്റിക്കു സാധിച്ചു. ഈ ഒരു കാരണം കൊണ്ടുതന്നെ ഇന്ന്‌ മലയാളഗാനശാഖയിലെ ഒരോരുത്തരും ഈ വലിയ മനുഷ്യനോട്‌ കടപ്പെട്ടിരിക്കുന്നു.

1988-ല്‍ ലക്ഷദ്വീപിലെ ഒരു സംഗീതപരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലമാണ്‌ എം. ബി. ശ്രീനിവാസന്‍ മരിച്ചത്‌. മലയാള സിനിമാലോകം എന്നും ആദരവോടെ കണ്ടിരുന്ന ആ മഹദ്‌വ്യക്തിത്വത്തിന്റെ പ്രഭാവത്തിന്റെ അനുരണനങ്ങള്‍ മലയാളികള്‍ ഉള്ളിടത്തോളം അവരുടെ നെഞ്ചിലും നാവിലും നിലനില്‍ക്കുകതന്നെ ചെയ്യും.

Thursday, May 1, 2008

സൌഹൃദത്തെക്കുറിച്ച്‌ ഖലീല്‍ ജിബ്രാന്‍ പറയുന്നതിങ്ങനെ

സ്‌നേഹിതനെന്നാല്‍ നിന്റെ ആവശ്യങ്ങള്‍ക്കുള്ള ഉത്തരമെന്നാണര്‍ത്ഥം.

സ്‌നേഹം വിതയ്ക്കുവാനും കൃതജ്ഞത കൊയ്യുവാനുമുള്ള നിന്റെ നിലമാകുന്നു നിന്റെ സ്‌നേഹിതന്‍.

ആത്മാവുകളുടെ സൌഹൃദത്തിന്‌ മറ്റൊരു ലക്ഷ്യങ്ങളുമുണ്ടാകാതിരിക്കട്ടെ.

നിന്റെ ആഹാരവും നിന്റെ നെരിപ്പോടും നിന്റെ സ്‌നേഹിതനാണ്‌. നിന്റെ ആത്മാവിന്റെ വിശപ്പും ദാഹവും അറിയിക്കാന്‍ നീ അവനെ തെരയുന്നു.

നിന്റെ സ്‌നേഹിതന്‍ അവന്റെ മനസ്സു തുറക്കുമ്പോള്‍ നിന്റെ മനസ്സിലുണരുന്ന 'ഇല്ല'കളെ നീ ഭയക്കേണ്ടതില്ല, വിലക്കേണ്ടതുമില്ല.

നിനക്ക്‌ ഏറ്റവും മഹത്തായിതോന്നുന്നതെല്ലാം നിന്റെ സ്‌നേഹിതനുള്ളതാകട്ടെ. നിന്നിലെ വേലിയിറക്കം അവന്‍ അറിയുന്നുവെങ്കില്‍ നിന്നിലെ വെള്ളപ്പൊക്കവും അവനറിയട്ടെ.

നിന്റെ ആവശ്യങ്ങള്‍ നിറവേറ്റിത്തരലാണ്‌, അല്ലാതെ നിന്റെ ശൂന്യത നിറയ്‌ക്കലല്ല നിന്റെ സുഹൃത്തിന്റെ നിയോഗമെന്നറിയുക.

സൌഹൃദത്തില്‍ വിചാരങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും മോഹങ്ങളും വാക്കുകളുടെ അണിയൊച്ചൊരുക്കുകളില്ലാതെ ജനിക്കുന്നു. കള്ളത്തരമില്ലാത്ത ആനന്ദത്തോടെ അതു പങ്കുവെക്കപ്പെടുകയും ചെയ്യുന്നു.

നിന്റെ സ്‌നേഹിതനില്‍ നിന്നും വേര്‍പെടുമ്പോള്‍ നീ ദു:ഖിക്കാതിരിക്കുക. അവനില്‍ നീ എന്താണാവോ ഏറ്റവുമധികം സ്‌നേഹിക്കുന്നത്‌ അത് അവന്റെ അസാന്നിദ്ധ്യത്തില്‍ കൂടുതല്‍ തെളിച്ചമുള്ളതാകും. പര്‍വതാരോഹകന്‌ പര്‍വതത്തിന്റെ മുകള്‍ഭാഗം സമതലങ്ങളില്‍ നിന്നും കൂടുതല്‍ ദൃശ്യമാകും പോലെ.

സ്വന്തം നിഗൂഢതകളുടെ വെളിപ്പെടുത്തലല്ലാതെ മറ്റെന്തെങ്കിലും തേടുന്ന സ്‌നേഹം സ്‌നേഹമേ അല്ല. അത്‌ ഒരു വല മാത്രമാകുന്നു. വിലകെട്ടവ മാത്രമേ അതില്‍ കുടുങ്ങുകയുള്ളൂ.

വെറുതെ നേരം കൊല്ലാനുള്ള ദീര്‍ഘമായ മണിക്കൂറുകളുമായി തെരയാനാണെങ്കില്‍ അത്തരം സൌഹൃദമെന്തിനാണ്‌? ജീവിക്കാനുള്ള സമയവുമായി അതിനെ തെരയുക.

സൌഹൃദത്തിന്റെ മധുരിമയില്‍ ചിരികളും സുഖങ്ങളും പങ്കുവെയ്ക്കലുകളുമുണ്ടായിരിക്കട്ടെ. കൊച്ചുകാര്യങ്ങളുടെ മഞ്ഞുതുള്ളികളില്‍ ഹൃദയം എന്നും പുലരികള്‍ ദര്‍ശിക്കട്ടെ.