(വി. കെ. എന്നിന്റെ 'പയ്യന്‍സ് കഥകളിലെ' ബ്രാഹ്മമുഹൂര്‍ത്തം എന്ന കഥയിലെ ഒരു ഭാഗം)
......
ഉന്‍മാദം വന്നു നിറയുമ്പോളാണ് നിനക്ക് ആണത്തം വരുന്നത്, രേണു പറഞ്ഞു.
നീ വിഷയത്തില്‍ നിന്നും വ്യതിചലിക്കുന്നു. പയ്യന്‍ പറഞ്ഞു.
'കേരളത്തില്‍ പ്രായപൂര്‍ത്തിയെത്തിയ എല്ലാവരും ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് കുളിച്ച് നല്ലതു ചിന്തിക്കുന്നു എന്നു ഞാന്‍ പറയുമ്പോള്‍ നീ വിശ്വസിക്കണം'
'അവര്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു'
'അവര്‍ അങ്ങനെ ചെയ്യുന്നു'
'എങ്കില്‍ ഈ ജനപ്പെരുപ്പവും പട്ടിണിയും അവിടുന്നും പോയേനേ'
'ഇനിയും അതു പോകും'
'മുഹൂര്‍ത്തം തുണയ്ക്കട്ടെ' രേണു പറഞ്ഞു.
'ഒരു പുരാണം തന്നെയുണ്ട് ബ്രാഹ്മമുഹൂര്‍ത്തത്തെപ്പറ്റി' പെട്ടെന്ന് ഓര്‍ത്തിട്ട് പയ്യന്‍ പറഞ്ഞു.
'നിനക്കു കേള്‍ക്കണോ?'
'രസമുണ്ടോ?'
'ക്ലാസ്സിക്കാണ്, കേട്ടാല്‍ നിത്യവും ഈ മുഹൂര്‍ത്തത്തില്‍ നീ ഉണരും'
'വലിയ ബോറില്ലെങ്കില്‍ ഞാന്‍ സഹിക്കാം'
'എന്റെ സ്‌നേഹിതന്‍ അശ്വകോശത്ത് അഷ്ടമൂര്‍ത്തി നമ്പൂതിരിയാണ് ഈ പുരാണകര്‍ത്താവ്, പയ്യന്‍ പറഞ്ഞു.
'ഏതാണ് ഈ ക്യാരക്‌ടര്‍?'
മഹാപണ്ഡിതനാണ്, തേജസ്വി, കവി, ഭോഗി.കേരളത്തിലുടനീളം അദ്ദേഹത്തിനു സംബന്ധം, ഒന്ന്, രണ്ട്, മൂന്നാണുള്ളത്.
'അതിയാന്‍ മൂന്നില്‍ നിര്‍ത്താനുള്ള പ്രകോപനം?'
'മൂന്നിലധികം പേരോടും തന്നോടും നീതി ചെയ്യാന്‍ കഴിയില്ലെന്ന സത്യസന്ധമായ വിശ്വാസം'
'മാന്യന്‍' രേണു പറഞ്ഞു, കേള്‍ക്കട്ടെ പുരാണം.
തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടുമാണ് നമ്പൂരിക്കു സംബന്ധം. എത്ര സംബന്ധമെന്നല്ല, എത്ര മണിക്കു വെളുപ്പിനെ ഉണരുന്നു എന്നതാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രധാനം. ബ്രാഹ്മമുഹൂര്‍ത്തം എന്നു പറഞ്ഞാല്‍ പറഞ്ഞ മുഹൂര്‍ത്തത്തില്‍ നാലാം യാമത്തില്‍ എഴുന്നേല്‍ക്കും. ബാക്കി വേലയൊക്കെ പിന്നീട്.
'വെളുപ്പിനെ ഉണരാനുള്ള വിദ്യയാണ് സംബന്ധം എന്നു വിശ്വസിക്കുന്നു വങ്കന്‍ എന്നു ചുരുക്കം' രേണു പറഞ്ഞു.
'ഒരറ്റത്തോളം നീ പറഞ്ഞതു ശരി' പയ്യന്‍ പറഞ്ഞു, പക്ഷേ വങ്കനല്ല നമ്പൂരി, പണ്ഡിതനാണ്.
എന്തോ ആവട്ടെ, ബാക്കിഭാഗം പറഞ്ഞു തുലയ്ക്ക്'
തിരുവനന്തപുരം സംബന്ധം ഉദ്‌ഘാടനം ചെയ്ത ദിവസം രാത്രി നമ്പൂരി ഭാര്യയോടു പറഞ്ഞു.
'ച്ചാല്‍ പെരുംപിറന്നേല്‍ പൊന്നമ്മേ, ഒരു കാര്യം, ബ്രാഹ്മമുഹൂര്‍ത്തത്തില്‍ നാലാം യാമാരംഭത്തില്‍ വിളിച്ചുണര്‍ത്തണം,ട്ട്വോ?
'അതിനെന്നാ', പൊന്നമ്മ പറഞ്ഞു. വിളിച്ചേക്കാമല്ലോ, തിരുമേനിസ്സാര്‍ ചുമ്മാ കിടന്നേക്കണം.
സല്‍ക്കര്‍മ്മങ്ങള്‍ക്കു ശേഷം നമ്പൂരിയും പൊന്നമ്മയും ഉറങ്ങി. പുലര്‍ച്ചെ പൊന്നമ്മ ആളിനെ വിളിച്ചുണര്‍ത്തി. നമ്പൂരി പുറത്തിറങ്ങി നക്ഷത്രം നോക്കി പൊന്നമ്മസ്സാറിനോടു പറഞ്ഞു.
'ച്ചാല്‍ ബഹുകൃത്യം. നാലാം യാമംച്ചാല്‍ നാലാം യാമം. എങ്ങന്യാ മനസ്സിലായേ പൊന്നമ്മയ്‌ക്ക്?'
'ഓ, ഇതിലെന്നാ ഇരിക്കുന്നേ?' ജനനം മുതല്‍ സംബന്ധം കഴിഞ്ഞു ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പുള്ളിക്കാരന്‍മാരെ വിളിച്ചുണര്‍ത്തിയവളെപ്പോലെ പൊന്നമ്മ പറഞ്ഞു.
നാലാം യാമത്തിന്റെ ആരംഭത്തിലല്ല്യോ പൊന്നു തണുക്കുന്നത്, താലിയേലെ പൊന്നു തണുത്തപ്പോള്‍ ഞാനങ്ങു കയറി വിളിച്ചു.
'പൊന്നമ്മ മുഷിയില്ല' നമ്പൂരി പറഞ്ഞു, 'ഒട്ടും മുഷിയില്ല'.
അടുത്ത മാസത്തെ റൌണ്ടിനു തയാറായി ഇരുന്നുകൊള്ളാന്‍ പറഞ്ഞ് നമ്പൂരി തൃശ്ശൂര്‍ക്കു യാത്രയായി. വൈകുന്നേരം തൃശൂരെത്തി. തേച്ചുകുളി കഴിച്ചു, വടക്കുന്നാഥനെ തൊഴുതു. ബ്രഹ്മസ്വം മഠത്തില്‍ മുക്തകണ്ഠം ഭുജിച്ചു ഫിറ്റാക്കി.
വൃത്തിയായി മുറുക്കി. കമ്പിറാന്തലുമായി പാപ്പിയമ്മയുടെ വീട്ടിലെത്തി. വിളക്കിന്റെ തിരി താഴ്ത്തിയശേഷം സംബന്ധത്തിനായി ശുദ്ധം മാറി. നേരമ്പോക്കും, സ്‌പെഷ്യല്‍ തൃശൂര്‍ വിദ്യകളും കഴിഞ്ഞ ശേഷം രണ്ടാം യാമത്തിന്റെ അന്ത്യത്തില്‍ നമ്പൂരി പാപ്പിയമ്മയോടു പറഞ്ഞു.
'ച്ചാല്‍ പാപ്പീടെ മേളം കേമായീന്നര്‍ത്ഥം.ബ്രാഹ്മമുഹൂര്‍ത്തത്തില്‍ വിളിക്കണം, ട്ട്വോ?"
അങ്ങനെയെന്നാള്‍ പാപ്പ്യമ്മ.
മാത്രമല്ല, നാലാം യാമാരംഭത്തില്‍ നമ്പൂരിയെ വിളിച്ചുണര്‍ത്തുകയും ചെയ്തു. നമ്പൂരി പുറത്തിറങ്ങി. നക്ഷത്രവിചാരം ചെയ്തു. കൃത്യം നാലാം യാമം. ബ്രാഹ്മമുഹൂര്‍ത്തം.
'പാപ്പിക്ക് എങ്ങനെ തരായി?' നമ്പൂരി ചോദിച്ചു.
'എന്തൂട്ടി തരാവാന്‍?' പാപ്പി ചോദിച്ചു.
'നാലാം യാമം, എങ്ങന്യാത്ര കൃത്യായിട്ടു ധരിച്ചത്?'
'മൂന്നു യാമത്തിനേ വിളക്കില്‍ എണ്ണ ഒഴിച്ചുള്ളോ', പാപ്പി പറഞ്ഞു. 'വെളക്കാ കെട്ടപ്പാ ഞാനാ വിളിച്ചു.'
'പാപ്പീടെ ബുദ്ധി അതികേമം' നമ്പൂരി പെരുവിരല്‍ ഇളക്കിക്കൊണ്ടു പറഞ്ഞു. 'ച്ചാല്‍ മറ്റേ നേരമ്പോക്കിനോടൊക്കെ കിടപിടിക്കുംന്നര്‍ത്ഥം!
തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയില്‍ അടുത്ത മാസം വരാമെന്നും സാമഗ്രികള്‍ കേടുതീര്‍ത്തു വൃത്തിയാക്കിവെയ്ക്കണമെന്നും പറഞ്ഞ് നമ്പൂരി തലശ്‌ശേരിക്കു യാത്രയായി.
അഞ്ജനക്കണ്‌ണെഴുതി, ആലിലത്താലി ചാര്‍ത്തി, വയനാടന്‍ മഞ്ഞള്‍ തിന്ന്, ചാപ്പാടന്‍ പുകല ചൂടി, തുളുനാടന്‍ പട്ടുടുത്ത്, പി. ഭാസ്‌കരന്‍ നിര്‍ദ്ദേശിച്ച മറ്റെല്ലാ വേഷവിധികളുമായി പൈങ്കിളി മാക്കം കാത്തിരുന്നു.
താമസിയാതെ നമ്പൂരി എത്തി.
കടത്തനാടന്‍ അഭ്യാസത്തോടേറ്റ് അര്‍ദ്ധരാത്രിയായപ്പോഴേക്കും അഷ്ടമൂര്‍ത്തി ഒരരുക്കായി. ഉറക്കത്തിലേക്കു വഴുതിക്കൊണ്ടിരുന്നപ്പോള്‍ നമ്പൂരി മാക്കത്തിനോടു പറഞ്ഞു.
'ച്ചാല്‍ ഒറക്കത്തിലും നമ്മെ ചെണ്ടകൊട്ടിക്കരുതെന്നര്‍ത്ഥം. നാലാം യാമത്തില്‍ തന്നെ വിളിക്കണം.'
ശരിപ്പെടുത്താമെന്നായി മാക്കം. മാത്രമല്ല, ശരിപ്പെടുത്തുകയും ചെയ്തു.
നമ്പൂരി ഉണര്‍ന്ന് ചുറ്റിനും ആകാശത്തും നോക്കി. നാലാം യാമമെന്നു പറഞ്ഞാല്‍ ഒന്നാന്തരം നാലാം യാമം. ഇങ്ങനൊരു നാലാം യാമം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.
'അതിശം!' നമ്പൂരി പറഞ്ഞു. 'എങ്ങന്യാ മാക്കം ധരിച്ചത് നാലാം യാമാന്ന്?'
മാക്കം പറഞ്ഞു. 'ഊശ്, എനക്ക് തൂറാന്‍ മുട്ട്യപ്പാ'
ഉത്ഭവസ്ഥാനം മുതല്‍ അഴിമുഖം വരെ ആഞ്ഞടിച്ച ചിരിയുടെ ഒരു വേലിയേറ്റത്തില്‍ പുഴ ഇളകിമറിഞ്ഞു. ഒന്നിടിഞ്ഞ് ഉയര്‍ന്നു പരന്ന ഹിംസാത്മകമായ പൊന്നുംകുടങ്ങള്‍ക്കിടയില്‍ പയ്യന്‍ മുങ്ങിത്താണു.
ഒരു കുഞ്ഞിനെപ്പോലെ അവനെ തന്റെ മേല്‍ വാരിയിട്ടുകൊണ്ട് രേണു പറഞ്ഞു: 'വാ പയ്യന്‍.'
(വിവരിച്ചോ, നിര്‍വചിച്ചോ കള്ളിയില്‍ ഒതുക്കാനാകാത്ത മലയാളത്തിന്റെ അമൂല്യസാഹിത്യകാരനായ വി. കെ. എന്നിന്റെ സ്‌മരണാര്‍ത്ഥം എടുത്തെഴുതിയത്.)
Friday, March 6, 2009
Subscribe to:
Posts (Atom)