Thursday, October 30, 2008

എന്റെ ഭാര്യ ഫെമിനിസ്റ്റല്ല..

ശ്രീമതി വളരെ കോപത്തിലാണ്‌. ഓഫീസില്‍ നിന്നും വന്നപാടെ ബാഗൊക്കെ വലിച്ചെറിഞ്ഞു കലിയിളകി നടക്കുകയാണ്‌.
കാര്യമന്വേഷിക്കാന്‍ ചെന്ന എന്റെ നേരെ ഒരു ചാട്ടം.

'നിങ്ങള്‍ ആണുങ്ങള്‍ ഇത്ര മര്യാദയില്ലാത്തവരാണോ?"

എന്താണു കാര്യമെന്നന്വേഷിച്ചപ്പോള്‍ കരച്ചിലിന്റെ വക്കോളമെത്തിയ ശ്രീമതി പറഞ്ഞു.

"ഞാന്‍ ഒരു മണിക്കൂറായി ട്രാന്‍സ്‌പോര്‍ട്ട് വണ്ടിയില്‍ തൂങ്ങിപ്പിടിച്ചു നില്‍ക്കുന്നു. എത്ര ആണുങ്ങള്‍ വണ്ടിയില്‍ ഞെളിഞ്ഞിരിക്കുന്നു. ഒരാള്‍ക്കെങ്കിലും എണീറ്റിട്ടു എനിക്കൊരു സീറ്റ് തരാമായിരുന്നില്ലേ? ഇവര്‍ക്കുമൊക്കെ വീട്ടില്‍ സഹോദരിയും അമ്മയുമൊക്കെയില്ലേ?

ശ്രീമതിയുടെ സങ്കടം കൂടിവന്നു.

"ഞാനൊരു പെണ്ണല്ലേ, ഞാന്‍ ഇങ്ങനെ നിക്കുന്നതു കണ്ടിട്ടു ഒരാള്‍ക്കുപോലും ദയ തോന്നിയില്ലല്ലോ.
ശ്രീമതിയുടെ കണ്ണു നിറഞ്ഞുപോയി. അതു പിന്നെ എന്തിനും അങ്ങനൊക്കെ തന്നെ ആയതുകൊണ്ടു ഞാന്‍ രംഗം വിട്ടു.

....................

രംഗം മാറി.
ഇപ്പോള്‍ ഞാന്‍ ട്രാന്‍സ്‌പോര്‍ട്ട് വണ്ടിയിലിരിക്കുകയാണ്‌. ദൂരയാത്രയാണ്‌. അടുത്തുള്ള സ്‌റ്റോപ്പില്‍ നിന്നും ഒരു സ്‌ത്രീ കയറി. വണ്ടിയില്‍ സീറ്റില്ല. അവര്‍ വണ്ടിയില്‍ തൂങ്ങിനിക്കാന്‍ തുടങ്ങി. എനിക്കു ശ്രീമതിയുടെ കരച്ചില്‍ ഓര്‍മ്മ വന്നു.
ഞാന്‍ മെല്ലെ എഴുന്നേറ്റു, സ്‌ത്രീയോടു പറഞ്ഞു,

"പെങ്ങളേ, ഇവിടിരുന്നോളൂ"

എന്നെ അവര്‍ ഇരുത്തി ഒരു നോട്ടം.

"താനെന്താ വിചരിച്ചിരിക്കുന്നേ? ആണുങ്ങളുടെ ഔദാര്യത്തില്‍ സ്‌ത്രീകള്‍ യാത്ര ചെയ്യണോ?

ഇളിഭ്യനായി നിന്ന എന്നോട് അവര്‍ തട്ടിക്കയറി.

"തനിക്കു നിക്കാമെങ്കില്‍ എനിക്കും വണ്ടിയില്‍ നിക്കാം. ആണുങ്ങളെപ്പോലെ നിന്നു യാത്ര ചെയ്യാന്‍ പെണ്ണുങ്ങള്‍ക്കുമറിയാം. സ്‌ത്രീ അത്ര അബല അല്ല, അവളെ ആരും ഇരുത്താനും നോക്കേണ്ട. ഇങ്ങനെ ഔദാര്യം കാട്ടിയാണ്‌ നിങ്ങള്‍ സ്‌ത്രീകളെ ദുര്‍ബലയാക്കിയത്. ഞാന്‍ ഔദാര്യം സ്വീകരിക്കാറില്ല. താന്‍ അവിടെ തന്നെ ഇരുന്നോ"

അറിയാതെ ഞാന്‍ പൂര്‍വ്വസ്‌ഥിതിയിലിരുന്നുപോയി. വണ്ടിയില്‍ എല്ലാവരും എന്നെ നോക്കുന്നുണ്ടായിരുന്നോ? അവര്‍ ചിരിക്കുകയായിരുന്നോ? എനിക്കറിയില്ല, കാരണം എന്റെ തല കുനിഞ്ഞിരിക്കുകയായിരുന്നു.

Tuesday, July 29, 2008

അരാഷ്ട്രീയമായ ഇന്നത്തെ തലമുറയുമായി ഒരു ഇന്റര്‍വ്യൂ

എന്റെ കഴിഞ്ഞ ഒരു പോസ്റ്റ്, പഠിക്കാന്‍ മൂഡു വരാനും മദ്യം എന്ന പോസ്റ്റിനു ശേഷമാണ്‌ ഇന്നത്തെ കുട്ടികള്‍ ഇത്രയേറെ സാമൂഹികപ്രതിബദ്ധത കുറഞ്ഞവരായത്‌ എങ്ങനെയെന്നു ചിന്തിച്ചു തുടങ്ങിയത്.

എനിക്കു പരിചയമുള്ള, അല്പം വായനാശീലവും സാഹിത്യത്തില്‍ താത്പര്യവുമുള്ള ഒരു കുട്ടിയോടു ഞാന്‍ നേരിട്ടു നടത്തിയ ചില ചോദ്യങ്ങളും അതിനു ഇന്നത്തെ തലമുറയുടെ പ്രതിനിധിയായ അവന്റെ മറുപടിയുമാണ്‌ ഈ പോസ്റ്റ്. അവനെ നമുക്കു തത്കാലം മനുരാജ് എന്നു വിളിക്കാം.

ഞാന്‍: കേരളത്തില്‍ വളരെയേറെ വ്യത്യസ്തമായ രീതിയില്‍ മുളയെടുത്തും കരുത്താര്‍ജ്ജിച്ചും വരുന്ന ഒരു തലമുറയുടെ പ്രതീകമായി നിന്നെ കണ്ടുകൊണ്ടാണ്‌ ചോദ്യങ്ങള്‍ ചോദിക്കുന്നത്. നിന്റെ ഉത്തരങ്ങളില്‍ ഒരു തലമുറയുടെ തുടിപ്പു ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്നത്തെ കുട്ടികളുടെ ഒരു രാഷ്ട്രീയവീക്ഷണം എന്താണ്‌?

മനു: ചേട്ടാ, ഞാനുള്‍പ്പെടുന്നവര്‍ക്ക്‌ രാഷ്ട്രീയത്തോടു യാതൊരു മതിപ്പുമില്ല. ഒരു പക്ഷേ ഞങ്ങള്‍ പഠിച്ചിറങ്ങിവന്ന വിദ്യാഭ്യാസസംസ്കാരത്തിന്റെ ഒരു നിലപാടു തന്നെയാകാം രാഷ്ട്രീയത്തില്‍ നിന്നും വളരെയേറെ അകന്നു നില്‍ക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്‌. എന്നെപ്പോലെ കോണ്‌വെന്റ് സ്‌കൂളില്‍‌ നിന്നും‌ പഠിച്ചിറങ്ങുന്നവര്‍‌ക്ക്‌ രാഷ്ട്രീയം‌ എന്നും‌ തെമ്മാടിക്കൂട്ടമാണ്.

ഞാന്‍: രാഷ്ട്രീയക്കാര്‍‌ എല്ലാം തെമ്മാടിക്കൂട്ടങ്ങളാണെന്നാണോ നീ പറയുന്നത്?

മനു: അല്ലാ എന്നു തെളിയിക്കാന്‍ ഒരു സം‌ഗതി ചേട്ടന്‍‌ പറഞ്ഞു തരാമോ? യുവത്വം എപ്പോഴും ഒരു മാര്‍ഗ്ഗദര്‍ശിയെ തേടാറുണ്ട്. ഇല്ലേ? ഏതൊന്നിലേക്കു ഇറങ്ങിച്ചെല്ലാനും പ്രേരകമാകുംവിധം ഒരു റോള്‍ മോഡല്‍ വേണം. മോഷ്ടിക്കാനിറങ്ങുന്നവനും വേണം അനുകരിക്കാന്‍ ഒരു ഗുരു. ആത്മാഭിമാനത്തോടെ അനുകരിക്കാന്‍ പാകത്തില്‍ ഏതു രാഷ്ട്രീയ നേതാവാണ്‌ ഇന്നുള്ളത്‌. പണ്ടാരൊക്കെയോ ഉണ്ടായിരുന്നിരിക്കാം. പക്ഷേ ഇന്നില്ലല്ലോ?

ഞാന്‍: സുസജ്ജമായ ഒരു ഭരണസം‌വിധാനത്തിന്‌ രാഷ്ട്രീയപ്പാര്‍‌ട്ടികള്‍‌ ആവശ്യമല്ലേ?

മനു: രാഷ്ട്രീയക്കാര്‍ ചേര്‍ന്നുണ്ടാക്കുന്നതാണ്‌ ഇന്നത്തെ ഭരണസംവിധാനം പോലും. ലാഭം കൊയ്യാനുള്ള ഒരു കച്ചവടസ്‌ഥാപനത്തെപ്പോലെ കിടമത്സരത്തോടെ ഗവര്‍മെന്റും അപ്പപ്പോള്‍ നയിക്കുന്ന രാഷ്ട്രീയക്കാരും പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയപ്രവര്‍ത്തനം ലാഭം ഉണ്ടാകാനുള്ള പല കുത്സിതമാര്‍ഗ്ഗങ്ങളില്‍ ഒന്നുമാത്രമാണെന്നാണ്‌ ഞാനുള്‍പ്പെടുന്ന ഇന്നത്തെ തലമുറ മനസ്സിലാക്കുന്നത്‌.

ഞാന്‍: രാഷ്ട്രീയം‌ എന്നതു വ്യക്തിയുടെ നീതിബോധമാണെന്ന സത്യം‌ മറന്നിട്ട്‌ ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയിലെ അംഗത്വമാണ്‌ രാഷ്ട്രീയം എന്നു ഇന്നത്തെ തലമുറ വിശ്വസിക്കുന്നു എന്നല്ലേ നീ പറഞ്ഞുവരുന്നത്?

മനു: അല്ലായെന്നു എങ്ങനെയാണു ചേട്ടനു ഉറപ്പിച്ചു പറയാന്‍ കഴിയുക. ഓരോ വ്യക്തിയിലും ബേസിക്കായി ഉണ്ടാകേണ്ട ഒരുതരം നീതിബോധവും അനീതിക്കെതിരെ പ്രവര്‍ത്തിക്കനുള്ള ഒരു ത്വരയുമാണ്‌ രാഷ്ട്രീയം എന്നു ഞാന്‍ മനസ്സിലാക്കുന്നു. വായിച്ചുവളരാന്‍‌ വിമുഖതയുള്ള, ഞാനുള്‍പെട്ട എന്റെ തലമുറയിലെ എല്ലാ കുട്ടികളും അതു മനസ്സിലാക്കിക്കൊള്ളണമെന്നില്ല.

ഞാന്‍: രാഷ്ട്രീയത്തിലേക്ക്‌ കടന്നുവരാന്‍‌ നിന്റെ തലമുറയിലെ കുട്ടികള്‍‌ക്കു ധൈര്യവും‌ ശൂരത്വവും‌ ഒപ്പം‌ നീതിബോധവും‌ കുറഞ്ഞു എന്ന് ഞാന്‍‌ പറഞ്ഞാല്‍?

മനു: അതു ഞാന്‍‌ അം‌ഗീകരിക്കുകയില്ല. അഴിമതി കാട്ടാനും കള്ളത്തരങ്ങള്‍ക്കു മറയാക്കാനുമുള്ള ഒരു കേവല ഉപാധിയായി രാഷ്ട്രീയം തകര്‍ന്നിടത്ത്‌ അറിഞ്ഞുകൊണ്ട്‌ കൈ പൊള്ളിക്കാന്‍ ഞങ്ങള്‍ക്കു വിമുഖതയുണ്ട്. അതാണ് പ്രധാന കാരണം. വളരെയേറെ നിറമുള്ള ഒരു ജീവിതം കൈയെത്തും ദൂരത്തുണ്ടായിരിക്കെ, ഇത്തരം നെഗറ്റീവ്‌ ഇമേജ് ഉണ്ടാക്കുന്ന അവസ്ഥയിലേക്കെന്തിനു പോകണം‌? വളരെ unscrupulous ആയിട്ടുള്ളവരേയും പഠിക്കാന്‍ ബുദ്ധി കുറഞ്ഞവരെയും മാത്രം ആകര്‍ഷിക്കുന്ന ഒരു മേഖലയായി ഇന്നത്തെ രാഷ്ട്രീയമേഖലയെന്നാണെനിക്കു തോന്നുന്നത്‌.

ഞാന്‍‌: ഒരു കാലത്ത് നേതൃസ്‌ഥാനത്തു നില്‍‌ക്കുന്ന ആണ്‍‌കുട്ടികളോട്‌ പെണ്‍‌കുട്ടികള്‍‌ക്ക്‌ ആരാധന ആയിരുന്നു. അവരുടെ പ്രതികരണശേഷിയേയും‌ വാക്‌ചാതുരിയും‌ പെണ്‍‌കുട്ടികളുടെ മുന്നില്‍‌ അവരെ ഒരു ഹീറോ ആക്കിയിരുന്നു. അത്തരമൊരു ഹീറോയിസത്തിനുവേണ്ടിയെങ്കിലും രാഷ്ട്രീയത്തെ സ്വീകരിക്കുന്നവരുണ്ടാകില്ലേ?

മനു: എന്റെ പൊന്നു ചേട്ടാ, രാഷ്ട്രീയത്തിലാണു താത്പര്യമെന്നറിഞ്ഞാല്‍ ഒരു പെണ്‍പിള്ളേരു പോലും തിരിഞ്ഞുനോക്കില്ല. പെണ്‍കുട്ടികള്‍ക്ക്‌ രാഷ്ട്രീയക്കാരെ വെറുപ്പും പേടിയുമാ. ഇപ്പോള്‍ ഹീറോയിസത്തിന്റെ മാനറിസമൊക്ക മാറിമറിഞ്ഞു ചേട്ടാ. പ്രണയത്തിന്റേയും. രാഷ്ട്രീയക്കാരനാണെന്നറിഞ്ഞാല്‍‌ ഒരാളെപ്പോലും‌ ഫ്രണ്ടായി കിട്ടില്ല. അതേ, മിനിമം ഒരു ഗേള്‍ ഫ്രണ്ടെങ്കിലുമില്ലെങ്കിലേ, ഇപ്പോ വലിയ കൊറച്ചിലാ. കൂട്ടുകാര്‍ ചാന്തുപൊട്ടെന്നൊക്കെ വിളിച്ചു കളയും.


ഞാന്‍: മുന്‍തലമുറയിലെ യുവാക്കള്‍ വളര്‍ത്തിയെടുത്ത നല്ല ഒരു രാഷ്ട്രീയ പാരമ്പര്യം നമുക്കില്ലേ? സാമൂഹികപ്രതിബദ്ധതയോടെ ജനങ്ങളിലേക്കു യുവാക്കള്‍ ഇറങ്ങിചെന്നതിന്റെ സാക്ഷ്യപത്രമല്ലേ നമ്മുടെ കമ്യൂണിസ്റ്റ് സംസ്ക്കാരം. എന്തിനേയും ചോദ്യം ചെയ്തു വിശ്വസിക്കാന്‍ ഇത്തരം ആദര്‍ശാധിഷ്ഠിത രാഷ്ട്രീയം യുവാക്കളെ പഠിപ്പിച്ചതുകൊണ്ടല്ലേ ഇന്നു കാണുംവിധം നമ്മള്‍ ആയത്?

മനു: ഇന്നുകാണുംവിധം എന്നു ചേട്ടന്‍ പറയുമ്പോള്‍, എങ്ങനെ നാം കാണുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം മറുപടിയും. ഒരു പക്ഷേ ചേട്ടന്‍ കാണുന്ന ഒരു പോസിറ്റീവ്‌നെസ്സ് ഞാന്‍ ഇന്നത്തെ അവസ്ഥയില്‍ കാണുന്നില്ലാ എങ്കില്‍ ഞാന്‍ കാണുന്ന അവസ്ഥയുടേ ശോചനീയാവസ്ഥക്കും ഇതൊക്കെ തന്നെയല്ലേ കാരണമെന്ന ഒരു മറുചോദ്യം കൂടിയുണ്ട്.

ഞാന്‍‌: സാമൂഹികപ്രതിബദ്ധത ഏറെയുണ്ടായിരുന്ന ഒരു യുവജനതയുടെ ആര്‍‌ജ്ജവമാണ് നിന്റെ ഈ വിദ്യാഭ്യാസസം‌സ്കാരമെന്നു പോലും‌ നീ മറക്കരുത്?

മനു: എന്തു ആര്‍‌ജ്ജവം‌ ചേട്ടാ? കേരളത്തില്‍‌ വിവിധതരം‌ വിദ്യാഭ്യാസസം‌സ്കാരമുണ്ടാക്കിയതാണോ ഈ ആര്‍‌ജ്ജവം‌. ഞാനും‌ തെക്കേലെ ഗോപാലേട്ടന്റെ മോന്‍ വിനീതും‌ ഒരേ പ്രായമാണ്. ഞങ്ങള്‍‌ പഠിച്ചിറങ്ങിയതു രണ്ടും‌ രണ്ടു തരത്തില്‍. കാശുള്ളവര്‍‌ക്ക് ഒരു തരം‌. ഇല്ലാത്തവര‌ക്ക്‌ വേറൊരു തരം. എന്റെ അച്ഛന്‍‌ ഗള്‍‌ഫിലായതു കൊണ്ട് ഞാന്‍‌ ഇങ്ങനെ. ഗോപാലേട്ടന് കൂലിപ്പണിയായതു കൊണ്ടു വിനീത് അങ്ങനെ. അറിവുകൊണ്ടുപോലും‌ ഞങ്ങളെ വേര്‍‌തിരിപ്പിച്ചു നിര്‍‌ത്തിയതാണോ ഈ ആര്‍‌ജ്ജവം?

ഞാന്‍: കേരളം‌ ഏറ്റവും‌ പ്രബുദ്ധതയുള്ള സം‌സ്ഥാനമായതിന്റെ പ്രധാന കാരണം‌ നമ്മുടെ രാഷ്ട്രീയബോധമായിരുന്നു എന്ന് നീ മറന്നുവെന്നു തോന്നുന്നു?

മനു: ഒരു പക്ഷേ മുന്‍കാലങ്ങളിലെ രാഷ്ട്രീയം ഇത്രയേറെ സാമൂഹികമായത്‌ അന്നു ഇല്ലായ്മയുടെ ഒരു കാലം കൂടിയായിരുന്നതിനാലാകണം. പലതരം ഇല്ലായ്‌മകള്‍, അതൊരു പൊതുസ്വഭാവവുമായിരിക്കുമ്പോള്‍ ഒരു തരം കൂട്ടായ്മയും പ്രതികരണവുമൊക്കെ ആവശ്യമായി വരും. ഇന്ന്‌ ആര്‍‌ക്കും‌ ഇല്ലായ്മകള്‍ ഇല്ലല്ലോ.

ഞാന്‍: അപ്പോള്‍ ഒരു തരം 'സുഭിക്ഷത' ആണ്‌ ഇങ്ങനെ അരാഷ്ട്രീയവത്കരിക്കപ്പെട്ട യുവതലമുറയെ സൃഷ്ടിക്കുന്നത്‌ എന്നാണോ നീ പറയുന്നത്‌? മാത്രവുമല്ല, ദാരിദ്ര്യം സമൂഹത്തിലെ ഒരു മൂല്യതയാണ്, അതു സമൂഹത്തില്‍ തുടര്‍ന്നുതന്നെ പോകണമെന്ന ഒരു ധ്വനി നിന്റെ ഈ സംസാരത്തില്‍ എനിക്കു വായിച്ചെടുക്കാമോ?

മനു: അങ്ങനെയതിനു അര്‍ത്ഥമില്ല ചേട്ടാ. ദാരിദ്ര്യകാലത്തേക്കാള്‍ ഇന്നത്തെ സുഭിക്ഷാകാലത്തല്ലേ ആത്‌മഹത്യകളും അക്രമങ്ങളും കൊലപാതകങ്ങളും കൂടുതല്‍ നടക്കുന്നത്‌. പഴയ ഇല്ലായ്മയില്‍ 'Haves' എന്നും 'Have nots' എന്നും രണ്ടു കള്ളികളുണ്ടായിരുന്നു. അതായത്‌ പഴയ ജന്‍മിമാരും കുടിയാന്‍മാരും പോലെ. ഇന്ന് മുതലാളിത്തം എന്ന ഒരു കള്ളി മാത്രമേയുള്ളൂ. ഏറ്റവും ചെറിയവനിലും ഒരു തരം മുതലാളിത്തമനോഭാവമാണ്‌ ഇന്ന്‌.

ഞാന്‍: ഈ ഒരു കള്ളി ഒഴിവാക്കാനായിട്ടാനായിരുന്നു ഇവിടെ നടന്ന സമരങ്ങളൊക്കെ. അപ്പോള്‍‌ രാഷ്ട്രീയം‌ ആവശ്യമാണെന്ന ഒരു സം‌ഗതി വരുന്നുണ്ടല്ലോ?

മനു: നിങ്ങളൊക്കെ പറയുന്ന ഒരു തരം ഉപഭോഗസംസ്ക്കരത്തിന്റേയോ, ആഗോളീകരണത്തിന്റെയോ ഒക്കെ ഭാഗമാകാം ഇത്‌. ഇന്നു Have nots ശ്രേണിയിലേക്കു തരം താഴ്ത്തപ്പെടാന്‍ ആരുമില്ല. ആരേയും അനുവദിക്കുകയുമില്ല. അതിനുവേണ്ടി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ സഹായവും അവനു വേണ്ട. അഥവാ ഏതെങ്കിലുമൊരു കൈ സഹായം വേണമെന്നു വെച്ചാല്‍ തന്നെ അവന്‍ ഉള്‍പ്പെടുന്ന ജാതിയോ, അവന്‍ കൃത്യമായി മാസവരിസംഖ്യ അടക്കുന്ന ഒരു സമുദായിക സംഘടനയോ അവന്റെ സഹായത്തിനുണ്ടു താനും. പിന്നെ എന്തിനാണു ഈ തെമ്മാടികൂട്ടത്തിന്റെ സഹായം? Politics is the last resort of a scoundrel - ഇതിന്റെ പൊരുള്‍ ഇന്നത്തെ തലമുറ ശരിക്കും മനസ്സിലാക്കുന്നു ചേട്ടാ. ഒരു പക്ഷേ ഇതായിരിക്കാം ഞങ്ങള്‍ അരാഷ്ട്ട്രീയവത്‌കരിക്കപ്പെട്ടതിന്റെ പ്രധാന കാരണം.

ഞാന്‍: ഈ ജാതിയും മതവും കപടസന്യാസിമാരും ഇന്നത്തെ യുവതലമുറയെ സംരക്ഷിച്ചുകൊള്ളുമെന്നു നിനക്കു വിശ്വാസമുണ്ടോ?

മനു: ഈ ജാതിക്കും മതത്തിനും രാഷ്ട്രീയം പോലെ തന്നെ കച്ചവടത്തിന്റെ കണ്ണു തന്നെയാണ്‌. ലാഭമാണ്‌ ഇവിടേയും ലക്ഷ്യം. എന്നാലും മതത്തിനു രാഷ്ട്രീയത്തിനേക്കാള്‍ കുറച്ചുകൂടി വശ്യതയുണ്ട്‌. നിറക്കൂട്ടുകളെ മോഹിക്കുന്ന യുവത്വം അതിലേക്കു അടുത്തു പോവുകയാണ്‌.

ഞാന്‍‌: അതെന്താണ് ആ ഒരു വശ്യത?

മനു: ഞാന്‍‌ നേരത്തെ പറഞ്ഞില്ലേ, വളരെ ചെറുപ്പത്തിലേ തന്നെ സ്‌കൂള്‍ തലത്തില്‍‌ വെച്ചു തന്നെ, ഞങ്ങളെ ഇവിടെ വേര്‍‌തിരിച്ചു കള്ളികളിലാക്കി നിര്‍‌ത്തിയിരിക്കുകയാണ്. കൃസ്ത്യാനികള്‍ അവരുടെ സ്‌കൂളിലും‌ നായന്മാര്‍‌ അവരുടെ സ്‌കൂളിലും‌ ഈഴവന്‍ അവന്റെ സമുദായസ്‌കൂളിലും‌ മുസ്ലീമുകള്‍ അവരുടെ വിദ്യാഭ്യാസസ്‌ഥാപനത്തിലും‌ പഠിക്കാന്‍‌ പോകുന്നു. സമ്പത്തിന്റെ അടിസ്ഥാനത്തില്‍‌ ഞങ്ങള്‍ക്കു വിവിധതരം സ്‌റ്റാന്‍‌‍‌ഡേര്‍‌ഡും‌ സിലബസ്സുമായി ഞങ്ങളെ വേര്‍‌തിരിച്ചു നിര്‍‌ത്തി ഞങ്ങള്‍‌ക്കു പരസ്പരം‌ പറഞ്ഞാലറിയാനാകാത്തവിധമാക്കി. അവന്‍ വേറെ, ഞാന്‍ വേറെ, അതു ആ ജാതിക്കാരുടെ പ്രശ്നം, ഞങ്ങള്‍ നിങ്ങളേക്കാള്‍ ഉയര്‍ന്നവര്‍ എന്നീ മനോഭാവത്തോടെയാണല്ലോ ഞങ്ങള്‍ വളര്‍ത്തപ്പെട്ടതു തന്നെ. അങ്ങനെ അമ്മയുടെ മുലപ്പാലുപോലെ ചെറുപ്പം‌ മുതലേ ഞങ്ങളിലൂട്ടിയുറപ്പിക്കുന്ന വിശ്വാസത്തോട് ഞങ്ങള്‍‌ ചേര്‍‌ന്നുനില്‍‌ക്കുന്നു, അങ്ങനെ ഞങ്ങള്‍‌ ഒന്നാണെന്നു തോന്നിപ്പിക്കുന്ന ഒരു തരം‌ വശ്യത.

ഞാന്‍: രാഷ്ട്രീയം പോലെ തന്നെ മലീമസമല്ലേ ഈ മതവും? രണ്ടിനും ഒരേ കണ്ണാണെന്നു നീ പറഞ്ഞല്ലോ?

മനു: മതം ഇന്നു രാഷ്ട്രീയത്തിനു ഒരു ആള്‍റ്റെര്‍നേറ്റീവായിട്ടാണു നിലകൊള്ളുന്നത്‌. രാഷ്ട്രീയമായി തെറ്റാണെന്നു കരുതുന്നവ പലതും മതപരമായി ശരിയാണെന്ന നിലയിലെത്തുന്നിടത്താണ്‌ മതത്തോട് ഞങ്ങള്‍ കൂടുതല്‍ അടുത്തു പോകുന്നത്‌. അഥവാ മത നേതാക്കളും സാമുദായിക നേതാക്കളും ഞങ്ങളുടെ തെറ്റുകളെ ശരികളാക്കിതീര്‍ക്കുന്നു. ഞങ്ങളുടെ മുന്നോട്ടുള്ള വളര്‍ച്ചയെ, സുരക്ഷിതവും സമ്പന്നവുമായ ഒരു ഭാവിയെ, അതു തടസ്സപ്പെടുത്തുന്നുമില്ല. മാത്രവുമല്ല, അന്യമതസ്ഥരേക്കാള്‍ മുന്നിലെത്താന്‍ ഞങ്ങളെ അതു സഹായിക്കുകയും ചെയ്യുന്നു. എനിക്കു മതം തരുന്ന സുരക്ഷ ഏതു രാഷ്ട്രീയപ്പാര്‍ട്ടിക്കു തരാന്‍ കഴിയും ചേട്ടാ?

ഞാന്‍: ഈ ജാതീയതക്കെതിരെ രാഷ്ട്രീയകക്ഷികള്‍ പോരാടിയ ഒരു ചരിത്രം കേരളത്തിനുണ്ടല്ലോ. അതു നീ ചരിത്രപുസ്തകങ്ങളില്‍ പഠിച്ചിട്ടില്ലേ?

മനു: ഉണ്ട്. പക്ഷേ എന്നിട്ടു ഇന്നും ജാതിയും മത ചിന്തകളും പണ്ടേക്കാള്‍ ശക്തിയായി നിലനില്‍ക്കുന്നത്‌ ആരുടെ തെറ്റാണ്‌? ചേട്ടന്‍ മുന്‍പു പറഞ്ഞ ആദര്‍ശപാര്‍ട്ടികളൊക്കെ കാലങ്ങളായിട്ടും ഇവിടെയുണ്ടായിരുന്നില്ലേ. പക്ഷേ ജാതി എന്നതു ഒഴിവാക്കാനുള്ള ആര്‍ജ്ജവം പഴയ തലമുറ കാണിച്ചില്ലല്ലോ. എത്രയോ വിപ്ലവ നേതാക്കള്‍ അവരുടെ ജാതിപ്പേരില്‍ തന്നെ ഇവിടെ നിലനിന്നു; ഇപ്പോഴും നിലനില്‍ക്കുന്നു. പിള്ള, നായര്‍, നായനാര്‍, നമ്പ്യാര്‍, നമ്പൂതിരിപ്പാട്‌ . ഇവരുടെയൊക്കെ കുടുംബങ്ങളില്‍ എത്ര മിശ്രവിവാഹങ്ങള്‍ നടത്തിയിട്ടുണ്ട്. എന്റെ അച്ഛന്‍ പഠിപ്പിച്ചു തന്നതാണ്‌ എന്റെ ജാതി. എന്റെ അച്ഛന്‍ 1960-നു ശേഷം ജനിച്ചതാണ്‌. ഇത്തരം ആദര്‍ശപ്പാര്‍ട്ടികള്‍ക്കു വേണ്ടത്ര ആര്‍ജ്ജവമുണ്ടായതിനു ശേഷം ജനിച്ചയാള്‍. എന്നിട്ടുമെന്റെ അച്ഛന്റെ തലമുറ ഇന്നും ജാതി പാടി നടക്കുന്നതെന്താണ്‌? എന്റെ അച്ഛനെ പഠിപ്പിക്കാതിരുന്ന തലമുറയെ ഞാന്‍ ചോദ്യം ചെയ്താല്‍ ഒരു പക്ഷേ ചേട്ടനു ഇഷ്ടപ്പെട്ടെന്നു വരില്ല.

ഞാന്‍: അപ്പോള്‍ ഈ കപടസന്യാസിമാരോ?

മനു: പണവും ജോലിയും ഒക്കെ കൈപ്പിടിയിലെത്താനായി ആരുടെയൊക്കെ അടുത്തെത്തിയാലാണ്‌, അരെയൊക്കെ കണ്ടാലാണ്‌ കാര്യങ്ങള്‍ നടക്കുക എന്നതിനിടയില്‍ അതു സന്യാസിയാണോ, മതനേതാവാണോ എന്നൊന്നും നോക്കാറില്ല. അയലത്തെ കുട്ടിയേക്കാള്‍ മുന്നെ ഒരു ജോലി നേടുക, അവനേക്കാള്‍, കൂടുതല്‍ മാര്‍ക്കു വാങ്ങുക, എന്ന ലക്ഷ്യത്തിനായി ഏതു മാര്‍ഗ്ഗമാണു സ്വീകരിക്കേണ്ടി വരിക എന്നൊന്നും നോക്കാറില്ല. പക്ഷേ എന്തായാലും നാടു നന്നാക്കാനെന്ന വ്യാജേന നാട്ടില്‍ തെണ്ടി നടന്ന്‌ ഒരു രാഷ്ട്രീയക്കാരനായി അധ:പതിക്കാന്‍ അച്ഛനമ്മമാര്‍ സമ്മതിക്കില്ല. കാരണം അവര്‍ക്ക്‌ രാഷ്ട്രീയത്തേക്കാള്‍ വിശ്വാസം കപടസ്വാമിമാരിലുണ്ട്.

ഞാന്‍‌: അപ്പോള്‍‌ ഇന്നത്തെ വിദ്യാഭ്യാസരീതിയാണ് ഈ അരാഷ്ട്രീയതയുടേയും സ്‌നേഹരാഹിത്യത്തിന്റേയും‌ ഉറവിടം എന്നാണു നീ പറഞ്ഞുവരുന്നത്. കുടുംബത്തിനു ഇതില്‍‌ എന്തെങ്കിലും‌ പങ്കുണ്ടോ?

മനു: കുടുംബങ്ങള്‍ക്കും ഞങ്ങള്‍ പഠിച്ചിറങ്ങുന്ന വിദ്യാഭ്യാസനിലവാരത്തിനും ഇതില്‍ കാതലായ പങ്കുണ്ട്. കുടുംബങ്ങളില്‍ നിന്നും ഇന്നത്തെ തലമുറക്ക്‌ അച്ഛനമ്മമാരില്‍ നിന്നും ആവശ്യത്തിനുള്ള സ്‌നേഹം ലഭിക്കുന്നുണ്ടോ?ഉന്നത വിദ്യാഭ്യാസനിലവാരം നോക്കി അവര്‍ മക്കളെ ചെറുപ്പത്തിലെ ബോര്‍ഡിംഗിലയച്ചു പഠിപ്പിക്കുന്നു. പരാതി പറഞ്ഞും പങ്കുവെച്ചും, തമ്മില്‍ അടിപിടികൂടിയും, വീണ്ടും കൂട്ടുകൂടിയും ജീവിതത്തിന്റെ മൃദുലതയെ തൊട്ടറിഞ്ഞു ജീവിക്കേണ്ട ബാല്യകാലം കര്‍ശനങ്ങളുടെ ഇരുട്ടു നിറഞ്ഞ ഡോര്‍മറ്ററികളില്‍ ഉരുകിത്തീര്‍‌ക്കുന്ന ഒരു കുട്ടിയില്‍ നിന്ന്‌ സ്‌നേഹത്തിന്റേയും സാമൂഹികപ്രതിബദ്ധതയുടേയും ഏതു ഭാവമാണ്‌ ചേട്ടന്‍ പ്രതീക്ഷിക്കുന്നത്‌?

ഞാന്‍‌: മക്കളുടെ ഉന്നതവിദ്യാഭ്യാസം‌ ഏതൊരു രക്ഷിതാക്കളുടേയും‌ ഉത്തരവാദിത്വം‌ കൂടിയാണ്. നീ ഒരച്ഛനാകുന്ന കാലത്തു മാത്രം‌ മനസ്സിലാകുന്ന സത്യം‌. ഈ ആവേശം അന്നു നിനക്കുണ്ടായെന്നു വരുമോ?

മനു: മകനെ ചെറുപ്പത്തില്‍ ബോര്‍ഡിംഗിലാക്കി ഉന്നതവും‌ പരിഷ്‌കൃതവുമായ വിദ്യ അഭ്യസിപ്പിക്കുന്ന അച്ചനമ്മമാരെ മകന്‍‌ വാര്‍ദ്ധക്യത്തില്‍ വളരെ പ്രശസ്തവും‌ ഹൈജീനുമായ ഒരു വൃദ്ധസസദനത്തില്‍ കൊണ്ടെത്തിക്കുന്നതില്‍ പിന്നെ ചേട്ടന്‍‌ ആന്യായമായി ഒന്നും‌ പറയരുത്. അത് മകന്‍‌ തന്റെ ഉത്തരവാദിത്വമായി കാണുന്നു. കാരണം‌ മസൃണമായ സ്‌നേഹം‌ അവനു പരിചയമില്ല.

ഞാന്‍‌: അപ്പോള്‍‌ നീ ഉള്‍‌പ്പെടുന്ന നിന്റെ തലമുറക്ക് ഈ സമൂഹത്തോട് യാതൊരു പ്രതിബദ്ധതയുമില്ലേ?

മനു: സ്വന്തം കാര്യം കാണാനും എന്തു വില കൊടുത്തും കൂടുതല്‍ മാര്‍ക്കു വാങ്ങി ബിരുദങ്ങള്‍ നേടിയാല്‍ അന്യസംസ്ഥാനങ്ങളിലോ, ഗള്‍ഫുനാടുകളിലോ, അമേരിക്കയിലോ ഒക്കെ എന്നെ തേടി ആരൊക്കെയോ ഒരു ജോലിയുമായി കാത്തിരിക്കുന്നുവെന്ന ഉറപ്പില്‍ ഞാന്‍‌ എങ്ങനെയെങ്കിലും ഈ നാടൊന്നു വിടാന്‍ കാത്തിരിക്കുന്നിടത്ത്‌ ഈ നാടിനോട്‌ ഞാന്‍‌ എന്തു പ്രതിബദ്ധതയാണു കാട്ടേണ്ടത്? ജനിച്ച നാട്ടിലല്ല, മറ്റെവിടെയോ ആണ്‌ തനിക്കുള്ള സ്‌ഥാനമെന്ന തിരിച്ചറിവുള്ളിടത്ത്‌, ഒരിക്കലുപേക്ഷിക്കേണ്ടി വരുമെന്നുറപ്പുള്ള ഒരു വാടകവീടുപോലെ സ്വന്തം നാടിനെ കാണാന്‍ വിധിക്കപ്പെട്ട എന്റെ തലമുറയോട്‌ പ്രതിബദ്ധതയെക്കുറിച്ചു പറഞ്ഞാല്‍ ഞങ്ങള്‍‌ക്കതു ഉള്‍ക്കൊള്ളാനാകില്ല.

ഞാന്‍: അപ്പോള്‍ എല്ലാ സുഭിക്ഷതയുടെയും ഇടയില്‍ സ്‌നേഹത്തിന്റെ ദാരിദ്ര്യം ഇന്നത്തെ തലമുറയെ ബാധിച്ചിട്ടുണ്ടെന്നാണു നീ പറയുന്നതല്ലേ?

മനു: അന്യരുടെ വേദനയെ നെഞ്ചിലേറ്റാന്‍ ഞങ്ങളെ ആരും‌ ശീലിപ്പിച്ചിട്ടില്ല. പിന്നെ പ്രതിബദ്ധത എവിടെ നിന്നു വരണം? സ്വന്തം മാതാപിതാക്കളോട് പ്രതിബദ്ധതയില്ലാത്തവര്‍ക്ക്‌ സമൂഹത്തോടെന്തു തോന്നാന്‍? സഹജീവിയോട്‌ സ്‌നേഹം വേണമെങ്കില്‍ അവന്‍ സമൂഹമധ്യത്തില്‍ വളരണം. ചുറ്റുപാടുകളുടെ നൊമ്പരങ്ങള്‍ കണ്ടറിയാനുള്ള അവസരമുണ്ടാകണം. മക്കള്‍ക്ക്‌ ലോകോത്തര സ്‌റ്റാന്‍ഡേര്‍ഡ്‌ വിദ്യാഭ്യാസത്തിലുണ്ടായിരിക്കാന്‍ ഏറ്റവും മുന്തിയ കോണ്‍വെന്റില്‍ പഠിപ്പിക്കുന്നത്‌ പുറത്തിറങ്ങി സമൂഹത്തിന്റെ വേദന ഒപ്പാനോ, സമരക്കൊടി പിടിക്കാനോ അല്ല എന്നുറപ്പു വരുത്തേണ്ടത്‌ ഇന്നത്തെ അച്ഛനമ്മമാരുടെ ഉത്തരവാദിത്വമായി മാറിയില്ലേ?

ഞാന്‍‌: എന്നു വെച്ചാല്‍? നിന്റെ ഉത്തരം‌ സ്‌പഷ്ടമായില്ല.

മനു: കാരണം അവര്‍ മക്കളില്‍ എല്ലാ പണവും ഇന്‍വെസ്റ്റ് ചെയ്തിട്ട്‌ ലാഭം കാത്തിരിക്കുന്നവരാണ്‌. തന്റെ ഇന്‍വെസ്റ്റ്മെന്റിനു ഒരു കോട്ടവും വരാതിരിക്കാന്‍ അവര്‍ അതു പൊന്നുപോലെ സൂക്ഷിക്കുന്നു. കപടസന്യാസിമാരും മാന്ത്രികന്‍മാരും കപടജ്യോതിഷികളും മതഗുരുക്കന്‍മാരുമൊക്കെ ജപിച്ചു കൊടുക്കുന്ന ഏലസ്സും കറപ്പു ചരടും രുദ്രാക്ഷവും കുരിശും വെന്തിങ്ങയുമൊക്കെ അവര്‍ മക്കളുടെ അരയിലും കഴുത്തിലും കൈത്തണ്ടയിലും കെട്ടിച്ച് അവരെ സന്തോഷിപ്പിച്ചു സൂക്ഷിച്ചുപോരുന്നു. അയലത്തെ കുട്ടിക്കുള്ളതിനേക്കാള്‍കൂടുതലായി എന്തൊക്കെയോ നിനക്കുണ്ടെന്നു തോന്നിപ്പിക്കുംവിധം അവന്റെ ആവശ്യങ്ങളേയും ആഗ്രഹങ്ങളേയും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. മുന്തിയതരം‌ മൊബൈല്‍ ഫോണും ഇന്റര്‍‌നെറ്റുമൊക്കെ ആയി അവന്‍‌ സന്തോഷവാനായിരിക്കുന്നു. ഇതിനൊക്കെയിടയില്‍ അവനു സ്വന്തം ധര്‍മ്മങ്ങളെക്കുറിച്ചു പറഞ്ഞുകൊടുക്കാന്‍ രക്ഷിതാക്കള്‍ക്കു സമയമില്ല. ചിലയിടങ്ങളില്‍ മക്കളെ വിലക്കാനുള്ള കര്‍മ്മശുദ്ധി രക്ഷിതക്കള്‍ക്കുണ്ടാകാറുമില്ല. അച്ഛന്റേയോ അമ്മയുടേയോ അവിഹിതബന്ധം‌ മക്കളായിട്ടു ചോദ്യം ചെയ്യുന്നതു മോശമല്ലേ ചേട്ടാ?

ഞാന്‍: നമുക്കു രാഷ്ട്രീയത്തിലേക്കു തിരിച്ചു വരാം. ഇന്നത്തെ തലമുറ എല്ലാവരും രാഷ്ട്രീയത്തോട് നെഗറ്റീവ് അപ്പ്രോച്ച്‌ ഉള്ളവരാണോ?

മനു: ഭൂരിപക്ഷവും അങ്ങനെതന്നെയാണെന്നാണെന്റെ അഭിപ്രായം. അവര്‍ക്ക്‌ രാഷ്ട്രീയത്തെ ഒരു തരം ഭയമണ്‌. സ്വന്തം ഭാവിയെ ഇരുളടപ്പിക്കുന്ന ഒരു ദുര്‍ഭൂതത്തെയാണ്‌ അവര്‍ രാഷ്ട്രീയക്കാരില്‍ കാണുന്നത്‌. അതുകൊണ്ടു തന്നെയാണ്‌, സീരിയല്‍ ബോംബ്‌ ബ്ലാസ്റ്റിന്റെ ദൃശ്യങ്ങളില്‍ നിന്നും, ആണവക്കരാറിന്റേ ചൂടുള്ള ചര്‍ച്ചകളില്‍ നിന്നും അവന്‍ റിമോട്ട്‌ ഞെക്കി ടി. വി.ചാനല്‍ ടെസ്റ്റ് ക്രിക്കറ്റിലേക്കും ഫാഷന്‍ ചാനലിലേക്കും മാറ്റുന്നത്‌. ഒരു മൂല്യസ്‌പര്‍ശമില്ലാത്ത രാഷ്ട്രീയത്തെ എന്തുകണ്ടിട്ടാണ്‌ ഞങ്ങള്‍ അനുകരിക്കേണ്ടത്‌? ഒരു അച്യുതാനന്ദനോ ആന്‍റ്റണിയോ അങ്ങിങ്ങു മിന്നിമറയുന്നുണ്ടെങ്കിലും അവര്‍ക്കിടയിലെ അഗാധഗര്‍ത്തങ്ങളും ഞങ്ങള്‍ തിരിച്ചറിയുന്നു. കോമഡിഷോകള്‍ ഇഷ്ടപ്പെടുന്ന ഞങ്ങളുടെ തലമുറ ഈ കോമഡിക്കാരുടെ ഉള്ളുകള്ളികള്‍ നന്നായി അറിഞ്ഞുതന്നെയാണു വളരുന്നത്‌.

ഞാന്‍: മതത്തിന്റെ അമിതപ്രലോഭനം ഒരു തരം ഭീകരതയിലേക്കു യുവത്വത്തെ നയിക്കുമെന്നു ഞാന്‍ പറഞ്ഞാലോ?

മനു: ഒരു പക്ഷേ ഞാന്‍ സമ്മതിച്ചെന്നു വരാം. കൊലയാണ്‌ എല്ലാത്തിനും ശാശ്വത പരിഹാരമെന്നു കരുതുന്ന മതതീവ്രതയിലേക്കു ചിലരൊക്കെ ചെന്നു പെട്ടേക്കാം. എന്നാല്‍ രാഷ്ട്രീയത്തിലും അതു തന്നെയല്ലേ നടക്കുന്നത്‌? ഏതു തരം തീവ്രതയും ഹിംസക്കുവേണ്ടി നിലകൊള്ളുമ്പോള്‍, എന്റെ ഭാവി സംരക്ഷിക്കപ്പെടുമെന്നുറപ്പുള്ളിടത്തു നില്‍‌ക്കുന്നതല്ലേ ചേട്ടാ കുറേക്കൂടി ശരി?

ഞാന്‍: ഇത്തരം അരാഷ്ട്രീയമായ ഒരു തലമുറ തുടര്‍ന്നാല്‍ ഭാവിയെക്കുറിച്ച്‌ ഉത്‌കണ്ഠ തോന്നുന്നില്ലേ?

മനു: ഞാന്‍ എന്തിനാണതോര്‍ത്തിത്ര ബേജാറാകേണ്ടത്? എന്റെ ഭാവി ഈ സംസ്ഥാനത്തല്ലാ എന്നെനിക്കു തികച്ചും ഉറപ്പുള്ളപ്പോള്‍ ഞാന്‍ എന്തിനാണ്‌ ഇത്രയേറെ ഉത്‌കണ്ഠപ്പെടേണ്ടത്‌?

ഞാന്‍‌: കേരളത്തോടും നമ്മുടെ മാത്യഭാഷയായ മലയാളത്തോടും‌ നിനക്കു സ്‌നേഹമില്ലേ?

മനു: സ്‌നേഹമൊക്കെയുണ്ട്. പക്ഷേ അതൊക്കെ പഠിച്ചിട്ടൂ എനിക്കെന്താ ചേട്ടാ ഗുണം? ആശാന്റേയും‌ ഉള്ളൂരിന്റേയും‌ ഒക്കെ കവിത കാണാപാഠം‌ പഠിച്ച് എഴുതി മാര്‍‌ക്കു വാങ്ങിയിട്ട് എനിക്ക് എന്തു ഗുണം. അല്ലിനി കമ്പ്യൂട്ടറു പഠിച്ചാലൂം‌ എഞ്ചിനീയറിം‌ഗു പഠിച്ചാലും‌ എനിക്കീ സം‌സ്‌ഥാനത്തെന്താ ഗുണം? എന്റെ അച്ഛന്‍ രാഷ്ട്രീയക്കാരനല്ല, സ്വാധീനവുമില്ല. എനിക്കിവിടം‌ വിട്ടു പോയല്ലേ പറ്റൂ ചേട്ടാ..ദേ ചേട്ടനെപ്പോലെ..

ഞാനും‌ മനുവും‌ രണ്ടു ദിശകളിലേക്കു തിരിച്ചു നടന്നു. . കാലം‌ എന്നും‌ പുതിയ തലമുറയുടേതാണ്. പുതിയ കാലം‌ സൃഷ്ടിക്കുന്നതും പുതിയ തലമുറ തന്നെ. അവന്റെ വഴികള്‍‌ നന്നായിരിക്കട്ടെ

Monday, July 28, 2008

പഠിക്കാന്‍ "മൂഡു" വരാനും മദ്യം

ഒരു ചെറിയ സംഭവം.അതോ വലുതോ...അറിയില്ല.

നാട്ടില്‍ അവധിക്കു ചെന്നപ്പോള്‍ ബിയര്‍ബാറിന്റെ മുന്നില്‍ അയലത്തെ +2 നു പഠിക്കുന്ന കുട്ടിയെക്കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.

"എന്താടാ..ഇവിടെ നിനക്കെന്താ കാര്യം?"

അവന്റെ മറുപടിയില്‍ ഞാന്‍ ഷോക്ക്ഡ്‌ ആയിപ്പോയി.

'എന്റെ ചേട്ടാ..ഒരു കെട്ടു പുസ്തകങ്ങളാ പഠിക്കാനുള്ളത്. അടുത്ത ആഴ്ച പരീക്ഷയാ. പഠിത്തത്തിന്റെ ഒരു ടെന്‍ഷന്‍ ഒന്നു കുറഞ്ഞുകിട്ടാനാ..ദേ..ഞങ്ങളെല്ലാമുണ്ട്"

അവന്‍ അവന്റെ കൂട്ടുകാരേയും പരിചയപ്പെടുത്തി.

മറുവാക്കു പറയാനില്ലാതെ ഞാന്‍ തിരികെ നടന്നു.

ഇതൊരു അതിശയോക്തിയായി ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? ഇതു സത്യമാണ്‌. സംഭവിച്ചതാണ്‌.

ചോര തുടിക്കും ചെറുകൈയുകളേ
പേറുക വന്നീപ്പന്തങ്ങള്‍...
--സോറി..മദ്യക്കുപ്പികള്‍. ഒക്കുമെങ്കില്‍ ഒരു ബൈബിളോ, ഗീതയോ, ഖുറാനോ കൂടി കരുതിക്കോ.

നമുക്കു വളരാം..എങ്ങോട്ടുമല്ല..മുന്നോട്ടുതന്നെ.

Tuesday, July 22, 2008

ഭാര്യയുടെ പരാതി

ഭര്‍ത്താവ്‌ രാവിലെ ഓഫീസിലേക്കും പോയിക്കഴിഞ്ഞാല്‍ പിന്നെ അവള്‍ ഫ്ലാറ്റില്‍ തനിച്ചാണ്‌.

നാട്ടിലായിരുന്നപ്പോള്‍ സംസാരിച്ചിരിക്കാന്‍ ഒരുപാടു പേരുണ്ടായിരുന്നു. മാത്രവുമല്ല വീടിന്റെ വാതില്‍ക്കല്‍ നിന്നാല്‍ മതി ഇടവഴിയിലൂടെ പോകുന്ന എല്ലാവരോടും സംസാരിക്കാം. ഇവിടെ ഒന്നു മിണ്ടാനും പറയാനും ആരുമില്ലാത്തതില്‍ അവള്‍ ദു:ഖിതയായിരുന്നു.

കിച്ചണിലെ ജോലി എല്ലാം വളരെ പെട്ടെന്നു തീര്‍ക്കും. അല്ലെങ്കില്‍ തന്നെ രണ്ടു പേരുള്ളിടത്ത്‌ എന്താണിത്ര പണി? അവളുടെ ഏക സന്തോഷം തന്റെ കിടപ്പുമുറിയിലെ ചില്ലിട്ട ജനാലയിലൂടെ നോക്കിയാല്‍ അടുത്ത ഫ്ലാറ്റിലെ ഒരു മുറി കാണാമെന്നതായിരുന്നു. അതിനകത്തെ കാര്യങ്ങളും അവള്‍ക്കു നന്നേ കാണാമായിരുന്നു.

വൈകുന്നേരം അത്താഴം കഴിച്ചു കൊണ്ടിരിക്കെ അവള്‍ ഭര്‍ത്താവിനോടായി പറഞ്ഞു.

"അപ്പുറത്തെ ഫ്ലാറ്റിലെ നമ്മുടെ നേര്‍ക്കുള്ള മുറിയില്ലേ, അവിടുത്തെ വീട്ടുകാര്‍ക്ക്‌ ഒരു വൃത്തിയുമില്ല. അവരുടെ ജനാലവിരികളും സോഫാ സെറ്റുമൊക്കെ കാണണം, ആകെ പൊടിപിടിച്ചു മഞ്ഞിച്ചിരിക്കുകയാണ്‌. അവര്‍ക്ക്‌ നമ്മളെപ്പോലെ അവരുടെ വീടു വൃത്തിയാക്കിവെച്ചാല്‍ എന്താ? നോക്ക്, എന്നെപ്പോലെ ഒരു ഭാര്യയെ കിട്ടിയ ചേട്ടന്‍ ഭാഗ്യവാനല്ലേ?"

അയാള്‍ ഒന്നും മിണ്ടിയില്ല.

തനിക്കു അവധിയുള്ള ഒരു ഞായറാഴ്ച ദിവസം രാവിലെ അയാള്‍ ഭാര്യയെ വിളിച്ചു തങ്ങളുടെ ചില്ലിട്ട ജനാലക്കരികില്‍ നിര്‍ത്തിയതിനുശേഷം പറഞ്ഞു.

'ഇനി അപ്പുറത്തെ വീട്ടിലേക്കു നോക്കൂ"

അവള്‍ക്കു വിശ്വസിക്കാനായില്ല. അയലത്തുവീട്ടിലെ മുറി വളരെ വൃത്തിയുള്ളതും നിറമുള്ളതുമായി മാറിയിരിക്കുന്നു. ഇതെങ്ങനെ സംഭവിച്ചു എന്നവള്‍ വിസ്‌മയിച്ചു നില്‍ക്കെ ഭര്‍ത്താവു പറഞ്ഞു.

'ഞാന്‍ നമ്മുടെ ജനാലച്ചില്ലിലെ അഴുക്കുകള്‍ തുടച്ചു മാറ്റി "

സ്വന്തം മുറിയിലെ ജനാലയിലെ അഴുക്കാണ്‌ അയല്‍വീട്ടിലെ അഴുക്കായി കണ്ടതെന്ന് അപ്പോഴാണ്‌ അവള്‍ക്കു മനസ്സിലായത്‌.

മറ്റുള്ളവരിലെ കുറ്റം കണ്ടെത്തുമ്പോള്‍ ഈ ഗുണപാഠകഥ ഓര്‍ക്കുന്നതു നന്നായിരിക്കും. നമ്മിലെ അഴുക്കാണ്‌ നമ്മള്‍ മറ്റുള്ളവരില്‍ കാണാന്‍ ശ്രമിക്കുന്നത്.

(ഈ-മെയിലില്‍ കിട്ടിയ ഒരു കഥ ഇങ്ങനെ എഴുതിയെന്നു മാത്രം. എന്തിനാ പെണ്ണിനെ കുറ്റം പറയുന്നേ എന്നു ചോദിച്ചു എന്നെ ആരും കുറ്റപ്പെടുത്തല്ലേ...ഇതൊരു കഥയല്ലേ...Just for the sake of moral)

Sunday, July 20, 2008

മദര്‍ തെരേസക്കു മരണമുണ്ടെങ്കില്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത

നരബലികൊണ്ടു കുരുതിയാടുന്ന
രുധിരകാളിതന്‍ പുരാണഭൂമിയില്‍
പരദേശത്തുനിന്നൊരു പിറാവുപോല്‍
പറന്നുവന്നതാം പരമസ്‌നേഹമേ
പലനൂറ്റാണ്ടായി മകുടമോഹത്തിന്‍
മരണശംഖൊലി മുഴങ്ങുമീമണ്ണില്‍
ജനകനില്ലാതെ, ജനനിയില്ലാതെ
കുലവും ജാതിയും മതവുമില്ലാതെ
തെരുവില്‍ വാവിട്ടു കരയും ജീവനെ
ഇരുകൈയാല്‍ വാരിയെടുത്തു ചുംബിക്കും
മഹാകാരുണ്യത്തിന്‍ മനുഷ്യരൂപമേ
ഒരു വെളിച്ചത്തിന്‍ വിമലജീവിതം
വെറുമൊരു ചാര കഥ* യെന്നെണ്ണുന്ന
തിമിരകാലത്തിന്നടിമയായ ഞാന്‍
നറും മുലപ്പാലിലലക്കിയ നിന്റെ
തിരുവസ്ത്രത്തുമ്പില്‍, നിണം പുരണ്ടൊരെന്‍
കരം തുടച്ചോട്ടെ.
മഹാപരിത്യാഗം മറന്ന ഭാരതം
മദര്‍ തെരേസയെ മറക്കുമെങ്കിലും
മദര്‍ തെരേസക്കു മരണമുണ്ടെങ്കില്‍
മരണമല്ലയോ മഹിതജീവിതം?

*മദര്‍ തെരേസ സി. ഐ. എ. ഏജന്റാണെന്നു ചില മത-രാഷ്ട്രീയ ഭ്രാന്തന്‍മാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.

-ചുള്ളിക്കാട് - 1995

Tuesday, July 8, 2008

ഗള്‍ഫുകാരന്‍ മലയാളിയില്‍ 'സ്ത്രീ' ഇല്ലേ?

ഇതൊരു എടുത്തെഴുത്താണ്‌. മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച 'പ്രവാസം പ്രത്യേക പതിപ്പിനോട് 'ഖാസിദ കലാം' എന്ന ഒരു സഹോദരിയുടെ വേദനയോടുള്ള പ്രതികരണം. ഇതു വായിച്ചപ്പോള്‍ ഈ ബൂലോകത്തിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നു തോന്നിയതിനാല്‍ എടുത്തെഴുതുന്നു. ഈ പ്രവാസം പ്രത്യേക പതിപ്പില്‍ പ്രിയ ബ്ലോഗ്ഗറായ കുഴൂര്‍ വില്‍സന്റേയും, രാം മോഹന്‍ പാലിയത്തിന്റേയുമൊക്കെ (One Swallow) ലേഖനങ്ങളുമുണ്ടായിരുന്നു.

ഖാസിദയുടെ സ്വന്തം ഭാഷയില്‍ എടുത്തെഴുതുന്നു...

മലബാറില്‍, ഒരു പക്ഷേ കേരളത്തിലാകെ ഇടത്തരക്കാരുടെയും അതില്‍ താഴെയുള്ളവരുടേയും കുടുംബത്തില്‍ ഒരു ആണ്‍കുട്ടി വളര്‍ന്നു വരുമ്പോള്‍ തന്നെ അവനെ 'കടലു കടത്താനുള്ള' സമ്മര്‍ദ്ദവും വളരും. അസുഖക്കാരനായ ബാപ്പ, നിലം പൊത്താറായ വീട്‌, വിവാഹപ്രായമെത്തിനില്‍ക്കുന്ന സഹോദരികള്‍ - 'പോ" നാടു മുഴുവന്‍ ആക്രോശിക്കുകയാണ്‌. ഉള്ളതെല്ലാം നുള്ളിപ്പെറുക്കി, കടം വാങ്ങിക്കൂട്ടി, പിന്നെ ഒരു സാഹസമാണ്‌. അക്കരപ്പച്ച പറിക്കാന്‍. അവിടെയെത്തിയാലോ? ആദ്യം കടം വീട്ടല്‍, പിന്നെ പുരപ്പണി, പെങ്ങന്‍മാരെ കെട്ടിച്ചയക്കല്‍, ഇതിനിടയിലെപ്പോഴോ സ്വന്തം വിവാഹം. നടു നിവര്‍ത്താനാവുമ്പോഴേക്കും വളര്‍ന്നുവരുന്ന പെണ്മക്കള്‍, 3 വര്‍ഷത്തേക്കെന്നു കരുതിവരുന്ന പ്രവാസജീവിതം 30-ലെത്തിയിട്ടും അവസനിച്ചില്ലെങ്കിലല്ലേ അത്‌ഭുതമുള്ളൂ.

ഇക്കൂട്ടത്തില്‍ ഭാഗ്യവാന്‍മാര്‍ പ്രവാസികളായ എഴുത്തുകാരാണ്‌, തങ്ങളുടെ സങ്കടങ്ങളെ, ആശങ്കകളെ, ചിന്തകളെ, കാഴ്ചകളെ പങ്കുവെക്കാനുള്ള ഒരു വരദാനം - ഭാഷ- അവരുടെ കൈയിലുണ്ട്. പക്ഷേ എന്നിട്ടും ഗള്‍ഫുകാരന്‍ മലയാളി കാണുന്നത്‌, ചിന്തിക്കുന്നത്, ജീവിക്കുന്നത്, അരികു മാത്രം സ്പര്‍ശിച്ചുപോയതായി തോന്നിയത്‌ അതില്‍ ജീവിതം വന്നില്ല എന്നതുകൊണ്ടുതന്നെയാണ്‌. ഇവയൊക്കെയും ആണ്‍നൊമ്പരവും ആണ്‍കാഴ്ചയുമായി ഒതുങ്ങിപ്പോയതുകൊണ്ടുമായിരിക്കാം.

ഇത്രയും കാലം നീണ്ട പ്രവാസജീവിതത്തിനിടയില്‍ പ്രധാനപ്പെട്ട ഒരു കാഴ്ച അവര്‍ കണ്ടില്ല. കുടുംബം പോറ്റാന്‍ 'തന്നിഷ്ടപ്രാകാരം പ്രവാസികളായ' സ്‌ത്രീകളെ. അവരിലുമുണ്ട് 3 വര്‍ഷത്തെ പ്രവാസജീവിതം 30-ലെത്തി നില്‍ക്കുന്നവര്‍. ഇത്‌ ബിരുദവും ഡിപ്ലോമയും രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റുകളുമായി ഉന്നതജോലി തേടി കടലുകടന്ന വനിതാരത്നങ്ങളുടെ കഥയല്ല. കുറച്ചുകാലം മുന്‍പുവരെ, പെണ്ണുപഠിച്ചാല്‍ പ്രണയലേഖനങ്ങള്‍ ഭൂമിക്കു ഭാരമാകുമെന്ന്‌ വിശ്വസിച്ച്‌, സഹോദരന്‍മാരുടെ നല്ലൊരു വിദ്യാഭ്യാസഭാവി സ്വപ്നം കണ്ട്, സ്വന്തം പഠനം ഉപേക്ഷിച്ച്‌ ത്യാഗം ചെയ്ത സ്ത്രീകളുടെ കഥയാണ്‌. "Uneducated" എന്നാണ്‌ ഇവരുടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ഋതുമതിയാകുമ്പോഴേക്ക്, അല്ലെങ്കില്‍ അതിനുമുന്നേ തന്നെ വീട്ടുകാര്‍ യോഗ്യനായ ' പുയ്യാപ്ലയെ' അവള്‍ക്കുവേണ്ടി കണ്ടെത്തിയിരുന്നു. പ്രിയപ്പെട്ടവന്റെ മരണമോ, അസുഖമോ അവാം ഒരു പക്ഷേ അവളെ മരുഭൂമിയിലെത്തിച്ചത്‌. അല്ലെങ്കില്‍ വിവാഹം കഴിഞ്ഞ്‌ ഒരു തമാശക്ക്‌ ' മൂന്നും ചൊല്ലു' നടത്തി അടുത്ത പെണ്ണിനെ തേടിപ്പോയ കെട്ടിയവനെ ഓര്‍ത്ത്‌ കരഞ്ഞിരിക്കാന്‍ മനസ്സില്ലാത്തതിനാലാവാം. അതുമല്ലെങ്കില്‍ 'ചിന്താവിഷ്ടയായ ശ്യാമളയിലെ' വിജയന്‍ മാഷിനെപ്പോലെ ജോലിക്കു പോകാന്‍ മടിയനായ ഭര്‍ത്താവു കാരണമാകാം. എന്തായാലും മരുഭൂമിയിലെ ചൂടിലേക്ക്‌ അവള്‍ യാത്രയായത്‌ തന്റെ കുഞ്ഞുങ്ങളുടെ ഭാവി ഒന്നുമാത്രം ഓര്‍ത്തതുകൊണ്ടായിരുന്നു.

തനിക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട വിസ ഏജന്റിന്റെ കറുത്ത മുഖത്തെ വെളുത്ത ചിരിയില്‍ സത്യം മാത്രമാണെന്നു വിശ്വസിച്ച്‌ അവള്‍ കടല്‍ കടക്കാന്‍ തയ്യാറാകുന്നു. തന്റെ മാനം, ജീവന്‍, ഇതൊന്നും അതില്‍ നിന്ന്‌ അവളെ പിന്തിരിപ്പിക്കാനുള്ള ഘടകങ്ങളായിരുന്നില്ല. അറബിയുടെ കക്കൂസ്‌ കഴുകിയും വെച്ചുവിളമ്പിയും അടുത്ത അവധിക്കു നാട്ടിലെത്തുമ്പോള്‍ ചിലപ്പോള്‍ അസുഖക്കാരനായ പുയ്യാപ്ലയും , വിജയന്‍ മാഷായ പുയ്യാപ്ലയും 'പുത്തന്‍ പുയ്യാപ്ല' ആയിട്ടുണ്ടാകും. മാസാമാസം പണം അയച്ചു കിട്ടുന്നുണ്ടെങ്കിലും രാത്രിയില്‍ പെണ്ണിന്റെ ചൂടറിയാതെ എങ്ങനെ കിടന്നുറങ്ങും?

ആണ്‍ പ്രവാസി മൂന്നും അഞ്ചും വര്‍ഷം കഴിഞ്ഞിട്ടും നാട്ടിലെത്തിയില്ലെങ്കില്‍ 'അവനു ലീവു കിട്ടിയില്ലെന്നേ' എന്നു പറഞ്ഞ്‌ പരസ്‌പരം സമാധാനിക്കും നാട്ടുകാര്‍ . എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും 'അവള്‍ക്ക്' നാട്ടിലെത്താനായില്ലെങ്കില്‍ ഈ സമാധാനിപ്പിക്കലിന്റെ സ്വരം മാറും. "അവള്‍ക്കവിടെ പരമസുഖമാണെന്നേ, അറബി സ്വന്തം ഭാര്യയെപ്പോലെയാ അവളെ നോക്കുന്നേ..' ഇങ്ങനെ പോകും സംസാരങ്ങള്‍. ചിലപ്പോള്‍ അടുത്തിടെ നാട്ടിലെത്തിയ ഏതെങ്കിലും പ്രവാസിയുടെ 'ദൃക്‌സാക്ഷി വിവരണ' വുമുണ്ടാകും അടിക്കുറിപ്പായിട്ട്‌. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ, സൂര്യപ്രകാശം പോലും കാണാതെ, ഒന്നു കുളിക്കുവാനോ, മനസ്സ്‌ തുറന്ന്‌ ഒന്നു പ്രാര്‍ത്ഥിക്കുവാനോ സമയം കിട്ടാതെ ഉരുകിയുരുകിത്തീരുന്ന അവളുടെ സങ്കടങ്ങളെ ആരും കേട്ടില്ല...അറിഞ്ഞില്ല.

ഒരു പുരുഷ പ്രവാസിക്ക് ചെയ്തു തീര്‍ക്കാനുള്ള ഉത്തരവാദിത്വങ്ങള്‍ സ്വന്തം കുടുംബത്തോടുമാത്രമാണ്‌. എന്നാല്‍ ഈ ഗള്‍ഫുകാരിയുടെ കാര്യമോ? തനിക്കും മക്കള്‍ക്കും ഭര്‍ത്താവിനും ഒരു വീട്. പെറ്റുവളര്‍ത്തിയവര്‍ക്കും സഹോദരങ്ങള്‍ക്കും ഒന്ന്‌. ഭര്‍ത്താവിന്റെ കുടുംബത്തിന്‌ ഒന്ന്‌. ഇങ്ങനെ മിനിമം മൂന്നു വീടുകളുടെയെങ്കിലും 'പുരപ്പണി' പ്രവാസ ജീവിതകാലത്തിനിടയ്ക്ക് കഴിഞ്ഞിരിക്കണം. സ്വന്തം സഹോദരന്‍മാര്‍ക്കും ഭര്‍ത്താവിന്റെ സഹോദരന്‍മാര്‍ക്കും വിസ, സ്വന്തം സഹോദരിമാരുടേയും ഭര്‍ത്താവിന്റെ സഹോദരിമാരുടേയും വിവാഹം, അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കും വിസ. അപ്പോഴേക്കും വളര്‍ന്നുവരുന്ന പെണ്‍മക്കള്‍. പ്രവാസജീവിതം 30-ലും 50-ലും നില്‍ക്കില്ല.

ഈ സ്ത്രീകള്‍ ഇപ്പോഴുമുണ്ട്. ഇങ്ങ്‌ ദൈവത്തിന്റെ നാട്ടിലല്ല. അവിടെ, അതേ മണല്‍പരപ്പില്‍. പക്ഷേ ഇവരാരെയും തന്നെ ഇതുവരെ ഗള്‍ഫിന്റെ ചരിത്രത്തില്‍ എഴിതിയിട്ടില്ല. വായിക്കപ്പെട്ടിട്ടില്ല. അല്ലെങ്കില്‍ ഇവരെ പ്രവാസികളായി ആരും കണക്കാക്കിയിട്ടില്ല. ലേബര്‍ ക്യാമ്പിലെ കുടുസ്സുമുറിയിലെ ഇരുട്ടും പെട്ടികെട്ടല്‍ എന്ന കലയും ഇവര്‍ക്കും പരിചിതമാണ്‌. ദയവു ചെയ്ത്‌ പ്രവാസികളായ സാഹിത്യകാരന്‍മാര്‍ ഈ സ്ത്രീകളെ കൂടി തങ്ങളുടെ കാഴ്ചയില്‍ ഉള്‍പ്പെടുത്തിയേക്കുക. ഒരു നിമിഷം അവരെക്കുറിച്ച്‌ ചിന്തിക്കുക. സാധിക്കുമെങ്കില്‍ ഒരു വരിയിലൂടെയെങ്കിലും 'അവളെ' ഒന്നു സമാശ്വസിപ്പിച്ചേക്കുക..

...............

വളരെ വേദനയോടെയാണ്‌ ഖാസിദയുടെ ഈ പ്രതികരണം വായിച്ചു തീര്‍ത്തത്‌. ഇതു പ്രസിദ്ധീകരിച്ച ലക്കത്തില്‍ കുടുംബത്തെക്കുറിച്ചു ചില 'വരേണ്യ വനിത" കളുടെ ശര്‍ദ്ദിലുകളുമുണ്ടായിരുന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍. ഖാസിദയുടെ ഈ ഒരു കത്തു വായിക്കന്‍ കഴിഞ്ഞതു വഴി, 'ഉന്നത സങ്കല്‍പ്പമുള്ള ഫെമിനിസ്റ്റ് വനിതാരത്നങ്ങളുടെ ജല്‍പനങ്ങള്‍ വായിക്കേണ്ടി വന്നതിന്റെ പാപം മാറിക്കിട്ടി.

ഖാസിദക്കും ഗള്‍ഫില്‍ ഇങ്ങനെ ജീവിക്കുന്ന എല്ലാ സഹോദരിമാര്‍ക്കും വേണ്ടി..........ഇതു ഞാന്‍ ബൂലോകത്തിടുന്നു...(ആ സഹോദരിമാരില്‍ ഒരാള്‍ പോലും ബ്ലോഗ്‌ വായിക്കുന്നവരാകില്ലല്ലോ...)

Monday, June 2, 2008

പെണ്‌ണേ നീ ഇരയാകുന്നു.

നീ രാത്രിയില്‍ തനിച്ചു നടക്കരുത്‌
ആണിനെ അതു പ്രലോഭിപ്പിച്ചേക്കാം
നീ ഒരിക്കലും ഒറ്റക്കു നടക്കരുത്
ഏതു അവസരവും ആണിനെ പ്രേരിപ്പിച്ചേക്കാം
വീട്ടില്‍ ഒറ്റക്കിരിക്കരുത്‌
അതിക്രമികളോ ബന്ധുക്കളോ നിന്നെ പ്രാപിച്ചേക്കാം
നീ അല്പവസ്ത്രയായി നടക്കരുത്
ആണിനെ അതു മോഹിപ്പിക്കും
നീ അണിഞ്ഞൊരുങ്ങി നടക്കരുത്
നിന്റെ എല്ലാ വസ്ത്രവും ആണിനെ ആകര്‍ഷിക്കുന്നു.
നീ കുഞ്ഞാകരുത്
ചില ആണിന്‌ ഇളംപെണ്‍കുട്ടികളിലാണു ഭ്രമം
നീ വൃദ്ധയാകരുത്
ചിലര്‍ക്ക് വൃദ്ധകളിലാണു ഹരം
നിനക്കു അച്ഛനും അമ്മാവനും ഉണ്ടാകരുത്‌
ബന്ധുക്കള്‍ അധികാരത്തോടെ നിന്നെ പ്രാപിക്കും
നിനക്ക്‌ അയല്‍ക്കാരുണ്ടാകരുത്‌
അയലത്തെ ആണുങ്ങള്‍ നിന്നെ ആക്രമിക്കും
നീ വിവാഹിതയാകരുത്‌
വിവാഹത്തോടെ ബലാത്സംഗം നിയമപരമാകുന്നു
നീ ഒന്നുമാത്രം ചെയ്യുക
നിനക്ക്‌ അസ്തിത്വമില്ലായെന്നും
നീ ഈ ഭൂമിയില്‍ ഇല്ലാ എന്നും
ഉറപ്പു വരുത്തുക.

(കടപ്പാട്. ലണ്ടന്‍ റേപ്പ് ക്രൈസിസ്‌ സെന്റര്‍ ഗൈഡ്‌ലൈന്‍സ്‌, + മാതൃഭൂമി ആഴ്ചപ്പതിപ്പ്‌)

Friday, May 30, 2008

താതവാക്യം-ചുള്ളിക്കാടിന്റെ കവിത

(ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മാസ്റ്റര്‍പീസെന്നു തന്നെ പറയാവുന്ന കവിതയാണ്‌ താതവാക്യം. ബൂലോകത്ത്‌ 'ബഹുവ്രീഹി'യെപ്പോലുള്ളവരോ അതുപോലെ പാടാന്‍ കഴിവുള്ള ഏതെങ്കിലുമൊരാളോ ഇതൊന്നു ചൊല്ലിക്കേട്ടിരുന്നെങ്കില്‍ എന്ന ആഗ്രഹത്തോടെ എടുത്തെഴുതുന്നു..)

അച്ഛന്റെ കാലപുരവാസി കരാളരൂപം
സ്വപ്നത്തില്‍ രാത്രിയുടെ വാതില്‍ തുറന്നു വന്നു;
മൊട്ടം വടിച്ചും, ഉടലാകെ മലം പുരണ്ടും
വട്ടച്ച കണ്ണുകളില്‍ നിന്നു നിണം ചുരന്നും

ബോധങ്ങളൊക്കെയൊരബോധ തമസ്സമുദ്രം
ബാധിച്ചു മുങ്ങിമറയും പടി താതഭൂതം
പ്രേതപ്പെരുമ്പറ നടുങ്ങി മുഴങ്ങു, മന്ധ
നാദത്തിലെന്നൊടുരചെയ്തു ദുരന്തവാക്യം:

ആയുസ്സു തീര്‍ന്ന സമയത്തൊരു തുള്ളി വെള്ളം
വായില്‍പ്പകര്‍ന്നു തരുവാനുതകാതെ പോയ
നീയാണു മൂത്തമകനെന്നതുകൊണ്ടു മാത്രം
തീയാണെനിക്കു ഭുവനസ്‌മരണാവശിഷ്ടം

നിന്നമ്മ തന്നണുവില്‍ ഞാന്‍ കലരുന്ന നേരം
അന്നാദിയാമഖില ഭൂതവുമാര്‍ത്തിരമ്പി
ഒന്നായി ഞങ്ങളൊരു മാത്ര നിറഞ്ഞ നേരില്‍
നിന്നാണു നിന്നുരുവമെന്നു മറന്നുപോയ്‌ നീ.

സാനന്ദമമ്മ കരുണാമയി നിന്റെ നാവില്‍
തേനും വയമ്പുമൊരുനാളിലരച്ചു ചേര്‍ത്തു
മാനക്ഷയത്തിലെരികാച്ചി നിനക്കു നല്‍കാം
ഞാനെന്റെ ജീവിതവിഷാന്തകഥാകഷായം.

തീരാക്കുടിപ്പക വളര്‍ത്തിയ മന്ത്രവാദി
പൂരം കഴിഞ്ഞൊ, രിരവില്‍ തിരികേ വരുമ്പോള്‍,
ആരോ പതുങ്ങി വഴിവക്കിലിരുന്നു കമ്പി-
പ്പാരക്കടിച്ചു തലമണ്ട തകര്‍ത്തു വീഴ്ത്തി.

ഹാ, മന്ദഭാഗ്യര്‍, വിപരീതമനസ്കനാകു-
മാ, മന്ത്രവാദിയുടെ മക്കളനാഥരായി
സീമന്തപുത്ര, നിവനന്നുഡുജാല സൂര്യ
സോമപ്രകാശകിരണാവലി കെട്ടുപോയി.

ജീവിക്കുവാനിവനിലേക നിയോഗമേകീ
പൂവല്ലി, പുല്ലു, പുഴു, പല്ലി, പിപീലികാന്തം
ആവിര്‍ഭവിച്ചു മറയുന്ന ജഗത്തിനെല്ലാ-
മാധാരമായി നിലകൊള്ളുമനന്തശക്തി.

പോകേണ്ടിവന്നു പതിനാറുവയസ്സില്‍, രണ്ടാം
ലോകാഹവത്തിലൊരു സൈനികലാവണത്തില്‍;
ആകട്ടെ, യന്നുമുതലെന്നുമൊരേ കൊലച്ചോ-
റാകാമെനിക്കു വിധികല്‍പിത ലോകഭോഗം.

നാലഞ്ചുപേരെ വയറിന്റെ വിശപ്പു തീര്‍ത്തു
പാലിച്ചു തീറെഴുതി ഞാനൊരു മര്‍ത്ത്യജന്‍മം;
ലോലങ്ങളെന്റെ നരഭാവദളങ്ങളെല്ലാം
കാലാതപത്തില്‍ മുരടിച്ചു മുടിഞ്ഞിരിക്കാം.

കല്ലിന്നകത്തു കിനിയും തെളിനീരുപോലെന്‍
കല്ലിപ്പില്‍ നിന്നുമനുരാഗമൊലിച്ച കാലം,
നെല്ലുള്ളൊരാ വലിയ വീട്ടിലെ സന്തതിക്കെന്‍
പുല്ലിന്റെ തുമ്പുമൊരു പൂങ്കണയെന്നു തോന്നി.

എന്നഗ്നി കാണ്‍കെയവളെന്റെ കരം ഗ്രഹിച്ചു
അന്നേയവള്‍ക്കു മുഴുവന്‍ ഗ്രഹവും പിഴച്ചു;
വന്നെങ്കില്‍ വന്നു ഭടനെന്ന വിധിക്കു തന്റെ
ജന്‍മത്തെയും പ്രണയധീരതയാല്‍ തുലച്ചു.

കാര്‍കൊണ്ടലിന്‍ തിര തെറുത്തു കറുത്തവാവു
കോള്‍കൊണ്ട കര്‍ക്കടകരാത്രിയില്‍ നീ പിറന്നു;
ആര്‍ കണ്ടു നീ വളരുമന്നു വെറും വെറുപ്പിന്‍
ചോര്‍കൊണ്ടെനിക്കു ബലിപിണ്ഡമുരുട്ടുമെന്നായ്;

നായെക്കണക്കു കടുചങ്ങലയിട്ടു ബാല-
പ്രായത്തില്‍ നിന്നെ, യടിതന്നു വളര്‍ത്തിയെങ്കില്‍
പേയുള്ള നിന്നെയുലകിന്‍വഴിയേ മെരുക്കാന്‍
ന്യായപ്രകാരമതൊരച്ഛനു ധര്‍മ്മമല്ലീ?

പാഠാലയത്തിലടികൂട്ടിയും, ഒച്ചവെച്ചും
പാഠങ്ങള്‍ വിട്ടു സമരക്കൊടിയേന്തിയും നീ
'ബീഡിക്കു തീ തരിക' യെന്നു ഗുരുക്കളോടും
ചോദിച്ചു വാങ്ങി പെരുതായ ഗുരുത്വദോഷം.

വീടിന്റെ പേരു കളയാനിടയായ്‌ ഭടന്റെ
കേടുള്ള ബീജമിവളേറ്റതുമൂലമെന്നു
മാതാവിനോടു പഴി മാതുലര്‍ ചൊന്നതെല്ലാം
കാതില്‍ കഠാരകള്‍ കണക്കു തറച്ചു പോന്നും,

നീ കണ്ട തെണ്ടികളുമായ്‌ക്കെടുകൂട്ടു കൂടി-
ച്ചാകാന്‍ നടക്കുവതറിഞ്ഞു മനം തകര്‍ന്നും
ശോകങ്ങളെന്നെ, അതിര്‍വിട്ടറിയിച്ചിടാതെ
മൂകം സഹിച്ചുമവള്‍ രോഗിണിയായി വീഴ്‌കെ,

ദീപം കെടുത്തി, യിരുളില്‍ ത്തനിയേ, തണുപ്പില്-
ക്കോപം കെടാത്ത ഹൃദയത്തെ ഞെരിച്ചു ഞാനാ-
ബാരക്കിലെപ്പഴുതിലൂടെ ഹിമാദ്രി നിദ്ര
മൂടിക്കിടക്കുവതു നോക്കി നശിച്ചു നിന്നു.

ആശിച്ചവേഷമൊരുനാളുമരങ്ങിലാടാ-
നാകാതെ വീണ നടനാം ഭടനെങ്കിലും ഞാന്‍
ആശിച്ചുപോയി മകനൊന്നിനി മര്‍ത്ത്യവേഷ-
മാടിത്തിളങ്ങുവതു കണ്ടു കഴിഞ്ഞുറങ്ങാന്‍.

ചോടും പിഴച്ചു, പദമൊക്കെ മറന്നു, താളം
കൂടെപ്പിഴച്ചു, മകനാട്ടവിളക്കുപോലു-
മൂതിക്കെടുത്തുവതു കണ്ടു നടുങ്ങി, ശത്രു-
ലോകം വെടിഞ്ഞു പരലോകമണഞ്ഞുപോയ്‌ ഞാന്‍.

ഏതോ നിഗൂഢനിയമം നിഖിലപ്രപഞ്ചം
പാലിച്ചു നില്‍പ്പതു നമുക്കറിവില്ല, പക്ഷേ,
ആശിക്കലാണു വലുതാമപരാധമെന്നാ-
ണാ ശപ്തമായ നിയമത്തിലെ ആദ്യവാക്യം.

ഹാ, ശിക്ഷിതന്‍ സകല ജീവിതകാലവും ഞാന്‍;
ആ ശിക്ഷതന്നെ മരണത്തിനു ശേഷമിന്നും
ക്ലേശപ്പെടുത്തുവതിനിന്നിനിയാര്‍ക്കു സാദ്ധ്യം?
നാശത്തിലാത്മസുഖമെന്നുമെനിക്കു ശീലം.

കാലാവസാനമണയും വരെ വേണ്ടി വന്നാല്‍
മാലൊട്ടുമില്ല നരകാഗ്നിയില്‍ വെന്തുവാഴാന്‍;
കാലന്റെ മുന്നിലുമൊരിഞ്ചു കുലുങ്ങിടാ ഞാന്‍
കാലാരിയെന്റെ കരളില്‍ക്കുടികൊള്‍ക മൂലം.

ഭാവിക്കയില്ല മകനെന്നിനി നിന്നെ ഞാനും
തീ വെച്ചുകൊള്ളുക പിതൃസ്‌മരണക്കു നീയും;
നീ വെച്ച പിണ്ഡമൊരുനാളുമെനിക്കു വേണ്ട,
പോവുന്നു ഞാന്‍ - ഉദയമെന്നെ സഹിക്കയില്ല.

പിന്നെ പ്രേതാവതാരം, ഘനരവസഹിതം
ഗര്‍ജ്ജനം ചെയ്തരങ്ങിന്‍
പിന്നില്‍പ്പഞ്ചേന്ദ്രിയങ്ങള്‍ക്കണിയറ പണിയും
കാലഗേഹേ മറഞ്ഞു;
വന്നൂ, മാര്‍ത്താണ്ഡയാമം, തിരയുടെ മുകളില്‍
പ്പൊങ്ങി പൊന്നിന്‍ കിരീടം;
മുന്നില്‍ ബ്രഹ്മാണ്ഡരംഗേ ജനിതകനടനം,
ജീവചൈതന്യപൂര്‍ണ്ണം.

-ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ - 1992

Monday, May 12, 2008

യേശു എന്ന നിര്‍ദ്ദയന്‍ - ഗലീലയില്‍നിന്നൊരു അമ്മയുടെ വിലാപം

എന്റെ മകന്‍.
എന്റെ ആദ്യത്തെ മകനായിരുന്നു അവന്‍. എന്റെ ഒരേ ഒരു സന്തതി.
അവന്‍ ഞങ്ങളുടെ പാടത്ത്‌ പണിയെടുത്തു വരികയായിരുന്നു.
അവന്‍ ഇന്നു യേശു എന്ന ഒരാളിന്റെ പിന്നാലെ നടക്കുന്നു.
യേശു എന്ന നിര്‍ദ്ദയനായ ഒരാള്‍ ജനക്കൂട്ടത്തോട്‌ സംസാരിക്കുന്നതു കേള്‍ക്കുന്നതുവരെ അവന്‍ എന്നോടൊപ്പം സന്തോഷവാനായിരുന്നു.
യേശുവിന്റെ പ്രസംഗം കേട്ടതിനുശേഷം അവന്‍ വ്യത്യസ്ഥനായി. ഏതോ ഒരു ബാഹ്യശക്തി അവന്റെ ആത്മാവിനെ ബാധിച്ചതുപോലെയായിരുന്നു പിന്നീട്‌.
അവന്‍ പാടത്തെ പണി ഉപേക്ഷിച്ചു. എന്നെ വിട്ടു പോയി.
അവനൊരു വിലകെട്ടവനായി മാറിയിരിക്കുന്നു ഇന്ന്‌. അവന്‍ പെരുവഴിതോറും യേശുവിനോടൊപ്പം നടക്കുന്നു.
നസ്രേത്തില്‍ നിന്നുള്ള ആ യേശു ഒരു തിന്‍മയായിരുന്നു. അമ്മയില്‍ നിന്ന്‌ മകനെ ഏതെങ്കിലും നന്‍മയുള്ള മനുഷ്യന്‍ വേര്‍പെടുത്തുമോ?
എന്റെ മകന്‍ ഒടുവില്‍ എന്നോടു പറഞ്ഞ വാക്കുകള്‍ എന്റെ ചങ്കു തകര്‍ക്കുന്നവയായിരുന്നു.
'ഞാന്‍ അദ്ദേഹത്തിന്റെ ഒരു ശിഷ്യനൊമൊത്ത്‌ വടക്കന്‍ ദേശങ്ങളിലേക്കു പോവുകയാണ്‌. എന്റെ ജീവിതം നസ്രേത്തുകാരനായ യേശുവിനു നല്‍കിയിരിക്കുകയാണ്‌. അമ്മ എനിക്കു ജന്മം നല്‍കി. അതില്‍ എനിക്കു നന്ദിയുണ്ട്‌. എനിക്കു പോയേ പറ്റൂ. നമ്മുടെ ഫലഭൂയിഷ്ഠമായ വയല്‍ ഞാന്‍ അമ്മയെ ഏല്‍പ്പിക്കുന്നു.
നമ്മുടെ സ്വര്‍ണ്ണവും വെള്ളിയുമൊന്നും ഞാനെടുക്കുന്നില്ല. ഈ കുപ്പായവും ഒരു വടിയുമല്ലാതെ ഞാന്‍ ഒന്നും കൊണ്ടുപോകുന്നില്ല..
ഇത്രയും പറഞ്ഞ്‌ അവന്‍ യാത്രയായി.
ഇപ്പോള്‍ ഞാന്‍ ഒരു വാര്‍ത്ത കേട്ടു.
റോമാക്കാരും പുരോഹിതരും കൂടി യേശുവിനെ പിടികൂടുകയും ക്രൂശിക്കുകയും ചെയ്തിരിക്കുന്നു. അതു നന്നായി.
അമ്മയേയും മകനേയും തമ്മിലകറ്റുന്നവന്‍ എന്തായാലും ദിവ്യനാകാന്‍ വഴിയില്ല. കുഞ്ഞുങ്ങളെ അമ്മയുടെ സമ്മതമില്ലാതെ നഗരങ്ങളിലേക്കു കൊണ്ടുപോകുന്നവന്‍ നന്മയുള്ളവനാകുന്നതെങ്ങനെ?
എന്റെ മകന്‍ എന്റെയടുത്തേക്കു ഇനി ഒരിക്കലും മടങ്ങി വരില്ല എന്നെനിക്കറിയാം. കൃഷി ചെയ്യാത്ത ഈ വയലും ഒറ്റയായിപ്പോയ എന്നെയും ഉപേക്ഷിച്ചു അവന്‍ പോകാന്‍ കാരണം ആ യേശുവാണ്‌. ഈ ഒറ്റക്കാരണത്താല്‍ ഞാന്‍ അവനെ വെറുക്കുന്നു. അവനെ സ്‌തുതിക്കുന്നവരെയൊക്കെ ഞാന്‍ വെറുക്കുന്നു.
എന്റെ മകന്‍ എന്നോടു പറഞ്ഞു. യേശു ഇങ്ങനെ പറയാറുണ്ടെന്ന്‌. 'എന്റെ പിതാവും മാതാവും സഹോദരങ്ങളുമെല്ലാം എന്നെ പിന്‍തുടരുന്നവരാണെന്ന്‌'
പക്ഷേ അവനെ പിന്‍തുടരാനായി മക്കള്‍ എന്തിനാണ്‌ അവരുടെ അമ്മമാരെ ഉപേക്ഷിക്കുന്നത്‌?
ഇതുവരെ രുചിച്ചിട്ടില്ലാത്ത ജലം മോഹിച്ച്‌ അവന്‍ എന്റെ മുലപ്പാലിനെ തള്ളിക്കളഞ്ഞതെന്തിനാണ്‌?
എന്റെ കൈകള്‍ക്കുള്ളിലെ ചൂടുപേക്ഷിച്ച്‌ അവനു പരിചിതമല്ലാത്ത വടക്കന്‍ ദേശത്തെ തണുപ്പിലേക്കു അവന്‍ എന്തിനാണ്‌ പോയിക്കളഞ്ഞത്‌?
ഹോ, ഞാന്‍ ആ നസ്രേത്തുകാരനായ യേശുവിനെ വെറുക്കുന്നു. എന്റെ ജീവിതാവസാനം വരെ ഞാന്‍ അവനെ വെറുക്കും.
കാരണം അവന്‍ എന്റെ ഒരേ ഒരുപുത്രനെ എന്നില്‍ നിന്നും അപഹരിച്ചു.
-ഖലീല്‍ ജിബ്രാന്റെ ഒരു കഥ

Thursday, May 8, 2008

ഓര്‍മ്മകളുടെ ഓണം - ചുള്ളിക്കാടിന്റെ കവിത

ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍
വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,
പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,
പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു
കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,
മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി-
ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,
പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി-
ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,
തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍
എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,
ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല
പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,
ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍
പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,
ആദ്യാനുരാഗപരവശനായി ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെക്കാണിച്ചു
പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,
ഉള്ളില്‍ക്കലിയും കവിതയും ബാധിച്ചു
കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ
ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്റെ
നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ,
പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടില്‍നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,
അന്നു ത്രിസന്ധ്യയ്ക്കു തന്‍ നടയില്‍ നിന്നു
വിങ്ങിക്കരഞ്ഞുകൊ 'ണ്ടെന്നെ രക്ഷിക്കണേ'
യെന്നു തൊഴുകൈയുമായിരന്നെങ്കിലും
കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,
എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍
വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍.

-ബാലചന്ദ്രന്‍ ചുള്ളിക്കാട് - 1994

Friday, May 2, 2008

ഇങ്ങനെ ഒരാള്‍ ഉണ്ടായിരുന്നു..ഒരു വട്ടം കൂടി ആ ഓര്‍മ്മകളിലേക്ക്..


വിരല്‍ത്തുമ്പില്‍ ടെക്‌നോളജി പൂക്കുന്ന ഇക്കാലത്തിനപ്പുറം നമുക്കൊരു പൂക്കാലമുണ്ടായിരുന്നു എന്നു വിളിച്ചറിയിക്കാന്‍ പാകത്തിന്‌ ചില സുകൃതങ്ങള്‍ കേരളത്തിനുണ്ടായിരുന്നു. അതിലൊരാളാണ്‌ എം. ബി. ശ്രീനിവാസന്‍ എന്ന സംഗീതസംവിധായകന്‍.

കമ്യൂണിസ്റ്റ്‌ ആദര്‍ശങ്ങളോടുള്ള ആവേശം കേരളത്തിന്റെ മണ്ണില്‍ തളച്ചിട്ട ആന്ധ്ര സ്വദേശിയായ മാനാമധുരൈ ബാലകൃഷ്ണ ശ്രീനിവാസന്‍ അയ്യങ്കാര്‍ മലയാളത്തിന്റെ എം.ബി. എസ്‌. ആയത് കേവലം ഒരു നിയോഗമായിരുന്നില്ല. സംഗീതത്തിലുള്ള കടുത്ത സാധനയുടേയും വിപ്ലവത്തോടുള്ള ചോദനയുടേയും ബാക്കിപത്രമായിരുന്നു.

ഇന്ന്‌ മറവിയുടെ പിന്‍തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ചലച്ചിത്രമുണ്ട്‌. ജോണ്‍ ഏബ്രഹാമിന്റെ 'അഗ്രഹാരത്തിലെ കഴുതൈ' എന്ന എല്ലാം തികഞ്ഞ ഒരു തമിഴ്‌ ചലച്ചിത്രം. ആ ചിത്രത്തിലെ നായകനെ ആരും അധികം ചോദിച്ചില്ല. എഴുപതുകളുടെ ചെറുപ്പത്തെ എഴുതുക, പറയുക എന്നത്‌ ദുര്‍ഗ്രാഹ്യമാണ്‌. ഒപ്പം സവര്‍ണ്ണ മേധാവിത്വത്തോടുള്ള വെല്ലുവിളിയും. ജോണ്‍ ഏബ്രഹാമിന്റെ മൌലികതയെ അണുമാത്രപോലും നഷ്ടപ്പെടുത്താതെ 'അഗ്രഹാരത്തിലെ കഴുത' എന്ന ചിത്രത്തിലെ നായകവേഷം അഭിനയിച്ചു ഫലിപ്പിച്ച നടന്‍ കൂടിയായിരുന്നു സംഗീതസംവിധായകനായ എം. ബി. ശ്രീനിവാസന്‍.

1961-ല്‍ കൊച്ചിയിലെ ഒരു ഓഡീഷനില്‍ ഹിന്ദി ഗായകനായ മുകേഷിന്റെ 'സാരംഗാ തേരി യാദ്‌ മേം' എന്ന ഗാനം ആലപിച്ച ഒരു ചെറുപ്പക്കാരന്റെ അപാരമായ കഴിവിനെ എം.ബി. ശ്രീനിവാസന്‍ തിരിച്ചറിയുകയും പിന്നീട്‌ താന്‍ സംഗീതസംവിധാനം ചെയ്ത 'കാല്‍പ്പാടുകള്‍' എന്ന ചിത്രത്തില്‍ പാടാന്‍ അവസരം കൊടുക്കുകയും ചെയ്തു. ആ ചെറുപ്പക്കാരനാണ്‌ ഇന്ന്‌ മലയാള സിനിമാഗാനലോകത്തെ ഇതിഹാസമായി നിലകൊള്ളുന്ന ശ്രീ കെ. ജെ. യേശുദാസ്‌. ഭാവഗായകനായ ജയചന്ദ്രന്‌ ആദ്യമായി അവാര്‍ഡ്‌ നേടിക്കൊടുത്ത 'രാഗം ശ്രീരാഗം' എന്ന ഗാനത്തിന്റെ സംഗീതസംവിധായകനും എം. ബി. എസ്‌. തന്നെ.

ഗാനങ്ങളുടെ സത്ത അതിന്റെ വരികളിലാണെന്നു വിശ്വസിച്ച സംഗീതസംവിധായകനായിരുന്നു എം. ബി. എസ്‌. അതിനായി അദ്ദേഹം മലയാള ഭാഷ പഠിച്ചു. ഗാനങ്ങളിലെ വരികളുടെ അര്‍ത്ഥമറിയാതെ അദ്ദേഹം ഒരിക്കലും സംഗീതസംവിധാനത്തിനു തയ്യാറല്ലായിരുന്നു.

അതുകൊണ്ടുതന്നെ എം. ബി. എസ്സിന്റെ ഗാനങ്ങള്‍ ഒരിക്കല്‍ കേട്ടാല്‍ പിന്നെ മറക്കാന്‍ ബുദ്ധിമുട്ടാണ്‌. ഇതിന്റെ തെളിവാണ്‌ ഒരു നഷ്ടസ്‌മൃതിയുടെ സുഖമായി മലയാളി അന്നും ഇന്നും എന്നും മനസ്സില്‍ സൂക്ഷിക്കുന്ന 'ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം' എന്ന ഗാനം.

'ശരദിന്ദു മലര്‍ദീപനാളം നീട്ടി', 'എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ പെണ്‍കൊടീ', 'കൂട്ടിലടച്ചോരു പക്ഷീ,ആരും കൂട്ടില്ലാത്തൊരു പക്ഷീ', 'ചെമ്പകപുഷ്പസുവാസിത യാമം;, 'മിഴികളില്‍ നിറകതിരായി', 'നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണച്ചിറകുള്ള പക്ഷീ', 'ഭരതമുനിയൊരു കളം വരച്ചു', 'ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്‌', 'ചൈത്രം ചായം ചാലിച്ചു' തുടങ്ങിയ ഗാനങ്ങള്‍ മലയാളിയുടെ ഒരു പുഷ്‌കലകാലത്തെ കൂടി സൂചിപ്പിക്കുണ്ടെങ്കില്‍ അത്‌ എം. ബി. എസ്സിന്റെ സംഗീതത്തിന്റെ മാസ്‌മരികത കൊണ്ടും വരികളുടെ അര്‍ത്ഥങ്ങള്‍ക്കുവേണ്ടി അദ്ദേഹം കാട്ടിയ ആര്‍ജ്ജവം കൊണ്ടും മാത്രമാണ്‌.

മലയാളസിനിമാലോകത്തെ മറ്റൊരു സുകൃതമായ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്റെ എല്ലാ ചിത്രങ്ങള്‍ക്കും സംഗീതസംവിധാനം ചെയ്തിരുന്നത്‌ എം. ബി. ശ്രീനിവാസനായിരുന്നു അടൂരിന്റെ എല്ലാ ചിത്രങ്ങള്‍ക്കും സംഗീതസംവിധാനം ചെയ്തിരുന്നത്‌ മരിക്കുന്നതു വരേയും എം. ബി. എസ്. തന്നെ ആയിരുന്നു.
എം.ടി. വാസുദേവന്‍ നായര്‍, ഒ. എന്‍. വി. കുറുപ്പ്‌, ലെനിന്‍ രാജേന്ദ്രന്‍, മോഹന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, കെ. ജി. ജോര്‍ജ്ജ്‌, ജോണ്‍ ഏബ്രഹാം, എന്നിവരെല്ലാം സംഗീതസംവിധാനത്തിനായി ആശ്രയിച്ച അതുല്യ പ്രതിഭയായിരുന്നു എം. ബി. ശ്രീനിവാസന്‍.

ഉള്‍ക്കടല്‍, സ്വാതി തിരുനാള്‍, സ്വപ്‌നാടനം, നിര്‍മ്മാല്യം, ഓപ്പോള്‍, കടല്‍, കാല്‍പ്പാടുകള്‍, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, യവനിക, ആദാമിന്റെ വാരിയെല്ല്‌, മീനമാസത്തിലെ സൂര്യന്‍, കൊടിയേറ്റം, ചില്ല്‌, സ്വയംവരം, എലിപ്പത്തായം, വാരിക്കുഴി, അനന്തരം, വളര്‍ത്തുമൃഗങ്ങള്‍, അമൃതം ഗമയാ, പുതിയ ആകാശം, പുതിയ ഭൂമി, അഗ്രഹാരത്തിലെ കഴുത, തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ അനശ്വരങ്ങളായ ഗാനങ്ങളാണ്‌ എം. ബി. എസ്‌. മലയാളത്തിനു നല്‍കിയിരിക്കുന്നത്.

സംഗീതലോകത്ത്‌ ജോലി ചെയ്യുന്നവര്‍ക്കായി ആദ്യമായി ഒരു സംഘടന ഉണ്ടാക്കിയതും കമ്യൂണിസ്റ്റ്‌ ആദര്‍ശങ്ങളെ സ്‌നേഹിച്ചിരുന്ന എം. ബി. എസ്‌. ആയിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംഗീതതാത്പര്യമുള്ള പ്രതിഭകളെ കണ്ടെത്തി അവര്‍ക്കു വേണ്ടുംവിധം പ്രോത്സാഹനം നല്‍കിപ്പോന്ന കറയറ്റ ഒരു മനുഷ്യസ്‌നേഹിയായിരുന്നു എം. ബി. എസ്‌.

ദേശീയോത്‌ഗ്രഥനം ലാക്കാക്കി കൂട്ടമായി ചേര്‍ന്നു പാടുന്ന സമ്പ്രദായം കൊണ്ടുവന്നതും എം. ബി. എസ്‌. തന്നെ. ഇന്ത്യയില്‍ പലയിടത്തും അതിനായി സംഗീതസംഘങ്ങള്‍ രൂപീകരിച്ചു. അതിന്റെ ഭാഗമായി കേരള യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരു ക്വയര്‍ രൂപീകരിക്കുന്നതിനും മുന്‍കൈ എടുത്തത്‌ എം. ബി. എസ്സായിരുന്നു. (മലയാളം ഇന്നോളം കണ്ടതില്‍ വെച്ചേറ്റവും നല്ല കോറസ്‌ ഗാനമായ 'ഭരതമുനി ഒരു കളം വരച്ചു' എന്ന ഗാനം എം. ബി. എസ്‌. സംവിധാനം ചെയ്തതാണ്‌)

മദ്രാസ്‌ പ്രസിഡന്‍സി കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ മദ്രാസ്‌ സ്റ്റുഡന്‍സ്‌ ഓര്‍ഗനൈസേഷനില്‍ അംഗമായി. തമിഴ്‌നാട്ടില്‍ ഭാരതീയാരുടെ സ്വാതന്ത്ര്യസമരദേശീയപ്രക്ഷോഭങ്ങളില്‍ ആകൃഷ്ടനായി. കമ്യൂണിസ്റ്റ്‌ ആദര്‍ശങ്ങളോടുള്ള ആഭിമുഖ്യത്താല്‍ ഡല്‍ഹിയിലെത്തിയ എം. ബി. എസ്സിനെ വിപ്ലവനാടകങ്ങളും ഗാനങ്ങളും സ്വാധീനിച്ചു. വിവിധ ഭാഷകള്‍ പഠിക്കാനും മുന്‍നിര നേതാക്കന്‍മാരുമായി ഇടപഴകാനും അതുവഴി എം. ബി. എസിനു കഴിഞ്ഞു. സ്വാതന്ത്ര്യസമരസേനാനി ആയിരുന്ന ഡോ. സൈഫുദ്ദീന്‍ കിച്‌ല്യുവിന്റെ മകളായ ഷാഹിദയെ വിവാഹം കഴിച്ചു സ്വന്തം ജീവിതം തന്നെ വിപ്ലവത്തിനു മാതൃകയാക്കിയ വ്യക്തിത്വമാണ്‌ എം. ബി. ശ്രീനിവാസന്റേത്. (ഡോ. സൈഫുദ്ദീന്‍ കിച്‌ല്യുവിന്റെ അറസ്റ്റിനെ പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേരെ ബ്രിട്ടീഷ്‌ പട്ടാളം നടത്തിയ ക്രൂരമായ വെടിവെപ്പാണ്‌ പ്രശസ്തമായ ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊല)

ഇന്ത്യന്‍ പെര്‍ഫോര്‍മന്‍സ്‌ റൈറ്റ് സൊസൈറ്റി ലിമിറ്റഡ്‌ എന്ന സംഘടനയുണ്ടാക്കുന്നതിന്‌ നേതൃത്വം നല്‍കിയത്‌ എം. ബി. എസ്സാണ്‌. സംഗീതമേഖലയിലെ എഴുത്തുകാര്‍ക്കും സംഗീതസംവിധായകര്‍ക്കും റോയല്‍റ്റി നേരിട്ടു ലഭിക്കുന്ന ഇന്നത്തെ സമ്പ്രദായം നടപ്പിലാക്കുന്നതിനായി ഈ സൊസൈറ്റിക്കു സാധിച്ചു. ഈ ഒരു കാരണം കൊണ്ടുതന്നെ ഇന്ന്‌ മലയാളഗാനശാഖയിലെ ഒരോരുത്തരും ഈ വലിയ മനുഷ്യനോട്‌ കടപ്പെട്ടിരിക്കുന്നു.

1988-ല്‍ ലക്ഷദ്വീപിലെ ഒരു സംഗീതപരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലമാണ്‌ എം. ബി. ശ്രീനിവാസന്‍ മരിച്ചത്‌. മലയാള സിനിമാലോകം എന്നും ആദരവോടെ കണ്ടിരുന്ന ആ മഹദ്‌വ്യക്തിത്വത്തിന്റെ പ്രഭാവത്തിന്റെ അനുരണനങ്ങള്‍ മലയാളികള്‍ ഉള്ളിടത്തോളം അവരുടെ നെഞ്ചിലും നാവിലും നിലനില്‍ക്കുകതന്നെ ചെയ്യും.

Thursday, May 1, 2008

സൌഹൃദത്തെക്കുറിച്ച്‌ ഖലീല്‍ ജിബ്രാന്‍ പറയുന്നതിങ്ങനെ

സ്‌നേഹിതനെന്നാല്‍ നിന്റെ ആവശ്യങ്ങള്‍ക്കുള്ള ഉത്തരമെന്നാണര്‍ത്ഥം.

സ്‌നേഹം വിതയ്ക്കുവാനും കൃതജ്ഞത കൊയ്യുവാനുമുള്ള നിന്റെ നിലമാകുന്നു നിന്റെ സ്‌നേഹിതന്‍.

ആത്മാവുകളുടെ സൌഹൃദത്തിന്‌ മറ്റൊരു ലക്ഷ്യങ്ങളുമുണ്ടാകാതിരിക്കട്ടെ.

നിന്റെ ആഹാരവും നിന്റെ നെരിപ്പോടും നിന്റെ സ്‌നേഹിതനാണ്‌. നിന്റെ ആത്മാവിന്റെ വിശപ്പും ദാഹവും അറിയിക്കാന്‍ നീ അവനെ തെരയുന്നു.

നിന്റെ സ്‌നേഹിതന്‍ അവന്റെ മനസ്സു തുറക്കുമ്പോള്‍ നിന്റെ മനസ്സിലുണരുന്ന 'ഇല്ല'കളെ നീ ഭയക്കേണ്ടതില്ല, വിലക്കേണ്ടതുമില്ല.

നിനക്ക്‌ ഏറ്റവും മഹത്തായിതോന്നുന്നതെല്ലാം നിന്റെ സ്‌നേഹിതനുള്ളതാകട്ടെ. നിന്നിലെ വേലിയിറക്കം അവന്‍ അറിയുന്നുവെങ്കില്‍ നിന്നിലെ വെള്ളപ്പൊക്കവും അവനറിയട്ടെ.

നിന്റെ ആവശ്യങ്ങള്‍ നിറവേറ്റിത്തരലാണ്‌, അല്ലാതെ നിന്റെ ശൂന്യത നിറയ്‌ക്കലല്ല നിന്റെ സുഹൃത്തിന്റെ നിയോഗമെന്നറിയുക.

സൌഹൃദത്തില്‍ വിചാരങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും മോഹങ്ങളും വാക്കുകളുടെ അണിയൊച്ചൊരുക്കുകളില്ലാതെ ജനിക്കുന്നു. കള്ളത്തരമില്ലാത്ത ആനന്ദത്തോടെ അതു പങ്കുവെക്കപ്പെടുകയും ചെയ്യുന്നു.

നിന്റെ സ്‌നേഹിതനില്‍ നിന്നും വേര്‍പെടുമ്പോള്‍ നീ ദു:ഖിക്കാതിരിക്കുക. അവനില്‍ നീ എന്താണാവോ ഏറ്റവുമധികം സ്‌നേഹിക്കുന്നത്‌ അത് അവന്റെ അസാന്നിദ്ധ്യത്തില്‍ കൂടുതല്‍ തെളിച്ചമുള്ളതാകും. പര്‍വതാരോഹകന്‌ പര്‍വതത്തിന്റെ മുകള്‍ഭാഗം സമതലങ്ങളില്‍ നിന്നും കൂടുതല്‍ ദൃശ്യമാകും പോലെ.

സ്വന്തം നിഗൂഢതകളുടെ വെളിപ്പെടുത്തലല്ലാതെ മറ്റെന്തെങ്കിലും തേടുന്ന സ്‌നേഹം സ്‌നേഹമേ അല്ല. അത്‌ ഒരു വല മാത്രമാകുന്നു. വിലകെട്ടവ മാത്രമേ അതില്‍ കുടുങ്ങുകയുള്ളൂ.

വെറുതെ നേരം കൊല്ലാനുള്ള ദീര്‍ഘമായ മണിക്കൂറുകളുമായി തെരയാനാണെങ്കില്‍ അത്തരം സൌഹൃദമെന്തിനാണ്‌? ജീവിക്കാനുള്ള സമയവുമായി അതിനെ തെരയുക.

സൌഹൃദത്തിന്റെ മധുരിമയില്‍ ചിരികളും സുഖങ്ങളും പങ്കുവെയ്ക്കലുകളുമുണ്ടായിരിക്കട്ടെ. കൊച്ചുകാര്യങ്ങളുടെ മഞ്ഞുതുള്ളികളില്‍ ഹൃദയം എന്നും പുലരികള്‍ ദര്‍ശിക്കട്ടെ.

Tuesday, April 22, 2008

എം. എസ്‌. വിശ്വനാഥന്‍ - തെക്കേ ഇന്ത്യയുടെ സുകൃതം

എം. എസ്‌. അന്ന്‌


എം. എസ്‌. ഇന്ന്‌

1928 ജൂണ്‍ 24 ന്‍ പാലക്കാട്‌ ഇലപ്പുള്ളിയില്‍ മനയങ്ങാത്ത്‌ കുടുംബത്തില്‍ ജനനം.
അച്ഛന്‍ - സുബ്രഹ്മണ്യന്‍.; അമ്മ - നാരായണിക്കുട്ടി.
13 വയസ്സില്‍ തിരുവനന്തപുരത്ത്‌ അരങ്ങേറ്റം.
1948-ല്‍ റിലീസായ ജെനോവ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ സംഗീതസംവിധാനത്തിലൂടെ ശ്രദ്ധേയനായി.
തമിഴ്നാട്‌ സംസ്ഥാനത്തെ പൊതു ചടങ്ങുകളില്‍ ആലപിക്കുന്ന 'തമിഴ്‌ തായ്‌ വാഴ്ത്ത്' എന്ന ഔദ്യോഗിക ഉദ്‌ബോധനഗീതത്തിന്റെ സംഗീതസംവിധായകന്‍
അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ മ്യൂസിക്‌ കോമ്പോസിഷന്‍ പഠനവിഷയമാക്കാനായി തെരഞ്ഞെടുത്തിട്ടുള്ള ദക്ഷിണഭാരതത്തിലെ ഏക സംഗീതസംവിധായകന്‍.
പേരറിഞ്ഞര്‍, മെല്ലിശൈ മന്നര്‍ എന്നീപ്പേരുകളില്‍ തമിഴ്‌നാടിലാകെ അറിയപ്പെടുന്നു.
കേരള സംസ്ഥാനത്തിന്റെ കമുകറ അവാര്‍ഡ്, തമിഴ്‌നാട്‌ സംസ്ഥാനത്തിന്റെ കലൈമാമണി അവാര്‍ഡ് എന്നിവയാല്‍ ആദരിക്കപ്പെട്ടു.
വേള്‍ഡ്‌ ഫെസ്റ്റ്‌ ഹൂസ്റ്റണില്‍ നിന്നും 'വിശ്വതുളസി' എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന്‌ ഗോള്‍ഡ്‌ റെമി അവാര്‍ഡ്‌.
പരമാചാര്യ അവാര്‍ഡ്‌
ഒട്ടനവധി പ്രാദേശിക ആദരവുകള്‍, ആവാര്‍ഡുകള്‍

വിവരങ്ങള്‍ക്കു കടപ്പാട്:
chennaitv.blogspot.com

ഇപ്പോള്‍ തോന്നുന്നത്‌ ഇങ്ങനൊക്കെയാണ്‌

ആരൊക്കെയോ പറഞ്ഞുപോയ പ്രവാസി പരിദേവനങ്ങളെക്കുറിച്ച്‌ ഇപ്പോള്‍ തോന്നുന്നത്‌ ഇങ്ങനൊക്കെയാണ്‌..
നെഗറ്റീവ്‌ വശം
ഘടികാരസൂചിയില്‍ മനസ്സു കൊരുത്തിട്ടു ജീവിക്കുന്നവര്‍.
സൂചിയുടെ ചലനത്തിനൊപ്പം നടക്കുന്നു, ജോലി ചെയ്യുന്നു, ഉണ്ണുന്നു, ഉറങ്ങുന്നു. സമയം അല്പം തെറ്റിയാല്‍ എല്ലാം തകിടം മറിയുന്നു.
പരസ്പരം കൂട്ടിമുട്ടാതെയും ഇടക്കു മുട്ടിയും സ്വന്തം കുരുതിയിലേക്കു നടന്നു പോകുന്ന ആട്ടിന്‍ പറ്റങ്ങളെപ്പോലെ നടന്നുപോകുന്നവര്‍.
വരാന്‍ ഇരിക്കുന്ന വസന്തകാലത്തിന്റെ അധിപന്‍ ഞാന്‍ ആകും എന്ന്‌ ഒരോരുത്തരും കരുതുന്നു.
ജീവിതത്തിന്റെ നല്ല കാലം കൊത്തിപ്പെറുക്കി തിന്നാതെ പിന്നെ തിന്നാനായി കരുതിവെക്കുന്നു.
ഋതുശൂന്യമായ ജീവിതത്തില്‍ എന്നും ബാങ്ക് ലോണിനെക്കുറിച്ചും, എല്‍. ഐ. സി. പ്രീമിയത്തെക്കുറിച്ചും
ഫിക്‌സഡ്‌ ഡെപ്പോസിറ്റിനെക്കുറിച്ചും, മക്കളുടെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചും വീട്ടിലെ ഉള്‍പ്പോരുകളെക്കുറിച്ചും ചിന്തിച്ചുകൊണ്ട്‌ സമയത്തിനൊപ്പം നടക്കുന്നു.
ശ്വാസനാളിയില്‍ കഫക്കട്ടകള്‍ കുറുകും വരെ ചിന്തിച്ചു കൊണ്ടേ നടക്കുന്നവര്‍. ശിഥിലമായി പോയ രാഗസ്‌മരണകളുടെ ശവമഞ്ചം ചുമന്നുകൊണ്ട്‌ എന്നും അനിശ്ചിതത്വത്തിലേക്കു തുറന്നിട്ട വാതിലിന്റെ പടിയില്‍ തന്നെ നില്ക്കുന്നവര്‍.
സമ്പത്തും ആനന്ദവും സമ്പാദിച്ചു കൂട്ടേണ്ടവ ആണെന്ന വിചാരത്താല്‍ മുന്നോട്ടു പോകുന്നു.
ഭാവിയിലെ ആനന്ദത്തിനായി വര്‍ത്തമാന കാലത്തോടു വിധേയത്വം കാട്ടിയും സന്ധി ചെയ്തും ജീവിക്കുന്നവര്‍.
ഒരു പാതയുടെ കയറ്റത്തിനു നടുവില്‍ നില്ക്കുന്ന ക്ഷീണിതനായ വഴിപോക്കനെ പോലെ. തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയും കയറിയല്ലോ എന്ന ആശ്വസം. മുകളിലേക്കു നോക്കുമ്പോള്‍ ഇനിയും കയറേണ്ടതുണ്ടല്ലോ എന്ന വ്യാകുലത!
പോസിറ്റീവ്‌ വശം
ഭൂമിക്കും സൂര്യനും ഇടയില്‍ വെറുതെ കേവലം വിശപ്പിന്റെ അടിമകളായി ദിവസങ്ങളില്‍ നിന്നും ദിവസങ്ങളിലേക്കു ഉണര്‍ന്നെണീറ്റിരുന്ന ചിലര്‍ക്ക്‌ ഈ പ്രവാസം ഒരു തരി നോവുള്ള ആനന്ദം കൊടുക്കുന്നു.
ചിലര്‍ക്ക്‌ തന്നില്‍ നിറഞ്ഞു നിന്ന ശൂന്യതയെ അതു കാട്ടിക്കൊടുക്കുന്നു.
വിശുദ്ധിയുടേയും ആത്മീയ വൃത്തിയുടെയും തടവറയില്‍ കിടന്നു വെറും ഒരു മനുഷ്യനായി അവസാനിക്കാതിരിക്കാന്‍ ചിലരെ പ്രവാസം സഹായിക്കുന്നു.
തന്റെ സ്വപ്നങ്ങളിലെവിടെയൊക്കെയോ ഒരു കാട്ടാളന്‍ ഉണ്ടുറങ്ങി ഉണരുന്നുണ്ടായിരുന്നുവെന്നും വിശക്കുന്ന ഒരു മൃഗം കരയുന്നുണ്ടായിരുന്നുവെന്നും തിരിച്ചറിവു കൊടുക്കാന്‍ പ്രവാസം ചിലരെ സഹായിക്കുന്നു. ആ കാട്ടാളനോട്‌ സന്ധി ചെയ്തും മൃഗത്തെ തഴുകി ശാന്തമാക്കി ഉറക്കിയും ജീവിക്കാന്‍പ്രവാസം ചിലരെ പരിശീലിപ്പിക്കുന്നു.
--ഓരോ തോന്നലുകള്‍ ഇങ്ങനൊക്കെ...

Saturday, April 12, 2008

വക്കീലിന്റെ പൊടിക്കൈ

(ഇ-മെയിലില്‍ കിട്ടിയ ഒരു തമാശക്കഥ.)

ഉറ്റ ചങ്ങാതിമാരായിരുന്ന രണ്ടു വക്കീലന്‍മാരുണ്ടായിരുന്നു. ജീവിതത്തില്‍ എന്തും പരസ്‌പരം പങ്കുവെച്ചു ജീവിച്ച അവരുടെയിടയില്‍ അകലങ്ങള്‍ ഇല്ലായിരുന്നു. തങ്ങളുടെ സ്‌നേഹം തുടര്‍ന്നുകൊണ്ടുപോകുവാന്‍ അവര്‍ ഒരു തീരുമാനത്തിലെത്തി.

രണ്ടുപേര്‍ക്കും കൂടി ഒരു ഭാര്യ മതി.

രണ്ടുപേരും ഈ തീരുമാനത്തോടെ മുന്നോട്ടുപോയി. അങ്ങനെ അവര്‍ രണ്ടുപേരും ചേര്‍ന്ന്‌ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. മാസങ്ങള്‍ക്കു ശേഷം ഭാര്യയെ പ്രസവത്തിനായി ഹോസ്പിറ്റലില്‍ അഡ്‌മിറ്റ്‌ ചെയ്തു.

പ്രസവത്തിനായി ഭാര്യയെ മറ്റേര്‍ണിറ്റി വിഭാഗത്തിലേക്കു കൊണ്ടുപോയി. വക്കീലന്‍മാര്‍ രണ്ടുപേരും അക്ഷമയോടെ പുറത്തു കാത്തു നിന്നു. രണ്ടുപേര്‍ക്കും ആശങ്ക, ഉത്‌കണ്ഠ, വേവലാതി.

കുറെ നേരത്തെ കാത്തിരിപ്പിനു ശേഷം അതില്‍ ഒരാള്‍ പറഞ്ഞു "എനിക്കിങ്ങനെ കാത്തു നില്‍ക്കാന്‍ വയ്യ. എനിക്കു വല്ലാത്ത ഉത്‌കണ്ഠയായിരിക്കുന്നു. ഞാന്‍ വെളിയില്‍ കാറിനകത്തു പോയിരിക്കാം. റിസല്‍ട്ട് എന്തായാലും നീ വന്നു പറഞ്ഞാല്‍ മതി"

കൂട്ടുകാരന്‍ സമ്മതിച്ചു. അങ്ങനെ ഒരാള്‍ പുറത്തു കാറിലും മറ്റെയാള്‍ ആശുപത്രിയിലും വേവലാതിയോടെ കാത്തു നിന്നു.

ഒരു മണിക്കൂറിനുശേഷം വളരെ വിഷാദത്തോടെ ആശുപത്രിയില്‍ കാത്തുനിന്ന വക്കീല്‍ കാറിനകത്തിരിക്കുന്ന വക്കീലിന്റെ അടുത്തെത്തി.

"എന്തു പറ്റി? എന്താണ്‌ നിന്റെ മുഖത്ത്‌ ഇത്ര ദു:ഖം?"

വേദനയോടെ കൂട്ടുകരന്‍ വക്കീല്‍ പറഞ്ഞു.

'നമ്മുടെ ഭാര്യ പ്രസവിച്ചു. ഇരട്ടക്കുട്ടികളായിരുന്നു. പക്ഷേ എന്റെ കുട്ടി മരിച്ചുപോയി"


--------വക്കീല്‍ എന്തായാലും വക്കീലല്ലേ????............

Thursday, April 10, 2008

വിവാഹം, സന്താനങ്ങള്‍ - ജിബ്രാന്റെ വീക്ഷണം.

വിവാഹം

ഒന്നിച്ചു ജീവിക്കാന്‍ പിറന്നവരാണ്‌ നിങ്ങള്‍. എപ്പോഴുമെപ്പോഴും ഒന്നിച്ചു തന്നെ വാഴുക.

മൃത്യുവിന്റെ വെണ്‍ചിറകുകള്‍ നിങ്ങളുടെ ദിനങ്ങളെ ശിഥിലമാക്കുമ്പോഴും നിങ്ങള്‍ ഒരുമിച്ചു തന്നെ പുലരുക.

നിശ്ശബ്ദമായ ഈശ്വരസ്‌മരണയിലും നിങ്ങള്‍ ഒരുമിച്ചിരിക്കുക.

എന്നാല്‍ നിങ്ങളുടെ ഒരുമിക്കലില്‍ അകലങ്ങള്‍ ഉണ്ടായിരിക്കട്ടെ. ആ അകലങ്ങള്‍ക്കിടയില്‍ സ്വര്‍ഗ്ഗസമീരണന്‍ നൃത്തം വെയ്ക്കട്ടെ.

പരസ്പരം സ്‌നേഹിക്കുക. എന്നാല്‍ പരസ്‌പരസ്‌നേഹം ബന്ധനങ്ങള്‍ തീര്‍ക്കാതിരിക്കട്ടെ. രണ്ടു ആത്മാവുകളുടെ തീരങ്ങള്‍ക്കിടയില്‍ അതൊരു അലയാഴിയാകട്ടെ.

അന്യോന്യം പാനപാത്രങ്ങള്‍ നിറയ്ക്കുക. എന്നാല്‍ ഒരേ പാനപാത്രത്തില്‍ നിന്ന്‌ കുടിക്കാതിരിക്കുക. നിങ്ങളുടെ ഭോജ്യം പങ്കുവെക്കുക. എന്നാല്‍ ഒരേ പങ്കില്‍ നിന്ന്‌ കഴിക്കാതിരിക്കുക.

ഒന്നിച്ചു പാട്ടുപാടിയും നൃത്തമാടിയും ആനന്ദിക്കുവിന്‍. എന്നാല്‍ ഒരേ സംഗീതത്താല്‍ സ്പന്ദിക്കുമ്പോഴും വീണയുടെ തന്ത്രികള്‍ വേറിട്ടു നില്‍ക്കും പോലെ, ഓരോ വ്യക്തിയും ഒറ്റക്കുതന്നെ കഴിയുക.

ഹൃദയങ്ങള്‍ പരസ്പരം കൈമാറുവിന്‍. മറ്റൊരാളിനു സൂക്ഷിക്കുവാനായിട്ടാകരുത്‌. എന്തെന്നാല്‍ ജീവിതത്തിന്റെ കരങ്ങള്‍ക്കല്ലേ ഹൃദയങ്ങളെ ഉള്‍ക്കൊള്ളാനാകൂ.

ഓക്കുമരവും സൈപ്രസും മറ്റൊന്നിന്റെ തണലില്‍ വളരാതെയിരിക്കും പോലെ, ദേവാലയത്തിലെ കല്‍ത്തൂണുകള്‍ വേറിട്ടുനില്‍ക്കും പോലെ, ഒട്ടിച്ചേരാതെ, എന്നാല്‍ ഒരുമിച്ച്‌ ഒന്നായി അടുത്തടുത്ത്‌ നില്‍ക്കുവിന്‍.

കുഞ്ഞുങ്ങള്‍

നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങള്‍ക്ക്‌ ജീവിതത്തോടുള്ള ആസക്തിയുടെ സന്താനങ്ങളാകുന്നു.

നിങ്ങളിലൂടെ വന്നെത്തുന്നെങ്കിലും അവര്‍ നിങ്ങളില്‍ നിന്ന്‌ ആവിര്‍ഭവിക്കുന്നില്ല.

നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെങ്കിലും അവര്‍ നിങ്ങള്‍ക്ക്‌ സ്വന്തമല്ല.

അവര്‍ക്ക്‌ നിങ്ങളുടെ സ്‌നേഹം നല്‍കുക. നിങ്ങളുടെ വിചാരങ്ങള്‍ കൊടുക്കാതിരിക്കുക. എന്തെന്നാല്‍ അവര്‍ക്ക്‌ സ്വന്തം വിചാരങ്ങളുണ്ടല്ലോ.

അവരുടെ ഉടലുകള്‍ക്ക്‌ ഇടം നല്‍കുക. ആത്മാവുകളെ പാര്‍പ്പിക്കാതിരിക്കുക. എന്തെന്നാല്‍ നിങ്ങളുടെ കിനാവുകളില്‍പോലും ചെന്നെത്താന്‍ കഴിയാത്ത നാളെയുടെ മന്ദിരത്തിലാണല്ലോ അവരുടെ ചേതനകള്‍ വസിക്കുന്നത്‌.

അവരെപ്പോലെയാകാന്‍ നിങ്ങള്‍ക്കു പരിശ്രമിക്കാം. എന്നാല്‍ അവരെ നിങ്ങളെപ്പോലെയാക്കാന്‍ ഒരുമ്പെടാതിരിക്കുക. ജീവിതം പിന്നോട്ടൊഴുകുകയോ, ഇന്നലെകളോട്‌ കുശലം പറയുകയോ ചെയ്യുന്നില്ല.

നിങ്ങള്‍ കേവലം ധനുസ്സുകള്‍ മാത്രമാണ്‌. കുഞ്ഞുങ്ങള്‍ മുന്നോട്ടു കുതിക്കുന്ന ചേതന മുറ്റിയ ശരങ്ങളാകുന്നു. അനന്തതയുടെ പഥത്തില്‍ കാലമെന്ന എയ്തുകാരന്‍ തന്റെ ലക്ഷ്യം കണ്ട്‌ ശരങ്ങള്‍ സുഗമമായി ദൂരങ്ങളിലേക്ക്‌ കുതിക്കുവാനായി തന്റെ കരുത്തിനാല്‍ നിങ്ങളെ കുലയ്ക്കുന്നുവെന്നു മാത്രം.

കാലമെന്ന ആ ധനുര്‍ധാരിയുടെ കൈകളില്‍ നിങ്ങള്‍ വഴങ്ങുന്നത്‌ ഹൃദയാഹ്ലാദത്തിനാകട്ടെ. ചലിത ബാണങ്ങളെപ്പോലെ, സ്ഥായിയായ ധനുസ്സിനേയും അവന്‍ സ്‌നേഹിക്കുന്നുവല്ലോ.

-ഖലീല്‍ ജിബ്രാന്‍

Friday, April 4, 2008

മാതാപിതാക്കള്‍ അറിയാന്‍ രണ്ടു കഥകള്‍

1. പെരുങ്കള്ളന്‍

പൊതുനിരത്തിലൂടെ പെരുങ്കള്ളനെ രാജസന്നിധിയിലേക്കു നടത്തിക്കൊണ്ടുപോകുന്നു. രാജസന്നിധിയില്‍ വെച്ച്‌ കള്ളനുള്ള ശിക്ഷ വിധിക്കാന്‍ പോവുകയാണ്.

നിരത്തിലാകെ കള്ളനെ കാണാനും കൂകി വിളിക്കാനും ജനങ്ങള്‍ കൂടിയിരിക്കുകയാണ്‌. ഇരുകൈകളും ചങ്ങലയാല്‍ ബന്ധിതനായ പെരുങ്കള്ളന്‍ തല കുനിച്ച്‌ രാജസേനയോടൊപ്പം നടന്നുപോകുന്നു.

ബന്ധനസ്ഥനാക്കി പെരുങ്കള്ളനെ നടത്തിക്കൊണ്ടുപോകുന്നതു കണ്ടു ഹൃദയഭേദകമായ രീതിയില്‍ കരഞ്ഞുകൊണ്ട്‌ കള്ളന്റെ അമ്മ ആള്‍ക്കൂട്ടത്തിനിടയിലൂടെ അലറി വിളിച്ചു മുന്നോട്ടു വന്നു.

മുന്നില്‍ നടന്നു പോകുന്ന മന്ത്രിയുടെ കാലുകളിലേക്കു ഓടി വന്നു വീണ കള്ളന്റെ അമ്മ വിലപിച്ചു. 'മന്ത്രിശ്രേഷ്ഠാ, എന്റെ മകനോട്‌ പൊറുക്കേണമേ...ഈ വാര്‍ദ്ധക്യത്തില്‍ ഇവനല്ലാതെ എനിക്കു വേറെ ആരും തുണയില്ലേ..അവനെശിക്ഷിക്കരുതേ...'

തന്റെ അമ്മ മന്ത്രിയുടെ കാല്‍ക്കല്‍ വീണു കരയുന്നതു കണ്ട പെരുങ്കള്ളന്‍ മന്ത്രിയോടായി പറഞ്ഞു...

“അല്ലയോ മന്ത്രീ..അങ്ങു എന്നെ ശിക്ഷിക്കുന്നതിനു പകരം ആദ്യം ശിക്ഷിക്കേണ്ടത് എന്റെ ഈ അമ്മയെത്തന്നെയാണ്‌. ചെറുപ്പത്തില്‍ ഞാന്‍ അയല്‍വീടുകളില്‍ നിന്നും ചെറിയ ചെറിയ സാധനങ്ങള്‍ മോഷ്ടിച്ചു കൊണ്ടുവന്നപ്പോള്‍, എന്നെ ഒന്നു ശാസിക്കാതെ, ഒരു തവണയെങ്കിലും ശിക്ഷിക്കാതെ, അതെല്ലാം സന്തോഷത്തോടെ വാങ്ങി വെച്ച്‌ എന്നെ ഒരു പെരുങ്കള്ളനാക്കിയതു എന്റെ മാതാവാണ്...അതുകൊണ്ട്‌ എന്നേക്കാള്‍ മുന്നെ അങ്ങ്‌ എന്റെ അമ്മയെ ശിക്ഷിച്ചാലും.."


2. കുറ്റവാളി

ഒരു യുവാവിനെ വധശിക്ഷക്കു വിധിച്ചിരിക്കുകയാണ്‌. സമൂഹത്തിലെ പ്രശസ്തനായ ഒരു തത്വചിന്തകനും എഴുത്തുകാരനുമായിരുന്നു യുവാവിന്റെ പിതാവ്‌. കോടതിയില്‍ ഹാജരാക്കിയ യുവാവിനോട്‌ ന്യായാധിപന്‍ ചോദിച്ചു. "അല്ലയോ ചെറുപ്പക്കാരാ, വളരെയേരെ പ്രശസ്തനും തത്വചിന്തകനുമായ ഒരു പിതാവിന്റെ പുത്രനല്ലേ താങ്കള്‍? കോടതിയില്‍ ഹാജരാക്കിയ യുവാവിനോട്‌ ന്യായാധിപന്‍ ചോദിച്ചു. "അല്ലയോ ചെറുപ്പക്കാരാ, വളരെയേരെ പ്രശസ്തനും തത്വചിന്തകനുമായ ഒരു പിതാവിന്റെ പുത്രനല്ലേ താങ്കള്‍? അദ്ദേഹത്തെക്കുറിച്ച്‌ ഒരു വേള ചിന്തിച്ചിരുന്നുവെങ്കില്‍ നിനക്ക്‌ ഈ തെറ്റ് ഒഴിവാക്കാമായിരുന്നില്ലേ?

വളരെ നിര്‍വികാരതയോടെ യുവാവ്‌ പറഞ്ഞു. ' ഞാന്‍ എന്നും എന്റെ പിതാവിനെ ഓര്‍ത്തിരുന്നു. ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ സംശയങ്ങള്‍ക്കുത്തരം തേടി ചെല്ലുമ്പോള്‍ അദ്ദേഹം തിരക്കിലാണെന്നു പറഞ്ഞു എന്നെ മടക്കി അയച്ചിരുന്നു. എന്റെ ഏകന്തതയില്‍ കൂട്ടുകൂടുവാനായും ഒത്തുകളിക്കാനുമായി ഞാന്‍ അദ്ദേഹത്തിന്റെ അടുത്തു ചെല്ലുമ്പോള്‍ ഏതൊ ഗ്രന്‌ഥങ്ങള്‍ വായിക്കാനുണ്ട്, ശല്യം ചെയ്യാതെ അകന്നുപോകൂ എന്നു പറഞ്ഞു എന്നെ ഒഴിവാക്കിയിരുന്നു..."

മറുവാക്കു പറയാനില്ലാതെ തല താഴ്ത്തി ന്യായാധിപന്‍ വിധിനിര്‍ണ്ണയത്തിന്റെ അനന്തരനടപടികളിലേക്കു ഊളിയിട്ടു..

മക്കള്‍ക്കായി മാതാപിതാക്കള്‍ക്കു നല്‍കാന്‍ കഴിയുന്നത്‌ അവരുടെ സമയവും ശിക്ഷണവും മാത്രമാണ്‌. നിങ്ങള്‍ സമ്പാദിച്ചു കൂട്ടുന്നവ നാളെ അവരെ തമ്മില്‍ കലഹിക്കാനും അലസന്‍മാരാക്കാനും മാത്രമേ ഉതകുന്നുള്ളൂ. മക്കള്‍ നന്നാവുന്നതിന്റേയും ചീത്തയാകുന്നതിന്റേയും ഉത്തരവാദികള്‍ മാതാപിതാക്കള്‍ മാത്രമാണ്‌....

ഖലീല്‍ ജിബ്രാനെ എടുത്തെഴുതുന്നത്..

1. പണ്ടു പണ്ടു നിങ്ങള്‍ നിങ്ങളുടെ അമ്മയുടെ സ്വപ്നമായിരുന്നു. നിങ്ങളെ പ്രസവിക്കാന്‍ അവള്‍ ഉറക്കമൊഴിഞ്ഞിരുന്നു.

2. ഒഴിഞ്ഞ കൈ മറ്റുള്ളവരുടെ മുമ്പില്‍ നീട്ടി ഒന്നും കിട്ടാതിരിക്കുന്നത്‌ തീര്‍ത്തും കഷ്ടം തന്നെ. നിറയെ വെച്ചുനീട്ടുന്ന എന്‍റെ കയ്യില്‍ നിന്നും എടുക്കാനാരുമില്ലെങ്കില്‍ അതല്ലേ കൂടുതല്‍ കഷ്ടം.

3. മറ്റുള്ളവരുടെ തെറ്റുകളെപ്പറ്റി അങ്ങനെ വിചാരിച്ചു നടക്കുന്നതിനേക്കാള്‍ വലിയൊരു തെറ്റുണ്ടോ?

4. സൌഹ്യദം എപ്പൊഴും ഒരു ഉത്തരവാദിത്തമാണ്‌. അത്‌ ഒരു അവസരമല്ല.

5. എല്ലാ അവസ്ഥയിലും നിങ്ങള്‍ നിങ്ങളുടെ സുഹ്യത്തിനെ മനസ്സിലാക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും അയാളെ മനസ്സിലാക്കില്ല.

6. നേത്രങ്ങളിലെ വെറുപ്പ് അധരങ്ങളിലെ പുഞ്ചിരികൊണ്ട്‌ മൂടാമെന്ന്‌ കരുതുന്നവന്‍ വലിയ വിഡ്ഢിയാണ്‌.

7. ഒപ്പം ചിരിച്ചോനെ മറന്നാലും ഒപ്പം കരഞ്ഞോനെ നിങ്ങള്‍ മറക്കില്ല.

8. അതിഥികള്‍ വരാനില്ലാത്ത വീടുകള്‍ ശവക്കുഴികള്‍ക്കു തുല്യമത്രെ.

9. മുള്‍ക്കിരീടം പണിയുന്ന കൈകള്‍ പോലും മടിയുള്ള കൈകളേക്കാള്‍ ഭേദമാണ്‌.

10. നിങ്ങളുടെ ഏറ്റവും നല്ല ആട മറ്റൊരാള്‍ നെയ്തതാണ്‌. നിങ്ങളുടെ ഏറ്റവും രുചികരമായ ഭക്ഷണം മറ്റൊരാളിന്‍റെ മേശപ്പുറത്തു നിന്നും കഴിക്കുന്നതാണ്‌.

11. നിങ്ങള്‍ക്കു ആവശ്യമുള്ളതിനേക്കാള്‍ എനിക്കു ആവശ്യമുള്ളത്‌ നല്കുന്നതല്ല സൌജന്യം. എനിക്കു ആവശ്യമുള്ളതിനേക്കാള്‍ നിങ്ങള്‍ക്കു ആവശ്യമുള്ളതിനെ നല്കുന്നതാണ്‌.

12. പണമിടപാടുകാര്‍ക്ക്‌ നല്ല പൂന്തോട്ടക്കാരനാകാന്‍ ആവില്ല.

13. സൂര്യനെതിരെ പിന്നാമ്പുറമായി നില്ക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ നിങ്ങളുടെ നിഴലിനെ കാണുന്നുള്ളു.

14. നമ്മള്‍ നേടിയതിനേക്കാള്‍ പ്രിയപ്പെട്ടവയാണ്‌ ആഗ്രഹിച്ചിട്ടും നമുക്കു നേടാനാവത്തവ.

16. കാമുകനും കാമുകിക്കും ഇടയിലുള്ള മറയാണു പ്രണയം.

17. വീണുടയാതെ എങ്ങനെയാണ്‌ എന്‍റെ ഹ്യദയം തുറക്കാനാവുന്നത്‌

18. ഓരോ ദിവസവും പുതുക്കാത്ത പ്രണയം ഒരു ശീലമാവുകയും അങ്ങനെ അടിമത്തമാവുകയും ചെയ്യുന്നു.

19. ഇന്നലെകളുടെ കടം വീട്ടാനാണ്‌ പലപ്പോഴും നാളെകളില്‍ നിന്നും നമ്മള്‍ കടം വാങ്ങുന്നത്‌.

20. നിങ്ങള്‍ ഓടിക്കപ്പെടുമ്പോഴാണ്‌ വേഗം കൂടുതലുള്ളവനാകുന്നത്‌.

21. നിങ്ങളുടെ ചിറകുകള്‍ കൊണ്ട്‌ മറ്റുള്ളവര്‍ പറക്കാനിടയുള്ളപ്പോള്‍ ഒരു തൂവല്‍ പോലും കൊടുക്കാത്ത നിങ്ങളുടെ നടപടിയെ എങ്ങനെയാണ്‌ ന്യായീകരിക്കുക.

22. കൊള്ളരുതാത്തവന്‍ എന്നു മുദ്രകുത്തിയവനോടൊപ്പം നിലകൊള്ളുന്നവനാണ്‌ ശരിക്കും നല്ലവന്‍.

23. ആമകള്‍ക്കു മുയലിനേക്കാള്‍ വഴിയുടെ പൊരുള്‍ നന്നായറിയും.

24. എത്ര ചിറകുള്ള ആത്മാവായാലും, ശരീരത്തിന്റെ അനിവാര്യതയില്‍ നിന്നും രക്ഷപ്പെടാനാവില്ല.

25. ജീവിച്ചിരുക്കുന്നവര്‍ക്കായി പരേതര്‍ നിര്‍മ്മിച്ച കല്ലറകളാണ്‌ നിങ്ങളുടെ തറവാട്.

കുഞ്ഞുണ്ണിക്കവിതകള്‍

അക്ഷരത്തെക്കുറിച്ച്‌...

വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളര്‍ന്നവന്‍ വിളയും
വായിക്കാതെ വളര്‍ന്നവന്‍ വളയും.
.................

അക്ഷരമേ നിന്നെ എനിക്കിക്ഷ പിടിച്ചു
അതില്‍ 'അര' മുള്ളതിനാല്‍
..................

ആ എന്നൊരക്ഷരം എത്തറ വലുത്‌
ആനയുമെത്തറ വലുത്‌
ആല്‍മരം വലുത്‌
ആ എന്നോതും നേരത്തെന്നുടെ
വായയുമെത്തറ വലുത്‌
....................

Wednesday, March 26, 2008

ദീദി കരയുമ്പോള്‍..

ഇന്ത്യയിലെ ആദ്യത്തെ പോപ്പ്‌ ഗായികയായ ഉഷാ ഉതുപ്പ്‌ എന്ന ഉഷാ അയ്യരെ ഇന്നു കേരളത്തിലെ അഞ്ചു വയസ്സുള്ള കുട്ടി മുതല്‍ എഴുപതു വയസ്സുള്ള മുത്തശ്ശി വരെ അറിയുന്നു. ഒരു ഗായിക എന്നതിലുപരി ഒരു വാക്കു കൊണ്ടുപോലും ഒരാളെ മുറിവെല്‍പ്പിക്കാനാകാത്ത നന്‍മയുടെ പ്രതീകമായ 'ചേച്ചിയായി' ഏവരും ഉഷാ ഉതുപ്പിനെ സ്വീകരിച്ചു കഴിഞ്ഞു.

ദീദിയുടെ നല്ല മനസ്സിന്റെ നൊമ്പരം ഏഷ്യാനെറ്റിന്റെ വിജയത്തിന്‌ ഏറെ ഗുണകരമായി എന്നു പരക്കെ ഒരു പറച്ചിലുണ്ട്. ആരും വേദനിക്കുന്നത്‌ ഇഷ്ടമല്ലാത്ത ഒരു മനസ്സ്‌ ഒരിക്കലും ഒരു വിധികര്‍ത്താവിനു ചേര്‍ന്നതല്ല. വിധി നടപ്പാക്കുന്നവര്‍ മനസ്സുകളിലേക്കു കടക്കരുത്‌ എന്നാണ്‌ ആപ്തവാക്യം. പക്ഷേ തഴയപ്പെടലിന്റെ വേദന നന്നേ അറിയുന്ന ദീദി, ഒരു വിധികര്‍ത്താവെന്ന നിലയില്‍ നിന്നും ഒരു 'ദീദി' യിലേക്കു പെട്ടെന്നു മാറിപ്പോകുന്നു. അപ്പോള്‍ അവരറിയാതെ കരഞ്ഞു പോകുന്നു. ആ കണ്ണീരിനിടയില്‍ യാതൊരു ലാഭേച്ഛയുമില്ല.

കടലു കണ്ടിട്ടു വന്ന്‌ കടലിതു പോര, കുറച്ചുകൂടി വലുതാകേണ്ടതായിരുന്നു എന്നു പറഞ്ഞ നമ്മള്‍, ഒന്നിലും തൃപ്തിവരാത്ത നമ്മള്‍, പ്രശംസിക്കാന്‍ ലുബ്ധുകാട്ടുന്ന നമ്മള്‍, ഈ കണ്ണീരിനെ അവിശ്വസിക്കരുത്‌.

ഇനി ദീദിയെക്കുറിച്ചല്‍പ്പം.

ഇന്നോളം ഉപരി വര്‍ഗ്ഗം മാത്രമറിഞ്ഞിരുന്ന ഉഷാ ഉതുപ്പിനെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോ കേരളത്തിലെ ഓരോരുത്തര്‍ക്കും സുപരിചിതയാക്കി എന്നതു ഉഷാ ഉതുപ്പിന്റെ ജീവിത ഗ്രാഫില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമോ?

'പീതാംബരാ..ഓ...കൃഷ്ണാ..' എന്ന പാട്ടു മലയാളത്തില്‍ പാടിയ കാലത്ത്‌ മലയാളികളുടെ മനസ്സില്‍ ദീദിയുടെ സ്ഥാനമെന്തായിരുന്നു? ജാനകിയേയും സുശീലയേയും കേട്ടു ശീലിച്ച മലയാളി സമൂഹം അത്ര ബഹുമാനത്തോടെയല്ലായിരുന്നു അന്ന്‌ ആ ഗാനം സ്വീകരിച്ചത്‌. എന്നാല്‍ പോത്തന്‍ വാവയിലെ 'വാവേ മകനേ..' എന്ന പാട്ടുകേള്‍ക്കുമ്പോള്‍ പാട്ടിന്റെ ഇമ്പം കൊണ്ടല്ല, മറിച്ച്‌ ഉഷാ ഉതുപ്പ്‌ പാടി എന്ന ഒറ്റക്കാരണത്താല്‍ ആ പാട്ടിനെ മലയാളി സ്വീകരിച്ചിരിക്കുന്നു. അതിന്റെ കാരണം ദീദിയുടെ നന്‍മ നിറഞ്ഞ മനസ്സ്‌ മലയാളി തൊട്ടറിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ്‌.

കാലുറച്ചാലുടനെ സിനിമാറ്റിക്‌ ഡാന്‍സ്‌ കളിക്കുകയും ഇന്‍സ്ട്രമെന്റുകളുടെ ബലത്തില്‍ പോപ്പ് ഗാനം ആലപിക്കുകയും ചെയ്യുന്ന ഇന്നത്തെ തലമുറ ദീദി നടന്നു വന്ന വഴികളെക്കുറിച്ചു ഇത്തിരി അറിഞ്ഞിരിക്കുന്നതു നന്നായിരിക്കും.

ഉഷാ അയ്യര്‍ക്കു മുന്‍പും ഇന്ത്യയില്‍ പോപ്പ് ഗാനം പാടുന്നവരുണ്ടായിരുന്നു. പക്ഷേ അവര്‍ക്കൊന്നും പേരുകളില്ലായിരുന്നു. കാരണം പാശ്ചാത്യ സംഗീതമായ 'പോപ്പ്' സംഗീതം ബോംബേ മാതിരിയുള്ള കോസ്‌മോപോളിറ്റന്‍ സിറ്റികളിലെ മദ്യശാലകളിലും കാബറേ ഹാളുകളിലും മാത്രമൊതുങ്ങി നിന്നു. പാടിയിരുന്നവര്‍ സമൂഹത്തെ ഭയന്ന്‌ യഥാര്‍ഥപേരുകള്‍ മറച്ചുവെച്ചു.

പാകിസ്താനി ഗായികയായ നസിയ ഹസ്സന്റെ 'ആപ്‌ ജൈസേ കോയി മേരെ ജിന്ദഗി മേം ആയേ' എന്ന ഗാനം ഭാരതമാകെ അലകളുണ്ടാക്കിയതോടെയാണ്‌ പോപ്പ്‌ സംഗീതത്തെ ഭാരതീയര്‍ അല്പം കാര്യമായി കാണാന്‍ തുടങ്ങിയത്‌.

രാത്രിയിലെ വിരുന്നുശാലകളില്‍നിന്നും പോപ്പ്‌ സംഗീതത്തെ ജനകീയമാക്കുന്നതില്‍ ഒരു പോലീസ്‌ കമ്മീഷണറുടെ മകളായ ഉഷാ അയ്യര്‍ കാണിച്ച ധൈര്യമാണ്‌ 'ഇന്‍ഡി-പോപ്പ്' എന്ന്‌ ഇന്നറിയപ്പെടുന്ന ഗാനശാഖയുടെ അടിത്തറ.

ഭാരതീയ സംസ്കൃതിക്കു ചേരാത്ത സംഗീതമായി തഴയപ്പെട്ട പോപ്പ് ഗാനശാഖയെ ഇതു ആഭാസത്തിന്റെ സംഗീതമല്ലാ എന്നു പറഞ്ഞു വിശ്വസിപ്പിക്കാനും, ഇത്തരം സംഗീതത്തിലേക്കു ജനങ്ങളെ ആകര്‍ഷിക്കാനും തമിഴ്‌ ബ്രാഹ്മണ കുലത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടിക്കു ഒരുപാടു പരിമിതികളുണ്ടായിരുന്നു. അതിനായി അന്നവര്‍ സ്വീകരിച്ച രീതി ഇന്നു ഉഷാ ഉതുപ്പിന്റെ ഐഡന്‍റ്റിറ്റിയാണ്‌.

കുപ്പിവളയും കണ്‍മഷിയും കുങ്കുമപ്പൊട്ടും കാഞ്ചീപുരം സാരിയും മുല്ലപ്പൂവും ഒക്കെയായി, സുസ്‌മേരവദനയായി, സ്വതസ്സിദ്ധമായ നിഷ്‌ക്കളങ്കതയോടെ, അത്ര മൃദുവല്ലാത്ത ശബ്ദത്തില്‍ സ്‌റ്റേജില്‍ നിന്ന് ഈ സംഗീതത്തെ ജനങ്ങളുടെ മുന്നിലേക്കിട്ടുകൊടുത്തിട്ട്‌ ഉഷാ അയ്യര്‍ 'ഗിവ്‌ മി എ ബിഗ്‌ ഹാന്‍ഡ്‌' എന്നു പറഞ്ഞപ്പോള്‍ അവരോടൊപ്പം തുള്ളാതിരിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. പിന്നെ ഉഷാ അയ്യര്‍ ആഘോഷങ്ങളിലെ അവശ്യഗായികയായത്‌ കേവല ചരിത്രം മാത്രം.

ബോംബേയിലും കല്‍ക്കട്ടയിലുമായി ജീവിച്ച ഉഷാ അയ്യര്‍ പാശ്ചാത്യ സംഗീതത്തെ ഭാരതീയ സംഗീതവുമായി ചേര്‍ത്ത്‌ തികച്ചും ഭാരതീയര്‍ക്കു രുചിക്കും വിധം പോപ്പ്‌ സംഗീതത്തെ അവതരിപ്പിച്ചു. ബാപ്പി ലഹരിയുടെ 'റംബാ ഹോ..ഹോ' എന്ന ഗാനത്തോടെ ഉഷാ ഉതുപ്പ്‌ സര്‍വത്ര സ്വീകാര്യയായി. ഡിസ്‌കോ ഡാന്‍സറിലെ ‘കോയി യഹാം ആഹാ നാച്‌ നാച്‌' എന്ന ഗാനത്തോടെ യുവഹൃദയങ്ങളിലേക്ക് പോപ്പിന്റെ ഭ്രമാത്‌മകതയെ വാരിയിടാന്‍ കഴിഞ്ഞ ഉഷാ ഉതുപ്പിനോട് ഇന്നത്തെ ഓരോ പോപ്പ്‌ സിംഗേര്‍സും കടപ്പെട്ടിരിക്കുന്നു.

ഉഷാ ഉതുപ്പിന്റെ സ്വീകാര്യതയാണ്‌ പിന്നെ ഷാരോണ്‍ പ്രഭാകറിനേയും മസാനിയേയുമൊക്കെ സ്‌റ്റേജ് ഷോ ബിംബങ്ങളാക്കിത്തീര്‍ത്തത്. അലിഷാ ചിനായിയും ബാബാ സേഗളുമൊക്കെ ദീദി തെളിച്ച വഴിയിലൂടെ നടന്നു വിജയിച്ചവരാണ്‌.

കേരളത്തിന്‌ യേശുദാസും ചിത്രയും പോലെ എല്ലാ പ്രാദേശികഭാഷകള്‍ക്കും അവരുടേതായ സ്വന്തം പാട്ടുകാരുണ്ട്. യേശുദാസിനെയോ ചിത്രയെയോ വടക്കേഇന്ത്യാക്കരില്‍ ഒരു നല്ല ശതമാനത്തിനും ഇനിയും അറിയില്ലെന്ന വേദനിപ്പിക്കുന്ന സത്യം നമുക്കറിയാം. എന്നാല്‍ ഹിന്ദി ചലചിത്രമേഖലയിലെ ഇന്നലെ വന്ന ഗായകരെപ്പോലും മലയാളികള്‍ക്കു പരിചിതമാണ്‌. അതു മലയാളിയുടെ സവിശേഷത. എന്നാല്‍ ഭാരതത്തിലങ്ങോളമിങ്ങോളം അറിയുന്ന, എല്ലാ ഭാഷകളിലും പാടിയിട്ടുള്ള ഏക ഗായിക ഉഷാ ദീദി എന്നതാണ്‌ ദീദിയെ മറ്റുള്ളവരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്ന പലതില്‍ ഒന്ന്.

ലോകത്തിന്റെ ഏതു കോണില്‍ പോയാലും ഇന്ത്യയുടെ കയ്യൊപ്പെന്നപോലെ, ഇന്ത്യന്‍ വേഷഭൂഷാദികളോടെ, പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്ന ദീദി വിദേശികളുടെ അത്‌ഭുതമാണ്‌.

‘നമ്മള്‍ ഭാരതീയര്‍’ എന്ന മഹത്തായ കണ്‍സെപ്റ്റ്‌ വാരിപ്പുതച്ചു നടക്കുന്ന ഏക ഗായികയും ഉഷാ ഉതുപ്പു മാത്രം.

Sunday, March 23, 2008

നായന്‍മാര്‍ നേപ്പാളികളോ?

ചില സാമൂഹ്യശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായത്തില്‍ കേരളത്തിലെ സവര്‍ണ്ണജാതിയായ നായന്‍മാര്‍ കേരളത്തിലെ മണ്ണിന്റെ മക്കളല്ലെന്നും നേപ്പാളില്‍ നിന്നും കേരളത്തിലേക്കു കുടിയേറിയവരാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ നായന്‍മാര്‍ക്കിടയില്‍ നിലനില്ക്കുന്ന ചില സാമൂഹികക്രമങ്ങളും അവരുടെ ആവാസരീതികളും നേപ്പാളിലെ നേവാര്‍ സമുദായത്തിന്റേതുമായി വളരെയേറെ സാമ്യമുണ്ടെന്നുള്ളതാണ്‌ ഈ കണ്ടെത്തലിന്റെ മൂലാധാരം.

'മുണ്ഡ' കൂട്ടപ്പലായനത്തിന്റെ ഭാഗമായി നേപ്പാളില്‍ നിന്നും കേരളത്തിലേക്കു കുടിയേറിയ നേവാര്‍ വംശജരാണ്‌ നായന്‍മാര്‍. എന്തെന്നാല്‍ നായന്‍മാരുടെയിടയില്‍ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായവും, നേപ്പാളിലെ പഗോഡ മാതൃകയിലുള്ള നാലുകെട്ടു ഗൃഹനിര്‍മ്മാണവും ആരാധനാക്രമങ്ങളുമൊക്കെ നേവാര്‍ വംശജരുടേതുമായി താദാത്മ്യമുള്ളതാണ്‌.

പരശുരാമന്റെ ക്ഷത്രിയനിഗ്രഹത്തെ ഭയന്ന്‌ പൂണൂലു പൊട്ടിച്ചെറിഞ്ഞ് കേരളത്തിലേക്കു കുടിയേറിയ ക്ഷത്രിയ കുല നാഗവംശജരാണ്‌ നായന്‍മാരെന്നും പറയുന്നു. നായന്‍മാരുടെ സര്‍പ്പാരാധനയും വീടുകളില്‍ 'കുരിയാല' കെട്ടി നാഗത്താന്‍മാര്‍ക്കു വാസസ്ഥാനമൊരുക്കി സര്‍പ്പാരാധനയോട് കാട്ടുന്ന പ്രത്യേക മമതയുമാണ്‌ ഇതിനു തെളിവായി സാക്ഷ്യപ്പെടുത്തുന്നത്‌.

നാഗങ്ങളെ ആരാധിച്ചിരുന്ന നാഗന്‍മാര്‍ കേരളത്തിലുണ്ടായിരുന്നുവെന്നും നമ്പൂതിരിമാരുമായി ഒരു അഭിപ്രായ ഐക്യം ഉണ്ടാകും വരെ കാലങ്ങളോളം ഇവര്‍ പരസ്‌പരം കലഹിച്ചിരുന്നതായും തിരുവിതാംകൂര്‍ സ്‌റ്റേറ്റ്‌ മാനുവലില്‍ പ്രസ്താവിച്ചിരിക്കുന്നു.

ചേരസാമ്രാജ്യത്തിലെ നാടുവാഴികളായിരുന്ന 'നാകന്‍' മാരുടെ വംശപരമ്പരകളാണ്‌ നായന്‍മാര്‍ എന്നു ചട്ടമ്പി സ്വാമികള്‍ വ്യാഖ്യാനിച്ചതായും എഴുതപ്പെട്ടിരിക്കുന്നു. ചോളന്‍മാര്‍ ചേരസാമ്രാജ്യം ആക്രമിച്ചപ്പോള്‍ ചാവേറുകളായി യുദ്ധം ചെയ്ത പടയാളികളാണ്‌ നായന്‍മാര്‍ എന്നും പറയപ്പെടുന്നു.

ഇതെല്ലാം നായന്‍മാരെക്കുറിച്ച്‌ വിക്കിപീഡിയയില്‍ എഴുതിയിരിക്കുന്നതാണ്‌. ആധികാരികമായി അറിയുന്നവര്‍ കൂടുതല്‍ പറഞ്ഞു തരുമെന്ന പ്രതീക്ഷയോടെ ഇതു ബൂലോകത്തിനു സമര്‍പ്പിക്കുന്നു.

Thursday, March 20, 2008

സ്‌നാനം - ചുള്ളിക്കാടിന്റെ മറ്റൊരു കവിത.

(1993-ല്‍ ചുള്ളിക്കാട്‌ എഴുതിയ ഒരു കവിത.)

സ്‌നാനം

ഷവര്‍ തുറക്കുമ്പോള്‍
ഷവറിനു താഴെ
പിറന്നരൂപത്തില്‍
നനഞ്ഞൊലിക്കുമ്പോള്‍.

തലേന്നു രാത്രിയില്‍
കുടിച്ച മദ്യത്തിന്‍
വിഷഭാരം വിങ്ങും
ശിരസ്സില്‍ ശീതള
ജലത്തിന്‍ കാരുണ്യം
നനഞ്ഞിറങ്ങുമ്പോള്‍.

ഷവറിനു താഴെ
പിറന്ന രൂപത്തില്‍
ജലത്തിലാദ്യമായ്‌
കുരുത്ത ജീവന്റെ
തുടര്‍ച്ചയായി ഞാന്‍
പിറന്ന രൂപത്തില്‍.

ഇതേ ജലം തനോ
ഗഗനം ഭേദിച്ചു
ശിവന്റെ മൂര്‍ദ്ധാവില്‍
പതിച്ച ഗംഗയും?

ഇതേ ജലം തനോ
വിശുദ്ധ യോഹന്നാന്‍
ഒരിക്കല്‍ യേശുവില്‍
തളിച്ച തീര്‍ത്ഥവും?

ഇതേ ജലം തനോ
നബി തിരുമേനി
മരുഭൂമില്‍ പെയ്ത
വചനധാരയും?

ഷവര്‍ തുറക്കുമ്പോള്‍
ജലത്തിന്‍ ഖഡ്‌ഗമെന്‍
തല പിളര്‍ക്കുമ്പോള്‍

ഷവര്‍ തുറക്കുമ്പോള്‍
മനുഷ്യ രക്തമോ
തിളച്ച കണ്ണീരോ
കുതിച്ചു ചാടുമ്പോള്‍

മരിക്കണേ, വേഗം
മരിക്കണേയെന്നു
മനുഷ്യരൊക്കെയും
വിളിച്ചു കേഴുമ്പോള്‍

എനിക്കു തോന്നുന്നു
മരിച്ചാലും നമ്മള്‍
മരിക്കാറില്ലെന്ന്‌.

ജലം നീരാവിയായ്‌-
പ്പറന്നു പോകിലും
പെരുമഴയായി-
ത്തിരിച്ചെത്തും പോലെ
മരിച്ചാലും നമ്മള്‍
മനുഷ്യരായ്‌ ത്തന്നെ
പിറക്കാറുണ്ടെന്ന്.

ഷവറിനു താഴെ
നനഞ്ഞൊലിച്ചു നാം
പിറന്നു നില്‍ക്കുമ്പോള്‍.

Friday, March 14, 2008

നഗ്നകവിതകള്‍ - കുരീപ്പുഴ ശ്രീകുമാര്‍

ജ്യോത്സ്യന്‍
ജ്യോത്സ്യന്റെ ഭാര്യയെ
കാണ്മാനില്ല.
ചന്ദ്രന്‍ അപഹരിച്ചോ
രാഹുവോ, കേതുവോ
തെക്കോട്ടു നടത്തിച്ചോ
ചൊവ്വ പിടിച്ചോ
ശനി മറച്ചോ
അയാള്‍
കവടി നിരത്തിയതേ ഇല്ല.
നേരേ നടന്നു
പോലീസ്‌ സ്‌റ്റേഷനിലേക്ക്.

രാഹുകാലം
ഒന്നര മണിക്കൂര്‍
അയാള്‍ പിടിച്ചുനിന്നു
രാഹുകാലത്തില്‍
മൂത്രമൊഴിക്കുന്നതെങ്ങനെ?
കുറെക്കാലമായപ്പോള്‍
ഡോക്ടറെ കാണേണ്ടിവന്നു
അന്നു തുടങ്ങി
ഗുളികകാലം.
-(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും)

Wednesday, March 12, 2008

പലതരം കവികള്‍ - ചുള്ളിക്കാടിന്റെ കവിത

ചില കവികള്‍ പണ്ടത്തെ
രാജാക്കന്‍മാരെപ്പോലെയാണ്‌
ബുദ്ധിയും തന്ത്രവും സൈന്യവും
കൊണ്ട്‌ അവര്‍ കാവ്യരാജ്യം
ഭരിക്കും, ചോദ്യം ചെയ്യുന്നവരെ
കവിതയില്‍നിന്ന്‌ നാടുകടത്തും
വാക്കിന്റെ സൂര്യന്‍ ഉദിക്കുന്നതും
അസ്തമിക്കുന്നതും അവരുടെ
ആജ്ഞകൊണ്ടാണെന്ന്‌
വൈതാളികവൃന്ദം രാപ്പകല്‍
കീര്‍ത്തിക്കും, പക്ഷേ,
അയല്‍രാജാക്കന്മാരെ
കീഴടക്കാമെന്നല്ലാതെ
സ്വന്തം ജനതയുടെ ഹൃദയം കീഴടക്കാന്‍
അവര്‍ക്ക്‌ കഴിയുകയില്ല
അതിനാല്‍ ഒടുവിലവര്‍
നാല്‍ക്കവലകളില്‍ കാക്ക തൂറുന്ന
പ്രതിമകളായി മാറും.

2.
ചില കവികള്‍ ഇന്നത്തെ
മന്ത്രിമാരെപ്പോലെയാണ്‌
അവര്‍ക്ക്‌
ഗണ്‍മാന്‍മാരുണ്ട്‌, അവരെ
ആരെങ്കിലും കൂവിയാല്‍
ഗണ്‍മാന്‍മാര്‍ വെടിവെച്ച്‌
കൊല്ലും, ഒരു ദിവസം
ഭ്രാന്തിളകിയ സ്വന്തം ഗണ്‍മാന്റെ
വെടിയേറ്റ്‌ അവര്‍
മരിച്ചുവീഴാനും മതി.

3.
ചില കവികള്‍ സിനിമാതാരങ്ങളെ
പ്പോലെയാണ്‌, ക്ഷണികതയുടെ
തീവ്രബോധം അവരുടെ
നിമിഷങ്ങളെ
മഹോത്സവങ്ങളാക്കുന്നു
ബുദ്ധിമാന്‍മാര്‍ അവരുടെ കാലം
കടന്നുപോകുന്നത്‌ നിസ്സംഗരായി
നോക്കിനില്‍ക്കുന്നു.
വ്യാജബുദ്ധിജീവികള്‍ പരസ്യമായി
അവരെ പരിഹസിക്കുന്നു;
രഹസ്യമായി അവരോടുള്ള
അസൂയ കൊണ്ട്‌
പൊറുതിമുട്ടുന്നു.

4.
ചില കവികള്‍
എല്‍. ഐ. സി. ഏജന്റുമാരെ-
പ്പോലെയാണ്‌
അവരെക്കാണുമ്പോള്‍
മരണത്തെക്കുറിച്ചോര്‍ത്ത്‌
മറ്റുള്ളവര്‍ മുങ്ങിക്കളയും.

5.
ചില കവികള്‍ കുഷ്ഠരോഗികളെ-
പ്പോലെയാണ്‌.
ദേവാലയാങ്കണത്തില്‍
കുത്തിയിരുന്ന്‌ മുരടിച്ച കൈകള്‍
നീട്ടി അവര്‍
യാചിച്ചുകൊണ്ടിരിക്കും.
അവരെക്കണ്ട്‌
ദൈവശിക്ഷയോര്‍ത്തു നടുങ്ങി
നില്‍ക്കുന്ന അമ്മയോട്‌
കുഞ്ഞുമാലാഖയെപ്പോലുള്ള
മകള്‍ ചോദിക്കും: ' അമ്മേ ഇവര്‍
ഏതു ഗ്രഹത്തില്‍നിന്നു
വരുന്നു?"

6.
അപൂര്‍വം ചില കവികള്‍
പ്രൈമറി സ്കൂള്‍ അധ്യാപകരെ-
പ്പോലെയാണ്‌.
ഗ്രാമത്തിനു വെളിയില്‍
അവര്‍ അറിയപ്പെടില്ല.
എങ്കിലും നിത്യം മുന്നില്‍
വന്നിരിക്കുന്ന
പിഞ്ചുകുഞ്ഞുങ്ങളുടെ
ദൈവദീപ്തമായ കണ്ണുകള്‍ അവരെ
ശുദ്ധീകരിച്ചുകൊണ്ടിരിക്കും.
വിശ്വപ്രസിദ്ധിയുടെയോ
അനശ്വരതയുടെയോ
വ്യാമോഹങ്ങളും, ഉല്‍കണ്ഠകളും
ഇല്ലാതെ ഒരു ദിവസം അവര്‍
സംതൃപ്തിയോടെ ദൈവത്തിലേക്കു
പെന്‍ഷന്‍ പറ്റും.

Tuesday, March 11, 2008

പിറക്കാത്ത മകന്‌ - ചുള്ളിക്കാടിന്റെ കവിത

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.

പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍.

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌.

Saturday, March 8, 2008

വീട്ടിലുണ്ടാകരുതാത്ത സംഭവങ്ങള്‍

വിജയകൃഷ്ണനു മുത്തശ്ശി പറഞ്ഞു തന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്കും പറഞ്ഞു തരാം. ഒരു വീട്ടിലുണ്ടാകരുതാത്ത ചില അമംഗള വസ്തുക്കളേതെല്ലാമെന്നറിയേണ്ടേ.. ദേ ഇതൊക്കെയാണ്‌..

കത്തിക്കരിഞ്ഞ മുറം,
കത്തിക്കരിഞ്ഞ തുണി,
അഴിഞ്ഞ ചൂല്‍
ഉടഞ്ഞ കുപ്പി,
ഉടഞ്ഞ കണ്ണാടി,
പൊട്ടിയ കലം, കുടം.
ഒരേ വീട്ടില്‍ രണ്ടിടത്തു ഭക്ഷണം പാകം ചെയ്യല്‍,
നിലവിളക്കു കരിന്തിരി കത്തല്‍,
കിടന്നുറങ്ങിയ പായയും കിടക്കയും മടക്കിവെക്കാതിരിക്കല്‍,
ഉമ്മറപ്പടിമേലിരിക്കല്‍,
തുണിയോ, മുറമോ തീപിടിക്കല്‍,
ഭക്ഷണം കഴിച്ചിടത്തെ എച്ചില്‍ നീക്കാതിരിക്കല്‍,
ഭക്ഷണം കഴിഞ്ഞു പാത്രം കഴുകാതിരിക്കല്‍,
വീട്ടുമുറ്റം അടിക്കാതെ കിടക്കല്‍,
അല്പം നെല്ലുപോലുമില്ലാത്ത പത്തായം,
വെള്ളിയാഴ്ച ദിവസം അത്താഴപ്പട്ടിണി കിടക്കല്‍,
വീടിന്റെ മുന്‍വശത്തു മൂത്രവിസര്‍ജ്ജനം നടത്തല്‍ (ഇതു നടത്തിയപ്പോഴാ മുത്തശ്ശി പിടിച്ചു മടിയിലിരുത്തി ഇതെല്ലാം പറഞ്ഞു തന്നത്‌)
കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹിക്കല്‍,
വീടിന്റെ പിന്‍വശത്തുകൂടി സാധനങ്ങള്‍ ക്രയവിക്രയം നടത്തല്‍ (അച്ചന്റെ മദ്യക്കുപ്പി ആകാം കേട്ടോ)
അന്നം വിറ്റു പണം വാങ്ങല്‍
നഖം മുറിച്ചതും അടയ്കാമൊരിയും തലമുടി വേര്‍പെടുത്തിയതും തിരുമുറ്റത്തു ദര്‍ശിക്കല്‍
ഉമിക്കരിയും ഉപ്പും കൈയ്യില്‍ കൊടുക്കല്‍
വറുത്ത എണ്ണ കൊണ്ട്‌ നിലവിളക്കു കൊളുത്തല്‍
അമ്മിയിലും ഉരലിലും കയറി നിക്കല്‍
വീട്ടില്‍ നെല്ല്‌, അരി, വിളക്കെണ്ണ, വിളക്കുതിരി, ഉപ്പ്‌, അലക്കിയ വസ്ത്രം, ഉമിക്കരി, ഭസ്മം, കുങ്കുമം, ചാന്ത്‌, കണ്‍മഷി, പശുവിന്‍ ചാണകം എന്നിവ ഇല്ലാതിരിക്കല്‍ ...

ഇനിയും ഏതാണ്ടൊക്കെയുണ്ട്‌..മറന്നുപോയി...ഇപ്പോള്‍ ഏകദേശം നമ്മള്‍ എല്ലാം കവര്‍ ചെയ്തില്ലേ....
പാവം മുത്തശ്ശി ഇപ്പോള്‍ അങ്ങു സ്വര്‍ഗ്ഗത്തീന്ന്‌ 'എടാ, വിജേഷ്‌ണോ' എന്നു വിളിക്കുന്നുണ്ടാകും. മുത്തശ്ശി സ്വര്‍ഗ്ഗത്തില്‍ തന്നെയായിരിക്കും..അതു വിജയകൃഷ്ണനുറപ്പാ.....

Wednesday, March 5, 2008

കുറുക്കന്‍

സൂര്യോദയവേളയില്‍ ഒരു കുറുക്കന്‍ തന്‍റെ നിഴലിനെ നോക്കി ഇങ്ങനെ പറഞ്ഞു. "ഇന്നു ഉച്ചഭക്ഷണത്തിന്‌ ഒരു ഒട്ടകം". പ്രഭാതം മുഴുവന്‍ അവന്‍ ഒട്ടകത്തെ തെരഞ്ഞുനടന്നു. മധ്യാഹ്നത്തോടെ വീണ്ടും തന്‍റെ നിഴല്‍ കണ്ട കുറുക്കന്‍ പറഞ്ഞു. "തല്ക്കാലം ഒരു എലി മതി".

Saturday, March 1, 2008

ഓമനത്തിങ്കള്‍ക്കിടാവോ

ഓമനത്തിങ്കള്‍ക്കിടാവോ, നല്ല കോമളത്താമരപ്പൂവോ

പൂവില്‍നിറഞ്ഞ മധുവോ, പരിപൂര്‍ണേന്ദു തന്റെ നിലാവോ

പുത്തന്‍ പവിഴക്കൊടിയോ, ചെറുതത്തകള്‍ കൊഞ്ചും മൊഴിയോ

ചാഞ്ചാടിയാടും മയിലോ, മൃദുപഞ്ചമം പാടും കുയിലോ

തുള്ളുമിളമാന്‍ കിടാവോ, ശോഭ കൊള്ളുന്നൊരന്നക്കൊടിയോ

ഈശ്വരന്‍ തന്ന നിധിയോ, പരമേശ്വരിയേന്തും കിളിയോ

പാരിജാതത്തിന്‍ തളിരോ, എന്റെ ഭാഗ്യദ്രുമത്തിന്‍ ഫലമോ,

വാത്സല്യരത്നത്തെ വെയ്പ്പാന്‍, മമ വാച്ചോരു കാഞ്ചന ചെപ്പോ,

ദൃഷ്ടിക്കുവെച്ചോരമൃതോ, കൂരിരുട്ടത്തുവെച്ച വിളക്കോ

കീര്‍ത്തീലതക്കുള്ള വിത്തോ, എന്നും കേടു വരാതുള്ള മുത്തോ

ആര്‍ത്തീതിമിരം കളവാന്‍, ഉള്ള മാര്‍ത്താണ്ഡദേവപ്രഭയോ

സൂക്തിയില്‍ കണ്ട പൊരുളോ, അതി സൂക്ഷ്മമാം വീണാരവമോ

വമ്പിച്ച സന്തോഷവല്ലി, തന്റെ കൊമ്പതില്‍ പൂത്ത പൂവല്ലീ

പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ, നാവിന്നിച്ഛ നല്കുന്ന കല്‍ക്കണ്ടോ,

കസ്തൂരി തന്റെ മണമോ, നല്ല സത്തുക്കള്‍ക്കുള്ള ഗുണമോ

പൂമണമേറ്റോരു കാറ്റോ, ഏറ്റം പൊന്നില്‍ കലര്‍ന്നോരു മാറ്റോ

കാച്ചിക്കുറുക്കിയ പാലോ, നല്ല ഗന്ധമെഴും പനിനീരോ

നന്‍മ വിളയും നിലമോ, ബഹുധര്‍മങ്ങള്‍വാഴും ഗൃഹമോ

ദാഹം കളയും ജലമോ, മാര്‍ഗ്ഗഖേദം കളയും തണലോ

വാടാത്ത മല്ലികപ്പൂവോ, ഞാനുംതേടിവെച്ചുള്ള ധനമോ

കണ്ണിന്നു നല്ല കണിയോ, മമ കൈവന്ന ചിന്താമണിയോ

ലാവണ്യപുണ്യ നദിയോ, ഉണ്ണിക്കാര്‍വര്‍ണ്ണന്‍ തന്റെ കണിയോ

ലക്ഷ്മീഭഗവതി തന്റെ, തിരുനെറ്റിമേലിട്ട കുറിയോ

എന്നുണ്ണിക്കൃഷ്ണന്‍ ജനിച്ചോ, പാരിലിങ്ങനെ വേഷം ധരിച്ചോ

പത്മനാഭന്‍ തന്‍ കൃപയോ, ഇനി ഭാഗ്യം വരുന്ന വഴിയോ

ഓമനത്തിങ്കള്‍ക്കിടാവോ, നല്ല കോമളത്താമരപ്പൂവോ

പൂവില്‍നിറഞ്ഞ മധുവോ, പരിപൂര്‍ണേന്ദു തന്റെ നിലാവോ

- ഇരയിമ്മന്‍ തമ്പി

Thursday, February 28, 2008

മാടപ്രാവിന്റെ വിധി

വൈകുണ്ഠത്തില്‍ വിഷ്ണുഭഗവാനെ കാണാന്‍ ദേവന്‍മാരുടെ തിരക്ക്‌. കൂട്ടത്തില്‍ യമരാജാവും വന്നു ഭഗവാനെ കാണാന്‍. ഈ സമയം ഗോപുരവാതിലിലെ ഒരു തൂണില്‍ ഒരു ചെറിയ മാടപ്രാവ്‌ ഇരിക്കുന്നുണ്ടായിരുന്നു. മാടപ്രാവിനെ കണ്ടതും യമരാജാവ്‌ പ്രാവിനെ സൂക്ഷിച്ചൊന്നു നോക്കി. ഒപ്പം അത്‌ഭുതത്താല്‍ അദ്ദേഹത്തിന്റെ മുഖം വിടരുകയും ചെയ്തു.

എന്നിട്ട്‌ പ്രാവിനെ നോക്കി ' ഇനി ഒരു മൂന്നു നാഴിക കൂടി' എന്നു മനസ്സില്‍ പറയുകയും ചെയ്തു.

ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു വിഷ്ണുവിന്റെ വാഹനമായ ഗരുഡന്‍. പക്ഷികളുടെ രാജാവാണല്ലോ ഗരുഡന്‍. ആ മാടപ്രാവിന്റെ ആയുസ്സിനെക്കുറിച്ചാണ്‌ യമരാജാവ്‌ ഉത്‌കണ്ഠപ്പെട്ടതെന്നു ഗരുഡനു തീര്‍ച്ചയായിരുന്നു.

യമരാജാവിനെ ഒന്നു പറ്റിക്കണമെന്നു തന്നെ ഗരുഡന്‍ തീരുമാനിച്ചു. യമരാജാവ്‌ വിഷ്ണുവിനെ കാണാന്‍ അകത്തേക്കു പോയ തക്കം നോക്കി ഗരുഡന്‍ ആ മാടപ്രാവിനെ റാഞ്ചിയെടുത്ത്‌ മിന്നല്‍ വേഗത്തില്‍ പറന്ന്‌ അഞ്ഞൂറുയോജന അകലെയുള്ള ദണ്ഡകാരണ്യത്തിലെ ഒരു ഗുഹക്കുള്ളില്‍ കൊണ്ടുപോയി ഒളിപ്പിച്ചു വെച്ച ശേഷം തിരിച്ചു വൈകുണ്ഠത്തില്‍ വന്ന്‌ പഴയ സ്ഥാനത്തിരുന്നു.

അല്പസമയം കഴിഞ്ഞ്‌ യമരാജാവ്‌ വിഷ്ണുവിനെ കണ്ട ശേഷം തിരിച്ചിറങ്ങി വന്നു.

ഉള്ളില്‍ അടക്കിപ്പിടിച്ച കള്ളച്ചിരിയോടെ ഗരുഡന്‍ യമനോടു ചോദിച്ചു.

'അല്ലയോ യമരാജാവേ, അങ്ങു അകത്തേക്കു പോകും മുന്‍പേ ഇവിടിരുന്ന മാടപ്രാവിനെ കണ്ട്‌ എന്തിനാണ്‌ അത്‌ഭുതപ്പെട്ടത്‌?

യമരാജന്‍ മറുപടി പറഞ്ഞു.

'അല്ലയോ പക്ഷിശ്രേഷ്ഠാ, മൂന്നു നാഴികക്കുള്ളില്‍ ദണ്ഡകാരണ്യത്തിലെ ഒരു ഗുഹക്കുള്ളില്‍വെച്ച്‌ ഒരു മലമ്പാമ്പ്‌ വിഴുങ്ങി മരണപ്പെടണമെന്നതായിരുന്നു ആ മാടപ്രാവിന്റെ വിധി. ഇത്രയും പെട്ടെന്ന്‌ ഇത്ര ദൂരെയുള്ള ദണ്ഡകാരണ്യത്തില്‍ ഇത്തിരിപ്പോന്ന ഈ പക്ഷി എങ്ങിനെയെത്തും എന്നു കരുതിയാണ്‌ ഞാന്‍ അത്‌ഭുതപ്പെട്ടത്‌. ഇപ്പോള്‍ എല്ലാം ശുഭമായി."

70 ശതമാനം മലയാളികള്‍ തിരിച്ചു മടങ്ങുമ്പോള്‍...

ഗള്‍ഫില്‍ വിസ കാലാവധി 10 വര്‍ഷമാക്കി, 70 ശതമാനം മലയാളികളും തിരികെ നാട്ടിലേക്ക്‌
ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കാലാവധി പത്തുവര്‍ഷമായി ചുരുക്കാന്‍ അറബ്‌ - ഗള്‍ഫ്‌ കോ-ഓപ്പറേറ്റീവ്‌ കൌണ്‍സില്‍ തീരുമാനിച്ചു.

അടുത്ത അറബ്‌ ഉച്ചകോടി ഈ തീരുമാനത്തിന്‌ അംഗീകാരം നല്‍കും. ഇതോടെ പ്രവാസി തൊഴിലാളികളുടെ വേതനത്തിന്റെ തണലില്‍ കെട്ടിപ്പൊക്കിയ കേരള സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയിളകും. നിയം പ്രാബല്യത്തിലാകുന്നതോടെ ഗള്‍ഫിലുള്ള 70 ശതമാനം മലയാളികള്‍ക്ക്‌ തിരിച്ചുപോകേണ്ടിവരും.

സ്വന്തമായി സ്‌പോണ്‍സര്‍ഷിപ്പ്‌ അധികാരമുള്ള ബിസിനസ്‌കാര്‍ക്കും നിക്ഷേപകര്‍ക്കും നിയമം ബാധകമാവുകയില്ല. അറബ്‌-ഗള്‍ഫ്‌ കൌണ്‍സിലിന്റെ ബഹ്‌റൈന്‍, ഖത്തര്‍, യു. എ. ഇ., കുവൈറ്റ്‌, സൌദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളിലാണ്‌ നിയമം പ്രാബല്യത്തില്‍ വരിക. ഒരു രാജ്യത്ത്‌ 20 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക്‌ വോട്ടവകാശത്തിന്‌ അര്‍ഹതയുണ്ടെന്ന ഐക്യരാഷ്‌ട്രസഭയുടെ പുതിയ നിയമമാണ്‌ അറബ്‌ രാജ്യങ്ങളെ തീരുമാനത്തിനു പ്രേരിപ്പിച്ചത്‌. നാടിന്റെ വരുമാനം ഭൂരിഭാഗവും വിദേശരാജ്യങ്ങളിലേക്കു പോകുന്നതും കാരണമാണെന്നു കരുതുന്നു.

65,000 കോടി രൂപയാണ്‌ ഗള്‍ഫ്‌ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന്‌ 2007-ല്‍ കേരളത്തിലേക്ക്‌ ഒഴുകിയെത്തിയത്‌. വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക്‌ കഴിഞ്ഞ വര്‍ഷം ആകെ 1, 05, 300 കോടി (2700 കോടി യു. എസ്‌. ഡോളര്‍) ലഭിച്ചപ്പോളാണ്‌ ഇതില്‍ പകുതിയിലേറെയും കേരളത്തിലേക്കൊഴുകിയത്‌. മൂന്നു കോടിയിലധികം ജനസംഖ്യയുള്ള സംസ്ഥാനത്ത്‌ നാലു ശതമാനത്തിലധികം മാത്രമുള്ള പ്രവാസികളാണ്‌ ബജറ്റിലെ വരുമാനത്തേക്കാള്‍ സമ്പദ്‌ഘടനയെ താങ്ങിനിര്‍ത്തുന്നത്‌.

വലിയൊരു വിഭാഗം തൊഴിലാളികള്‍ കേരളത്തിലേക്കു മടങ്ങുമ്പോള്‍ ഇവരുടെ പുനരധിവാസം സംസ്ഥാന സര്‍ക്കാരിനു വലിയ ഒരു ബാധ്യതയാകും. ഇവരുടെ പുനരധിവാസത്തിനു പ്രവാസി ക്ഷേമനിധി പോലുല്ല സംവിധാനങ്ങള്‍ ആരംഭിച്ചാലേ ഒരു പരിധി വരെ പിടിച്ചു നില്കാന്‍ പറ്റൂ.

പ്രവര്‍ത്തിപരിചയമെന്ന മാനദണ്ഡത്തിനു പകരം യു. എ. ഇ-യില്‍ ജോലിക്കു യോഗ്യതാ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന്‌ ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പിന്‍സ്‌, ഈജിപ്റ്റ്‌, യു. കെ. തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചു വരികയാണ്‌. ഈ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ വലിയൊരു വിഭാഗത്തിനു നാട്ടിലേക്കു ടിക്കറ്റെടുക്കേണ്ടി വരും. അറബ്‌ - ഗള്‍ഫ്‌ രാജ്യങ്ങളില്‍ പൊതു മാപ്പ്‌ ലഭിച്ച്‌ പതിനായിരങ്ങള്‍ നാട്ടിലേക്ക്‌ തിരിച്ചെത്തുന്നതിനു പുറമെയാണ്‌ പുതിയ പ്രതിസന്ധികള്‍.

-മംഗളം ന്യൂസ് - 28 ഫെബ്രുവരി 2008

Sunday, February 24, 2008

മാധവിക്കുട്ടി - നഷ്ടപ്പെട്ട നീലാംബരി.

(രഘു നായര്‍, കുവൈറ്റ്‌ എഴുതി പുഴ.കോം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്‌.)

'എന്നോടു ദയ കാണിക്കരുത്‌. ദയ എന്ന ഭീരുവാക്കും. ദയ എന്നെ കരയിക്കും. സ്‌നേഹത്തിന്റെ അഭാവവും അല്പസ്വല്‍പ്പം ക്രൂരതയും എന്നെ എന്നും ഒരു സിംഹിയായി നിലനിര്‍ത്തും.'

ഇങ്ങനെ എഴുതിയ മാധവിക്കുട്ടി എന്ന മലയാളത്തിലെ സത്യസന്ധയായ സാഹിത്യകാരി എന്നും സിംഹിയായി തുടരാനായിരിക്കും 'നാടുവിട്ടു' എന്നറിയിച്ചുകൊണ്ട്‌ മലയാളത്തോട്‌ ചെറിയ ക്രൂരത കാണിച്ചത്‌. പക്ഷേ ഇവരുടെ സാഹിത്യരചനകളുടെ അന്ത:സത്ത അനുഭവിച്ചവര്‍ക്കാര്‍ക്കും ഈ ക്രൂരതയില്‍ ലവലേശം ഉത്‌കണ്ഠയുണ്ടാകില്ല.

ഈ ലോകത്തിന്റെ ഏതു കോണാണ്‌ മാധവിക്കുട്ടി കാണാതിരുന്നത്‌, ഏതു വന്യതകളിലൂടെയാണ്‌ നടക്കാതിരുന്നത്‌. എവിടെയിരുന്നാലും പുന്നയൂര്‍ക്കുളത്തെ കണിക്കൊന്നയും നാലപ്പാട്ടു തറവാടും, സര്‍പ്പക്കാവും, കുളക്കടവും, കേരളത്തിന്റെ സ്വന്തം ഞാറ്റുവേലയും അവരെ അലട്ടിക്കൊണ്ടേയിരിക്കും. ഒരു കൂടുമാറ്റവും മാധവിക്കുട്ടിയെ സ്വത്വത്തെ ബാധിക്കില്ലായെന്നത്‌ അവര്‍ തന്നെ പല തവണ തെളിയിച്ചു കഴിഞ്ഞതാണ്‌.

സമൂഹത്തിലെ കപടസദാചാരമൂല്യങ്ങള്‍ക്കു വിപരീതമായി നടന്നാണ്‌ മാധവിക്കുട്ടി സാഹിത്യകാരിയായത്‌. മേധാവിത്വശീലമുള്ള മന:സാക്ഷിയുടെ നേര്‍ക്കുനേരെ, വെളിച്ചത്തു നിന്നുകൊണ്ട്‌, ഭയമില്ലാതെ 'രാജാവ്‌ നഗ്നനാണ്‌ ' എന്നു വിളിച്ചുപറയാന്‍ ,മലയാള സാഹിത്യത്തില്‍ ധൈര്യമുള്ള ഒരാളേയുണ്ടായിരുന്നുള്ളൂ എന്ന സത്യം നമ്മള്‍ സൌകര്യപൂര്‍വം മറന്നതിനാലാകണം ഈ കലാകാരിക്ക്‌ ജീവിതസായാഹ്‌നത്തില്‍ ഇങ്ങനെയൊരു ക്രൂരതയെക്കുറിച്ച്‌ ചിന്തിക്കേണ്ടിവന്നത്‌.

സംസ്കാരശുദ്ധിയിലേക്കുള്ള മനുഷ്യന്റെ യാത്രയില്‍ നിഷേധിക്കുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന മൃഗവാസനകളെക്കുറിച്ച്‌ മറയത്തു നിന്നും മാറി ഇറയത്തുവന്നുനിന്നു പറഞ്ഞതിനാലാണ്‌ മാധവിക്കുട്ടി നമ്മുടെ വിശുദ്ധ 'സംസ്കാര' ത്തിനു അനഭിമതയായത്‌. മട്ടുള്ളവരുടെ പ്രേതവിചാരണകളെ ഭയന്ന്‌ തന്റെ എഴുത്തിനെ മാട്ടിമറിക്കാന്‍ കഴിയാതെപോയ ദൌര്‍ബല്യമാണ്‌ ഇവരെ നിരാലംബയാക്കിയത്‌.

എഴുത്തുകാരന്റെ സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും നിരുപാധികമായിരിക്കണമെന്നു നിഷ്ഠ്യുള്ള ഒറ്റ സാഹിത്യകാരി മാത്രമേ ഭാരതത്തിലുണ്ടായിട്ടുള്ളൂ എന്ന്‌ ഏവര്‍ക്കുമറിയാം. ആത്‌മരതിയുടെ സായൂജ്യത്തിനായി സ്വപ്നസാഹിത്യം രചിക്കുന്ന മാധവിക്കുട്ടിയെ വായിക്കപ്പെടുമ്പോള്‍ എഴുത്തുകാരി തന്നെ കഥയിലെ നായികയായി വായനക്കരിലേക്ക്‌ ഒരു ബാധ പോലെ സന്നിവേശിക്കപ്പെടുന്നു. ഈ സ്ഫടികസൌന്ദര്യം കാണാതെ അല്‍പ്പവായനയിലൂടെ സദാചാരലംഘനമായും സാമൂഹിക വിമര്‍ശനമായും വായിക്കപ്പെട്ടുപോയതിനാലാണ്‌ ഇവര്‍ക്ക്‌ നിത്യം ഒളിയമ്പുകളേല്‍ക്കേണ്ടി വരുന്നത്‌. മാധവിക്കുട്ടി മദമിളകിയ സ്ത്രീയാണെന്ന ഒരു ചിത്രം ഒരു സമൂഹമാകെ വ്യാപിപ്പിക്കുവാന്‍ മാത്രമേ ഇത്തരം വായനക്കര്‍ ശ്രമിച്ചിട്ടുള്ളൂ.

എഴുതുമ്പോള്‍ മാധവിക്കുട്ടിക്ക്‌ ഭയത്തിന്റെ അര്‍ത്ഥം അറിഞ്ഞുകൂടാതാകുന്നു. ഒരു വിനാശത്തിന്റെ മുന്നേറ്റം പോലെ എഴുതാന്‍ പോലും അവര്‍ക്കു കഴിയുന്നു. പ്രാര്‍ത്ഥനയുടെ അടിസ്ഥാനരൂപങ്ങള്‍ കൈകാര്യം ചെയ്യുന്നതുപോലെ ലൈംഗികതയെ അവര്‍ വിശകലനം ചെയ്യുന്നു. - കെ. പി. അപ്പന്‍ ഒരിക്കല്‍ മാധവിക്കുട്ടിയെക്കുറിച്ചെഴുതിയതാണിത്‌.

ആണും പെണ്ണും തമ്മില്‍ സന്താനോല്‍പാദനത്തിനായി ചെയ്യുന്ന ശാരീരികസംഗമമാണ്‌ ലൈംഗികത എന്ന പൊതുവായ അറിവിനപ്പുറത്തുള്ള അറിവാണ്‌ മാധവിക്കുട്ടിയുടെ രചനയിലെ അടയാളങ്ങള്‍. മനുഷ്യനിലെ രതികല്‍പ്പനകളെ സംസ്കാരതിന്റെ തടവറക്കുള്ളില്‍ അടക്കിവെക്കേണ്ടിവരുമ്പോഴുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളുടെ അനുരണനങ്ങള്‍ അടുത്തറിഞ്ഞതും പറഞ്ഞുകൊടുത്തതുമാണ്‌ അവരിലെ അക്ഷന്തവ്യതയായി കണക്കാക്കപ്പെട്ടത്‌.

മുട്ടത്തു വര്‍ക്കി, കാനം ഇ. ജെ., മുതലായ പൈങ്കിളിസാഹിത്യകാരുടേയും, അയ്യനേത്ത്‌, പമ്മന്‍ തുടങ്ങിയ ഇക്കിളിസാഹിത്യകാരുടേയും സൃഷ്ടികള്‍ വായിച്ച്‌ ഇന്ദ്രിയങ്ങളില്‍ ഇളക്കമുണ്ടാക്കിയിരുന്ന ഒരു വായനാസമൂഹത്തിന്‌ മാധവിക്കുട്ടിയുടെ രചനകളും അതിലെ രത്യംശങ്ങളും അവനവന്റെ തന്നെ നേര്‍ക്കുനേരെ വരുന്ന ശരങ്ങളായി സ്വയം തൊന്നിപ്പിച്ചിട്ടുണ്ടാകാം. ഇവരുടെ രചനകളില്‍ അടക്കിവെക്കലുകളിലൂടെ അക്രമാസക്തമായിപ്പോയ മനസ്സു ചുമക്കുന്ന തന്റെ തന്നെ ഛായ ഒരോരുത്തരും കാണാന്‍ തുടങ്ങുന്നു.

വിവാഹം കഴിഞ്ഞവരിലെ ലൈംഗികതയും അരാജകത്വവും മാധവിക്കുട്ടി തന്റെ മസൃണഭാഷയിലൂടെ പറഞ്ഞപ്പോള്‍ അതിന്‌ നാനാര്‍ത്ഥങ്ങള്‍ കണ്ടെത്തുകയായിരുന്നു ഒരുപിടി മലയാളികള്‍ ചെയ്തത്‌. കേരളത്തിലെ വിവിധ ലൈംഗിക കുറ്റകൃത്യങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു സത്യമുണ്ട്‌. പ്രതികളില്‍ കൂടുതല്‍ പേരും വിവാഹിതരും കുടുംബമായി കഴിയുന്നവരുമാണ്‌. മാധവിക്കുട്ടി അടയാളപ്പെടുത്തിയ അരാജകത്വത്തിന്റെ അടിയാന്‍മാരാണിവര്‍.

ഓര്‍മ്മ വെച്ച നാള്‍ മുതല്‍ പ്രവാസത്തിലായിരുന്ന ഒരു കഥാകാരി തിരിച്ചെത്തി വര്‍ഷങ്ങള്‍ക്കു ശേഷം ജീവിതത്തിന്റെ സന്ധ്യാവേളയില്‍ നാടിന്റെ പടിയിറങ്ങി മറ്റൊരു പ്രവാസജീവിതത്തെക്കുറിച്ചു ചിന്തിക്കുന്നുവെങ്കില്‍ അവരുടെ നൊമ്പരങ്ങള്‍ക്കു മറുപടി പറയാന്‍ നാം ബാദ്ധ്യസ്ഥരാണ്‌.

മലയാളത്തിലെ ഇതര സാഹിത്യകാരില്‍ നിന്നെല്ലാം വ്യത്യസ്തയായി ഒരുപാടു സൌഭാഗ്യങ്ങള്‍ക്കിടയില്‍ ജനിച്ചു വളര്‍ന്നവളാണ്‌ മാധവിക്കുട്ടി. അതുകൊണ്ടുതന്നെ താഴേക്കിടയിലുള്ളവരുടെ വേദനകളെ ഉപരിപ്ലവമായി മാത്രമേ അവര്‍ക്കു കാണാന്‍ സാധിച്ചിട്ടുള്ളൂ. ആഢ്യത്തത്തിന്റെ അടിച്ചമര്‍ത്തലുകളില്‍ അവരുടെ ആനന്ദവും ഉള്‍പ്പെട്ടതില്‍ നിന്നുള്ള അമര്‍ഷമാണ്‌ അവരുടെ രചനയിലെ രത്യംശങ്ങള്‍. തന്നേക്കാള്‍ വളരെയധികം പ്രായക്കൂടുതലുള്ള ഭര്‍ത്താവിനോടൊപ്പം പത്തൊമ്പതാം വയസ്സുമുതല്‍ ജീവിക്കേണ്ടിവന്നപ്പോള്‍ ഒരു കൌമാരക്കാരിയുടെ നഷ്ടസ്വപ്നങ്ങളും കല്‍പ്പനകളും അവരെ എന്നും പിന്‍വിളി വിളിച്ചിരുന്നു.

ചന്ദനമരങ്ങളില്‍ നായികക്ക്‌ കല്യാണിക്കുട്ടിയോടുണ്ടായ പ്രണയം ഇത്തരമൊരു നഷ്ടസ്മൃതിയുടെ മൂര്‍ത്തീകരണമാണ്‌. കൌമാരത്തിലെ ഏകാന്തതയില്‍ വീണുകിട്ടിയ പ്രണയവും തുടര്‍ന്നുണ്ടായ രതിയുടെ കടന്നുവരവും ഒരു ഉല്‍സവം പോലെ ആഘോഷിക്കുകയും ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ഒരു കളിപ്പാവയെപ്പോലെ അതിനെ കയ്യിലെടുത്ത്‌ ഓമനിക്കുകയും ചെയ്യുന്നു.

ഇത്തരം കല്‍പ്പനകളെ സദാചാരത്തിന്റെ വേലിക്കെട്ടു നോക്കാതെ സ്വപ്നസാഹിത്യത്തിന്റെ ഭാഷ്യത്തിലൂടെ അവതരിപ്പിക്കുവാന്‍ ധൈര്യം കാട്ടിയ സാഹിത്യകാരിയാണ്‌ മാധവിക്കുട്ടി. ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ മാജിക്കല്‍ റിയലിസത്തെ മാറോടണച്ചു പുകഴ്ത്തി സംസാരിച്ച വായനാസമൂഹമാണ്‌ മാധവിക്കുട്ടിയുടെ സ്വപ്നസാഹിത്യത്തെ ഒരു വിഭ്രമമായി വായിച്ചവസാനിപ്പിച്ചതും ഇകഴ്ത്തിയതുമെന്നതാണ്‌ ദയനീയത. തന്റെ തോന്നലും തന്റെ സ്വപ്നങ്ങളുമാണ്‌ തന്റെ സാഹിത്യമെന്ന്‌ ഭയലേശമെന്യേ അവര്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. ഇങ്ങനെ പറയുന്ന ഒരേ ഒരു സാഹിത്യകാരി മാത്രമേ ഭാരത്തൈലുണ്ടായിട്ടുള്ളൂ എന്ന സത്യം മറച്ചുവെക്കനാകാത്തതാണ്‌. അത്‌ അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവരോട്‌ പറയാതെ പിന്നീടെപ്പോഴെങ്കിലും പറയാനും എഴുതാനും വേണ്ടി കരുതിവെക്കുന്നത്‌ ആ സാഹിത്യകാരിക്കു ഒരു ഗുണവും ചെയ്യില്ല.

തല്ലിച്ചളുക്കിയ തകരപ്പാത്രം പോലെ വഴിയുലുപേക്ഷിക്കാനുള്ളതല്ല മാധവിക്കുട്ടി എന്ന കഥാകാരി. കാലമുരുളുമ്പോള്‍ തിമിരമേല്‍ക്കാത്ത കണ്ണുകളിലൂടെയും നവീകരിക്കപ്പെട്ട വായനയിലൂടെയും മാധവിക്കുട്ടിയെ വാഴ്ത്തുന്ന ഒരു തലമുറ വരാനിരിക്കുന്നുണ്ട്‌. ജീവിച്ചിരുന്നപ്പോള്‍ യേശുക്രിസ്തുവിനുപോലും കല്ലേറു ഏറ്റിട്ടുള്ള കാര്യമോര്‍ത്തെങ്കിലും ഈ സ്വപ്നസാഹിത്യത്തിന്റെ 'അമ്മ' മലയാളിത്തത്തോട്‌ ക്ഷമിക്കുമെന്നു നമുക്കു വിശ്വസിക്കാം.

പുറംനാട്ടിലെ ജീവിതം എന്നും തന്റെ സര്‍ഗ്ഗശക്തിയെ പോഷിപ്പിക്കാറുണ്ട്‌ എന്നു പറഞ്ഞിട്ടുള്ള മാധവിക്കുട്ടിക്ക്‌ ഈ സായന്തനപ്രവാസം കൂടുതലെഴുതാന്‍ പ്രചോദനമാകട്ടെ. പക്ഷേ ഒരു കാര്യമുണ്ട്‌. മലയാളഭാഷയെ തിര്യക്കുകളുടെ ശ്രേണിയിലാക്കാന്‍ ഈ സാഹിത്യകാരിക്ക്‌ അര്‍ഹതയോ അവകാശമോ ഇല്ല. കാരണം ലോകത്തിന്റെ ഏതു കോണിലിരുന്നാലും മാധവിക്കുട്ടിക്ക്‌ മലയാളത്തില്‍ മാത്രമേ ചിന്തിക്കാന്‍ കഴിയൂ എന്നത്‌ കമലാദാസിന്റെ ഇംഗ്ലീഷു കവിതകളിലൂടെ നടന്നവര്‍ക്കറിയാം. വിധുരസ്‌മരണകളും, ഗ്രാമ്യതയുടെ പിന്‍വിളിയും വള്ളുവനാടന്‍ ഉള്‍ഗ്രാമത്തിലെ നടുമുറ്റങ്ങളില്‍ തത്തിക്കളിക്കുന്ന കാറ്റിന്റെ ഗന്ധവും അവരെ വായിക്കുമ്പോള്‍ അനുഭവിച്ചറിയുന്നുവെങ്കില്‍ കമലാദാസ്‌ മലയാളിയായതുകൊണ്ടുമാത്രമാണ്‌. മലയാളം അവരുടെ മാതൃഭാഷയായതിനാലാണ്‌. മാധവിക്കുട്ടിയുടെ നല്ല രചനകളെല്ലാം മലയാളത്തിലാണെന്ന്‌ ഈ സാഹിത്യകാരിക്കു നിഷേധിക്കുവാനും മലയാളികള്‍ക്കു മറക്കുവാനും കഴിയില്ല.

Tuesday, February 19, 2008

മണിമുഴക്കങ്ങള്‍

(കടപ്പാട്‌ - അനില്‍കുമാര്‍ വി. നായര്‍)

ഞാന്‍ എന്നെ നിങ്ങള്‍ക്കു പരിചയപ്പെടുത്താം. ഞാന്‍ നിങ്ങളിലൊരുവന്‍ തന്നെയാണ്‌. അല്ലെങ്കില്‍ നിങ്ങളില്‍ പലരും ഞാനായി മാറേണ്ടവരാണ്‌.

എന്റെ പേരു്‌ ജോസഫ് സ്റ്റീഫന്‍. ഒരിക്കല്‍ അതു ജോസൂട്ടിയായിരുന്നു. പിന്നെ ജോസഫായി, ജോസഫ്‌ സാറായി, ജോസഫ്‌ അച്ചായനായി. ജീവിതത്തില്‍ പലപ്പോഴായി മുഴങ്ങിക്കേട്ട മണിയൊച്ചകള്‍ പോലെ കാലഘട്ടങ്ങള്‍ക്കനുസരിച്ച്‌ പേരിനു മാറ്റം വന്നു. ഞാന്‍ കേട്ട മണിയൊച്ചകളില്‍ ഇങ്ങനൊക്കെയായിരുന്നു.

മണിമുഴക്കം - 1

ഞാന്‍ സ്കൂളിലാണ്‌. അസംബ്ലി ചേരുകയാണ്‌. പബ്ലിക്‌ എക്‌സാമിനേഷന്‌ ഏറ്റവുമധികം മാര്‍ക്ക് വാങ്ങിയ കുട്ടിയയതുകൊണ്ട്‌ എനിക്കു പുരസ്കാരം ലഭിക്കുവാന്‍ പോവുകയാണ്‌. സ്കൂള്‍ വരാന്തയില്‍ അദ്ധ്യാപകര്‍ക്കൊപ്പം നില്ക്കുകയാണ്‌ ഞാന്‍. മുറ്റത്തു വരിവരിയായി നില്‍ക്കുന്ന കുട്ടികളെ കടന്ന്‌ അമ്മച്ചി വരുന്നതു എനിക്കു കാണാം. സ്കൂളിനടുത്തുല്ല കൊട്ടാരത്തു വീട്ടിലാണ്‌ അമ്മച്ചിക്കു ജോലി. കരിപുരണ്ട പാത്രം കഴുകിയ കൈ തുടച്ചിട്ടാകാം മുണ്ടിലാകെ കരി പുരണ്ടിരിക്കുന്നു. പ്രധാന അദ്ധ്യാപകന്‍ എന്നെ പുകഴ്ത്തി പറഞ്ഞു സംസാരിക്കുകയും അവാര്‍ഡ്‌ തരികയും ചെയുമ്പോള്‍ കോന്തല കൊണ്ട്‌ അമ്മച്ചി കണ്ണീര്‍ തുടയ്ക്കുന്നത്‌ എനിക്കു കാണാമായിരുന്നു.

മണിമുഴക്കം - 2

പള്ളിമണികല്‍ മുഴങ്ങുന്നു. കുന്തിരിക്കത്തിന്റേയും സാമ്പ്രാണിയുടെയും ഗന്ധം. സ്വര്‍ണ്ണനിറമുള്ള ചിത്രപ്പണി ചെയ്ത പെട്ടിയില്‍ അമ്മച്ചി കിടക്കുന്നു. ശുഷ്‌കിച്ച ശരീരം നോക്കി കരയാന്‍ ആരുമില്ല. എന്റെ ഭാര്യ റോസ്‌ലിന്‍ അമ്മച്ചിയുടെ മുഖത്തേക്കു നോക്കിയിരിക്കുന്നു. തറവാട്ടു മഹിമ നോക്കിയിരുന്നെങ്കില്‍ എനിക്കു റോസ്‌ലിനെ ഭാര്യയായി കിട്ടുമായിരുന്നില്ല. അത്രയും ഉയര്‍ന്ന കുടുംബക്കാരാണവര്‍. ഗള്‍ഫിലെ ഉയര്‍ന്ന ജോലി കാരണമാണ്‌ എനിക്കു റോസ്‌ലിനെ ഭാര്യയായി കിട്ടിയത്‌. വന്ന നാള്‍ മുതല്‍ അമ്മച്ചിയോടൊപ്പം കഴിയാന്‍ അവള്‍ക്ക്‌ അകല്‍ച്ചയായിരുന്നു. കഷ്ടപ്പാടുകള്‍ ഏറെ സഹിച്ചിട്ടുള്ളതുകൊണ്ടാകാം അമ്മച്ചിക്കു ഇത്തിരി പിശുക്കുണ്ടായിരുന്നു. റോസ്‌ലിന്‍ സമ്പത്തിന്റെ നടുക്കു വളര്‍ന്നതുകൊണ്ട്‌ ധാരാളിയും. അത്തരം ചെറിയ ചെറിയ വഴക്കുകള്‍ മൂര്‍ച്ഛിച്ചപ്പോള്‍ റോസ്‌ലിന്‍ ഞാന്‍ നാട്ടിലില്ലാത്ത സമയത്തെല്ലാം സ്വന്തം വീട്ടിലായിരുന്നു താമസം. മരണസമയത്ത്‌ അമ്മച്ചിയുടെ അരികില്‍ ആരുമുണ്ടായിരുന്നില്ല. മരിച്ചതു തന്നെ ഒരു ദിവസം കഴിഞ്ഞാണ്‌ അറിഞ്ഞത്‌. ഭാഗ്യത്തിനു തനിക്കു പെട്ടെന്നു പോരാന്‍ ലീവു കിട്ടി.

മണിമുഴക്കം - 3

ഇപ്പോള്‍ മണി മുഴങ്ങിയത് കോളേജില്‍ നിന്നാണ്‌. ഇളയ മകന്‍ റോണിയുടെ കോളേജ്‌ അഡ്‌മിഷനു വേണ്ടി നഗരത്തിലെ പ്രശസ്തമായ കോളേജില്‍ വന്നിരിക്കയാണ്‌. എന്റെ മൂത്തമകന്‍ ജെയിംസ്‌ ഇപ്പോള്‍ എഞ്ചിനീയറിംഗിനു പടിക്കുന്നു. അവനെ ചേര്‍ക്കേണ്ടുന്ന സമയത്തൊന്നും ഞാന്‍ നാട്ടിലുണ്ടായിരുന്നില്ല. എന്തെന്നറിയില്ല റോണിയുടെ ഏതു കാര്യം നടക്കുന്ന സമയത്തും ഞാന്‍ നാട്ടിലുണ്ടാകും. മാമോദീസക്കും, സ്കൂളില്‍ ചേര്‍ത്തപ്പോഴും ഇപ്പോള്‍ ഇതാ കോളേജില്‍ ചേര്‍ക്കുന്ന അവസരത്തിലും. അമ്മച്ചിയുടെ ചെറിയ ഛായയുണ്ട്‌ റോണിക്ക്‌. അതുകൊണ്ട്‌ എനിക്കു അവനോട്‌ ഇത്തിരി ഇഷ്ടം കൂടുതലുണ്ട്‌. രണ്ടുമക്കള്‍ക്കും അമ്മച്ചിയോടാണു കൂടുതല്‍ ഇഷ്ടം. എപ്പോഴും കാണുന്നത്‌ അവളെയല്ലേ. വല്ലപ്പോഴും അവധിക്കുവരുമ്പോളുണ്ടാകുന്ന സ്നേഹമല്ലേ എന്നില്‍ നിന്നു കിട്ടിയിട്ടുള്ളൂ. എനിക്കു അവരോട്‌ ഉള്ളു നിറയെ സ്നേഹമാണ്‌. ഞാന്‍ പൊതുവെ ഗൌരവക്കാരനാണ്‌ അവരുടെ മുമ്പില്‍. അല്ലേല്‍ പിള്ളേര്‍ക്കു പേടിക്കാന്‍ ആളില്ലാതാകുമെന്നു വിചാരിച്ചിട്ടാ.

മണിമുഴക്കം - 4

അര മണിക്കൂറായി കാത്തിരിക്കുന്നു. ഭാഗ്യം മണിയടിച്ചു. പേരക്കുട്ടിയുടെ സ്കൂളാണ്‌. ഇതൊക്കെയാണ്‌ എന്റെ ഇപ്പോഴത്തെ ജോലി. പേരക്കുട്ടികളെ സ്കൂളില്‍ കൊണ്ടുവരണം, തിരിച്ചുകൊണ്ടുപോകണം. ബില്ലുകളും നികുതികളും അടക്കാന്‍ പോകണം. അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകണം. എല്ലം ചെയ്യാം. എന്നാലും വര്‍ഷയുടെ ചീത്ത വിളി സഹിക്കാന്‍ വയ്യ. വര്‍ഷയെ നിങ്ങള്‍ അറിയില്ലേ. എന്റെ ഇളയ മകന്‍ റോണിയുടെ ഭാര്യയാണ്‌. അവന്‍ ജോലി ചെയ്യുന്ന അതേ ബാങ്കില്‍ തന്നെയാണ്‌ അവള്‍ക്കും ജോലി. എന്റെ മോന്‍ റോണി മിടുക്കനാണ്‌. അതുകൊണ്ടല്ലേ ഇത്രയും പെട്ടെന്നു ഏരിയ മാനേജര്‍ ആയത്‌. എന്നാലും എന്റെ ഭാര്യ റോസ്‌ലിനു വന്ന മാറ്റാമാണ്‌ ഭയങ്കരം. എന്തിനും ഏതിനും ഒരക്ഷരം പറയാതെ എന്നെ അനുസരിച്ചിരുന്ന റോസ്‌ലിന്‍ ഇപ്പോള്‍ മരുമകളുടെ പക്ഷം പറഞ്ഞു എന്നെ കുറ്റം പറയുന്നു. ഒന്നോര്‍ത്താല്‍ അവളു പാവമാണ്‌. അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. മൂത്ത മോന്‍ ജേയിംസുകുട്ടിയുടെ കൂടെ നിന്നപ്പോള്‍ അവന്റെ ഭാര്യ ഇറക്കിവിട്ടതുപോലെ വര്‍ഷയും ചെയ്തേക്കുമോ എന്ന ഭയം കൊണ്ടാകും അവള്‍ വര്‍ഷയുടെ പക്ഷം പറയുന്നത്‌.

മണിമുഴക്കം - 5

ഇപ്പോള്‍ മണിമുഴങ്ങുന്നത്‌ എന്റെ ഭൂതകാലത്തിലല്ല. ഇവിടെ ഈ വൃദ്ധസദനത്തിലാണ്‌. ഇവിടെ ഇങ്ങിനെയാണ്‌. ഓരോന്നിനും മണിയടിയാണ്‌. പ്രാര്‍ത്ഥനക്കും, ഭക്ഷണം കഴിക്കാനും ഉറങ്ങാന്‍ കിടക്കുന്നതിനും അങ്ങിനെ എല്ലാത്തിനും. ഇപ്പോള്‍ കേട്ടത്‌ അത്താഴം കഴിക്കാനുള്ള മണിയടിയാണ്‌. എനിക്കു നന്നെ വിശക്കുന്നുണ്ട്. ഞാന്‍ അത്താഴഹാളിലേക്കു നടക്കട്ടെ. അതിനു മുമ്പ്‌ ഞാന്‍ ഒന്നു പറയുന്നു. ഒരോ മനുഷ്യനും വലുത്‌ അവരവര്‍ തന്നെയായിരിക്കണം. ഞാന്‍ ആരേയും ശപിക്കുന്നില്ല. കാരണം ഞാന്‍ എന്റെ അമ്മച്ചിയോട്‌ നീതി ചെയ്തില്ല. എന്റെ മക്കള്‍ എന്നോടും. വിതയ്ക്കുന്നതു മാത്രമേ കൊയ്യൂ. കൊടുത്തതേ കിട്ടൂ.

Sunday, February 17, 2008

പ്രവാസലോകത്തെ തിരുമുറിവുകള്‍

നാനാത്വത്തില്‍ ഏകത്വം, യൂണിറ്റി ഇന്‍ ഡൈവേര്‍സിറ്റി, അനേകതാ മേം ഏകത..

ഇതു നമ്മള്‍ സ്കൂളിലെ ചരിത്ര പാഠങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ ഭാരതീയ പൌരധര്‍മ്മ സമവാക്യം. എന്നാല്‍ നാനാത്വങ്ങളുടെ നാണംകെട്ട സമവാക്യങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി മലയാളി സമൂഹത്തിന്‍റെ ഇടവഴികളിലേക്കു നമുക്കൊന്നു നോക്കാം.

ഒരു മലയാളി ജോലി ചെയ്യുന്ന സ്ഥാപനത്തിലോ, താമസസ്ഥലത്തോ പുതിയതായി ഒരു മലയാളി വന്നു ചേര്‍ന്നാല്‍ ആദ്യം അന്വേഷിക്കുക അയാളുടെ സ്ഥലമായിരിക്കും. ഗള്‍ഫുലോകത്തെ മലയാളികള്‍ക്കിടയിലെ ആദ്യത്തെ വേര്‍തിരിവ്‌ തുടങ്ങുന്നത്‌ ഒരാള്‍ 'തെക്കനാണോ' അതോ 'വടക്കനാണോ' എന്നതിലൂടെയാണ്‌.

എറണാകുളത്തിനു തെക്കോട്ടുള്ളവരൊക്കെ തെക്കനും അവിടെ നിന്ന്‌ വടക്കൊട്ടുള്ളവരെല്ലം വടക്കനുമാണ്‌. യാതൊരു മുന്‍പരിചയമോ, അനുഭവമോ ഇല്ലാതെ തന്നെ ഒരാളുടെ വ്യക്തിത്വത്തിന്‌ വിലയിടുന്ന വൃത്തികെട്ട അളവുകോലായി മാറുന്നു ഈ വേര്‍തിരിവ്‌. ഇത്തരം ഒരു സൈലെന്റ് ഗ്രൂപ്പിസത്തില്‍ തുടങ്ങി സ്വയം വര്‍ഗ്ഗങ്ങളായി തരം തിരിച്ച്‌ മലയാളികല്‍ തങ്ങളുടെ 'ഗോത്രസംസ്കാരം' പ്രവാസലോകത്ത്‌ അനുശീലിക്കുന്നു.

'തെക്കന്‍മാരെ വിശ്വസിക്കരുത്‌', 'വടക്കന്‍മാരൊക്കെ സ്വാര്‍ത്ഥന്‍മാരാണ്‌ ' എന്നൊക്കെയുള്ള മുന്‍വിധിയിലൂടെയും ന്യായപ്രമാണങ്ങളിലൂടെയും സ്വന്തം ഭാഷ സംസാരിക്കുന്ന തന്‍റെ സഹോദരനെ വേര്‍തിരിച്ചും വര്‍ഗ്ഗീകരിച്ചും മാറ്റുന്നവര്‍ ഈ വടക്കന്‍-തെക്കന്‍ വേര്‍തിരിവിലൂടെ ഐക്യമില്ലായ്മയുടെ ആദ്യത്തെ ആണി അടിക്കുന്നു. അതിനുശേഷം ഇയാള്‍ തന്‍റെ തന്നെ ജില്ലയില്‍ പെട്ട ആളാണോ എന്ന്‌ മൌനമായി ഒരു ചെറിയ ക്ലാസ്സിഫിക്കേഷന്‍ നടത്തും. അടുത്ത മുറിച്ചുമാറ്റല്‍ മതത്തിന്‍റെ കത്തി കൊണ്ടാണ്‌. പിന്നാലെ വരുന്നു ജാതിത്തിരിവുകള്‍.

ഹിന്ദുവാണെന്നറിഞ്ഞാല്‍ അടുത്ത ആകാംക്ഷ തുടങ്ങുന്നത്‌ അയാള്‍ നായരാണോ? ഈഴവനാണോ? അമ്പലവാസിയാണോ? അതോ പട്ടികജാതിയോ? നായരായാലോ, അയാള്‍ മേനോനാണോ? പിള്ളയാണോ? നമ്പ്യാരാണോ? കുറുപ്പാണോ? പണിക്കരാണോ? കൈമളാണോ? ഈഴവനെങ്കില്‍ അയാള്‍ ചാന്നനാണോ, ചേകവരാണോ എന്നു തുടങ്ങുന്നു ഉത്‌കണ്ഠകള്‍.

കൃസ്ത്യാനികള്‍ക്കിടയിലെ വേര്‍തിരിവാണ്‌ വേദനാജനകം. ഏവരും കൃസ്തുദേവന്‍റെ അനുയായികള്‍ തന്നെ. പക്ഷേ അദ്ദേഹത്തിനുണ്ടായ തിരുമുറിവുകളേക്കാള്‍ എത്രയോ കൂടുതലാണ്‌ കൃസ്ത്യാനികള്‍ക്കിടയിലെ 'വേര്‍-മുറിവുകള്‍'. ആദ്യം നോക്കുന്നത്‌ ഒരാള്‍ കത്തോലിക്കനാണോ അതൊ പ്രൊട്ടെസ്‌റ്റന്റ്‌ ആണോയെന്നാണ്‌. ഇനി കത്തോളിക്കനായാലോ, അവന്‍ സീറോ മലബാര്‍കാരനാണോ, മലങ്കര സഭയാണോ, ലത്തീന്‍ കത്തോലിക്കനാണോ അതൊ ക്നാനായ ആണോ? ഇങ്ങനെ പോകുന്നു ആശങ്കകള്‍.

ഇനി പ്രൊട്ടെസ്‌റ്റെന്റ് ആയാലോ അവന്‍ മാര്‍ത്തൊമ്മയാണോ, യാക്കോബായാണോ, ബാവ കക്ഷിയാണോ, മെത്രാന്‍ കക്ഷിയാണോ? അതൊ ഇനി പെന്തക്കോസ്താണോ? ഇനി പെന്തക്കോസ്താണേലോ, ഇവാഞ്ചലിക്കനാണോ അതോ ബ്രദറനോ? ഇത്തരം വര്‍ഗ്ഗീകരണങ്ങളുടെ സുവിശേഷങ്ങള്‍ പാടി പ്രവാസലോകത്ത്‌ മലയാളി കൃസ്ത്യാനികള്‍ നടക്കുമ്പോള്‍ ' നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെ സ്‌നേഹിക്കുക' എന്നു പറഞ്ഞ ആ തിരുരൂപം രൂപക്കൂടിനുള്ളില്‍ കിടന്നുപിടയുന്നത്‌ ആരു കാണാന്‍?

ഭാഗ്യവശാല്‍ പ്രവാസലോകത്തെ മലയാളി മുസ്ലീമുകള്‍ക്കിടയില്‍ ഇത്തരം ഒരു വര്‍ഗ്ഗീകരണം താരതമ്യേന കുരഞ്ഞിരിക്കുന്നതായാണ്‌ കാണുന്നത്‌. എന്നാല്‍ വടക്കേ ഇന്‍ഡ്യകാര്‍ക്കിടയില്‍ സുന്നി, ഷിയാ, ബോറ തുടങ്ങിയ വര്‍ഗ്ഗീകരണങ്ങളുടെ സാന്നിദ്ധ്യമുണ്ടെങ്കിലും മലയാളി മുസ്ലീമുകള്‍ പൊതുവെ ഇത്തരം ഒരു വര്‍ഗ്ഗീകരണത്തിലൂടെ വേര്‍തിരിവു കാണിക്കുന്നതു വിരളമായി മാത്രമേ കാണാന്‍ കഴിയൂ.

ജില്ലയുടേയും ജാതിയുടേയും പേരില്‍ കൂട്ടായ്‌മകള്‍ സംഘടിപ്പിച്ചും അസോസ്സിയേഷന്‍ രൂപീകരിച്ചും സ്വയം ചെറിയ ചെറിയ കൂടുകളുണ്ടാക്കി അതില്‍ കസേരയിട്ടിരിക്കുന്ന മലയാളികള്‍ തനിക്കിഷ്ടമുള്ളവരെ മാത്രമേ, അല്ലെങ്കില്‍ തന്‍റെ നാട്ടുകാരനെ മാത്രമേ, അതുമല്ലെങ്കില്‍ തന്‍റെ ജാതിക്കരനെ മാത്രമേ സഹായിക്കൂ എന്നു വാശി പിടിക്കുമ്പോള്‍ നമ്മള്‍ പഠിച്ചിറങ്ങിയ നാനാത്വത്തിലെ ഏകത്വമെന്ന അഖണ്ഡമന്ത്രം മരുഭൂമിയിലെ മണല്‍കാറ്റില്‍ എവിടെയോ മൂടപ്പെടുന്നു. കൂട്ടായ്‌മയിലൂടെ, ഒത്തൊരുമയിലൂടെ ലോകത്താദ്യമായി ബാലറ്റിലൂടെ സോഷ്യലിസത്തെ ഭരണചക്രത്തിലെത്തിച്ച മലയാളികളാണ്‌ ഇങ്ങനെ ചെറിയ കൂടുകളുണ്ടാകുന്നത്‌ എന്നതാണ്‌ ഇതിലെ വിരോധാഭാസം.

കൂട്ടുകൂടുന്നതിലും റൂമില്‍ കൂടെ താമസിക്കാന്‍ ആളെ തെരഞ്ഞെടുക്കുന്നതിലും എല്ലാം ഇത്തരം അളവുകോലുകള്‍ കൊണ്ടുനടക്കുന്നവരെ പ്രവാസലോകത്ത്‌ കാണാം. നാട്ടുകാരനാണ്‌ കൂടെ താമസിക്കുന്നതെങ്കില്‍ നാട്ടില്‍ പോകുമ്പോള്‍ 'എന്തേലും കൊടുത്തുവിടാമല്ലോ' എന്നു കരുതുന്നതിനും അപ്പുറത്തേക്ക്‌ പലപ്പോഴും ഇത്തരം വര്‍ഗ്ഗീകരണം വളരുന്നതായിക്കാണാം.

പക്ഷേ ഇക്കൂട്ടര്‍ മറക്കുന്ന ഒന്നുണ്ട്‌. വടക്കനായാലും തെക്കനായാലും ഹിന്ദുവായാലും കൃസ്ത്യാനിയായാലും നിങ്ങളെ ഈ പ്രവാസലോകത്ത്‌ ആരും കെട്ടിവാഴിക്കാനായി കൊണ്ടുവന്നതല്ല. പണിയെടുപ്പിക്കാനായി കൊണ്ടുവന്നതാണ്‌. കവറോളിട്ടു പണിയുന്നവരും ടൈയും കെട്ടി പണിയുന്നവരും കമ്പ്യൂട്ടറില്‍ പണിയുന്നവരും എല്ലാം അറബിയുടെയോ അമേരിക്കന്‍റെയോ ഒക്കെ കേവലം പണിക്കാര്‍ മാത്രമാണ്‌.

ഏതെങ്കിലും ഒരു മലയാളി എവിടെയെങ്കിലും പീഡിപ്പിക്കപ്പെടുമ്പോള്‍ ആ പീഡനം നാളെ നിന്‍റെ നേരെയും വരുമെന്നു കരുതി അവനെ സഹായിക്കാന്‍ അവനോടൊപ്പം നില്‍ക്കാതെ അവന്‍ വേറെ ജാതിയാണെന്നോ, വേറെ ജില്ലക്കാരനാണെന്നോ കരുതി അവനെ തഴയുന്നതിലെ ആ 'മാനുഷികതയെ' എങ്ങനെയാണു ന്യായീകരിക്കാനാകുക.

പ്രതികരിക്കാന്‍ ഒരുപാടു പരിമിതികളുള്ള പ്രവാസലോകത്ത്‌ നിങ്ങളുടെ നാട്ടുകാരനോ ജാതിക്കാരനോ അല്ലയെന്ന പേരില്‍ പാര്‍ശ്വവത്‌കരിച്ച്‌ നിന്നെപ്പോലെ അന്നം തേടി വന്ന, നിന്‍റെ തന്നെ ഭാഷ സംസാരിക്കുന്ന, സഹോദരനെ മാറ്റിനിര്‍ത്താതെയിരിക്കുക. ഒരാപത്തു വരുമ്പോള്‍ കൂടെയുണ്ടാവുക ഏതു നാട്ടുകാരനാണെന്നാരറിഞ്ഞു?

'ഞാന്‍ ' 'എന്റേത്‌ ' 'എന്റെ നാട്ടുകാര്‍' എന്നുള്ളിടത്തുനിന്നാണ്‌ എല്ലാ പ്രശ്നങ്ങളും തുടങ്ങുന്നതെന്ന്‌ സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്‌ ഇനി ഈ പ്രവാസി മലയാളികളെ കണ്ടിട്ടാണോ? എനിക്കു സംശയമുണ്ട്‌.

Saturday, February 16, 2008

ഞാന്‍ ഒരു പാമ്പ്‌ - കവിത

ഉത്‌പത്തികാലം മുതലേ
എന്‍റെ ഉള്ളിന്‍റെ ഉറക്കുള്ളില്‍
ഒരു പാമ്പ്‌ ചുരുണ്ടുറങ്ങുന്നു.
വിഷം മുറ്റിയ പല്ലുകളുമായി
ഉരസ്സുകൊണ്ടിഴഞ്ഞുനടക്കുന്നു
ഇരട്ടത്തുമ്പുള്ള നാക്കുമായി
ഫണം താഴ്ത്തി
അയലത്തുകാരന്‍റെ ദൌര്‍ബല്യങ്ങളിലേക്കും,
അന്യന്‍റെ രഹസ്യങ്ങളിലേക്കും,
അപരദു:ഖങ്ങളില്‍ ലാഭം തേടി
കണ്ണിനെ കാതാക്കി
അത്‌ മാളങ്ങള്‍ പരതുന്നു.
മിഴിപ്പോളകള്‍ തുറന്ന്‌ എന്നില്‍
അനങ്ങാതെ കിടക്കുന്നു,
അടിയേല്‍ക്കുന്ന നിമിഷത്തെ
പ്രതീക്ഷിച്ചുകൊണ്ടെന്നും.

പറഞ്ഞുകേട്ട കഥ..

ഒരു ട്രെയിന്‍ പുറപ്പെട്ടു തുടങ്ങി. യാത്രക്കര്‍ വളരെയധികം. വൈകിട്ട്‌ 5 മണിക്കുള്ള ഷട്ടില്‍ ട്രെയിനായിരുന്നു. നഗരത്തില്‍ നിന്നും ജോലി കഴിഞ്ഞു പോകുന്നവരും കോളേജ് കുട്ടികളുമായിരുന്നു യാത്രക്കാരിലധികവും. ട്രെയിനിലെ ജനാലക്കരുകില്‍ വയസ്സായ ഒരു അച്ഛനും അയാളുടെ മുപ്പതു വയസ്സോളം പ്രായം തോന്നിക്കുന്ന മകനും ഇരിപ്പുണ്ട്. ട്രെയിന്‍ ഓടിത്തുടങ്ങിയപ്പോള്‍ വൃദ്ധന്‍റെ മകന്‍സന്തോഷം കൊണ്ട്‌ തുള്ളിച്ചാടാന്‍ തുടങ്ങി.

"നോക്കൂ അച്ഛാ, പച്ച നിറമുള്ള മരങ്ങള്‍ പുറകോട്ടു ഓടി മാറുന്നതു കാണാന്‍ എന്തു ഭംഗിയാണ്‌.."

മുപ്പതു വയസ്സോളം പ്രായമുള്ള മകന്‍റെ ഈ തുള്ളിച്ചാടല്‍ കണ്ട്‌ വണ്ടിയിലെ സ്തിരം യാത്രക്കര്‍ പരസപരം നോക്കി ഗൂഢമായി ചിരിച്ചു.

ഓഫീസ്‌ പീയൂണായ തോമസ്‌ പറഞ്ഞു. 'വട്ടാണെന്നാ തോന്നുന്നത്‌"

ബാങ്ക് ക്ലാര്‍ക്കായ സുമതി ഇതു കണ്ട്‌ അടുത്തു നിന്ന കൂട്ടുകാരിയോട്‌ അടക്കം പറഞ്ഞു ചിരിച്ചു.

പുറത്ത്‌ തുലാവര്‍ഷത്തിന്‍റെ വരവറിയിച്ചുകൊണ്ട്‌ ഇടിവെട്ടി. പെട്ടെന്നു തന്നെ മഴയും പെയ്തു തുടങ്ങി. എന്നിട്ടും ജനാലയുടെ അരികില്‍ നിന്നും മാറാതെ ഇരുന്ന ചെറുപ്പക്കാരന്‍ ജനാലയുടെ ചില്ലുകള്‍ അടച്ചില്ല.

മഴ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങിയപ്പോള്‍ ചെറുപ്പക്കാരന്‍ വീണ്ടും സന്തോഷവാനായി.

മഴത്തുള്ളികള്‍ ശക്തിയായി താഴേക്കു വീഴുന്നതു കണ്ട ചെറുപ്പക്കാരന്‍ മതിമറന്ന സന്തോഷത്താല്‍ അച്ഛനെ തട്ടിക്കൊണ്ടു പറഞ്ഞു.

'നോക്കൂ അച്ഛാ.. എന്തു ഭംഗി"

ചെറുപ്പക്കാരന്‍ പറയുന്നതു കേട്ടു എല്ലാവരും പുറത്തേക്കു നോക്കി. അവര്‍ അവിടെ ഒന്നും കണ്ടില്ല. നൂല്‍വണ്ണത്തില്‍ മഴ പെയ്യുന്നു..പാലത്തിനരുകിലുള്ള വേനല്‍പച്ചയുടെ വെളുത്തപൂക്കള്‍ പഞ്ഞിക്കെട്ടുപോലെ നനഞ്ഞിരിക്കുന്നു. അത്രമാത്രം. ഇതു എത്ര വര്‍ഷമായി പല തവണ കാണുന്നുണ്ട്‌.

ജനാലവഴി മഴത്തുള്ളികള്‍ ദേഹത്തു പതിക്കാന്‍ തുടങ്ങിയപ്പോള്‍ കോളേജ്‌ ഗേളായ രേഷ്മക്കു ദേഷ്യം വന്നു. രേഷ്‌മയെ സഹായിക്കാന്‍ അവസരം കാത്തിരുന്ന ചിലര്‍ ചെറുപ്പക്കാരനോടു തട്ടിക്കയറി.

'ജനല്‍ അടയ്ക്കടൊ' എന്നവര്‍ ഉച്ചത്തില്‍ അലറി. എന്നിട്ടു ചെറുപ്പക്കാരന്‍റെ അച്ചനോട്‌ ചോദിച്ചു..

'മോന്‌ എത്ര നാളായി അസുഖം തുടങ്ങിയിട്ട്' ? 'വല്ല ഊളംപാറയ്ക്കും കൊണ്ടുപൊയ്ക്കൂടേ'

വൃദ്ധനായ അച്ഛന്‍ വളരെ താഴ്മയോട്‌ അവരോടു പറഞ്ഞു...

'ഞങ്ങള്‍ ആശുപത്രി വിട്ടുവരുന്നവരാണ്‌. ഇന്നു രാവിലെയാണ്‌ എന്‍റെ മകനെ ഡിസ്‌ചാര്‍ജ്ജ് ചെയ്തത്‌. ജനിച്ചപ്പോള്‍ മുതല്‍ ഇവനു കാഴ്ചയുണ്ടായിരുന്നില്ല. കഴിഞ്ഞ ആഴ്ച്ചയാണ്‌ ഇവനു കണ്ണു കിട്ടിയത്‌. ഈ കാഴ്ചകളൊക്കെ ആദ്യമായിട്ടാണ്‌ ഇവന്‍ കാണുന്നത്‌. അതുകൊണ്ടാണ്‌..നിങ്ങള്‍ ക്ഷമിക്കണം.