Wednesday, March 12, 2008

പലതരം കവികള്‍ - ചുള്ളിക്കാടിന്റെ കവിത

ചില കവികള്‍ പണ്ടത്തെ
രാജാക്കന്‍മാരെപ്പോലെയാണ്‌
ബുദ്ധിയും തന്ത്രവും സൈന്യവും
കൊണ്ട്‌ അവര്‍ കാവ്യരാജ്യം
ഭരിക്കും, ചോദ്യം ചെയ്യുന്നവരെ
കവിതയില്‍നിന്ന്‌ നാടുകടത്തും
വാക്കിന്റെ സൂര്യന്‍ ഉദിക്കുന്നതും
അസ്തമിക്കുന്നതും അവരുടെ
ആജ്ഞകൊണ്ടാണെന്ന്‌
വൈതാളികവൃന്ദം രാപ്പകല്‍
കീര്‍ത്തിക്കും, പക്ഷേ,
അയല്‍രാജാക്കന്മാരെ
കീഴടക്കാമെന്നല്ലാതെ
സ്വന്തം ജനതയുടെ ഹൃദയം കീഴടക്കാന്‍
അവര്‍ക്ക്‌ കഴിയുകയില്ല
അതിനാല്‍ ഒടുവിലവര്‍
നാല്‍ക്കവലകളില്‍ കാക്ക തൂറുന്ന
പ്രതിമകളായി മാറും.

2.
ചില കവികള്‍ ഇന്നത്തെ
മന്ത്രിമാരെപ്പോലെയാണ്‌
അവര്‍ക്ക്‌
ഗണ്‍മാന്‍മാരുണ്ട്‌, അവരെ
ആരെങ്കിലും കൂവിയാല്‍
ഗണ്‍മാന്‍മാര്‍ വെടിവെച്ച്‌
കൊല്ലും, ഒരു ദിവസം
ഭ്രാന്തിളകിയ സ്വന്തം ഗണ്‍മാന്റെ
വെടിയേറ്റ്‌ അവര്‍
മരിച്ചുവീഴാനും മതി.

3.
ചില കവികള്‍ സിനിമാതാരങ്ങളെ
പ്പോലെയാണ്‌, ക്ഷണികതയുടെ
തീവ്രബോധം അവരുടെ
നിമിഷങ്ങളെ
മഹോത്സവങ്ങളാക്കുന്നു
ബുദ്ധിമാന്‍മാര്‍ അവരുടെ കാലം
കടന്നുപോകുന്നത്‌ നിസ്സംഗരായി
നോക്കിനില്‍ക്കുന്നു.
വ്യാജബുദ്ധിജീവികള്‍ പരസ്യമായി
അവരെ പരിഹസിക്കുന്നു;
രഹസ്യമായി അവരോടുള്ള
അസൂയ കൊണ്ട്‌
പൊറുതിമുട്ടുന്നു.

4.
ചില കവികള്‍
എല്‍. ഐ. സി. ഏജന്റുമാരെ-
പ്പോലെയാണ്‌
അവരെക്കാണുമ്പോള്‍
മരണത്തെക്കുറിച്ചോര്‍ത്ത്‌
മറ്റുള്ളവര്‍ മുങ്ങിക്കളയും.

5.
ചില കവികള്‍ കുഷ്ഠരോഗികളെ-
പ്പോലെയാണ്‌.
ദേവാലയാങ്കണത്തില്‍
കുത്തിയിരുന്ന്‌ മുരടിച്ച കൈകള്‍
നീട്ടി അവര്‍
യാചിച്ചുകൊണ്ടിരിക്കും.
അവരെക്കണ്ട്‌
ദൈവശിക്ഷയോര്‍ത്തു നടുങ്ങി
നില്‍ക്കുന്ന അമ്മയോട്‌
കുഞ്ഞുമാലാഖയെപ്പോലുള്ള
മകള്‍ ചോദിക്കും: ' അമ്മേ ഇവര്‍
ഏതു ഗ്രഹത്തില്‍നിന്നു
വരുന്നു?"

6.
അപൂര്‍വം ചില കവികള്‍
പ്രൈമറി സ്കൂള്‍ അധ്യാപകരെ-
പ്പോലെയാണ്‌.
ഗ്രാമത്തിനു വെളിയില്‍
അവര്‍ അറിയപ്പെടില്ല.
എങ്കിലും നിത്യം മുന്നില്‍
വന്നിരിക്കുന്ന
പിഞ്ചുകുഞ്ഞുങ്ങളുടെ
ദൈവദീപ്തമായ കണ്ണുകള്‍ അവരെ
ശുദ്ധീകരിച്ചുകൊണ്ടിരിക്കും.
വിശ്വപ്രസിദ്ധിയുടെയോ
അനശ്വരതയുടെയോ
വ്യാമോഹങ്ങളും, ഉല്‍കണ്ഠകളും
ഇല്ലാതെ ഒരു ദിവസം അവര്‍
സംതൃപ്തിയോടെ ദൈവത്തിലേക്കു
പെന്‍ഷന്‍ പറ്റും.

11 comments:

ഗുരുജി said...

ചില കവികള്‍
എല്‍. ഐ. സി. ഏജന്റുമാരെ-
പ്പോലെയാണ്‌
അവരെക്കാണുമ്പോള്‍
മരണത്തെക്കുറിച്ചോര്‍ത്ത്‌
മറ്റുള്ളവര്‍ മുങ്ങിക്കളയും.

---ഭൂലോകത്തെപ്പോലെ ഈ ബൂലോകത്തുമുണ്ടൊ ഇത്തരം കവികള്‍???

ശ്രീ said...

നന്ദി.
:)

കണ്ണേ മടങ്ങാതെ said...

Good

Sabu Prayar said...

nice

സജീവ് കടവനാട് said...

നന്ദി ഈ കവിതയിവിടെ പോസ്റ്റിയതിന്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഞാനിപ്പൊ ഇവടെ സ്ഥിരമാക്കി. കുറെ കവിതകള്‍ കിട്ടുന്നുണ്ട്...

നന്ദി ട്ടാ

ശ്രീവല്ലഭന്‍. said...

ചില കവികള്‍
ബ്ലോഗര്‍മാരെ പോലെയാണ്

ബാക്കി പൂരിപ്പിക്കൂ........

നന്ദി ഗുരുജി. :-)

പാമരന്‍ said...

അപൂര്‍വം ചില കവികള്‍
പ്രൈമറി സ്കൂള്‍ അധ്യാപകരെ-
പ്പോലെയാണ്‌.
ഗ്രാമത്തിനു വെളിയില്‍
അവര്‍ അറിയപ്പെടില്ല.
എങ്കിലും നിത്യം മുന്നില്‍
വന്നിരിക്കുന്ന
പിഞ്ചുകുഞ്ഞുങ്ങളുടെ
ദൈവദീപ്തമായ കണ്ണുകള്‍ അവരെ
ശുദ്ധീകരിച്ചുകൊണ്ടിരിക്കും.
വിശ്വപ്രസിദ്ധിയുടെയോ
അനശ്വരതയുടെയോ
വ്യാമോഹങ്ങളും, ഉല്‍കണ്ഠകളും
ഇല്ലാതെ ഒരു ദിവസം അവര്‍
സംതൃപ്തിയോടെ ദൈവത്തിലേക്കു
പെന്‍ഷന്‍ പറ്റും.


സുന്ദരം..! നന്ദി ഗുരുജി..

തോന്ന്യാസി said...

ഗുരുജീ നന്ദി........

Seema said...

വളരെ നന്നായിരിക്കുന്നു ....അവസാനത്തെ ഭാഗം കലക്കി!

Seema said...

ഭംഗിയുള്ള വരികള്‍....മനോഹരമായിരിക്കുന്നു...