Tuesday, July 29, 2008

അരാഷ്ട്രീയമായ ഇന്നത്തെ തലമുറയുമായി ഒരു ഇന്റര്‍വ്യൂ

എന്റെ കഴിഞ്ഞ ഒരു പോസ്റ്റ്, പഠിക്കാന്‍ മൂഡു വരാനും മദ്യം എന്ന പോസ്റ്റിനു ശേഷമാണ്‌ ഇന്നത്തെ കുട്ടികള്‍ ഇത്രയേറെ സാമൂഹികപ്രതിബദ്ധത കുറഞ്ഞവരായത്‌ എങ്ങനെയെന്നു ചിന്തിച്ചു തുടങ്ങിയത്.

എനിക്കു പരിചയമുള്ള, അല്പം വായനാശീലവും സാഹിത്യത്തില്‍ താത്പര്യവുമുള്ള ഒരു കുട്ടിയോടു ഞാന്‍ നേരിട്ടു നടത്തിയ ചില ചോദ്യങ്ങളും അതിനു ഇന്നത്തെ തലമുറയുടെ പ്രതിനിധിയായ അവന്റെ മറുപടിയുമാണ്‌ ഈ പോസ്റ്റ്. അവനെ നമുക്കു തത്കാലം മനുരാജ് എന്നു വിളിക്കാം.

ഞാന്‍: കേരളത്തില്‍ വളരെയേറെ വ്യത്യസ്തമായ രീതിയില്‍ മുളയെടുത്തും കരുത്താര്‍ജ്ജിച്ചും വരുന്ന ഒരു തലമുറയുടെ പ്രതീകമായി നിന്നെ കണ്ടുകൊണ്ടാണ്‌ ചോദ്യങ്ങള്‍ ചോദിക്കുന്നത്. നിന്റെ ഉത്തരങ്ങളില്‍ ഒരു തലമുറയുടെ തുടിപ്പു ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്നത്തെ കുട്ടികളുടെ ഒരു രാഷ്ട്രീയവീക്ഷണം എന്താണ്‌?

മനു: ചേട്ടാ, ഞാനുള്‍പ്പെടുന്നവര്‍ക്ക്‌ രാഷ്ട്രീയത്തോടു യാതൊരു മതിപ്പുമില്ല. ഒരു പക്ഷേ ഞങ്ങള്‍ പഠിച്ചിറങ്ങിവന്ന വിദ്യാഭ്യാസസംസ്കാരത്തിന്റെ ഒരു നിലപാടു തന്നെയാകാം രാഷ്ട്രീയത്തില്‍ നിന്നും വളരെയേറെ അകന്നു നില്‍ക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്‌. എന്നെപ്പോലെ കോണ്‌വെന്റ് സ്‌കൂളില്‍‌ നിന്നും‌ പഠിച്ചിറങ്ങുന്നവര്‍‌ക്ക്‌ രാഷ്ട്രീയം‌ എന്നും‌ തെമ്മാടിക്കൂട്ടമാണ്.

ഞാന്‍: രാഷ്ട്രീയക്കാര്‍‌ എല്ലാം തെമ്മാടിക്കൂട്ടങ്ങളാണെന്നാണോ നീ പറയുന്നത്?

മനു: അല്ലാ എന്നു തെളിയിക്കാന്‍ ഒരു സം‌ഗതി ചേട്ടന്‍‌ പറഞ്ഞു തരാമോ? യുവത്വം എപ്പോഴും ഒരു മാര്‍ഗ്ഗദര്‍ശിയെ തേടാറുണ്ട്. ഇല്ലേ? ഏതൊന്നിലേക്കു ഇറങ്ങിച്ചെല്ലാനും പ്രേരകമാകുംവിധം ഒരു റോള്‍ മോഡല്‍ വേണം. മോഷ്ടിക്കാനിറങ്ങുന്നവനും വേണം അനുകരിക്കാന്‍ ഒരു ഗുരു. ആത്മാഭിമാനത്തോടെ അനുകരിക്കാന്‍ പാകത്തില്‍ ഏതു രാഷ്ട്രീയ നേതാവാണ്‌ ഇന്നുള്ളത്‌. പണ്ടാരൊക്കെയോ ഉണ്ടായിരുന്നിരിക്കാം. പക്ഷേ ഇന്നില്ലല്ലോ?

ഞാന്‍: സുസജ്ജമായ ഒരു ഭരണസം‌വിധാനത്തിന്‌ രാഷ്ട്രീയപ്പാര്‍‌ട്ടികള്‍‌ ആവശ്യമല്ലേ?

മനു: രാഷ്ട്രീയക്കാര്‍ ചേര്‍ന്നുണ്ടാക്കുന്നതാണ്‌ ഇന്നത്തെ ഭരണസംവിധാനം പോലും. ലാഭം കൊയ്യാനുള്ള ഒരു കച്ചവടസ്‌ഥാപനത്തെപ്പോലെ കിടമത്സരത്തോടെ ഗവര്‍മെന്റും അപ്പപ്പോള്‍ നയിക്കുന്ന രാഷ്ട്രീയക്കാരും പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയപ്രവര്‍ത്തനം ലാഭം ഉണ്ടാകാനുള്ള പല കുത്സിതമാര്‍ഗ്ഗങ്ങളില്‍ ഒന്നുമാത്രമാണെന്നാണ്‌ ഞാനുള്‍പ്പെടുന്ന ഇന്നത്തെ തലമുറ മനസ്സിലാക്കുന്നത്‌.

ഞാന്‍: രാഷ്ട്രീയം‌ എന്നതു വ്യക്തിയുടെ നീതിബോധമാണെന്ന സത്യം‌ മറന്നിട്ട്‌ ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയിലെ അംഗത്വമാണ്‌ രാഷ്ട്രീയം എന്നു ഇന്നത്തെ തലമുറ വിശ്വസിക്കുന്നു എന്നല്ലേ നീ പറഞ്ഞുവരുന്നത്?

മനു: അല്ലായെന്നു എങ്ങനെയാണു ചേട്ടനു ഉറപ്പിച്ചു പറയാന്‍ കഴിയുക. ഓരോ വ്യക്തിയിലും ബേസിക്കായി ഉണ്ടാകേണ്ട ഒരുതരം നീതിബോധവും അനീതിക്കെതിരെ പ്രവര്‍ത്തിക്കനുള്ള ഒരു ത്വരയുമാണ്‌ രാഷ്ട്രീയം എന്നു ഞാന്‍ മനസ്സിലാക്കുന്നു. വായിച്ചുവളരാന്‍‌ വിമുഖതയുള്ള, ഞാനുള്‍പെട്ട എന്റെ തലമുറയിലെ എല്ലാ കുട്ടികളും അതു മനസ്സിലാക്കിക്കൊള്ളണമെന്നില്ല.

ഞാന്‍: രാഷ്ട്രീയത്തിലേക്ക്‌ കടന്നുവരാന്‍‌ നിന്റെ തലമുറയിലെ കുട്ടികള്‍‌ക്കു ധൈര്യവും‌ ശൂരത്വവും‌ ഒപ്പം‌ നീതിബോധവും‌ കുറഞ്ഞു എന്ന് ഞാന്‍‌ പറഞ്ഞാല്‍?

മനു: അതു ഞാന്‍‌ അം‌ഗീകരിക്കുകയില്ല. അഴിമതി കാട്ടാനും കള്ളത്തരങ്ങള്‍ക്കു മറയാക്കാനുമുള്ള ഒരു കേവല ഉപാധിയായി രാഷ്ട്രീയം തകര്‍ന്നിടത്ത്‌ അറിഞ്ഞുകൊണ്ട്‌ കൈ പൊള്ളിക്കാന്‍ ഞങ്ങള്‍ക്കു വിമുഖതയുണ്ട്. അതാണ് പ്രധാന കാരണം. വളരെയേറെ നിറമുള്ള ഒരു ജീവിതം കൈയെത്തും ദൂരത്തുണ്ടായിരിക്കെ, ഇത്തരം നെഗറ്റീവ്‌ ഇമേജ് ഉണ്ടാക്കുന്ന അവസ്ഥയിലേക്കെന്തിനു പോകണം‌? വളരെ unscrupulous ആയിട്ടുള്ളവരേയും പഠിക്കാന്‍ ബുദ്ധി കുറഞ്ഞവരെയും മാത്രം ആകര്‍ഷിക്കുന്ന ഒരു മേഖലയായി ഇന്നത്തെ രാഷ്ട്രീയമേഖലയെന്നാണെനിക്കു തോന്നുന്നത്‌.

ഞാന്‍‌: ഒരു കാലത്ത് നേതൃസ്‌ഥാനത്തു നില്‍‌ക്കുന്ന ആണ്‍‌കുട്ടികളോട്‌ പെണ്‍‌കുട്ടികള്‍‌ക്ക്‌ ആരാധന ആയിരുന്നു. അവരുടെ പ്രതികരണശേഷിയേയും‌ വാക്‌ചാതുരിയും‌ പെണ്‍‌കുട്ടികളുടെ മുന്നില്‍‌ അവരെ ഒരു ഹീറോ ആക്കിയിരുന്നു. അത്തരമൊരു ഹീറോയിസത്തിനുവേണ്ടിയെങ്കിലും രാഷ്ട്രീയത്തെ സ്വീകരിക്കുന്നവരുണ്ടാകില്ലേ?

മനു: എന്റെ പൊന്നു ചേട്ടാ, രാഷ്ട്രീയത്തിലാണു താത്പര്യമെന്നറിഞ്ഞാല്‍ ഒരു പെണ്‍പിള്ളേരു പോലും തിരിഞ്ഞുനോക്കില്ല. പെണ്‍കുട്ടികള്‍ക്ക്‌ രാഷ്ട്രീയക്കാരെ വെറുപ്പും പേടിയുമാ. ഇപ്പോള്‍ ഹീറോയിസത്തിന്റെ മാനറിസമൊക്ക മാറിമറിഞ്ഞു ചേട്ടാ. പ്രണയത്തിന്റേയും. രാഷ്ട്രീയക്കാരനാണെന്നറിഞ്ഞാല്‍‌ ഒരാളെപ്പോലും‌ ഫ്രണ്ടായി കിട്ടില്ല. അതേ, മിനിമം ഒരു ഗേള്‍ ഫ്രണ്ടെങ്കിലുമില്ലെങ്കിലേ, ഇപ്പോ വലിയ കൊറച്ചിലാ. കൂട്ടുകാര്‍ ചാന്തുപൊട്ടെന്നൊക്കെ വിളിച്ചു കളയും.


ഞാന്‍: മുന്‍തലമുറയിലെ യുവാക്കള്‍ വളര്‍ത്തിയെടുത്ത നല്ല ഒരു രാഷ്ട്രീയ പാരമ്പര്യം നമുക്കില്ലേ? സാമൂഹികപ്രതിബദ്ധതയോടെ ജനങ്ങളിലേക്കു യുവാക്കള്‍ ഇറങ്ങിചെന്നതിന്റെ സാക്ഷ്യപത്രമല്ലേ നമ്മുടെ കമ്യൂണിസ്റ്റ് സംസ്ക്കാരം. എന്തിനേയും ചോദ്യം ചെയ്തു വിശ്വസിക്കാന്‍ ഇത്തരം ആദര്‍ശാധിഷ്ഠിത രാഷ്ട്രീയം യുവാക്കളെ പഠിപ്പിച്ചതുകൊണ്ടല്ലേ ഇന്നു കാണുംവിധം നമ്മള്‍ ആയത്?

മനു: ഇന്നുകാണുംവിധം എന്നു ചേട്ടന്‍ പറയുമ്പോള്‍, എങ്ങനെ നാം കാണുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം മറുപടിയും. ഒരു പക്ഷേ ചേട്ടന്‍ കാണുന്ന ഒരു പോസിറ്റീവ്‌നെസ്സ് ഞാന്‍ ഇന്നത്തെ അവസ്ഥയില്‍ കാണുന്നില്ലാ എങ്കില്‍ ഞാന്‍ കാണുന്ന അവസ്ഥയുടേ ശോചനീയാവസ്ഥക്കും ഇതൊക്കെ തന്നെയല്ലേ കാരണമെന്ന ഒരു മറുചോദ്യം കൂടിയുണ്ട്.

ഞാന്‍‌: സാമൂഹികപ്രതിബദ്ധത ഏറെയുണ്ടായിരുന്ന ഒരു യുവജനതയുടെ ആര്‍‌ജ്ജവമാണ് നിന്റെ ഈ വിദ്യാഭ്യാസസം‌സ്കാരമെന്നു പോലും‌ നീ മറക്കരുത്?

മനു: എന്തു ആര്‍‌ജ്ജവം‌ ചേട്ടാ? കേരളത്തില്‍‌ വിവിധതരം‌ വിദ്യാഭ്യാസസം‌സ്കാരമുണ്ടാക്കിയതാണോ ഈ ആര്‍‌ജ്ജവം‌. ഞാനും‌ തെക്കേലെ ഗോപാലേട്ടന്റെ മോന്‍ വിനീതും‌ ഒരേ പ്രായമാണ്. ഞങ്ങള്‍‌ പഠിച്ചിറങ്ങിയതു രണ്ടും‌ രണ്ടു തരത്തില്‍. കാശുള്ളവര്‍‌ക്ക് ഒരു തരം‌. ഇല്ലാത്തവര‌ക്ക്‌ വേറൊരു തരം. എന്റെ അച്ഛന്‍‌ ഗള്‍‌ഫിലായതു കൊണ്ട് ഞാന്‍‌ ഇങ്ങനെ. ഗോപാലേട്ടന് കൂലിപ്പണിയായതു കൊണ്ടു വിനീത് അങ്ങനെ. അറിവുകൊണ്ടുപോലും‌ ഞങ്ങളെ വേര്‍‌തിരിപ്പിച്ചു നിര്‍‌ത്തിയതാണോ ഈ ആര്‍‌ജ്ജവം?

ഞാന്‍: കേരളം‌ ഏറ്റവും‌ പ്രബുദ്ധതയുള്ള സം‌സ്ഥാനമായതിന്റെ പ്രധാന കാരണം‌ നമ്മുടെ രാഷ്ട്രീയബോധമായിരുന്നു എന്ന് നീ മറന്നുവെന്നു തോന്നുന്നു?

മനു: ഒരു പക്ഷേ മുന്‍കാലങ്ങളിലെ രാഷ്ട്രീയം ഇത്രയേറെ സാമൂഹികമായത്‌ അന്നു ഇല്ലായ്മയുടെ ഒരു കാലം കൂടിയായിരുന്നതിനാലാകണം. പലതരം ഇല്ലായ്‌മകള്‍, അതൊരു പൊതുസ്വഭാവവുമായിരിക്കുമ്പോള്‍ ഒരു തരം കൂട്ടായ്മയും പ്രതികരണവുമൊക്കെ ആവശ്യമായി വരും. ഇന്ന്‌ ആര്‍‌ക്കും‌ ഇല്ലായ്മകള്‍ ഇല്ലല്ലോ.

ഞാന്‍: അപ്പോള്‍ ഒരു തരം 'സുഭിക്ഷത' ആണ്‌ ഇങ്ങനെ അരാഷ്ട്രീയവത്കരിക്കപ്പെട്ട യുവതലമുറയെ സൃഷ്ടിക്കുന്നത്‌ എന്നാണോ നീ പറയുന്നത്‌? മാത്രവുമല്ല, ദാരിദ്ര്യം സമൂഹത്തിലെ ഒരു മൂല്യതയാണ്, അതു സമൂഹത്തില്‍ തുടര്‍ന്നുതന്നെ പോകണമെന്ന ഒരു ധ്വനി നിന്റെ ഈ സംസാരത്തില്‍ എനിക്കു വായിച്ചെടുക്കാമോ?

മനു: അങ്ങനെയതിനു അര്‍ത്ഥമില്ല ചേട്ടാ. ദാരിദ്ര്യകാലത്തേക്കാള്‍ ഇന്നത്തെ സുഭിക്ഷാകാലത്തല്ലേ ആത്‌മഹത്യകളും അക്രമങ്ങളും കൊലപാതകങ്ങളും കൂടുതല്‍ നടക്കുന്നത്‌. പഴയ ഇല്ലായ്മയില്‍ 'Haves' എന്നും 'Have nots' എന്നും രണ്ടു കള്ളികളുണ്ടായിരുന്നു. അതായത്‌ പഴയ ജന്‍മിമാരും കുടിയാന്‍മാരും പോലെ. ഇന്ന് മുതലാളിത്തം എന്ന ഒരു കള്ളി മാത്രമേയുള്ളൂ. ഏറ്റവും ചെറിയവനിലും ഒരു തരം മുതലാളിത്തമനോഭാവമാണ്‌ ഇന്ന്‌.

ഞാന്‍: ഈ ഒരു കള്ളി ഒഴിവാക്കാനായിട്ടാനായിരുന്നു ഇവിടെ നടന്ന സമരങ്ങളൊക്കെ. അപ്പോള്‍‌ രാഷ്ട്രീയം‌ ആവശ്യമാണെന്ന ഒരു സം‌ഗതി വരുന്നുണ്ടല്ലോ?

മനു: നിങ്ങളൊക്കെ പറയുന്ന ഒരു തരം ഉപഭോഗസംസ്ക്കരത്തിന്റേയോ, ആഗോളീകരണത്തിന്റെയോ ഒക്കെ ഭാഗമാകാം ഇത്‌. ഇന്നു Have nots ശ്രേണിയിലേക്കു തരം താഴ്ത്തപ്പെടാന്‍ ആരുമില്ല. ആരേയും അനുവദിക്കുകയുമില്ല. അതിനുവേണ്ടി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ സഹായവും അവനു വേണ്ട. അഥവാ ഏതെങ്കിലുമൊരു കൈ സഹായം വേണമെന്നു വെച്ചാല്‍ തന്നെ അവന്‍ ഉള്‍പ്പെടുന്ന ജാതിയോ, അവന്‍ കൃത്യമായി മാസവരിസംഖ്യ അടക്കുന്ന ഒരു സമുദായിക സംഘടനയോ അവന്റെ സഹായത്തിനുണ്ടു താനും. പിന്നെ എന്തിനാണു ഈ തെമ്മാടികൂട്ടത്തിന്റെ സഹായം? Politics is the last resort of a scoundrel - ഇതിന്റെ പൊരുള്‍ ഇന്നത്തെ തലമുറ ശരിക്കും മനസ്സിലാക്കുന്നു ചേട്ടാ. ഒരു പക്ഷേ ഇതായിരിക്കാം ഞങ്ങള്‍ അരാഷ്ട്ട്രീയവത്‌കരിക്കപ്പെട്ടതിന്റെ പ്രധാന കാരണം.

ഞാന്‍: ഈ ജാതിയും മതവും കപടസന്യാസിമാരും ഇന്നത്തെ യുവതലമുറയെ സംരക്ഷിച്ചുകൊള്ളുമെന്നു നിനക്കു വിശ്വാസമുണ്ടോ?

മനു: ഈ ജാതിക്കും മതത്തിനും രാഷ്ട്രീയം പോലെ തന്നെ കച്ചവടത്തിന്റെ കണ്ണു തന്നെയാണ്‌. ലാഭമാണ്‌ ഇവിടേയും ലക്ഷ്യം. എന്നാലും മതത്തിനു രാഷ്ട്രീയത്തിനേക്കാള്‍ കുറച്ചുകൂടി വശ്യതയുണ്ട്‌. നിറക്കൂട്ടുകളെ മോഹിക്കുന്ന യുവത്വം അതിലേക്കു അടുത്തു പോവുകയാണ്‌.

ഞാന്‍‌: അതെന്താണ് ആ ഒരു വശ്യത?

മനു: ഞാന്‍‌ നേരത്തെ പറഞ്ഞില്ലേ, വളരെ ചെറുപ്പത്തിലേ തന്നെ സ്‌കൂള്‍ തലത്തില്‍‌ വെച്ചു തന്നെ, ഞങ്ങളെ ഇവിടെ വേര്‍‌തിരിച്ചു കള്ളികളിലാക്കി നിര്‍‌ത്തിയിരിക്കുകയാണ്. കൃസ്ത്യാനികള്‍ അവരുടെ സ്‌കൂളിലും‌ നായന്മാര്‍‌ അവരുടെ സ്‌കൂളിലും‌ ഈഴവന്‍ അവന്റെ സമുദായസ്‌കൂളിലും‌ മുസ്ലീമുകള്‍ അവരുടെ വിദ്യാഭ്യാസസ്‌ഥാപനത്തിലും‌ പഠിക്കാന്‍‌ പോകുന്നു. സമ്പത്തിന്റെ അടിസ്ഥാനത്തില്‍‌ ഞങ്ങള്‍ക്കു വിവിധതരം സ്‌റ്റാന്‍‌‍‌ഡേര്‍‌ഡും‌ സിലബസ്സുമായി ഞങ്ങളെ വേര്‍‌തിരിച്ചു നിര്‍‌ത്തി ഞങ്ങള്‍‌ക്കു പരസ്പരം‌ പറഞ്ഞാലറിയാനാകാത്തവിധമാക്കി. അവന്‍ വേറെ, ഞാന്‍ വേറെ, അതു ആ ജാതിക്കാരുടെ പ്രശ്നം, ഞങ്ങള്‍ നിങ്ങളേക്കാള്‍ ഉയര്‍ന്നവര്‍ എന്നീ മനോഭാവത്തോടെയാണല്ലോ ഞങ്ങള്‍ വളര്‍ത്തപ്പെട്ടതു തന്നെ. അങ്ങനെ അമ്മയുടെ മുലപ്പാലുപോലെ ചെറുപ്പം‌ മുതലേ ഞങ്ങളിലൂട്ടിയുറപ്പിക്കുന്ന വിശ്വാസത്തോട് ഞങ്ങള്‍‌ ചേര്‍‌ന്നുനില്‍‌ക്കുന്നു, അങ്ങനെ ഞങ്ങള്‍‌ ഒന്നാണെന്നു തോന്നിപ്പിക്കുന്ന ഒരു തരം‌ വശ്യത.

ഞാന്‍: രാഷ്ട്രീയം പോലെ തന്നെ മലീമസമല്ലേ ഈ മതവും? രണ്ടിനും ഒരേ കണ്ണാണെന്നു നീ പറഞ്ഞല്ലോ?

മനു: മതം ഇന്നു രാഷ്ട്രീയത്തിനു ഒരു ആള്‍റ്റെര്‍നേറ്റീവായിട്ടാണു നിലകൊള്ളുന്നത്‌. രാഷ്ട്രീയമായി തെറ്റാണെന്നു കരുതുന്നവ പലതും മതപരമായി ശരിയാണെന്ന നിലയിലെത്തുന്നിടത്താണ്‌ മതത്തോട് ഞങ്ങള്‍ കൂടുതല്‍ അടുത്തു പോകുന്നത്‌. അഥവാ മത നേതാക്കളും സാമുദായിക നേതാക്കളും ഞങ്ങളുടെ തെറ്റുകളെ ശരികളാക്കിതീര്‍ക്കുന്നു. ഞങ്ങളുടെ മുന്നോട്ടുള്ള വളര്‍ച്ചയെ, സുരക്ഷിതവും സമ്പന്നവുമായ ഒരു ഭാവിയെ, അതു തടസ്സപ്പെടുത്തുന്നുമില്ല. മാത്രവുമല്ല, അന്യമതസ്ഥരേക്കാള്‍ മുന്നിലെത്താന്‍ ഞങ്ങളെ അതു സഹായിക്കുകയും ചെയ്യുന്നു. എനിക്കു മതം തരുന്ന സുരക്ഷ ഏതു രാഷ്ട്രീയപ്പാര്‍ട്ടിക്കു തരാന്‍ കഴിയും ചേട്ടാ?

ഞാന്‍: ഈ ജാതീയതക്കെതിരെ രാഷ്ട്രീയകക്ഷികള്‍ പോരാടിയ ഒരു ചരിത്രം കേരളത്തിനുണ്ടല്ലോ. അതു നീ ചരിത്രപുസ്തകങ്ങളില്‍ പഠിച്ചിട്ടില്ലേ?

മനു: ഉണ്ട്. പക്ഷേ എന്നിട്ടു ഇന്നും ജാതിയും മത ചിന്തകളും പണ്ടേക്കാള്‍ ശക്തിയായി നിലനില്‍ക്കുന്നത്‌ ആരുടെ തെറ്റാണ്‌? ചേട്ടന്‍ മുന്‍പു പറഞ്ഞ ആദര്‍ശപാര്‍ട്ടികളൊക്കെ കാലങ്ങളായിട്ടും ഇവിടെയുണ്ടായിരുന്നില്ലേ. പക്ഷേ ജാതി എന്നതു ഒഴിവാക്കാനുള്ള ആര്‍ജ്ജവം പഴയ തലമുറ കാണിച്ചില്ലല്ലോ. എത്രയോ വിപ്ലവ നേതാക്കള്‍ അവരുടെ ജാതിപ്പേരില്‍ തന്നെ ഇവിടെ നിലനിന്നു; ഇപ്പോഴും നിലനില്‍ക്കുന്നു. പിള്ള, നായര്‍, നായനാര്‍, നമ്പ്യാര്‍, നമ്പൂതിരിപ്പാട്‌ . ഇവരുടെയൊക്കെ കുടുംബങ്ങളില്‍ എത്ര മിശ്രവിവാഹങ്ങള്‍ നടത്തിയിട്ടുണ്ട്. എന്റെ അച്ഛന്‍ പഠിപ്പിച്ചു തന്നതാണ്‌ എന്റെ ജാതി. എന്റെ അച്ഛന്‍ 1960-നു ശേഷം ജനിച്ചതാണ്‌. ഇത്തരം ആദര്‍ശപ്പാര്‍ട്ടികള്‍ക്കു വേണ്ടത്ര ആര്‍ജ്ജവമുണ്ടായതിനു ശേഷം ജനിച്ചയാള്‍. എന്നിട്ടുമെന്റെ അച്ഛന്റെ തലമുറ ഇന്നും ജാതി പാടി നടക്കുന്നതെന്താണ്‌? എന്റെ അച്ഛനെ പഠിപ്പിക്കാതിരുന്ന തലമുറയെ ഞാന്‍ ചോദ്യം ചെയ്താല്‍ ഒരു പക്ഷേ ചേട്ടനു ഇഷ്ടപ്പെട്ടെന്നു വരില്ല.

ഞാന്‍: അപ്പോള്‍ ഈ കപടസന്യാസിമാരോ?

മനു: പണവും ജോലിയും ഒക്കെ കൈപ്പിടിയിലെത്താനായി ആരുടെയൊക്കെ അടുത്തെത്തിയാലാണ്‌, അരെയൊക്കെ കണ്ടാലാണ്‌ കാര്യങ്ങള്‍ നടക്കുക എന്നതിനിടയില്‍ അതു സന്യാസിയാണോ, മതനേതാവാണോ എന്നൊന്നും നോക്കാറില്ല. അയലത്തെ കുട്ടിയേക്കാള്‍ മുന്നെ ഒരു ജോലി നേടുക, അവനേക്കാള്‍, കൂടുതല്‍ മാര്‍ക്കു വാങ്ങുക, എന്ന ലക്ഷ്യത്തിനായി ഏതു മാര്‍ഗ്ഗമാണു സ്വീകരിക്കേണ്ടി വരിക എന്നൊന്നും നോക്കാറില്ല. പക്ഷേ എന്തായാലും നാടു നന്നാക്കാനെന്ന വ്യാജേന നാട്ടില്‍ തെണ്ടി നടന്ന്‌ ഒരു രാഷ്ട്രീയക്കാരനായി അധ:പതിക്കാന്‍ അച്ഛനമ്മമാര്‍ സമ്മതിക്കില്ല. കാരണം അവര്‍ക്ക്‌ രാഷ്ട്രീയത്തേക്കാള്‍ വിശ്വാസം കപടസ്വാമിമാരിലുണ്ട്.

ഞാന്‍‌: അപ്പോള്‍‌ ഇന്നത്തെ വിദ്യാഭ്യാസരീതിയാണ് ഈ അരാഷ്ട്രീയതയുടേയും സ്‌നേഹരാഹിത്യത്തിന്റേയും‌ ഉറവിടം എന്നാണു നീ പറഞ്ഞുവരുന്നത്. കുടുംബത്തിനു ഇതില്‍‌ എന്തെങ്കിലും‌ പങ്കുണ്ടോ?

മനു: കുടുംബങ്ങള്‍ക്കും ഞങ്ങള്‍ പഠിച്ചിറങ്ങുന്ന വിദ്യാഭ്യാസനിലവാരത്തിനും ഇതില്‍ കാതലായ പങ്കുണ്ട്. കുടുംബങ്ങളില്‍ നിന്നും ഇന്നത്തെ തലമുറക്ക്‌ അച്ഛനമ്മമാരില്‍ നിന്നും ആവശ്യത്തിനുള്ള സ്‌നേഹം ലഭിക്കുന്നുണ്ടോ?ഉന്നത വിദ്യാഭ്യാസനിലവാരം നോക്കി അവര്‍ മക്കളെ ചെറുപ്പത്തിലെ ബോര്‍ഡിംഗിലയച്ചു പഠിപ്പിക്കുന്നു. പരാതി പറഞ്ഞും പങ്കുവെച്ചും, തമ്മില്‍ അടിപിടികൂടിയും, വീണ്ടും കൂട്ടുകൂടിയും ജീവിതത്തിന്റെ മൃദുലതയെ തൊട്ടറിഞ്ഞു ജീവിക്കേണ്ട ബാല്യകാലം കര്‍ശനങ്ങളുടെ ഇരുട്ടു നിറഞ്ഞ ഡോര്‍മറ്ററികളില്‍ ഉരുകിത്തീര്‍‌ക്കുന്ന ഒരു കുട്ടിയില്‍ നിന്ന്‌ സ്‌നേഹത്തിന്റേയും സാമൂഹികപ്രതിബദ്ധതയുടേയും ഏതു ഭാവമാണ്‌ ചേട്ടന്‍ പ്രതീക്ഷിക്കുന്നത്‌?

ഞാന്‍‌: മക്കളുടെ ഉന്നതവിദ്യാഭ്യാസം‌ ഏതൊരു രക്ഷിതാക്കളുടേയും‌ ഉത്തരവാദിത്വം‌ കൂടിയാണ്. നീ ഒരച്ഛനാകുന്ന കാലത്തു മാത്രം‌ മനസ്സിലാകുന്ന സത്യം‌. ഈ ആവേശം അന്നു നിനക്കുണ്ടായെന്നു വരുമോ?

മനു: മകനെ ചെറുപ്പത്തില്‍ ബോര്‍ഡിംഗിലാക്കി ഉന്നതവും‌ പരിഷ്‌കൃതവുമായ വിദ്യ അഭ്യസിപ്പിക്കുന്ന അച്ചനമ്മമാരെ മകന്‍‌ വാര്‍ദ്ധക്യത്തില്‍ വളരെ പ്രശസ്തവും‌ ഹൈജീനുമായ ഒരു വൃദ്ധസസദനത്തില്‍ കൊണ്ടെത്തിക്കുന്നതില്‍ പിന്നെ ചേട്ടന്‍‌ ആന്യായമായി ഒന്നും‌ പറയരുത്. അത് മകന്‍‌ തന്റെ ഉത്തരവാദിത്വമായി കാണുന്നു. കാരണം‌ മസൃണമായ സ്‌നേഹം‌ അവനു പരിചയമില്ല.

ഞാന്‍‌: അപ്പോള്‍‌ നീ ഉള്‍‌പ്പെടുന്ന നിന്റെ തലമുറക്ക് ഈ സമൂഹത്തോട് യാതൊരു പ്രതിബദ്ധതയുമില്ലേ?

മനു: സ്വന്തം കാര്യം കാണാനും എന്തു വില കൊടുത്തും കൂടുതല്‍ മാര്‍ക്കു വാങ്ങി ബിരുദങ്ങള്‍ നേടിയാല്‍ അന്യസംസ്ഥാനങ്ങളിലോ, ഗള്‍ഫുനാടുകളിലോ, അമേരിക്കയിലോ ഒക്കെ എന്നെ തേടി ആരൊക്കെയോ ഒരു ജോലിയുമായി കാത്തിരിക്കുന്നുവെന്ന ഉറപ്പില്‍ ഞാന്‍‌ എങ്ങനെയെങ്കിലും ഈ നാടൊന്നു വിടാന്‍ കാത്തിരിക്കുന്നിടത്ത്‌ ഈ നാടിനോട്‌ ഞാന്‍‌ എന്തു പ്രതിബദ്ധതയാണു കാട്ടേണ്ടത്? ജനിച്ച നാട്ടിലല്ല, മറ്റെവിടെയോ ആണ്‌ തനിക്കുള്ള സ്‌ഥാനമെന്ന തിരിച്ചറിവുള്ളിടത്ത്‌, ഒരിക്കലുപേക്ഷിക്കേണ്ടി വരുമെന്നുറപ്പുള്ള ഒരു വാടകവീടുപോലെ സ്വന്തം നാടിനെ കാണാന്‍ വിധിക്കപ്പെട്ട എന്റെ തലമുറയോട്‌ പ്രതിബദ്ധതയെക്കുറിച്ചു പറഞ്ഞാല്‍ ഞങ്ങള്‍‌ക്കതു ഉള്‍ക്കൊള്ളാനാകില്ല.

ഞാന്‍: അപ്പോള്‍ എല്ലാ സുഭിക്ഷതയുടെയും ഇടയില്‍ സ്‌നേഹത്തിന്റെ ദാരിദ്ര്യം ഇന്നത്തെ തലമുറയെ ബാധിച്ചിട്ടുണ്ടെന്നാണു നീ പറയുന്നതല്ലേ?

മനു: അന്യരുടെ വേദനയെ നെഞ്ചിലേറ്റാന്‍ ഞങ്ങളെ ആരും‌ ശീലിപ്പിച്ചിട്ടില്ല. പിന്നെ പ്രതിബദ്ധത എവിടെ നിന്നു വരണം? സ്വന്തം മാതാപിതാക്കളോട് പ്രതിബദ്ധതയില്ലാത്തവര്‍ക്ക്‌ സമൂഹത്തോടെന്തു തോന്നാന്‍? സഹജീവിയോട്‌ സ്‌നേഹം വേണമെങ്കില്‍ അവന്‍ സമൂഹമധ്യത്തില്‍ വളരണം. ചുറ്റുപാടുകളുടെ നൊമ്പരങ്ങള്‍ കണ്ടറിയാനുള്ള അവസരമുണ്ടാകണം. മക്കള്‍ക്ക്‌ ലോകോത്തര സ്‌റ്റാന്‍ഡേര്‍ഡ്‌ വിദ്യാഭ്യാസത്തിലുണ്ടായിരിക്കാന്‍ ഏറ്റവും മുന്തിയ കോണ്‍വെന്റില്‍ പഠിപ്പിക്കുന്നത്‌ പുറത്തിറങ്ങി സമൂഹത്തിന്റെ വേദന ഒപ്പാനോ, സമരക്കൊടി പിടിക്കാനോ അല്ല എന്നുറപ്പു വരുത്തേണ്ടത്‌ ഇന്നത്തെ അച്ഛനമ്മമാരുടെ ഉത്തരവാദിത്വമായി മാറിയില്ലേ?

ഞാന്‍‌: എന്നു വെച്ചാല്‍? നിന്റെ ഉത്തരം‌ സ്‌പഷ്ടമായില്ല.

മനു: കാരണം അവര്‍ മക്കളില്‍ എല്ലാ പണവും ഇന്‍വെസ്റ്റ് ചെയ്തിട്ട്‌ ലാഭം കാത്തിരിക്കുന്നവരാണ്‌. തന്റെ ഇന്‍വെസ്റ്റ്മെന്റിനു ഒരു കോട്ടവും വരാതിരിക്കാന്‍ അവര്‍ അതു പൊന്നുപോലെ സൂക്ഷിക്കുന്നു. കപടസന്യാസിമാരും മാന്ത്രികന്‍മാരും കപടജ്യോതിഷികളും മതഗുരുക്കന്‍മാരുമൊക്കെ ജപിച്ചു കൊടുക്കുന്ന ഏലസ്സും കറപ്പു ചരടും രുദ്രാക്ഷവും കുരിശും വെന്തിങ്ങയുമൊക്കെ അവര്‍ മക്കളുടെ അരയിലും കഴുത്തിലും കൈത്തണ്ടയിലും കെട്ടിച്ച് അവരെ സന്തോഷിപ്പിച്ചു സൂക്ഷിച്ചുപോരുന്നു. അയലത്തെ കുട്ടിക്കുള്ളതിനേക്കാള്‍കൂടുതലായി എന്തൊക്കെയോ നിനക്കുണ്ടെന്നു തോന്നിപ്പിക്കുംവിധം അവന്റെ ആവശ്യങ്ങളേയും ആഗ്രഹങ്ങളേയും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. മുന്തിയതരം‌ മൊബൈല്‍ ഫോണും ഇന്റര്‍‌നെറ്റുമൊക്കെ ആയി അവന്‍‌ സന്തോഷവാനായിരിക്കുന്നു. ഇതിനൊക്കെയിടയില്‍ അവനു സ്വന്തം ധര്‍മ്മങ്ങളെക്കുറിച്ചു പറഞ്ഞുകൊടുക്കാന്‍ രക്ഷിതാക്കള്‍ക്കു സമയമില്ല. ചിലയിടങ്ങളില്‍ മക്കളെ വിലക്കാനുള്ള കര്‍മ്മശുദ്ധി രക്ഷിതക്കള്‍ക്കുണ്ടാകാറുമില്ല. അച്ഛന്റേയോ അമ്മയുടേയോ അവിഹിതബന്ധം‌ മക്കളായിട്ടു ചോദ്യം ചെയ്യുന്നതു മോശമല്ലേ ചേട്ടാ?

ഞാന്‍: നമുക്കു രാഷ്ട്രീയത്തിലേക്കു തിരിച്ചു വരാം. ഇന്നത്തെ തലമുറ എല്ലാവരും രാഷ്ട്രീയത്തോട് നെഗറ്റീവ് അപ്പ്രോച്ച്‌ ഉള്ളവരാണോ?

മനു: ഭൂരിപക്ഷവും അങ്ങനെതന്നെയാണെന്നാണെന്റെ അഭിപ്രായം. അവര്‍ക്ക്‌ രാഷ്ട്രീയത്തെ ഒരു തരം ഭയമണ്‌. സ്വന്തം ഭാവിയെ ഇരുളടപ്പിക്കുന്ന ഒരു ദുര്‍ഭൂതത്തെയാണ്‌ അവര്‍ രാഷ്ട്രീയക്കാരില്‍ കാണുന്നത്‌. അതുകൊണ്ടു തന്നെയാണ്‌, സീരിയല്‍ ബോംബ്‌ ബ്ലാസ്റ്റിന്റെ ദൃശ്യങ്ങളില്‍ നിന്നും, ആണവക്കരാറിന്റേ ചൂടുള്ള ചര്‍ച്ചകളില്‍ നിന്നും അവന്‍ റിമോട്ട്‌ ഞെക്കി ടി. വി.ചാനല്‍ ടെസ്റ്റ് ക്രിക്കറ്റിലേക്കും ഫാഷന്‍ ചാനലിലേക്കും മാറ്റുന്നത്‌. ഒരു മൂല്യസ്‌പര്‍ശമില്ലാത്ത രാഷ്ട്രീയത്തെ എന്തുകണ്ടിട്ടാണ്‌ ഞങ്ങള്‍ അനുകരിക്കേണ്ടത്‌? ഒരു അച്യുതാനന്ദനോ ആന്‍റ്റണിയോ അങ്ങിങ്ങു മിന്നിമറയുന്നുണ്ടെങ്കിലും അവര്‍ക്കിടയിലെ അഗാധഗര്‍ത്തങ്ങളും ഞങ്ങള്‍ തിരിച്ചറിയുന്നു. കോമഡിഷോകള്‍ ഇഷ്ടപ്പെടുന്ന ഞങ്ങളുടെ തലമുറ ഈ കോമഡിക്കാരുടെ ഉള്ളുകള്ളികള്‍ നന്നായി അറിഞ്ഞുതന്നെയാണു വളരുന്നത്‌.

ഞാന്‍: മതത്തിന്റെ അമിതപ്രലോഭനം ഒരു തരം ഭീകരതയിലേക്കു യുവത്വത്തെ നയിക്കുമെന്നു ഞാന്‍ പറഞ്ഞാലോ?

മനു: ഒരു പക്ഷേ ഞാന്‍ സമ്മതിച്ചെന്നു വരാം. കൊലയാണ്‌ എല്ലാത്തിനും ശാശ്വത പരിഹാരമെന്നു കരുതുന്ന മതതീവ്രതയിലേക്കു ചിലരൊക്കെ ചെന്നു പെട്ടേക്കാം. എന്നാല്‍ രാഷ്ട്രീയത്തിലും അതു തന്നെയല്ലേ നടക്കുന്നത്‌? ഏതു തരം തീവ്രതയും ഹിംസക്കുവേണ്ടി നിലകൊള്ളുമ്പോള്‍, എന്റെ ഭാവി സംരക്ഷിക്കപ്പെടുമെന്നുറപ്പുള്ളിടത്തു നില്‍‌ക്കുന്നതല്ലേ ചേട്ടാ കുറേക്കൂടി ശരി?

ഞാന്‍: ഇത്തരം അരാഷ്ട്രീയമായ ഒരു തലമുറ തുടര്‍ന്നാല്‍ ഭാവിയെക്കുറിച്ച്‌ ഉത്‌കണ്ഠ തോന്നുന്നില്ലേ?

മനു: ഞാന്‍ എന്തിനാണതോര്‍ത്തിത്ര ബേജാറാകേണ്ടത്? എന്റെ ഭാവി ഈ സംസ്ഥാനത്തല്ലാ എന്നെനിക്കു തികച്ചും ഉറപ്പുള്ളപ്പോള്‍ ഞാന്‍ എന്തിനാണ്‌ ഇത്രയേറെ ഉത്‌കണ്ഠപ്പെടേണ്ടത്‌?

ഞാന്‍‌: കേരളത്തോടും നമ്മുടെ മാത്യഭാഷയായ മലയാളത്തോടും‌ നിനക്കു സ്‌നേഹമില്ലേ?

മനു: സ്‌നേഹമൊക്കെയുണ്ട്. പക്ഷേ അതൊക്കെ പഠിച്ചിട്ടൂ എനിക്കെന്താ ചേട്ടാ ഗുണം? ആശാന്റേയും‌ ഉള്ളൂരിന്റേയും‌ ഒക്കെ കവിത കാണാപാഠം‌ പഠിച്ച് എഴുതി മാര്‍‌ക്കു വാങ്ങിയിട്ട് എനിക്ക് എന്തു ഗുണം. അല്ലിനി കമ്പ്യൂട്ടറു പഠിച്ചാലൂം‌ എഞ്ചിനീയറിം‌ഗു പഠിച്ചാലും‌ എനിക്കീ സം‌സ്‌ഥാനത്തെന്താ ഗുണം? എന്റെ അച്ഛന്‍ രാഷ്ട്രീയക്കാരനല്ല, സ്വാധീനവുമില്ല. എനിക്കിവിടം‌ വിട്ടു പോയല്ലേ പറ്റൂ ചേട്ടാ..ദേ ചേട്ടനെപ്പോലെ..

ഞാനും‌ മനുവും‌ രണ്ടു ദിശകളിലേക്കു തിരിച്ചു നടന്നു. . കാലം‌ എന്നും‌ പുതിയ തലമുറയുടേതാണ്. പുതിയ കാലം‌ സൃഷ്ടിക്കുന്നതും പുതിയ തലമുറ തന്നെ. അവന്റെ വഴികള്‍‌ നന്നായിരിക്കട്ടെ

Monday, July 28, 2008

പഠിക്കാന്‍ "മൂഡു" വരാനും മദ്യം

ഒരു ചെറിയ സംഭവം.അതോ വലുതോ...അറിയില്ല.

നാട്ടില്‍ അവധിക്കു ചെന്നപ്പോള്‍ ബിയര്‍ബാറിന്റെ മുന്നില്‍ അയലത്തെ +2 നു പഠിക്കുന്ന കുട്ടിയെക്കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.

"എന്താടാ..ഇവിടെ നിനക്കെന്താ കാര്യം?"

അവന്റെ മറുപടിയില്‍ ഞാന്‍ ഷോക്ക്ഡ്‌ ആയിപ്പോയി.

'എന്റെ ചേട്ടാ..ഒരു കെട്ടു പുസ്തകങ്ങളാ പഠിക്കാനുള്ളത്. അടുത്ത ആഴ്ച പരീക്ഷയാ. പഠിത്തത്തിന്റെ ഒരു ടെന്‍ഷന്‍ ഒന്നു കുറഞ്ഞുകിട്ടാനാ..ദേ..ഞങ്ങളെല്ലാമുണ്ട്"

അവന്‍ അവന്റെ കൂട്ടുകാരേയും പരിചയപ്പെടുത്തി.

മറുവാക്കു പറയാനില്ലാതെ ഞാന്‍ തിരികെ നടന്നു.

ഇതൊരു അതിശയോക്തിയായി ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? ഇതു സത്യമാണ്‌. സംഭവിച്ചതാണ്‌.

ചോര തുടിക്കും ചെറുകൈയുകളേ
പേറുക വന്നീപ്പന്തങ്ങള്‍...
--സോറി..മദ്യക്കുപ്പികള്‍. ഒക്കുമെങ്കില്‍ ഒരു ബൈബിളോ, ഗീതയോ, ഖുറാനോ കൂടി കരുതിക്കോ.

നമുക്കു വളരാം..എങ്ങോട്ടുമല്ല..മുന്നോട്ടുതന്നെ.

Tuesday, July 22, 2008

ഭാര്യയുടെ പരാതി

ഭര്‍ത്താവ്‌ രാവിലെ ഓഫീസിലേക്കും പോയിക്കഴിഞ്ഞാല്‍ പിന്നെ അവള്‍ ഫ്ലാറ്റില്‍ തനിച്ചാണ്‌.

നാട്ടിലായിരുന്നപ്പോള്‍ സംസാരിച്ചിരിക്കാന്‍ ഒരുപാടു പേരുണ്ടായിരുന്നു. മാത്രവുമല്ല വീടിന്റെ വാതില്‍ക്കല്‍ നിന്നാല്‍ മതി ഇടവഴിയിലൂടെ പോകുന്ന എല്ലാവരോടും സംസാരിക്കാം. ഇവിടെ ഒന്നു മിണ്ടാനും പറയാനും ആരുമില്ലാത്തതില്‍ അവള്‍ ദു:ഖിതയായിരുന്നു.

കിച്ചണിലെ ജോലി എല്ലാം വളരെ പെട്ടെന്നു തീര്‍ക്കും. അല്ലെങ്കില്‍ തന്നെ രണ്ടു പേരുള്ളിടത്ത്‌ എന്താണിത്ര പണി? അവളുടെ ഏക സന്തോഷം തന്റെ കിടപ്പുമുറിയിലെ ചില്ലിട്ട ജനാലയിലൂടെ നോക്കിയാല്‍ അടുത്ത ഫ്ലാറ്റിലെ ഒരു മുറി കാണാമെന്നതായിരുന്നു. അതിനകത്തെ കാര്യങ്ങളും അവള്‍ക്കു നന്നേ കാണാമായിരുന്നു.

വൈകുന്നേരം അത്താഴം കഴിച്ചു കൊണ്ടിരിക്കെ അവള്‍ ഭര്‍ത്താവിനോടായി പറഞ്ഞു.

"അപ്പുറത്തെ ഫ്ലാറ്റിലെ നമ്മുടെ നേര്‍ക്കുള്ള മുറിയില്ലേ, അവിടുത്തെ വീട്ടുകാര്‍ക്ക്‌ ഒരു വൃത്തിയുമില്ല. അവരുടെ ജനാലവിരികളും സോഫാ സെറ്റുമൊക്കെ കാണണം, ആകെ പൊടിപിടിച്ചു മഞ്ഞിച്ചിരിക്കുകയാണ്‌. അവര്‍ക്ക്‌ നമ്മളെപ്പോലെ അവരുടെ വീടു വൃത്തിയാക്കിവെച്ചാല്‍ എന്താ? നോക്ക്, എന്നെപ്പോലെ ഒരു ഭാര്യയെ കിട്ടിയ ചേട്ടന്‍ ഭാഗ്യവാനല്ലേ?"

അയാള്‍ ഒന്നും മിണ്ടിയില്ല.

തനിക്കു അവധിയുള്ള ഒരു ഞായറാഴ്ച ദിവസം രാവിലെ അയാള്‍ ഭാര്യയെ വിളിച്ചു തങ്ങളുടെ ചില്ലിട്ട ജനാലക്കരികില്‍ നിര്‍ത്തിയതിനുശേഷം പറഞ്ഞു.

'ഇനി അപ്പുറത്തെ വീട്ടിലേക്കു നോക്കൂ"

അവള്‍ക്കു വിശ്വസിക്കാനായില്ല. അയലത്തുവീട്ടിലെ മുറി വളരെ വൃത്തിയുള്ളതും നിറമുള്ളതുമായി മാറിയിരിക്കുന്നു. ഇതെങ്ങനെ സംഭവിച്ചു എന്നവള്‍ വിസ്‌മയിച്ചു നില്‍ക്കെ ഭര്‍ത്താവു പറഞ്ഞു.

'ഞാന്‍ നമ്മുടെ ജനാലച്ചില്ലിലെ അഴുക്കുകള്‍ തുടച്ചു മാറ്റി "

സ്വന്തം മുറിയിലെ ജനാലയിലെ അഴുക്കാണ്‌ അയല്‍വീട്ടിലെ അഴുക്കായി കണ്ടതെന്ന് അപ്പോഴാണ്‌ അവള്‍ക്കു മനസ്സിലായത്‌.

മറ്റുള്ളവരിലെ കുറ്റം കണ്ടെത്തുമ്പോള്‍ ഈ ഗുണപാഠകഥ ഓര്‍ക്കുന്നതു നന്നായിരിക്കും. നമ്മിലെ അഴുക്കാണ്‌ നമ്മള്‍ മറ്റുള്ളവരില്‍ കാണാന്‍ ശ്രമിക്കുന്നത്.

(ഈ-മെയിലില്‍ കിട്ടിയ ഒരു കഥ ഇങ്ങനെ എഴുതിയെന്നു മാത്രം. എന്തിനാ പെണ്ണിനെ കുറ്റം പറയുന്നേ എന്നു ചോദിച്ചു എന്നെ ആരും കുറ്റപ്പെടുത്തല്ലേ...ഇതൊരു കഥയല്ലേ...Just for the sake of moral)

Sunday, July 20, 2008

മദര്‍ തെരേസക്കു മരണമുണ്ടെങ്കില്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത

നരബലികൊണ്ടു കുരുതിയാടുന്ന
രുധിരകാളിതന്‍ പുരാണഭൂമിയില്‍
പരദേശത്തുനിന്നൊരു പിറാവുപോല്‍
പറന്നുവന്നതാം പരമസ്‌നേഹമേ
പലനൂറ്റാണ്ടായി മകുടമോഹത്തിന്‍
മരണശംഖൊലി മുഴങ്ങുമീമണ്ണില്‍
ജനകനില്ലാതെ, ജനനിയില്ലാതെ
കുലവും ജാതിയും മതവുമില്ലാതെ
തെരുവില്‍ വാവിട്ടു കരയും ജീവനെ
ഇരുകൈയാല്‍ വാരിയെടുത്തു ചുംബിക്കും
മഹാകാരുണ്യത്തിന്‍ മനുഷ്യരൂപമേ
ഒരു വെളിച്ചത്തിന്‍ വിമലജീവിതം
വെറുമൊരു ചാര കഥ* യെന്നെണ്ണുന്ന
തിമിരകാലത്തിന്നടിമയായ ഞാന്‍
നറും മുലപ്പാലിലലക്കിയ നിന്റെ
തിരുവസ്ത്രത്തുമ്പില്‍, നിണം പുരണ്ടൊരെന്‍
കരം തുടച്ചോട്ടെ.
മഹാപരിത്യാഗം മറന്ന ഭാരതം
മദര്‍ തെരേസയെ മറക്കുമെങ്കിലും
മദര്‍ തെരേസക്കു മരണമുണ്ടെങ്കില്‍
മരണമല്ലയോ മഹിതജീവിതം?

*മദര്‍ തെരേസ സി. ഐ. എ. ഏജന്റാണെന്നു ചില മത-രാഷ്ട്രീയ ഭ്രാന്തന്‍മാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.

-ചുള്ളിക്കാട് - 1995

Tuesday, July 8, 2008

ഗള്‍ഫുകാരന്‍ മലയാളിയില്‍ 'സ്ത്രീ' ഇല്ലേ?

ഇതൊരു എടുത്തെഴുത്താണ്‌. മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച 'പ്രവാസം പ്രത്യേക പതിപ്പിനോട് 'ഖാസിദ കലാം' എന്ന ഒരു സഹോദരിയുടെ വേദനയോടുള്ള പ്രതികരണം. ഇതു വായിച്ചപ്പോള്‍ ഈ ബൂലോകത്തിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നു തോന്നിയതിനാല്‍ എടുത്തെഴുതുന്നു. ഈ പ്രവാസം പ്രത്യേക പതിപ്പില്‍ പ്രിയ ബ്ലോഗ്ഗറായ കുഴൂര്‍ വില്‍സന്റേയും, രാം മോഹന്‍ പാലിയത്തിന്റേയുമൊക്കെ (One Swallow) ലേഖനങ്ങളുമുണ്ടായിരുന്നു.

ഖാസിദയുടെ സ്വന്തം ഭാഷയില്‍ എടുത്തെഴുതുന്നു...

മലബാറില്‍, ഒരു പക്ഷേ കേരളത്തിലാകെ ഇടത്തരക്കാരുടെയും അതില്‍ താഴെയുള്ളവരുടേയും കുടുംബത്തില്‍ ഒരു ആണ്‍കുട്ടി വളര്‍ന്നു വരുമ്പോള്‍ തന്നെ അവനെ 'കടലു കടത്താനുള്ള' സമ്മര്‍ദ്ദവും വളരും. അസുഖക്കാരനായ ബാപ്പ, നിലം പൊത്താറായ വീട്‌, വിവാഹപ്രായമെത്തിനില്‍ക്കുന്ന സഹോദരികള്‍ - 'പോ" നാടു മുഴുവന്‍ ആക്രോശിക്കുകയാണ്‌. ഉള്ളതെല്ലാം നുള്ളിപ്പെറുക്കി, കടം വാങ്ങിക്കൂട്ടി, പിന്നെ ഒരു സാഹസമാണ്‌. അക്കരപ്പച്ച പറിക്കാന്‍. അവിടെയെത്തിയാലോ? ആദ്യം കടം വീട്ടല്‍, പിന്നെ പുരപ്പണി, പെങ്ങന്‍മാരെ കെട്ടിച്ചയക്കല്‍, ഇതിനിടയിലെപ്പോഴോ സ്വന്തം വിവാഹം. നടു നിവര്‍ത്താനാവുമ്പോഴേക്കും വളര്‍ന്നുവരുന്ന പെണ്മക്കള്‍, 3 വര്‍ഷത്തേക്കെന്നു കരുതിവരുന്ന പ്രവാസജീവിതം 30-ലെത്തിയിട്ടും അവസനിച്ചില്ലെങ്കിലല്ലേ അത്‌ഭുതമുള്ളൂ.

ഇക്കൂട്ടത്തില്‍ ഭാഗ്യവാന്‍മാര്‍ പ്രവാസികളായ എഴുത്തുകാരാണ്‌, തങ്ങളുടെ സങ്കടങ്ങളെ, ആശങ്കകളെ, ചിന്തകളെ, കാഴ്ചകളെ പങ്കുവെക്കാനുള്ള ഒരു വരദാനം - ഭാഷ- അവരുടെ കൈയിലുണ്ട്. പക്ഷേ എന്നിട്ടും ഗള്‍ഫുകാരന്‍ മലയാളി കാണുന്നത്‌, ചിന്തിക്കുന്നത്, ജീവിക്കുന്നത്, അരികു മാത്രം സ്പര്‍ശിച്ചുപോയതായി തോന്നിയത്‌ അതില്‍ ജീവിതം വന്നില്ല എന്നതുകൊണ്ടുതന്നെയാണ്‌. ഇവയൊക്കെയും ആണ്‍നൊമ്പരവും ആണ്‍കാഴ്ചയുമായി ഒതുങ്ങിപ്പോയതുകൊണ്ടുമായിരിക്കാം.

ഇത്രയും കാലം നീണ്ട പ്രവാസജീവിതത്തിനിടയില്‍ പ്രധാനപ്പെട്ട ഒരു കാഴ്ച അവര്‍ കണ്ടില്ല. കുടുംബം പോറ്റാന്‍ 'തന്നിഷ്ടപ്രാകാരം പ്രവാസികളായ' സ്‌ത്രീകളെ. അവരിലുമുണ്ട് 3 വര്‍ഷത്തെ പ്രവാസജീവിതം 30-ലെത്തി നില്‍ക്കുന്നവര്‍. ഇത്‌ ബിരുദവും ഡിപ്ലോമയും രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റുകളുമായി ഉന്നതജോലി തേടി കടലുകടന്ന വനിതാരത്നങ്ങളുടെ കഥയല്ല. കുറച്ചുകാലം മുന്‍പുവരെ, പെണ്ണുപഠിച്ചാല്‍ പ്രണയലേഖനങ്ങള്‍ ഭൂമിക്കു ഭാരമാകുമെന്ന്‌ വിശ്വസിച്ച്‌, സഹോദരന്‍മാരുടെ നല്ലൊരു വിദ്യാഭ്യാസഭാവി സ്വപ്നം കണ്ട്, സ്വന്തം പഠനം ഉപേക്ഷിച്ച്‌ ത്യാഗം ചെയ്ത സ്ത്രീകളുടെ കഥയാണ്‌. "Uneducated" എന്നാണ്‌ ഇവരുടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ഋതുമതിയാകുമ്പോഴേക്ക്, അല്ലെങ്കില്‍ അതിനുമുന്നേ തന്നെ വീട്ടുകാര്‍ യോഗ്യനായ ' പുയ്യാപ്ലയെ' അവള്‍ക്കുവേണ്ടി കണ്ടെത്തിയിരുന്നു. പ്രിയപ്പെട്ടവന്റെ മരണമോ, അസുഖമോ അവാം ഒരു പക്ഷേ അവളെ മരുഭൂമിയിലെത്തിച്ചത്‌. അല്ലെങ്കില്‍ വിവാഹം കഴിഞ്ഞ്‌ ഒരു തമാശക്ക്‌ ' മൂന്നും ചൊല്ലു' നടത്തി അടുത്ത പെണ്ണിനെ തേടിപ്പോയ കെട്ടിയവനെ ഓര്‍ത്ത്‌ കരഞ്ഞിരിക്കാന്‍ മനസ്സില്ലാത്തതിനാലാവാം. അതുമല്ലെങ്കില്‍ 'ചിന്താവിഷ്ടയായ ശ്യാമളയിലെ' വിജയന്‍ മാഷിനെപ്പോലെ ജോലിക്കു പോകാന്‍ മടിയനായ ഭര്‍ത്താവു കാരണമാകാം. എന്തായാലും മരുഭൂമിയിലെ ചൂടിലേക്ക്‌ അവള്‍ യാത്രയായത്‌ തന്റെ കുഞ്ഞുങ്ങളുടെ ഭാവി ഒന്നുമാത്രം ഓര്‍ത്തതുകൊണ്ടായിരുന്നു.

തനിക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട വിസ ഏജന്റിന്റെ കറുത്ത മുഖത്തെ വെളുത്ത ചിരിയില്‍ സത്യം മാത്രമാണെന്നു വിശ്വസിച്ച്‌ അവള്‍ കടല്‍ കടക്കാന്‍ തയ്യാറാകുന്നു. തന്റെ മാനം, ജീവന്‍, ഇതൊന്നും അതില്‍ നിന്ന്‌ അവളെ പിന്തിരിപ്പിക്കാനുള്ള ഘടകങ്ങളായിരുന്നില്ല. അറബിയുടെ കക്കൂസ്‌ കഴുകിയും വെച്ചുവിളമ്പിയും അടുത്ത അവധിക്കു നാട്ടിലെത്തുമ്പോള്‍ ചിലപ്പോള്‍ അസുഖക്കാരനായ പുയ്യാപ്ലയും , വിജയന്‍ മാഷായ പുയ്യാപ്ലയും 'പുത്തന്‍ പുയ്യാപ്ല' ആയിട്ടുണ്ടാകും. മാസാമാസം പണം അയച്ചു കിട്ടുന്നുണ്ടെങ്കിലും രാത്രിയില്‍ പെണ്ണിന്റെ ചൂടറിയാതെ എങ്ങനെ കിടന്നുറങ്ങും?

ആണ്‍ പ്രവാസി മൂന്നും അഞ്ചും വര്‍ഷം കഴിഞ്ഞിട്ടും നാട്ടിലെത്തിയില്ലെങ്കില്‍ 'അവനു ലീവു കിട്ടിയില്ലെന്നേ' എന്നു പറഞ്ഞ്‌ പരസ്‌പരം സമാധാനിക്കും നാട്ടുകാര്‍ . എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും 'അവള്‍ക്ക്' നാട്ടിലെത്താനായില്ലെങ്കില്‍ ഈ സമാധാനിപ്പിക്കലിന്റെ സ്വരം മാറും. "അവള്‍ക്കവിടെ പരമസുഖമാണെന്നേ, അറബി സ്വന്തം ഭാര്യയെപ്പോലെയാ അവളെ നോക്കുന്നേ..' ഇങ്ങനെ പോകും സംസാരങ്ങള്‍. ചിലപ്പോള്‍ അടുത്തിടെ നാട്ടിലെത്തിയ ഏതെങ്കിലും പ്രവാസിയുടെ 'ദൃക്‌സാക്ഷി വിവരണ' വുമുണ്ടാകും അടിക്കുറിപ്പായിട്ട്‌. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ, സൂര്യപ്രകാശം പോലും കാണാതെ, ഒന്നു കുളിക്കുവാനോ, മനസ്സ്‌ തുറന്ന്‌ ഒന്നു പ്രാര്‍ത്ഥിക്കുവാനോ സമയം കിട്ടാതെ ഉരുകിയുരുകിത്തീരുന്ന അവളുടെ സങ്കടങ്ങളെ ആരും കേട്ടില്ല...അറിഞ്ഞില്ല.

ഒരു പുരുഷ പ്രവാസിക്ക് ചെയ്തു തീര്‍ക്കാനുള്ള ഉത്തരവാദിത്വങ്ങള്‍ സ്വന്തം കുടുംബത്തോടുമാത്രമാണ്‌. എന്നാല്‍ ഈ ഗള്‍ഫുകാരിയുടെ കാര്യമോ? തനിക്കും മക്കള്‍ക്കും ഭര്‍ത്താവിനും ഒരു വീട്. പെറ്റുവളര്‍ത്തിയവര്‍ക്കും സഹോദരങ്ങള്‍ക്കും ഒന്ന്‌. ഭര്‍ത്താവിന്റെ കുടുംബത്തിന്‌ ഒന്ന്‌. ഇങ്ങനെ മിനിമം മൂന്നു വീടുകളുടെയെങ്കിലും 'പുരപ്പണി' പ്രവാസ ജീവിതകാലത്തിനിടയ്ക്ക് കഴിഞ്ഞിരിക്കണം. സ്വന്തം സഹോദരന്‍മാര്‍ക്കും ഭര്‍ത്താവിന്റെ സഹോദരന്‍മാര്‍ക്കും വിസ, സ്വന്തം സഹോദരിമാരുടേയും ഭര്‍ത്താവിന്റെ സഹോദരിമാരുടേയും വിവാഹം, അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കും വിസ. അപ്പോഴേക്കും വളര്‍ന്നുവരുന്ന പെണ്‍മക്കള്‍. പ്രവാസജീവിതം 30-ലും 50-ലും നില്‍ക്കില്ല.

ഈ സ്ത്രീകള്‍ ഇപ്പോഴുമുണ്ട്. ഇങ്ങ്‌ ദൈവത്തിന്റെ നാട്ടിലല്ല. അവിടെ, അതേ മണല്‍പരപ്പില്‍. പക്ഷേ ഇവരാരെയും തന്നെ ഇതുവരെ ഗള്‍ഫിന്റെ ചരിത്രത്തില്‍ എഴിതിയിട്ടില്ല. വായിക്കപ്പെട്ടിട്ടില്ല. അല്ലെങ്കില്‍ ഇവരെ പ്രവാസികളായി ആരും കണക്കാക്കിയിട്ടില്ല. ലേബര്‍ ക്യാമ്പിലെ കുടുസ്സുമുറിയിലെ ഇരുട്ടും പെട്ടികെട്ടല്‍ എന്ന കലയും ഇവര്‍ക്കും പരിചിതമാണ്‌. ദയവു ചെയ്ത്‌ പ്രവാസികളായ സാഹിത്യകാരന്‍മാര്‍ ഈ സ്ത്രീകളെ കൂടി തങ്ങളുടെ കാഴ്ചയില്‍ ഉള്‍പ്പെടുത്തിയേക്കുക. ഒരു നിമിഷം അവരെക്കുറിച്ച്‌ ചിന്തിക്കുക. സാധിക്കുമെങ്കില്‍ ഒരു വരിയിലൂടെയെങ്കിലും 'അവളെ' ഒന്നു സമാശ്വസിപ്പിച്ചേക്കുക..

...............

വളരെ വേദനയോടെയാണ്‌ ഖാസിദയുടെ ഈ പ്രതികരണം വായിച്ചു തീര്‍ത്തത്‌. ഇതു പ്രസിദ്ധീകരിച്ച ലക്കത്തില്‍ കുടുംബത്തെക്കുറിച്ചു ചില 'വരേണ്യ വനിത" കളുടെ ശര്‍ദ്ദിലുകളുമുണ്ടായിരുന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍. ഖാസിദയുടെ ഈ ഒരു കത്തു വായിക്കന്‍ കഴിഞ്ഞതു വഴി, 'ഉന്നത സങ്കല്‍പ്പമുള്ള ഫെമിനിസ്റ്റ് വനിതാരത്നങ്ങളുടെ ജല്‍പനങ്ങള്‍ വായിക്കേണ്ടി വന്നതിന്റെ പാപം മാറിക്കിട്ടി.

ഖാസിദക്കും ഗള്‍ഫില്‍ ഇങ്ങനെ ജീവിക്കുന്ന എല്ലാ സഹോദരിമാര്‍ക്കും വേണ്ടി..........ഇതു ഞാന്‍ ബൂലോകത്തിടുന്നു...(ആ സഹോദരിമാരില്‍ ഒരാള്‍ പോലും ബ്ലോഗ്‌ വായിക്കുന്നവരാകില്ലല്ലോ...)