Tuesday, July 8, 2008

ഗള്‍ഫുകാരന്‍ മലയാളിയില്‍ 'സ്ത്രീ' ഇല്ലേ?

ഇതൊരു എടുത്തെഴുത്താണ്‌. മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച 'പ്രവാസം പ്രത്യേക പതിപ്പിനോട് 'ഖാസിദ കലാം' എന്ന ഒരു സഹോദരിയുടെ വേദനയോടുള്ള പ്രതികരണം. ഇതു വായിച്ചപ്പോള്‍ ഈ ബൂലോകത്തിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നു തോന്നിയതിനാല്‍ എടുത്തെഴുതുന്നു. ഈ പ്രവാസം പ്രത്യേക പതിപ്പില്‍ പ്രിയ ബ്ലോഗ്ഗറായ കുഴൂര്‍ വില്‍സന്റേയും, രാം മോഹന്‍ പാലിയത്തിന്റേയുമൊക്കെ (One Swallow) ലേഖനങ്ങളുമുണ്ടായിരുന്നു.

ഖാസിദയുടെ സ്വന്തം ഭാഷയില്‍ എടുത്തെഴുതുന്നു...

മലബാറില്‍, ഒരു പക്ഷേ കേരളത്തിലാകെ ഇടത്തരക്കാരുടെയും അതില്‍ താഴെയുള്ളവരുടേയും കുടുംബത്തില്‍ ഒരു ആണ്‍കുട്ടി വളര്‍ന്നു വരുമ്പോള്‍ തന്നെ അവനെ 'കടലു കടത്താനുള്ള' സമ്മര്‍ദ്ദവും വളരും. അസുഖക്കാരനായ ബാപ്പ, നിലം പൊത്താറായ വീട്‌, വിവാഹപ്രായമെത്തിനില്‍ക്കുന്ന സഹോദരികള്‍ - 'പോ" നാടു മുഴുവന്‍ ആക്രോശിക്കുകയാണ്‌. ഉള്ളതെല്ലാം നുള്ളിപ്പെറുക്കി, കടം വാങ്ങിക്കൂട്ടി, പിന്നെ ഒരു സാഹസമാണ്‌. അക്കരപ്പച്ച പറിക്കാന്‍. അവിടെയെത്തിയാലോ? ആദ്യം കടം വീട്ടല്‍, പിന്നെ പുരപ്പണി, പെങ്ങന്‍മാരെ കെട്ടിച്ചയക്കല്‍, ഇതിനിടയിലെപ്പോഴോ സ്വന്തം വിവാഹം. നടു നിവര്‍ത്താനാവുമ്പോഴേക്കും വളര്‍ന്നുവരുന്ന പെണ്മക്കള്‍, 3 വര്‍ഷത്തേക്കെന്നു കരുതിവരുന്ന പ്രവാസജീവിതം 30-ലെത്തിയിട്ടും അവസനിച്ചില്ലെങ്കിലല്ലേ അത്‌ഭുതമുള്ളൂ.

ഇക്കൂട്ടത്തില്‍ ഭാഗ്യവാന്‍മാര്‍ പ്രവാസികളായ എഴുത്തുകാരാണ്‌, തങ്ങളുടെ സങ്കടങ്ങളെ, ആശങ്കകളെ, ചിന്തകളെ, കാഴ്ചകളെ പങ്കുവെക്കാനുള്ള ഒരു വരദാനം - ഭാഷ- അവരുടെ കൈയിലുണ്ട്. പക്ഷേ എന്നിട്ടും ഗള്‍ഫുകാരന്‍ മലയാളി കാണുന്നത്‌, ചിന്തിക്കുന്നത്, ജീവിക്കുന്നത്, അരികു മാത്രം സ്പര്‍ശിച്ചുപോയതായി തോന്നിയത്‌ അതില്‍ ജീവിതം വന്നില്ല എന്നതുകൊണ്ടുതന്നെയാണ്‌. ഇവയൊക്കെയും ആണ്‍നൊമ്പരവും ആണ്‍കാഴ്ചയുമായി ഒതുങ്ങിപ്പോയതുകൊണ്ടുമായിരിക്കാം.

ഇത്രയും കാലം നീണ്ട പ്രവാസജീവിതത്തിനിടയില്‍ പ്രധാനപ്പെട്ട ഒരു കാഴ്ച അവര്‍ കണ്ടില്ല. കുടുംബം പോറ്റാന്‍ 'തന്നിഷ്ടപ്രാകാരം പ്രവാസികളായ' സ്‌ത്രീകളെ. അവരിലുമുണ്ട് 3 വര്‍ഷത്തെ പ്രവാസജീവിതം 30-ലെത്തി നില്‍ക്കുന്നവര്‍. ഇത്‌ ബിരുദവും ഡിപ്ലോമയും രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റുകളുമായി ഉന്നതജോലി തേടി കടലുകടന്ന വനിതാരത്നങ്ങളുടെ കഥയല്ല. കുറച്ചുകാലം മുന്‍പുവരെ, പെണ്ണുപഠിച്ചാല്‍ പ്രണയലേഖനങ്ങള്‍ ഭൂമിക്കു ഭാരമാകുമെന്ന്‌ വിശ്വസിച്ച്‌, സഹോദരന്‍മാരുടെ നല്ലൊരു വിദ്യാഭ്യാസഭാവി സ്വപ്നം കണ്ട്, സ്വന്തം പഠനം ഉപേക്ഷിച്ച്‌ ത്യാഗം ചെയ്ത സ്ത്രീകളുടെ കഥയാണ്‌. "Uneducated" എന്നാണ്‌ ഇവരുടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ഋതുമതിയാകുമ്പോഴേക്ക്, അല്ലെങ്കില്‍ അതിനുമുന്നേ തന്നെ വീട്ടുകാര്‍ യോഗ്യനായ ' പുയ്യാപ്ലയെ' അവള്‍ക്കുവേണ്ടി കണ്ടെത്തിയിരുന്നു. പ്രിയപ്പെട്ടവന്റെ മരണമോ, അസുഖമോ അവാം ഒരു പക്ഷേ അവളെ മരുഭൂമിയിലെത്തിച്ചത്‌. അല്ലെങ്കില്‍ വിവാഹം കഴിഞ്ഞ്‌ ഒരു തമാശക്ക്‌ ' മൂന്നും ചൊല്ലു' നടത്തി അടുത്ത പെണ്ണിനെ തേടിപ്പോയ കെട്ടിയവനെ ഓര്‍ത്ത്‌ കരഞ്ഞിരിക്കാന്‍ മനസ്സില്ലാത്തതിനാലാവാം. അതുമല്ലെങ്കില്‍ 'ചിന്താവിഷ്ടയായ ശ്യാമളയിലെ' വിജയന്‍ മാഷിനെപ്പോലെ ജോലിക്കു പോകാന്‍ മടിയനായ ഭര്‍ത്താവു കാരണമാകാം. എന്തായാലും മരുഭൂമിയിലെ ചൂടിലേക്ക്‌ അവള്‍ യാത്രയായത്‌ തന്റെ കുഞ്ഞുങ്ങളുടെ ഭാവി ഒന്നുമാത്രം ഓര്‍ത്തതുകൊണ്ടായിരുന്നു.

തനിക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട വിസ ഏജന്റിന്റെ കറുത്ത മുഖത്തെ വെളുത്ത ചിരിയില്‍ സത്യം മാത്രമാണെന്നു വിശ്വസിച്ച്‌ അവള്‍ കടല്‍ കടക്കാന്‍ തയ്യാറാകുന്നു. തന്റെ മാനം, ജീവന്‍, ഇതൊന്നും അതില്‍ നിന്ന്‌ അവളെ പിന്തിരിപ്പിക്കാനുള്ള ഘടകങ്ങളായിരുന്നില്ല. അറബിയുടെ കക്കൂസ്‌ കഴുകിയും വെച്ചുവിളമ്പിയും അടുത്ത അവധിക്കു നാട്ടിലെത്തുമ്പോള്‍ ചിലപ്പോള്‍ അസുഖക്കാരനായ പുയ്യാപ്ലയും , വിജയന്‍ മാഷായ പുയ്യാപ്ലയും 'പുത്തന്‍ പുയ്യാപ്ല' ആയിട്ടുണ്ടാകും. മാസാമാസം പണം അയച്ചു കിട്ടുന്നുണ്ടെങ്കിലും രാത്രിയില്‍ പെണ്ണിന്റെ ചൂടറിയാതെ എങ്ങനെ കിടന്നുറങ്ങും?

ആണ്‍ പ്രവാസി മൂന്നും അഞ്ചും വര്‍ഷം കഴിഞ്ഞിട്ടും നാട്ടിലെത്തിയില്ലെങ്കില്‍ 'അവനു ലീവു കിട്ടിയില്ലെന്നേ' എന്നു പറഞ്ഞ്‌ പരസ്‌പരം സമാധാനിക്കും നാട്ടുകാര്‍ . എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും 'അവള്‍ക്ക്' നാട്ടിലെത്താനായില്ലെങ്കില്‍ ഈ സമാധാനിപ്പിക്കലിന്റെ സ്വരം മാറും. "അവള്‍ക്കവിടെ പരമസുഖമാണെന്നേ, അറബി സ്വന്തം ഭാര്യയെപ്പോലെയാ അവളെ നോക്കുന്നേ..' ഇങ്ങനെ പോകും സംസാരങ്ങള്‍. ചിലപ്പോള്‍ അടുത്തിടെ നാട്ടിലെത്തിയ ഏതെങ്കിലും പ്രവാസിയുടെ 'ദൃക്‌സാക്ഷി വിവരണ' വുമുണ്ടാകും അടിക്കുറിപ്പായിട്ട്‌. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ, സൂര്യപ്രകാശം പോലും കാണാതെ, ഒന്നു കുളിക്കുവാനോ, മനസ്സ്‌ തുറന്ന്‌ ഒന്നു പ്രാര്‍ത്ഥിക്കുവാനോ സമയം കിട്ടാതെ ഉരുകിയുരുകിത്തീരുന്ന അവളുടെ സങ്കടങ്ങളെ ആരും കേട്ടില്ല...അറിഞ്ഞില്ല.

ഒരു പുരുഷ പ്രവാസിക്ക് ചെയ്തു തീര്‍ക്കാനുള്ള ഉത്തരവാദിത്വങ്ങള്‍ സ്വന്തം കുടുംബത്തോടുമാത്രമാണ്‌. എന്നാല്‍ ഈ ഗള്‍ഫുകാരിയുടെ കാര്യമോ? തനിക്കും മക്കള്‍ക്കും ഭര്‍ത്താവിനും ഒരു വീട്. പെറ്റുവളര്‍ത്തിയവര്‍ക്കും സഹോദരങ്ങള്‍ക്കും ഒന്ന്‌. ഭര്‍ത്താവിന്റെ കുടുംബത്തിന്‌ ഒന്ന്‌. ഇങ്ങനെ മിനിമം മൂന്നു വീടുകളുടെയെങ്കിലും 'പുരപ്പണി' പ്രവാസ ജീവിതകാലത്തിനിടയ്ക്ക് കഴിഞ്ഞിരിക്കണം. സ്വന്തം സഹോദരന്‍മാര്‍ക്കും ഭര്‍ത്താവിന്റെ സഹോദരന്‍മാര്‍ക്കും വിസ, സ്വന്തം സഹോദരിമാരുടേയും ഭര്‍ത്താവിന്റെ സഹോദരിമാരുടേയും വിവാഹം, അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കും വിസ. അപ്പോഴേക്കും വളര്‍ന്നുവരുന്ന പെണ്‍മക്കള്‍. പ്രവാസജീവിതം 30-ലും 50-ലും നില്‍ക്കില്ല.

ഈ സ്ത്രീകള്‍ ഇപ്പോഴുമുണ്ട്. ഇങ്ങ്‌ ദൈവത്തിന്റെ നാട്ടിലല്ല. അവിടെ, അതേ മണല്‍പരപ്പില്‍. പക്ഷേ ഇവരാരെയും തന്നെ ഇതുവരെ ഗള്‍ഫിന്റെ ചരിത്രത്തില്‍ എഴിതിയിട്ടില്ല. വായിക്കപ്പെട്ടിട്ടില്ല. അല്ലെങ്കില്‍ ഇവരെ പ്രവാസികളായി ആരും കണക്കാക്കിയിട്ടില്ല. ലേബര്‍ ക്യാമ്പിലെ കുടുസ്സുമുറിയിലെ ഇരുട്ടും പെട്ടികെട്ടല്‍ എന്ന കലയും ഇവര്‍ക്കും പരിചിതമാണ്‌. ദയവു ചെയ്ത്‌ പ്രവാസികളായ സാഹിത്യകാരന്‍മാര്‍ ഈ സ്ത്രീകളെ കൂടി തങ്ങളുടെ കാഴ്ചയില്‍ ഉള്‍പ്പെടുത്തിയേക്കുക. ഒരു നിമിഷം അവരെക്കുറിച്ച്‌ ചിന്തിക്കുക. സാധിക്കുമെങ്കില്‍ ഒരു വരിയിലൂടെയെങ്കിലും 'അവളെ' ഒന്നു സമാശ്വസിപ്പിച്ചേക്കുക..

...............

വളരെ വേദനയോടെയാണ്‌ ഖാസിദയുടെ ഈ പ്രതികരണം വായിച്ചു തീര്‍ത്തത്‌. ഇതു പ്രസിദ്ധീകരിച്ച ലക്കത്തില്‍ കുടുംബത്തെക്കുറിച്ചു ചില 'വരേണ്യ വനിത" കളുടെ ശര്‍ദ്ദിലുകളുമുണ്ടായിരുന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍. ഖാസിദയുടെ ഈ ഒരു കത്തു വായിക്കന്‍ കഴിഞ്ഞതു വഴി, 'ഉന്നത സങ്കല്‍പ്പമുള്ള ഫെമിനിസ്റ്റ് വനിതാരത്നങ്ങളുടെ ജല്‍പനങ്ങള്‍ വായിക്കേണ്ടി വന്നതിന്റെ പാപം മാറിക്കിട്ടി.

ഖാസിദക്കും ഗള്‍ഫില്‍ ഇങ്ങനെ ജീവിക്കുന്ന എല്ലാ സഹോദരിമാര്‍ക്കും വേണ്ടി..........ഇതു ഞാന്‍ ബൂലോകത്തിടുന്നു...(ആ സഹോദരിമാരില്‍ ഒരാള്‍ പോലും ബ്ലോഗ്‌ വായിക്കുന്നവരാകില്ലല്ലോ...)

16 comments:

ഗുരുജി said...

ഇക്കൂട്ടത്തില്‍ ഭാഗ്യവാന്‍മാര്‍ പ്രവാസികളായ എഴുത്തുകാരാണ്‌, തങ്ങളുടെ സങ്കടങ്ങളെ, ആശങ്കകളെ, ചിന്തകളെ, കാഴ്ചകളെ പങ്കുവെക്കാനുള്ള ഒരു വരദാനം - ഭാഷ- അവരുടെ കൈയിലുണ്ട്. പക്ഷേ എന്നിട്ടും ഗള്‍ഫുകാരന്‍ മലയാളി കാണുന്നത്‌, ചിന്തിക്കുന്നത്, ജീവിക്കുന്നത്, അരികു മാത്രം സ്പര്‍ശിച്ചുപോയതായി തോന്നിയത്‌ അതില്‍ ജീവിതം വന്നില്ല എന്നതുകൊണ്ടുതന്നെയാണ്‌. ഇവയൊക്കെയും ആണ്‍നൊമ്പരവും ആണ്‍കാഴ്ചയുമായി ഒതുങ്ങിപ്പോയതുകൊണ്ടുമായിരിക്കാം.

ഇത്രയും കാലം നീണ്ട പ്രവാസജീവിതത്തിനിടയില്‍ പ്രധാനപ്പെട്ട ഒരു കാഴ്ച അവര്‍ കണ്ടില്ല. കുടുംബം പോറ്റാന്‍ 'തന്നിഷ്ടപ്രാകാരം പ്രവാസികളായ' സ്‌ത്രീകളെ. അവരിലുമുണ്ട് 3 വര്‍ഷത്തെ പ്രവാസജീവിതം 30-ലെത്തി നില്‍ക്കുന്നവര്‍. ഇത്‌ ബിരുദവും ഡിപ്ലോമയും രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റുകളുമായി ഉന്നതജോലി തേടി കടലുകടന്ന വനിതാരത്നങ്ങളുടെ കഥയല്ല. കുറച്ചുകാലം മുന്‍പുവരെ, പെണ്ണുപഠിച്ചാല്‍ പ്രണയലേഖനങ്ങള്‍ ഭൂമിക്കു ഭാരമാകുമെന്ന്‌ വിശ്വസിച്ച്‌, സഹോദരന്‍മാരുടെ നല്ലൊരു വിദ്യാഭ്യാസഭാവി സ്വപ്നം കണ്ട്, സ്വന്തം പഠനം ഉപേക്ഷിച്ച്‌ ത്യാഗം ചെയ്ത സ്ത്രീകളുടെ കഥയാണ്‌. "Uneducated" എന്നാണ്‌ ഇവരുടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

...........ഒരു പിടി സഹോദരിമാര്‍ക്കായി ഇതു ബൂലോകസമക്ഷം.

ഗുരുജി said...

വളരെ വേദനയോടെയാണ്‌ ഖാസിദയുടെ ഈ പ്രതികരണം വായിച്ചു തീര്‍ത്തത്‌. ഇതു പ്രസിദ്ധീകരിച്ച ലക്കത്തില്‍ കുടുംബത്തെക്കുറിച്ചു ചില 'വരേണ്യ വനിത" കളുടെ ശര്‍ദ്ദിലുകളുമുണ്ടായിരുന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍. ഖാസിദയുടെ ഈ ഒരു കത്തു വായിക്കന്‍ കഴിഞ്ഞതു വഴി, 'ഉന്നത സങ്കല്‍പ്പമുള്ള ഫെമിനിസ്റ്റ് വനിതാരത്നങ്ങളുടെ ജല്‍പനങ്ങള്‍ വായിക്കേണ്ടി വന്നതിന്റെ പാപം മാറിക്കിട്ടി.

കുഞ്ഞന്‍ said...

മാഷെ..

ആരും കാണാനൊ കേള്‍ക്കാനൊ (മനപ്പൂര്‍വ്വം) ആഗ്രഹിക്കാത്ത ഒരു പൊള്ളുന്ന നേര്‍ക്കാഴ്ചയിലേക്കാണ് ഈ പോസ്സ് വിരല്‍ ചൂണ്ടുന്നത്.

പ്രതികരിച്ചാല്‍, കരയുന്ന കുട്ടികളുടെയും പ്രാരാബ്ധങ്ങളുടെ ചുറ്റിവരിയലും കാരണം തിളച്ച് വെള്ളം അറബിച്ചികള്‍ മുഖത്തൊഴിച്ചാലും പരിഭവങ്ങളും തേങ്ങലും പുറത്തുവരാതിരിക്കാന്‍ വേണ്ടി വായില്‍ തുണി കുത്തിക്കയറ്റുന്ന സോദരിമാര്‍.

നാട്ടിലും ഇതൊക്കെത്തന്നെ അവസ്ഥ, അത് അറിയണമെങ്കില്‍ ചില നിര്‍മ്മാണ മേഖലയിലേക്ക് സൂക്ഷിച്ചു നോക്കിയാല്‍ മതി.

പിന്നെ പെണ്ണിനെ എവിടേയും വേറെ കണ്ണില്‍ക്കൂടിയെ നമ്മള്‍ കാണുകയൊള്ളൂ.

പാവപ്പെട്ടവന്റെ വീട്ടീലെ മരണവും പണക്കാരന്റെ വീട്ടിലെ ഗര്‍ഭ്ഭവും മലോകര്‍ അറിയില്ല.

പ്രാരാബ്ധം ചുമലിലേറ്റിയ പ്രതികരിക്കാന്‍ കഴിയാത്ത,കഴിവില്ലാത്ത എല്ലാ സോദരിമാര്‍ക്കും നല്ലരു നാളെയുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

എടോഴി... said...

ഈ ലേഖനം ഒരുപാടു ചര്‍ച്ചകള്‍ക്കു വഴിമരുന്നാകേണ്ടതാണു.....

ജ്വാലാമുഖി said...

ആണ്‍ പ്രവാസി മൂന്നും അഞ്ചും വര്‍ഷം കഴിഞ്ഞിട്ടും നാട്ടിലെത്തിയില്ലെങ്കില്‍ 'അവനു ലീവു കിട്ടിയില്ലെന്നേ' എന്നു പറഞ്ഞ്‌ പരസ്‌പരം സമാധാനിക്കും നാട്ടുകാര്‍ . എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും 'അവള്‍ക്ക്' നാട്ടിലെത്താനായില്ലെങ്കില്‍ ഈ സമാധാനിപ്പിക്കലിന്റെ സ്വരം മാറും. "അവള്‍ക്കവിടെ പരമസുഖമാണെന്നേ, അറബി സ്വന്തം ഭാര്യയെപ്പോലെയാ അവളെ നോക്കുന്നേ..' ഇങ്ങനെ പോകും സംസാരങ്ങള്‍. ചിലപ്പോള്‍ അടുത്തിടെ നാട്ടിലെത്തിയ ഏതെങ്കിലും പ്രവാസിയുടെ 'ദൃക്‌സാക്ഷി വിവരണ' വുമുണ്ടാകും അടിക്കുറിപ്പായിട്ട്‌.

What a truth!!!! Yes indeed. This topic need to be discussed in its fullest breadth!!!

A GREAT POST!!!!

വല്യമ്മായി said...
This comment has been removed by the author.
വല്യമ്മായി said...

പലവട്ടം കേട്ടതാണെങ്കിലും നാം ചെവി കൊടുക്കാത്ത ഈ കഥ പ്രസിദ്ധീകരിച്ച മാതൃഭൂമിക്കും അത് ബ്ലോഗിലെത്തിച്ച രഘുവംശിക്കും അഭിനന്ദനങ്ങള്‍.

ഷോപ്പിങും പാര്‍ട്ടിയും റ്റിവിയുമായി കഴിയുന്ന ഒരു ന്യൂനപക്ഷത്തിനു പുറമേ കുടുംബത്തൊടൊപ്പം ജീവിക്കുന്ന സ്ത്രീകളും സമ്മര്‍ദ്ദത്തിനടിമപ്പെട്ടവര്‍ തന്നെ.പലതും ത്യജിച്ച് ഭര്‍ത്താവിനൊരു സഹായം എന്ന നിലയില്‍ ജോലിക്ക് പോകാന്‍ ശ്രമിക്കുന്ന വീട്ടമ്മമാരേയും അത്ര നല്ല കണ്ണോടെയല്ല ആരും കാണുന്നത്.ഒരു പോസ്റ്റ് ഇവിടെ

സഹൃദയന്‍ ... said...
This comment has been removed by the author.
സഹൃദയന്‍ ... said...

അനുബന്ധമായി ഒന്നു കൂടി ചേര്‍ക്കേണ്ടി ഇരിക്കുന്നു:

ഗള്‍ഫില്‍ പോകുന്ന ഭൂരിഭാഗം സ്ത്രീകളുടെയും ഭര്‍ത്താക്കന്മാര്‍ സുഖലോലുപതയില്‍ കഴിയുമ്പോള്‍ കുട്ടികളുടെ കാര്യം പാടെ മറക്കുന്നു അല്ലെങ്കില്‍ ഓര്‍ക്കാറില്ല...തന്മൂലം കുട്ടികളുടെ ജീവിതവും നിയന്ത്രണമില്ലാതെ പോകുന്നു...

മരുഭൂമി ശരീരത്തില്‍ ഏല്‍പ്പിക്കുന്ന പോള്ളലിലും പ്രവാസി സ്ത്രീയ്ക്ക് കുളിരേകുന്നത് മക്കളുടെയും ഭര്‍ത്താവിന്റെയും ഒപ്പമുള്ള സുഖ-സുരക്ഷിത ഭാവിയെക്കുറിച്ചുള്ള ഓര്‍മകളാണ്...

പക്ഷേ, സാമ്പത്തിക ഭദ്രതയെന്ന വഞ്ചി കരയെത്തുംപോഴെയ്കും, കുടുംബത്തിന്റെ നങ്കൂരം ഇളകിപ്പോയിട്ടുണ്ടാവും... താന്‍‍ ഇതുവരെ നേടിയതിനെക്കാള്‍ കൂടുതല്‍ നഷ്ടപ്പെടുത്തുകയായിരുന്നു എന്ന് മനസ്സിലാകുന്നതും അപ്പോഴായിരിക്കും..

Anonymous said...

ഇത്‌ ബിരുദവും ഡിപ്ലോമയും രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റുകളുമായി ഉന്നതജോലി തേടി കടലുകടന്ന വനിതാരത്നങ്ങളുടെ കഥയല്ല. കുറച്ചുകാലം മുന്‍പുവരെ, പെണ്ണുപഠിച്ചാല്‍ പ്രണയലേഖനങ്ങള്‍ ഭൂമിക്കു ഭാരമാകുമെന്ന്‌ വിശ്വസിച്ച്‌, സഹോദരന്‍മാരുടെ നല്ലൊരു വിദ്യാഭ്യാസഭാവി സ്വപ്നം കണ്ട്, സ്വന്തം പഠനം ഉപേക്ഷിച്ച്‌ ത്യാഗം ചെയ്ത സ്ത്രീകളുടെ കഥയാണ്‌. "Uneducated" എന്നാണ്‌ ഇവരുടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
.........................

വളരെ ശരിയാണു മാഷേ...
ഇവിടെ ഈ ബൂലോകത്തിലും ഭാഷ സ്വന്തമായുള്ള ഒരുപാടു പ്രവാസി ഫെമിനിസ്റ്റുകളുമുണ്ട്..അവരാരും ഇത്തരക്കാരെ കാണാറില്ല... അവര്‍ക്കൊക്കെ ആണുങ്ങളെന്തേലും പറഞ്ഞാല്‍ അവരുടേ നെഞ്ചത്തു കേറാനല്ലേ അറിയൂ..പിന്നെ അവിടുന്നും ഇവിടുന്നും 'ക്വോട്ടുന്ന്' കുറെ ജല്പനങ്ങളും കവിതാശകലങ്ങളും. ഇത്തരം സഹോദരിമാരെ കാണുമ്പോള്‍ അവര്‍ക്കു പുച്ഛമാണ്..
അവശകള്‍, അറബിയുടേയും അവരുടെ ഒത്തിരി ഭാര്യമാരുടേയും അവരുടേ അതിക്രമികളായ മക്കളുടേയും 'വെര്‍ബല്‍/സെക്ഷ്വല്‍ അഡ്‌വാന്സെസ്സും എക്‌സ്സെസ്സും ' ഏറ്റുവാങ്ങി മുഖം ശരീരത്തും ഗുഹ്യഭാഗങ്ങളിലും പൊള്ളലും വേദനയുമായി എല്ലാം സഹിക്കുന്ന ഇവരെ ആരും കണ്ടിട്ടില്ല.....ഇവരില്‍ ശമനസുഖം തേടി പ്പോകുന്ന മലയാളി 'കൊച്ചാട്ടന്‍മാരും' പ്രവാസലോകത്തൊരുപാടുണ്ട്..........ഇവരെക്കുറിച്ചു ഒരുപാടു പറയാനുണ്ട്...ഇവര്‍ക്കും ഒരുപാടുണ്ട് പറയാന്‍.. ഇവരെ അനുസ്‌മരിപ്പിക്കുന്ന ഈ പോസ്റ്റിന്നു മാഷിനു അഭിനന്ദനം.

Rajeeve Chelanat said...

രഘുവംശി,

ഈ ലേഖനം വായിച്ചിരുന്നു. പ്രവാസം സ്പെഷ്യല്‍ വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയ ഒരു സംശയവുമായിരുന്നു ഇത്. ആ പ്രവാസം സ്പെഷ്യലിലും ആത്മാലാപങ്ങളും ഇന്‍സ്റ്റലേഷനുകളുമല്ല്ലാതെ, പ്രവാസികളെയൊന്നും കണ്ടതുമില്ല. പ്രവാസികള്‍ അല്ലെങ്കിലും, കോതമ്പുമണികളാണല്ലോ.

അഭിവാദ്യങ്ങളോടെ

ഗുരുജി said...

കുഞ്ഞന്‍

മണകുണാഞ്ഞന്‍ (എന്തു പേരാ മാഷേ, എങ്ങനെയാ ഒന്നു അഭിസംബോധന ചെയ്യുകയാ...വല്ലാത്ത മടി തോന്നുന്നു അങ്ങനെ വിളിക്കാന്‍)

സ്‌മാള്‍ ഗോഡ്‌

വല്ല്യമ്മായി

സഹൃദയന്‍

അനോണിമസ്‌

രാജീവ്‌ ചേലനാട്ട്......

എല്ലാവര്‍ക്കും നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കും നന്ദി....ഒരുപാടു നന്ദി..

ഗുരുജി said...

ഇവിടെ ഈ ബൂലോകത്തിലും ഭാഷ സ്വന്തമായുള്ള ഒരുപാടു പ്രവാസി ഫെമിനിസ്റ്റുകളുമുണ്ട്..അവരാരും ഇത്തരക്കാരെ കാണാറില്ല... അവര്‍ക്കൊക്കെ ആണുങ്ങളെന്തേലും പറഞ്ഞാല്‍ അവരുടേ നെഞ്ചത്തു കേറാനല്ലേ അറിയൂ..പിന്നെ അവിടുന്നും ഇവിടുന്നും 'ക്വോട്ടുന്ന്' കുറെ ജല്പനങ്ങളും കവിതാശകലങ്ങളും. ഇത്തരം സഹോദരിമാരെ കാണുമ്പോള്‍ അവര്‍ക്കു പുച്ഛമാണ്..
അവശകള്‍, അറബിയുടേയും അവരുടെ ഒത്തിരി ഭാര്യമാരുടേയും അവരുടേ അതിക്രമികളായ മക്കളുടേയും 'വെര്‍ബല്‍/സെക്ഷ്വല്‍ അഡ്‌വാന്സെസ്സും എക്‌സ്സെസ്സും ' ഏറ്റുവാങ്ങി മുഖം ശരീരത്തും ഗുഹ്യഭാഗങ്ങളിലും പൊള്ളലും വേദനയുമായി എല്ലാം സഹിക്കുന്ന ഇവരെ ആരും കണ്ടിട്ടില്ല.....ഇവരില്‍ ശമനസുഖം തേടി പ്പോകുന്ന മലയാളി 'കൊച്ചാട്ടന്‍മാരും' പ്രവാസലോകത്തൊരുപാടുണ്ട്..........ഇവരെക്കുറിച്ചു ഒരുപാടു പറയാനുണ്ട്...ഇവര്‍ക്കും ഒരുപാടുണ്ട് പറയാന്‍.. ഇവരെ അനുസ്‌മരിപ്പിക്കുന്ന ഈ പോസ്റ്റിന്നു മാഷിനു അഭിനന്ദനം.
-------ഇതൊരു അനോണി കമന്റാണെങ്കിലും ആത്മാര്‍ഥമായ പ്രതികരണമായി തോന്നിച്ചു........കൂട്ടുകാരാ...നിങ്ങള്‍ ആരായിരുന്നാലും ഒരു പ്രത്യേക നന്ദി...

അനില്‍@ബ്ലോഗ് // anil said...

ഒരു വിഭാഗം ജനത എപ്പൊഴും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു, ഏതു രാജ്യത്തായാലും.സ്ത്രീയാവാം, പുരുഷനാവാം അവന്‍ കൊഴുപ്പില്ലാത്തവനാണെങ്കില്‍.

ഗുരുജി said...

അനില്‍@ബ്ലോഗ്ഗ്...നന്ദി...

ഖാസിദ കലാം said...

ഞാന്‍ ഖാസിദ കലാം... 2008 ല്‍ മാതൃഭൂമിയില്‍ ആ ലേഖനം എഴുതിയത്‌ ഞാനാണ്‌. പക്ഷേ ഞാന്‍ ഒരു പ്രവാസിയല്ല. എനിക്കു ചുറ്റുമുള്ള കാഴ്‌ചകളുടെ പകര്‍പ്പ്‌ മാത്രമായിരുന്നു ആ കുറിപ്പ്‌...
നന്ദി....
ഇന്ന്‌ യാദൃശ്ചികമായാണ്‌ ഈ ബ്ലോഗ്‌ കാണുന്നത്‌....