Friday, May 2, 2008
ഇങ്ങനെ ഒരാള്‍ ഉണ്ടായിരുന്നു..ഒരു വട്ടം കൂടി ആ ഓര്‍മ്മകളിലേക്ക്..
വിരല്‍ത്തുമ്പില്‍ ടെക്നോളജി പൂക്കുന്ന ഇക്കാലത്തിനപ്പുറം നമുക്കൊരു പൂക്കാലമുണ്ടായിരുന്നു എന്നു വിളിച്ചറിയിക്കാന്‍ പാകത്തിന് ചില സുകൃതങ്ങള്‍ കേരളത്തിനുണ്ടായിരുന്നു. അതിലൊരാളാണ് എം. ബി. ശ്രീനിവാസന് എന്ന സംഗീതസംവിധായകന്.
കമ്യൂണിസ്റ്റ് ആദര്‍ശങ്ങളോടുള്ള ആവേശം കേരളത്തിന്റെ മണ്ണില്‍ തളച്ചിട്ട ആന്ധ്ര സ്വദേശിയായ മാനാമധുരൈ ബാലകൃഷ്ണ ശ്രീനിവാസന് അയ്യങ്കാര്‍ മലയാളത്തിന്റെ എം.ബി. എസ്. ആയത് കേവലം ഒരു നിയോഗമായിരുന്നില്ല. സംഗീതത്തിലുള്ള കടുത്ത സാധനയുടേയും വിപ്ലവത്തോടുള്ള ചോദനയുടേയും ബാക്കിപത്രമായിരുന്നു.
ഇന്ന് മറവിയുടെ പിന്‍തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ചലച്ചിത്രമുണ്ട്. ജോണ്‍ ഏബ്രഹാമിന്റെ 'അഗ്രഹാരത്തിലെ കഴുതൈ' എന്ന എല്ലാം തികഞ്ഞ ഒരു തമിഴ് ചലച്ചിത്രം. ആ ചിത്രത്തിലെ നായകനെ ആരും അധികം ചോദിച്ചില്ല. എഴുപതുകളുടെ ചെറുപ്പത്തെ എഴുതുക, പറയുക എന്നത് ദുര്ഗ്രാഹ്യമാണ്. ഒപ്പം സവര്‍ണ്ണ മേധാവിത്വത്തോടുള്ള വെല്ലുവിളിയും. ജോണ്‍ ഏബ്രഹാമിന്റെ മൌലികതയെ അണുമാത്രപോലും നഷ്ടപ്പെടുത്താതെ 'അഗ്രഹാരത്തിലെ കഴുത' എന്ന ചിത്രത്തിലെ നായകവേഷം അഭിനയിച്ചു ഫലിപ്പിച്ച നടന് കൂടിയായിരുന്നു സംഗീതസംവിധായകനായ എം. ബി. ശ്രീനിവാസന്.
1961-ല്‍ കൊച്ചിയിലെ ഒരു ഓഡീഷനില്‍ ഹിന്ദി ഗായകനായ മുകേഷിന്റെ 'സാരംഗാ തേരി യാദ് മേം' എന്ന ഗാനം ആലപിച്ച ഒരു ചെറുപ്പക്കാരന്റെ അപാരമായ കഴിവിനെ എം.ബി. ശ്രീനിവാസന് തിരിച്ചറിയുകയും പിന്നീട് താന്‍ സംഗീതസംവിധാനം ചെയ്ത 'കാല്‍പ്പാടുകള്‍' എന്ന ചിത്രത്തില്‍ പാടാന്‍ അവസരം കൊടുക്കുകയും ചെയ്തു. ആ ചെറുപ്പക്കാരനാണ് ഇന്ന് മലയാള സിനിമാഗാനലോകത്തെ ഇതിഹാസമായി നിലകൊള്ളുന്ന ശ്രീ കെ. ജെ. യേശുദാസ്. ഭാവഗായകനായ ജയചന്ദ്രന് ആദ്യമായി അവാര്‍ഡ് നേടിക്കൊടുത്ത 'രാഗം ശ്രീരാഗം' എന്ന ഗാനത്തിന്റെ സംഗീതസംവിധായകനും എം. ബി. എസ്. തന്നെ.
ഗാനങ്ങളുടെ സത്ത അതിന്റെ വരികളിലാണെന്നു വിശ്വസിച്ച സംഗീതസംവിധായകനായിരുന്നു എം. ബി. എസ്. അതിനായി അദ്ദേഹം മലയാള ഭാഷ പഠിച്ചു. ഗാനങ്ങളിലെ വരികളുടെ അര്‍ത്ഥമറിയാതെ അദ്ദേഹം ഒരിക്കലും സംഗീതസംവിധാനത്തിനു തയ്യാറല്ലായിരുന്നു.
അതുകൊണ്ടുതന്നെ എം. ബി. എസ്സിന്റെ ഗാനങ്ങള്‍ ഒരിക്കല്‍ കേട്ടാല്‍ പിന്നെ മറക്കാന്‍ ബുദ്ധിമുട്ടാണ്. ഇതിന്റെ തെളിവാണ് ഒരു നഷ്ടസ്മൃതിയുടെ സുഖമായി മലയാളി അന്നും ഇന്നും എന്നും മനസ്സില്‍ സൂക്ഷിക്കുന്ന 'ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം' എന്ന ഗാനം.
'ശരദിന്ദു മലര്‍ദീപനാളം നീട്ടി', 'എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ പെണ്കൊടീ', 'കൂട്ടിലടച്ചോരു പക്ഷീ,ആരും കൂട്ടില്ലാത്തൊരു പക്ഷീ', 'ചെമ്പകപുഷ്പസുവാസിത യാമം;, 'മിഴികളില്‍ നിറകതിരായി', 'നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണച്ചിറകുള്ള പക്ഷീ', 'ഭരതമുനിയൊരു കളം വരച്ചു', 'ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്', 'ചൈത്രം ചായം ചാലിച്ചു' തുടങ്ങിയ ഗാനങ്ങള്‍ മലയാളിയുടെ ഒരു പുഷ്കലകാലത്തെ കൂടി സൂചിപ്പിക്കുണ്ടെങ്കില്‍ അത് എം. ബി. എസ്സിന്റെ സംഗീതത്തിന്റെ മാസ്മരികത കൊണ്ടും വരികളുടെ അര്‍ത്ഥങ്ങള്‍ക്കുവേണ്ടി അദ്ദേഹം കാട്ടിയ ആര്‍ജ്ജവം കൊണ്ടും മാത്രമാണ്.
മലയാളസിനിമാലോകത്തെ മറ്റൊരു സുകൃതമായ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്റെ എല്ലാ ചിത്രങ്ങള്‍ക്കും സംഗീതസംവിധാനം ചെയ്തിരുന്നത് എം. ബി. ശ്രീനിവാസനായിരുന്നു അടൂരിന്റെ എല്ലാ ചിത്രങ്ങള്‍ക്കും സംഗീതസംവിധാനം ചെയ്തിരുന്നത് മരിക്കുന്നതു വരേയും എം. ബി. എസ്. തന്നെ ആയിരുന്നു.
എം.ടി. വാസുദേവന്‍ നായര്‍, ഒ. എന്‍. വി. കുറുപ്പ്, ലെനിന് രാജേന്ദ്രന്, മോഹന്‍, അടൂര്‍ ഗോപാലകൃഷ്ണന്, കെ. ജി. ജോര്‍ജ്ജ്, ജോണ്‍ ഏബ്രഹാം, എന്നിവരെല്ലാം സംഗീതസംവിധാനത്തിനായി ആശ്രയിച്ച അതുല്യ പ്രതിഭയായിരുന്നു എം. ബി. ശ്രീനിവാസന്.
ഉള്‍ക്കടല്‍, സ്വാതി തിരുനാള്‍, സ്വപ്നാടനം, നിര്‍മ്മാല്യം, ഓപ്പോള്, കടല്‍, കാല്‍പ്പാടുകള്‍, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, മീനമാസത്തിലെ സൂര്യന്, കൊടിയേറ്റം, ചില്ല്, സ്വയംവരം, എലിപ്പത്തായം, വാരിക്കുഴി, അനന്തരം, വളര്‍ത്തുമൃഗങ്ങള്‍, അമൃതം ഗമയാ, പുതിയ ആകാശം, പുതിയ ഭൂമി, അഗ്രഹാരത്തിലെ കഴുത, തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ അനശ്വരങ്ങളായ ഗാനങ്ങളാണ് എം. ബി. എസ്. മലയാളത്തിനു നല്‍കിയിരിക്കുന്നത്.
സംഗീതലോകത്ത് ജോലി ചെയ്യുന്നവര്‍ക്കായി ആദ്യമായി ഒരു സംഘടന ഉണ്ടാക്കിയതും കമ്യൂണിസ്റ്റ് ആദര്‍ശങ്ങളെ സ്നേഹിച്ചിരുന്ന എം. ബി. എസ്. ആയിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സംഗീതതാത്പര്യമുള്ള പ്രതിഭകളെ കണ്ടെത്തി അവര്‍ക്കു വേണ്ടുംവിധം പ്രോത്സാഹനം നല്കിപ്പോന്ന കറയറ്റ ഒരു മനുഷ്യസ്നേഹിയായിരുന്നു എം. ബി. എസ്.
ദേശീയോത്ഗ്രഥനം ലാക്കാക്കി കൂട്ടമായി ചേര്‍ന്നു പാടുന്ന സമ്പ്രദായം കൊണ്ടുവന്നതും എം. ബി. എസ്. തന്നെ. ഇന്ത്യയില്‍ പലയിടത്തും അതിനായി സംഗീതസംഘങ്ങള്‍ രൂപീകരിച്ചു. അതിന്റെ ഭാഗമായി കേരള യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരു ക്വയര്‍ രൂപീകരിക്കുന്നതിനും മുന്‍കൈ എടുത്തത് എം. ബി. എസ്സായിരുന്നു. (മലയാളം ഇന്നോളം കണ്ടതില്‍ വെച്ചേറ്റവും നല്ല കോറസ് ഗാനമായ 'ഭരതമുനി ഒരു കളം വരച്ചു' എന്ന ഗാനം എം. ബി. എസ്. സംവിധാനം ചെയ്തതാണ്)
മദ്രാസ് പ്രസിഡന്‍സി കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ മദ്രാസ് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷനില്‍ അംഗമായി. തമിഴ്നാട്ടില്‍ ഭാരതീയാരുടെ സ്വാതന്ത്ര്യസമരദേശീയപ്രക്ഷോഭങ്ങളില്‍ ആകൃഷ്ടനായി. കമ്യൂണിസ്റ്റ് ആദര്‍ശങ്ങളോടുള്ള ആഭിമുഖ്യത്താല്‍ ഡല്‍ഹിയിലെത്തിയ എം. ബി. എസ്സിനെ വിപ്ലവനാടകങ്ങളും ഗാനങ്ങളും സ്വാധീനിച്ചു. വിവിധ ഭാഷകള്‍ പഠിക്കാനും മുന്‍നിര നേതാക്കന്മാരുമായി ഇടപഴകാനും അതുവഴി എം. ബി. എസിനു കഴിഞ്ഞു. സ്വാതന്ത്ര്യസമരസേനാനി ആയിരുന്ന ഡോ. സൈഫുദ്ദീന് കിച്ല്യുവിന്റെ മകളായ ഷാഹിദയെ വിവാഹം കഴിച്ചു സ്വന്തം ജീവിതം തന്നെ വിപ്ലവത്തിനു മാതൃകയാക്കിയ വ്യക്തിത്വമാണ് എം. ബി. ശ്രീനിവാസന്റേത്. (ഡോ. സൈഫുദ്ദീന് കിച്ല്യുവിന്റെ അറസ്റ്റിനെ പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേരെ ബ്രിട്ടീഷ് പട്ടാളം നടത്തിയ ക്രൂരമായ വെടിവെപ്പാണ് പ്രശസ്തമായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല)
ഇന്ത്യന്‍ പെര്‍ഫോര്‍മന്‍സ് റൈറ്റ് സൊസൈറ്റി ലിമിറ്റഡ് എന്ന സംഘടനയുണ്ടാക്കുന്നതിന് നേതൃത്വം നല്‍കിയത് എം. ബി. എസ്സാണ്. സംഗീതമേഖലയിലെ എഴുത്തുകാര്‍ക്കും സംഗീതസംവിധായകര്‍ക്കും റോയല്‍റ്റി നേരിട്ടു ലഭിക്കുന്ന ഇന്നത്തെ സമ്പ്രദായം നടപ്പിലാക്കുന്നതിനായി ഈ സൊസൈറ്റിക്കു സാധിച്ചു. ഈ ഒരു കാരണം കൊണ്ടുതന്നെ ഇന്ന് മലയാളഗാനശാഖയിലെ ഒരോരുത്തരും ഈ വലിയ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു.
1988-ല്‍ ലക്ഷദ്വീപിലെ ഒരു സംഗീതപരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലമാണ് എം. ബി. ശ്രീനിവാസന് മരിച്ചത്. മലയാള സിനിമാലോകം എന്നും ആദരവോടെ കണ്ടിരുന്ന ആ മഹദ്വ്യക്തിത്വത്തിന്റെ പ്രഭാവത്തിന്റെ അനുരണനങ്ങള്‍ മലയാളികള്‍ ഉള്ളിടത്തോളം അവരുടെ നെഞ്ചിലും നാവിലും നിലനില്ക്കുകതന്നെ ചെയ്യും.
Subscribe to:
Post Comments (Atom)
14 comments:
1961-ല്‍ കൊച്ചിയിലെ ഒരു ഓഡീഷനില്‍ ഹിന്ദി ഗായകനായ മുകേഷിന്റെ 'സാരംഗാ തേരി യാദ് മേം' എന്ന ഗാനം ആലപിച്ച ഒരു ചെറുപ്പക്കാരന്റെ അപാരമായ കഴിവിനെ എം.ബി. ശ്രീനിവാസന് തിരിച്ചറിയുകയും പിന്നീട് താന്‍ സംഗീതസംവിധാനം ചെയ്ത 'കാല്‍പ്പാടുകള്‍' എന്ന ചിത്രത്തില്‍ പാടാന്‍ അവസരം കൊടുക്കുകയും ചെയ്തു. ആ ചെറുപ്പക്കാരനാണ് ഇന്ന് മലയാള സിനിമാഗാനലോകത്തെ ഇതിഹാസമായി നിലകൊള്ളുന്ന ശ്രീ കെ. ജെ. യേശുദാസ്. ഭാവഗായകനായ ജയചന്ദ്രന് ആദ്യമായി അവാര്‍ഡ് നേടിക്കൊടുത്ത 'രാഗം ശ്രീരാഗം' എന്ന ഗാനത്തിന്റെ സംഗീതസംവിധായകനും എം. ബി. എസ്. തന്നെ.
നല്ല ലേഖനം ഗുരുജീ....പുതിയ അറിവുകള്‍
എം.ബി.ശ്രീനിവാസനെപ്പറ്റി കൂടുതല്‍ അറിവ് പകര്‍ന്നുതന്നതിന് ഒരുപാട് നന്ദി.
എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ പെണ്കൊടീ... ശരബിന്ദു മലര്‍ദീപനാളം നീട്ടി...
എന്നീ ഗാനങ്ങള്‍ കിട്ടാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ മാഷേ? ഈ രണ്ടുഗാനങ്ങളും ഉള്‍ക്കടല്‍ എന്ന ചിത്രത്തിലേത് തന്നെയല്ലേ ?
നന്നായി ഗുരുജീ.
ചൈത്രം ചായം ചാലിച്ചു എന്ന ഒരൊറ്റ ഗാനം മതി അദ്ദേഹത്തിന്റെ പ്രതിഭയെ മനസിലാക്കാന്‍....
ഗുരുജിക്ക് നന്ദി, എം ബി എസിനെ പറ്റി പറഞ്ഞുതന്നതിന്...
നിരക്ഷരാ,,,
“എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ പെണ്കൊടീ...“ “ശരബിന്ദു മലര്‍ദീപനാളം നീട്ടി...“
കൂള്‍ഗൂസില്‍ തപ്പി നോക്കിയോ?
www.coolgoose.com
നല്ല ലേഖനം. അഭിനന്ദനങ്ങള്‍.
എംബിഎസ്സിന്റ്റെ മികച്ചപലഗാനങ്ങളുടേയും വരികള്‍ ഓഎന്വിയുടേതാണ്. അതിലുപരി അവര്‍ തമ്മില്‍ മികച്ച ആത്മബന്ധവും ഉണ്ടായിരുന്നു. ഉള്ക്കടലിനുവേണ്ടി പാട്ടുകള്‍ ഒരുക്കുവാന്‍ വരുന്നതിനിടയില്‍, തെറ്റിദ്ധാരണമൂലം റെയില്‍വേ പോലീസില്‍ നിന്നുണ്ടായ വിഷമങ്ങ്ളുടെ ഭാരവുമായി വന്ന എംബിഎസ്സി നെ ഓഎന്‍വി അനുസ്മരിച്ചതോര്‍ക്കുന്നു. പിന്നീട്, "ഇതൊന്നും നമ്മുടെ ക്രിയേറ്റിവിറ്റിയെ ബാധിച്ചുകൂടാ" എന്നു പറഞ്ഞ്, ഹാര്‍മ്മോണിയത്തില്‍ വിരലോടിച്ച എംബിഎസ്സ്. അങ്ങനെ പിറന്നവയാണ് ഈ ഗാനങ്ങള്‍:
ശരദിന്ദു മലര്‍ദീപനാളം നീട്ടി..........
കൃഷ്ണതുളസ്സിക്കതിരുകള് ചൂടിയോരശ്രുകുടീരം.....
നഷ്ടവസന്തത്തിന് തപ്തനിശ്വാസമേ.........
എന്റ്റെ കടിഞ്ഞൂല്പ്രണയകഥയിലെപ്പെണ്കൊടീ.....
ശ്രീ എംബിഎസ്സിന്റ്റെ സ്മരണയ്ക്കുമുന്നില്‍ തൊഴുകൈകളോടേ.....
-ബൈജു
ചാത്തനേറ്:“മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍” ലെ നെറ്റിയില്‍ പൂവുള്ള എന്ന പാട്ടെനിക്കൊത്തിരി ഇഷ്ടമാ, ഇത്രയും അറിവുകള്‍ക്ക് നന്ദി.
ഓടോ: നിരക്ഷരാ “ ശരബിന്ദു മലര്‍ദീപനാളം“ www.cooltoad.com ഇല് ഉണ്ടെന്നുറപ്പാ പഴയ coolgoose തന്നെ പേരുമാറ്റീട്ടൊത്തിരിയായി കുറ്റ്യാടിക്കാരാ.
നല്ല ലേഖനം.....
നന്ദി..എനിക്കേറ്റവും ഇഷ്ടമുള്ള സംഗീതസംവിധായകരില്‍ ഒരാള്‍...
'ശരബിന്ദു മലര്‍ദീപനാളം നീട്ടി'ശരദിന്ദു എന്നാകുമല്ലോ..
കത്തി എന്ന സിനിമയിലെ ബോധിവൃക്ഷദലങ്ങള്‍ കരിഞ്ഞു എന്നതും, മനസ്സിന്റെ തീര്‍ത്ഥയാത്രയിലെ നടന്നു നടന്നേറെ തളര്‍ന്നു എന്ന കവിതയുമൊക്കെ അദ്ദേഹത്തിന്റെ നല്ല പാട്ടുകളില്‍ പെടുന്നു. കാവാലവും എം.ബി.എസ്സും ഒരുമിച്ച തരംഗിണിയുടെ ഭാവഗീതങ്ങള്‍ ഒന്നാം തരം കാസറ്റാണ്..
മൂര്‍ത്തി സര്
തെറ്റു തിരുത്തിത്തന്നതിനു നന്ദി. അതൊരു അക്ഷരത്തെറ്റായിരുന്നില്ല..ഞാന്‍ ടൈപ്പ് ചെയ്തതു അങ്ങനെ ആയിരുന്നു. മാത്രവുമല്ല, ഞാന്‍ ഇന്നോളം ശരബിന്ദു എന്നു തന്നെയാണ് ധരിച്ചിരുന്നതും. അതിന്റെ അര്‍ത്ഥത്തെക്കുറിച്ചു സംശയമുണ്ടായിരുന്നെങ്കിലും...ഞാന്‍ മാറ്റി എഴുതിയിട്ടുണ്ട്...ഒരുപാട് നന്ദിയുണ്ട്.
എം ബി എസ്സിനെ കുറിച്ച് എഴുതിയ പോസ്റ്റ് ഇഷ്ടമായി...
സാഹിത്യത്തെ ഇത്രത്തോളം സമ്ഗീതവുമായി ലയിപ്പിക്കാന്‍ കഴിവുള്ള സം വിധായകന് വേറെ ഇല്ല.
എം റ്റി ആദ്യമായി പാട്ടെഴുതിയപ്പോള്‍ അതിനെ യുണീക്ക് ആക്കിയ എം ബി എസിന്റെ കഴിവു എടുത്തു പറയണം ..
ജാനകി പാടിയ " ഒരു മുറി കണ്ണാടീലൊന്നു നോക്കി " (വളര് ത്തു മൃഗങ്ങള്‍ ) കേട്ടു നോക്കൂ...
എം ബി എസിന്റെ ഇതില്‍ പരിചയപ്പെടുത്തിയ പാട്ടുകളെല്ലാം തന്നെ എന്റെ പ്രിയപ്പെട്ട പാട്ടുകളാണ്. എം ബി എസ്സ് എന്ന വ്യക്തിയെ കുറിച്ച് നല്ലൊരു അവബോധം തരുന്ന പോസ്റ്റായിരുന്നു ഗുരുജിയുടെത്. ഒരുപാടു നന്ദി
Post a Comment