Friday, January 25, 2008

അമ്മക്കൊരു കത്ത്‌

(ഈ കത്തു ഒരു പരമ്പര ആണ്‌. തുടര്‍ച്ചയായി ഒരു ഗൂഗിള്‍ ഗ്രൂപ്പിലൂടെ ഇതു ഞാന്‍ മുമ്പ്‌ അയച്ചിട്ടുണ്ട്‌. ഇതിനു മുമ്പ്‌ വിജയകൃഷ്ണന്‍റെ കത്തുകള്‍ ആരെങ്കിലും വായിച്ചിട്ടുണ്ടെങ്കില്‍ അതു എഴുതിയ ആള്‍ ഈ ഞാന്‍തന്നെയാണ്‌ എന്നു അറിയിക്കുന്നു. ഇപ്പോള്‍ ബ്ലോഗ്‌ ആക്കി എന്നു മാത്രം.)

എന്‍റെ അമ്മക്ക്‌
കുറെ നാളുകള്‍ക്കു ശേഷമാണ്‌ ഒരു കത്തെഴുതുന്നത്‌. ഇതു കുറച്ച്‌ അധികം കാര്യങ്ങള്‍ പറയാനുള്ളതു കൊണ്ടാണ്‌. ഫോണ്‍ വിളിച്ചു മാസാമാസം എത്ര കാശാണ്‌ ചെലവാകുന്നത്‌. നമുക്കു രണ്ടു പേര്‍ക്കും ഇംഗ്ലീഷ്‌ അറിയാമായിരുന്നെങ്കില്‍ ഇപ്പോള്‍ ചാറ്റിംഗ്‌ നടത്താമായിരുന്നു. അതാ ഇപ്പോള്‍ ലാഭം. ടി. വി. യില്‍ മമ്മൂട്ടി വന്നു പരസ്യം പറയുന്നുണ്ടല്ലോ നാട്ടില്‍ എല്ലവരേയും ഫ്രീ ആയി കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്നു എന്ന്‌. അമ്മക്കു പോയി ഒന്നു പഠിച്ചൂടേ? ഇപ്പോള്‍ ഒരു പണിയും ഇല്ലല്ലോ. വെറുതെ ഇരിക്കുകയല്ലേ. ഇതു ഞാന്‍ ചോര നീരാക്കി ഓവര്‍ടൈം ചെയ്തുണ്ടാക്കുന്ന പൈസയാണ്‌. എത്രയെന്നു കരുതിയാ ഫോണ്‍ ചെയ്തു കളയുക. അമ്മക്കറിയാമോ ഞാന്‍ കാലത്തെ ഒന്നും കഴിക്കാതെയാണ്‌ ജോലിക്കു പോകുന്നത്‌. എനിക്കു കാശു കൊടുത്തു വാങ്ങാന്‍ പറ്റാതെയല്ല. ഒന്നമതു സമയം കാണില്ല. പിന്നെ അതും കൂടി വീട്ടിലേക്കയച്ചാല്‍ അത്രേം അവിടെ എന്തേലും വാങ്ങാമല്ലോ എന്നു കരുതും.

പുഴക്കക്കരെ ഞാന്‍ വാങ്ങിയ അമ്പതു സെന്‍റു സ്ഥലത്ത്‌ അച്ഛന്‍ വല്ലതും നട്ടു പിടിപ്പിക്കുന്നുണ്ടോ? എവിടെ അല്ലേ? അച്ഛന്‍ അഞ്ചാറാളുകളേയും കൂട്ടി സ്ഥിരം പറമ്പില്‍ ശീട്ടുകളി ആണെന്ന്‌ കുന്നുംപുറത്തെ ദിവാകരന്‍ നാട്ടില്‍ പോയി വന്നപ്പോള്‍ പറഞ്ഞല്ലോ. അച്ഛനു ശീട്ടുകളിക്കാന്‍ വേണ്ട സ്ഥലത്തിനല്ല ഞാന്‍ അതു വാങ്ങിയത്‌. അച്ഛന്‍റെ വൈകുന്നേരത്തെ സേവ സ്വഭാവം ഇതുവരെ മാറിയില്ല അല്ലേ. അച്ഛന്‍ വെള്ളമടിച്ചു മുണ്ടഴിഞ്ഞു റോഡില്‍ കിടക്കുന്നത് കണ്ടു എന്ന്‌ ദിവാകരന്‍ എല്ലാരുടേം മുന്നില്‍ വെച്ചു പറഞ്ഞ്‌ എന്നെ കളിയാക്കി. പണ്ടത്തെ കാലമല്ല. നമുക്കു ഇപ്പോള്‍ ഇത്തിരി നിലയും വിലയും ഒക്കെ ഉണ്ട്‌. അതറിഞ്ഞ്‌ പെരുമാറാന്‍ അമ്മ അച്ഛനോടു പറയണം. ഓ, ദിവാകരന്‍ ഒരു മാന്യന്‍. അവന്‍റെ അച്ഛന്‍ കുടിച്ചു പാമ്പായി മുട്ടൊപ്പം വെള്ളത്തില്‍ വീണാണ്‌ ചത്തതെന്നു എനിക്കു തിരിച്ചു പറയാന്‍ തോന്നിയതാ. പിന്നെ ഞാന്‍ അടക്കി. എന്തിനാ നാട്ടുകാര്‍ തമ്മില്‍ അന്യനാട്ടില്‍ കിടന്നു വഴക്കിടുന്നേ എന്നു കരുതി. അല്ലേലും അന്യനാട്ടില്‍ ചെന്നാല്‍ മലയാളീടെ ഏറ്റവും വലിയ ശത്രു മലയാളി തന്നെയാ.

ദിവാകരന്‍റെ രണ്ടാമത്തെ കുട്ടീടെ 28 കേമമായിരുന്നു എന്ന്‌ അവന്‍ പറഞ്ഞു. പള്ളിപ്പുറത്തു സ്കൂളില്‍ എന്‍റെ ക്ലാസ്സിലായിരുന്നു ദിവാകരന്‍. അല്ലേലും അവന്‌ ബാധ്യത ഒന്നുമില്ലല്ലോ. എന്‍റെ കാര്യം അങ്ങനെയാണോ? വനജേടത്തീടേം വാസന്തീടേം കല്യാണം നടത്തി. ചെറ്റപ്പുര ടെറസ്സ്‌ വീടാക്കി. കുറച്ചു സ്ഥലം വാങ്ങി. ഹൌസിങ്‌ ലോണ്‍ എടുത്തത്‌ കഴിഞ്ഞ മാസമാ അടച്ചു തീര്‍ന്നത്‌. 'വിശേഷം' ഉണ്ടെന്നു പറയാന്‍ വാസന്തി വിളിച്ചിരുന്നു. ഇനി അതും ഒരു ചെലവല്ലേ? അവള്‍ വീട്ടിലെ ഡി.വി. ഡി. എടുത്തുകൊണ്ടു പോകാന്‍ പോയപ്പോള്‍ അമ്മ വഴക്കിട്ടു വാങ്ങിവെച്ചുവോ? എന്നോട്‌ അവള്‍ സങ്കടം പറഞ്ഞു. ഇനി വരുമ്പോള്‍ പുതിയതൊന്നു വാങ്ങിവരണം എന്നാ പറഞ്ഞിരിക്കുന്നേ. മോഹനളിയന്‍റെ സ്റ്റുഡിയോയില്‍ ഇപ്പോള്‍ വലിയ ബിസിനസ്സ്‌ ഒന്നും നടക്കുന്നില്ലത്രേ. മോഡേണ്‍ ഡിജിറ്റല്‍ ക്യാമറ വാങ്ങണമെന്നൊക്കെ പറയുന്നതു കേട്ടു. ഞാന്‍ അധികം ശ്രദ്ധിക്കാന്‍ പോയില്ല.

വനജേടത്തീടെ കുട്ടൂസിനെ നഴ്സറിയില്‍ ഇത്തവണ ചേര്‍ത്താറായി അല്ലേ? ഇംഗ്ലീഷ്‌ മീഡിയത്തില്‍ ചേര്‍ക്കാന്‍ പറയണം. മലയാളം കൊണ്ടൊന്നും ഒരു കാര്യവുമില്ല. അന്യനാട്ടില്‍ വന്നാലേ ഇംഗ്ലീഷിന്‍റെ വില മനസ്സിലാകൂ. അവനെങ്കിലും ഇംഗ്ലീഷ്‌ പഠിച്ചു വളരട്ടെ. വനജേടത്തിക്കു കഴിഞ്ഞ തവണ വന്നപ്പോള്‍ കൊടുത്ത മൊബൈല്‍ ഫോണ്‍ ശരിക്കും ശബ്ദം കേള്‍ക്കുന്നില്ല എന്നു പറഞ്ഞു. ഇനി വരുമ്പോള്‍ ക്യാമറ ഉള്ളതു വേണമെന്നു. അല്ലേലും ചെറുപ്പം തൊട്ടു എന്തു കൊടുത്താലും വനജേടത്തി ഒരു കുറ്റം കണ്ടു പിടിക്കും. ശിവനളിയന്‍ വിസ അയച്ചു തായോ എന്നു എപ്പോള്‍ വിളിച്ചാലും പറയും. അവിടെ നിന്നു നോക്കുമ്പോള്‍ ഇതു സ്വര്‍ഗമാണെന്നു തോന്നും. ഇവിടെ വന്നാലേ ദുരിതമറിയൂ. അവിടെ നല്ല ജോലിയുള്ളത്‌ എന്തിനാ കളയുന്നേ? ഗവര്‍മെണ്ടു ഓഫീസില്‍ പ്യൂണ്‍ എന്നു പറഞ്ഞാല്‍ എന്താ വരുമാനം?

ഞാനും നാട്ടില്‍ വരാറായി. ഇത്തവണ അറബി വിസ പുതുക്കുമോന്ന്‌ അറിയില്ല. ഞാന്‍ അതിന്‍റെ ടെന്‍ഷനിലാണ്‌. കുന്നത്തൃക്കോവിലെ ഹനുമാന്‌ വടമാല നേര്‍ന്നാല്‍ വിചാരിച്ച കാര്യം നടക്കുമെന്നല്ലേ പറയാറ്. അമ്മ ഒരെണ്ണം നേരണം.

പിന്നെ ഏറ്റവും പ്രധാന കാര്യം. കഴിഞ്ഞ മാസം വര്‍ക്ക്‌ സൈറ്റില്‍ വെച്ച്‌ ഒരു അപകടം പറ്റിയ കാര്യം ഞാന്‍ പറഞ്ഞില്ലേ. അന്ന്‌ അവിടെ അടുത്തുള്ള ഒരു ഹോസ്പിറ്റലിലാണ്‌ പോയത്‌. അവിടെ വെച്ച്‌ ഞാന്‍ ഒരു കുട്ടിയെ പരിചയപ്പെട്ടു. നിഷ എന്നാണ്‌ പേഋ. അടൂരാണ്‌ വീട്‌. ഇവിടെ നേഴ്സാണ്‌. എന്നേക്കാളും ശമ്പളമുണ്ടമ്മേ അവള്‍ക്ക്‌. ഇനിയിപ്പോള്‍ അറബി വിസ പുതുക്കി ഇല്ലെങ്കിലും അവള്‍ വിചാരിച്ചാല്‍ എനിക്ക്‌ പുഷ്പം പോലെ വിസ കിട്ടും. നല്ല അച്ചടക്കവും ഭംഗിയുമുള്ള കുട്ടിയാണ്‌.

ഇതു കേട്ടാല്‍ ചിലപ്പോള്‍ അമ്മാവന്‍ വഴക്കിനു വരും. എന്നു വെച്ചു നമുക്കു നമ്മുടെ കാര്യം പറയേണ്ടേ? എനിക്കു ഇങ്ങോട്ടു വരാന്‍ 50000 രൂപ തന്നു, അതിനുവേണ്ടി അവരുടെ വീടു പണയം വെച്ചു എന്നൊക്കെ പറയും. ആ കാശു അങ്ങോട്ടു കൊടുത്താല്‍ തീര്‍ന്നില്ലേ? നമ്മള്‍ എടുത്തു വെച്ചിട്ടു കൊടുക്കാഞ്ഞതല്ലല്ലോ. ഓരോരോ ചിലവു വന്നതു കൊണ്ടു മാറിപ്പോയന്നല്ലേയുള്ളൂ. പിന്നെ ഷീലയേയും പറ്റി അത്ര നല്ലതൊന്നുമല്ല കേള്‍ക്കുന്നേ. ഞാന്‍ അവിടെ ഉള്ളപ്പോള്‍ എന്നോടു എങ്ങനെ ആയിരുന്നു എന്ന്‌ എനിക്ക്‌ അറിഞ്ഞൂടേ. ഒന്നുമില്ലാതെ ആളുകള്‍ ഓരോന്നു പറയില്ലല്ലോ. തീയില്ലാതെ പുകയുണ്ടാകുമോ? അതുകൊണ്ട് എനിക്കു യാതൊരു കുറ്റബോധവുമില്ല. അല്ലെങ്കില്‍ തന്നെ പണ്ടത്തെപ്പോലെയാണോ അമ്മേ നമ്മള്‍ ഇപ്പോള്‍. ഉള്ളതില്‍ നിന്നും താഴേക്കു വരണം എന്നു ആര്‍ക്കേലും തോന്നുമോ? എപ്പോളും ഉയരത്തില്‍ എത്തണമെന്നല്ലേ ചിന്തിക്കേണ്ടത്‌. അത്‌ ഒരു തെറ്റാണോ അമ്മേ?

ഞാന്‍ കത്തു ചുരുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അടുത്തതില്‍ എഴുതാം.

എന്ന്‌ അമ്മയുടെ മോന്‍ വിജയകൃഷ്ണന്‍.
guruji.masterji@gmail.com

10 comments:

ഹരിത് said...

മ്വാനേ വിജയല്‍കൃഷ്ണാ....നീയാണെടാ പുലി..പുപ്പുലി

ഹരിത് said...

ഇതു നാലമത്തെ പ്രാവശ്യമാണു ചാമ്പുന്നതു. നീ നിന്റെ എസ് പി ജി സെകുരിറ്റി മാറ്റിയില്ലെങ്കില്‍ , അമ്മയാണെ ഈ വഴിക്കു ഇനി ജമ്മത്തു വരില്ല.

നിരക്ഷരൻ said...

കത്ത് കലക്കി.
പക്ഷെ മാഷ് ഷീലേനെ തഴഞ്ഞ്,നിഷേനെ തന്നെ ഉറപ്പിച്ചോ ?

ഗുരുജി said...

ഹരിതിന്‍റെ കമന്‍റു മനസ്സിലായില്ലല്ലോ..എന്നെത്തന്നെയാണോ ഉദ്ദേശിച്ചത്‌

ഹരിത് said...

ഗുരുജി ക്ഷമി... വേര്‍ഡ് വെരിഫികേഷ്ന്‍ കടമ്പയില്‍ ഒരു 4 പ്രാവശ്യം തടഞ്ഞപ്പോള്‍ തോന്നിയ ദേഷ്യം ആണു അനാവശ്യമായിപ്പോയ ആ കമന്റ്.

ഗുരുജി said...

അടുത്ത എഴുത്തു എഴുതിയിട്ടിട്ടുണ്ട്‌..

ശ്രീ said...

മുന്‍‌പ് വായിച്ചിട്ടുണ്ട്.

Sharu (Ansha Muneer) said...

ഇതാണ്....ഇതാ‍ണ് യഥാര്‍ത്ഥ അവസരവാദി....
:)

കേരളക്കാരന്‍ said...

ഇതു മുന്‍പു വായിച്ചു, ഒരുപാടുപെര്‍ക്കു ഫോര്‍വേര്‍ഡും ചെയ്തിരുന്നു...ഗുരുജിയാണിതിന്റെ ഉറവിടമെന്നറിഞ്ഞില്ല....അറിഞ്ഞില്ല..ഇങ്ങനൊരാളാണെന്നു...വിജയാകൃഷ്ണനു പ്രവാസികളുടെയെല്ലാം മുഖച്ഛായ ഉണ്ടു ഗുരുജീ..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഇങ്ങനെ ഒക്കെയേ ഇനി കത്തുകള്‍ വായിക്കാന്‍ പറ്റു.....