എന്‍റെ അമ്മക്ക്
ഇത്തവണ മറുപടി എഴുതാന്‍ ഇത്തിരി വൈകി. ഒന്നാമത് സമയമില്ലമ്മേ. പിന്നെ ഈ ചൂടത്തെ പണിയും കഴിഞ്ഞു വന്നാല്‍ ആകെ ക്ഷീണമാണ്. ഞാന്‍ ഇവിടുത്തെ കാര്യങ്ങള്‍ ഒന്നും എഴുതുന്നില്ലായെന്നല്ലേ അമ്മക്കു പരാതി. വെറുതെ പറഞ്ഞു അമ്മയെക്കൂടി എന്തിനാ വിഷമിപ്പിക്കുന്നേ എന്നു കരുതിയാ.
രാവിലെ നാലരക്കുണര്‍ന്നു ജോലിക്കു പോകണം. നമ്മുടെ നാട്ടില്‍ പാടത്തു കൊയ്യാന്‍ പോകുന്ന പെണ്ണുങ്ങള്‍ പോലും ഇത്ര പുലര്‍ച്ചെ ജോലിക്കുപോകില്ല. മംഗലത്തെ രാമേട്ടന്‍ അഞ്ചുമണിക്കു പശുവിനെ കറക്കാന്‍ വരുന്നത് എവറെഡി ടോര്‍ച്ചുമായിട്ടല്ലേ. ഇവിടെ അഞ്ചുമണിയാകുമ്പോഴേക്കും ഭയങ്കര വെയിലാണമ്മേ. ഇതിന്നിടയില്‍ പറയുവാ അമ്മക്കു കാലിനു നീരു കുറയാത്തത് പശുവിന്‍റെ പിന്നാലേ ഇങ്ങനെ നടക്കുന്നതു കൊണ്ടാണ്. ഇനി അതിനെ അങ്ങു വിറ്റൂടേ? അല്ലേല്‍ തന്നെ നമ്മള്‍ പുതിയതായി വെച്ച വീട്ടില് തെക്കുപുറത്ത് എരുത്തില് ചേരത്തപോലുണ്ട്. ഇപ്പോള്‍ നിത്യച്ചിലവിന് പാല് വിക്കേണ്ട ഗതികേടൊന്നുമില്ലല്ലോ
ഞാന്‍ ഇപ്പോള്‍ ഒരു അമേരിക്കന്‍ കമ്പനിയിലാണ് ജോലി എന്നു പറഞ്ഞില്ലേ. അവിടെ ജോലിക്കു കയറുന്നതു തന്നെ ഒരു ചടങ്ങാണ്. ശബരിമലയില്‍ പൊലുമില്ലമ്മേ ഇത്ര നീണ്ട ക്യൂ. അതുപോലത്തെ വലിയ ക്യൂവില്‍ മണിക്കൂറുകളോളം നിന്നുവേണം ജോലിക്കു കയറാന്‍. അന്നു അച്ഛന്‍റെ കാലൊടിഞ്ഞപ്പോള്‍ സിയെമ്മെസ് ആശുപത്രിയില്‍ വെച്ച് എക്സ്റേ എടുക്കുന്ന ഒരു മെഷ്യന്‍ ഞാന്‍ അമ്മയെ കാണിച്ചില്ലേ, അതുപോലത്തെ മെഷ്യനിലൂടെ ദിവസവും കയറിയിറങ്ങണം. ഇതൊക്കെ കഴിഞ്ഞ് ജോലിക്കെത്തുന്നതു തന്നെ ക്ഷീണിച്ചാണ്.
കുന്നുംപുറത്തെ ദിവാകരനും എന്‍റെ കമ്പനിയില്‍ തന്നെയാണ്. ഞങ്ങളുടെ കമ്പനിയിലെ മേലാളന്‍മാരെല്ലാം സായിപ്പന്‍മാരാണ്. അവരുടെ പ്രീതി പിടിച്ചു പറ്റുന്നവര്‍ക്കും അടുക്കുപറയുന്നവര്‍ക്കുമൊക്കെ സുഖമാണ്. ദിവാകരന്‍ ഒരു സായിപ്പിനെ ഒട്ടിനടക്കുന്നതുകൊണ്ട് അവനു പല കാര്യത്തിലും ഗുണമുണ്ട്. പഠിപ്പുകൊണ്ടൊന്നും ഇവിടെ യാതൊരു കാര്യവുമില്ലമ്മേ. ഗള്‍ഫില് ഭാഗ്യം വേണം. നമ്മുടെ നാട്ടില് കളക്ടര്‍മാര്‍ പഠിത്തമില്ലാത്ത മന്ത്രിമാരെ അനുസരിക്കുന്ന പോലെയാണ് ഇവിടെ. കഴിവും വിദ്യാഭ്യാസവുമുള്ളവര്‍ ഭാഗ്യമുള്ളവരെ അനുസരിക്കേണ്ടിവരും. ദിവാകരനെപ്പോലെ അര്‍ഹതയില്ലാതെ സ്ഥാനക്കയറ്റം കിട്ടുന്നവര്‍ പിന്നെ ഒരോതരം പത്രാസു കാട്ടും.
തേങ്ങയിടാന്‍ വരുന്ന ഗോപലന്‍ മൂപ്പരുടെ മോന്‍ വിജയനും ഈ കമ്പനിയിലുണ്ടമ്മേ. അവിടെ റബ്ബര്‍ വെട്ടിക്കൊണ്ടിരുന്ന അവന്‍ ഇവിടെ ക്ലാര്‍ക്ക് പണിയാണ്. പണ്ട് പാര്‍ട്ടി ആഫീസില്‍ വെച്ച് കത്തിക്കുത്തുണ്ടാക്കിയ കേസൊക്കെ ഒഴിവായെന്ന് ഇന്നാള് കമ്പനിയുടെ മുന്നിലെ ക്യൂവില്‍ വെച്ചു കണ്ടപ്പോള്‍ അവന്‍ പറഞ്ഞു. അവന്‍റെ കൂടെ ജോലി ചെയ്യുന്ന ഒരു മദാമ്മയുമായി അവനെന്തോ അടുപ്പമുണ്ടെന്ന് അവന്‍റെ മുറിയില്‍ താമസിക്കുന്ന സോമന്‍ എന്നോടു പറഞ്ഞു. അസൂയകൊണ്ടാകുമെന്നാ ഞാന്‍ ആദ്യം കരുതിയത്. പക്ഷേ കേട്ടതൊക്കെ ശരിയാണെന്ന് പിന്നീട് മനസ്സിലായി. പെണ്ണുംപിള്ളേം രണ്ടു കുട്ടികളും നാട്ടിലുണ്ടെന്നത് മറന്നാണ് അവന്‍ ഈ തോന്ന്യാസത്തിനൊക്കെ നടക്കുന്നത്. നാട്ടിലും അവന്‍ അത്ര ശരിയായിരുന്നില്ലല്ലോ.
ഞാന്‍ നേരത്തെ പറഞ്ഞില്ലേ അന്യനാട്ടില് മലയാളീടെ ശത്രു മലയാളി തന്നെയാണെന്ന്. ഇവിടെ പുറമെ എല്ലവരും ചിരിച്ചു കാണിക്കുമെങ്കിലും ഒരു കാര്യം വരുമ്പോള്‍ എല്ലവരും കണക്കാണമ്മേ. ജോലിസ്ഥലത്തൊക്കെ എവിടുന്നാ പാര വരുന്നേ എന്നു പറയാന്‍ പറ്റില്ലമ്മേ. നമ്മുടെ മാടമ്പള്ളിലെ മാധവിയമ്മയെപ്പോലെയാണ് എല്ലവരും. പുറമെ സന്തോഷം കാണിക്കും. പക്ഷേ അകംപല്ലുകൊണ്ടിറുമ്മും. പണ്ട് അമ്മ പറഞ്ഞ ഒരു കഥയില്ലേ. ആനക്ക് ആളെ കാണിക്കാന്‍ രണ്ടു പല്ലു പുറത്തും ചവക്കാനായി വേറെ പല്ലുകള്‍ അകത്തും. അതുപോലെയാണ് ഇവിടെ എല്ലാരും എന്നു ചിലപ്പോള്‍ തോന്നിപ്പോകും. പിന്നെ ആരോടും വഴക്കിനുപോകാത്തതുകൊണ്ട് എനിക്കു പ്രശ്നങ്ങളൊന്നുമില്ല.
വൈകിട്ട് വീട്ടിലെത്തിയാല്‍ ഭക്ഷണം തയ്യറാക്കണം. തുണി കഴുകണം. ഇതൊക്കെ കഴിയുമ്പോള്‍ എഴുത്തെഴുതാനൊന്നും നേരം കിട്ടില്ല. തൊട്ടപ്പുറത്തെ മുറിയില്‍ കള്ളുകുടിയും ബഹളവുമാണ് എപ്പോഴും. ഗള്‍ഫില്‍ കള്ളും ചാരായോം കിട്ടില്ലായെന്നല്ലേ നാട്ടിലോക്കെ പറയുന്നത്. ഇവിടെ വേണ്ടവര്‍ക്ക് അതെല്ലാം ധാരാളമുണ്ടമ്മേ. ദിവാകരനൊക്കെ നിത്യവും സേവയുണ്ടത്രേ. അവന്‍റെ അച്ഛനും അത്ര മോശമായിരുന്നില്ലല്ലോ. ചിലരൊക്കെ ജീവിക്കുന്നതു കണ്ടാല്‍ മദ്യം കുടിക്കാനായിട്ടാണ് വിസ എടുത്തിവിടെ വന്നതെന്നു തോന്നിപ്പോകും. ഇതിന്നിടയില്‍ പറയുവാ അച്ഛനോട് കുടി ഇത്തിരി കുറക്കാന്‍ അമ്മ പറയണം. നമ്മുടെ ഇപ്പോഴത്തെ നില കൂടി ഓര്‍ക്കണ്ടേ?
ഞാന്‍ നിഷയുടെ കാര്യം പറഞ്ഞിട്ട് അമ്മ ഒന്നും എഴുതിയില്ലല്ലോ. നല്ല വീട്ടുകാരാണമ്മേ. അവളുടെ അച്ഛന് എലക്ട്രിസിറ്റി ആപ്പീസിലാണ് ജോലി. ഒരു വീടും അറുപതു സെന്‍റു സ്ഥലവുമുണ്ട്. ഒരാങ്ങള ചെറുക്കനുണ്ട്. അവരുടെ വീടും 20 സെന്‍റും ആങ്ങളക്കാണ്. റോഡു സൈഡിലുള്ള 40 സെന്‍റും നിഷയുടെ പേരിലാക്കുമെന്നാണ് അവള്‍ പറയുന്നത്. അതൊന്നുമില്ലെങ്കിലും ഇവിടെ ഗവര്‍മെന്‍റു നേഴ്സാണ്. നല്ല ഒരു ജീവിതത്തിന് നമ്മള്‍ ആ ജോലി മാത്രം നോക്കിയാല്‍ പോരേ? അമ്മ അമ്മാമയോടും ഇളയച്ഛനോടും ഇക്കാര്യം പറയണം. അമ്മവനു നീരസം കാണും. എനിക്കിപ്പോളത്തെ അവസ്ഥയില്‍ ഷീലയെ കെട്ടാന്‍ ഒട്ടും താത്പര്യമില്ല. ഒരു ജോലിയുള്ള പെണ്ണാകുമ്പോള്‍ ജീവിതം കുറെക്കൂടി നന്നായിട്ടു പോകില്ലേ? പണ്ടാരോ എന്തോ വാക്കൊക്കെ പറഞ്ഞു എന്നു വെച്ച് എനിക്കു ഭാവി കൂടി നോക്കേണ്ടേ?
ഇവിടുത്തെ വിശേഷങ്ങള്‍ ഇങ്ങനൊക്കെയാണ്. കൂടുതല്‍ എഴുതാനിരുന്നല്‍ ഉറങ്ങാന്‍ പറ്റില്ല. രാവിലേ നാലുമണിക്കുണരേണ്ടതല്ലേ? ആരെങ്കിലും നാട്ടില്‍ നിന്നും വരുമ്പോള്‍ ഇത്തിരി അഷ്ടചൂര്‍ണ്ണം കൊടുത്തുവിടണം. ഈയിടെയായി ഗ്യാസിന്‍റെ അസ്കിതയുണ്ട്. ഇവിടെ നിഷയുടെ ആശുപത്രിയില്‍ ചെന്നാല്‍ ഇംഗ്ലീഷുമരുന്നു കിട്ടും. എന്നാലും കല്യാണത്തിനു മുന്നേ എന്തിനാന്നു വിചാരിച്ചിട്ടാ.
വനജേടത്തീം വാസന്തിയും അന്നത്തേതില്‍ പിന്നെ വിളിച്ചിട്ടില്ല. കൊടുത്തതൊക്കെ കുറഞ്ഞുപോകുന്നതു കൊണ്ടായിരിക്കും. എന്തേലും പുതിയ ആവശ്യങ്ങള്‍ വരുമ്പോള്‍ വിളിക്കുമായിരിക്കും. നിഷയുടെ കാര്യം അവരോടും അമ്മ പറയണം, മാത്രമല്ല കാര്യമായിട്ടെടുക്കയും വേണം. കല്യാണം കഴിഞ്ഞാലും എല്ലാരുടേയും കാര്യങ്ങള്‍ ഞാന്‍ ഇതുപോലെ തന്നെ നോക്കില്ലേ, പിന്നെന്താ.. അതുകൊണ്ട് ഈ കാര്യം കാര്യാമായിട്ടെടുക്കണം.
കൂടുതല്‍ വിശേഷങ്ങള്‍ പിന്നീടെഴുതാം
എന്ന്..വിജയകൃഷ്ണന്‍.
Subscribe to:
Post Comments (Atom)
2 comments:
ഇങ്ങനെയാണോ അമ്മയ്ക്കു കത്തെഴുതുന്നത്..........
വായിച്ചിരിക്കാന്‍ കൊള്ളാം
Post a Comment