Saturday, February 16, 2008

ഞാന്‍ ഒരു പാമ്പ്‌ - കവിത

ഉത്‌പത്തികാലം മുതലേ
എന്‍റെ ഉള്ളിന്‍റെ ഉറക്കുള്ളില്‍
ഒരു പാമ്പ്‌ ചുരുണ്ടുറങ്ങുന്നു.
വിഷം മുറ്റിയ പല്ലുകളുമായി
ഉരസ്സുകൊണ്ടിഴഞ്ഞുനടക്കുന്നു
ഇരട്ടത്തുമ്പുള്ള നാക്കുമായി
ഫണം താഴ്ത്തി
അയലത്തുകാരന്‍റെ ദൌര്‍ബല്യങ്ങളിലേക്കും,
അന്യന്‍റെ രഹസ്യങ്ങളിലേക്കും,
അപരദു:ഖങ്ങളില്‍ ലാഭം തേടി
കണ്ണിനെ കാതാക്കി
അത്‌ മാളങ്ങള്‍ പരതുന്നു.
മിഴിപ്പോളകള്‍ തുറന്ന്‌ എന്നില്‍
അനങ്ങാതെ കിടക്കുന്നു,
അടിയേല്‍ക്കുന്ന നിമിഷത്തെ
പ്രതീക്ഷിച്ചുകൊണ്ടെന്നും.

5 comments:

ഗുരുജി said...

എന്‍റെ ഈ കവിത നേരത്തെ ഒരു വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചതാണ്!

Sanal Kumar Sasidharan said...

കണ്ണിനെ കാതാക്കിയാണോ കാതിനെ കണ്ണാക്കിയാണോ ?

കവിത കൊള്ളാം

ഗുരുജി said...

സനാതനാ
കണ്ണിനെ കാതാക്കി തന്നെ....ചക്ഷു:ശ്രവണന്‍ എന്നല്ലേ പാമ്പിനേക്കുറിച്ചു പറയുന്നത്‌..കണ്ണുകൊണ്ട് ശ്രവിക്കുന്നവന്‍ കമന്റിനു ഒരുപാടു നന്ദി...

മാധവം said...

നല്ല വരികള്‍....അത് ഏദന്‍ തോട്ടത്തില്‍ നിന്നു നമ്മുടെ കൂടെ പോന്നതാണോ?

Aluvavala said...

ഗുരുജിയുടെ 'എബൗട്ടു മി' യില്‍ ആദ്യം പടം ശ്രദ്ധിച്ച ഞാന്‍, ഉടനെ വായിച്ചത് "ഞാന്‍ ഇപ്പോള്‍ പ്രസവത്തിലാണ്" എന്നാണ്.

കവിത കൊള്ളാം. കവിതകള്‍ കുറിക്കു തന്നെ കൊള്ളട്ടെ..ആശംസകള്‍..