Sunday, February 24, 2008

മാധവിക്കുട്ടി - നഷ്ടപ്പെട്ട നീലാംബരി.

(രഘു നായര്‍, കുവൈറ്റ്‌ എഴുതി പുഴ.കോം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്‌.)

'എന്നോടു ദയ കാണിക്കരുത്‌. ദയ എന്ന ഭീരുവാക്കും. ദയ എന്നെ കരയിക്കും. സ്‌നേഹത്തിന്റെ അഭാവവും അല്പസ്വല്‍പ്പം ക്രൂരതയും എന്നെ എന്നും ഒരു സിംഹിയായി നിലനിര്‍ത്തും.'

ഇങ്ങനെ എഴുതിയ മാധവിക്കുട്ടി എന്ന മലയാളത്തിലെ സത്യസന്ധയായ സാഹിത്യകാരി എന്നും സിംഹിയായി തുടരാനായിരിക്കും 'നാടുവിട്ടു' എന്നറിയിച്ചുകൊണ്ട്‌ മലയാളത്തോട്‌ ചെറിയ ക്രൂരത കാണിച്ചത്‌. പക്ഷേ ഇവരുടെ സാഹിത്യരചനകളുടെ അന്ത:സത്ത അനുഭവിച്ചവര്‍ക്കാര്‍ക്കും ഈ ക്രൂരതയില്‍ ലവലേശം ഉത്‌കണ്ഠയുണ്ടാകില്ല.

ഈ ലോകത്തിന്റെ ഏതു കോണാണ്‌ മാധവിക്കുട്ടി കാണാതിരുന്നത്‌, ഏതു വന്യതകളിലൂടെയാണ്‌ നടക്കാതിരുന്നത്‌. എവിടെയിരുന്നാലും പുന്നയൂര്‍ക്കുളത്തെ കണിക്കൊന്നയും നാലപ്പാട്ടു തറവാടും, സര്‍പ്പക്കാവും, കുളക്കടവും, കേരളത്തിന്റെ സ്വന്തം ഞാറ്റുവേലയും അവരെ അലട്ടിക്കൊണ്ടേയിരിക്കും. ഒരു കൂടുമാറ്റവും മാധവിക്കുട്ടിയെ സ്വത്വത്തെ ബാധിക്കില്ലായെന്നത്‌ അവര്‍ തന്നെ പല തവണ തെളിയിച്ചു കഴിഞ്ഞതാണ്‌.

സമൂഹത്തിലെ കപടസദാചാരമൂല്യങ്ങള്‍ക്കു വിപരീതമായി നടന്നാണ്‌ മാധവിക്കുട്ടി സാഹിത്യകാരിയായത്‌. മേധാവിത്വശീലമുള്ള മന:സാക്ഷിയുടെ നേര്‍ക്കുനേരെ, വെളിച്ചത്തു നിന്നുകൊണ്ട്‌, ഭയമില്ലാതെ 'രാജാവ്‌ നഗ്നനാണ്‌ ' എന്നു വിളിച്ചുപറയാന്‍ ,മലയാള സാഹിത്യത്തില്‍ ധൈര്യമുള്ള ഒരാളേയുണ്ടായിരുന്നുള്ളൂ എന്ന സത്യം നമ്മള്‍ സൌകര്യപൂര്‍വം മറന്നതിനാലാകണം ഈ കലാകാരിക്ക്‌ ജീവിതസായാഹ്‌നത്തില്‍ ഇങ്ങനെയൊരു ക്രൂരതയെക്കുറിച്ച്‌ ചിന്തിക്കേണ്ടിവന്നത്‌.

സംസ്കാരശുദ്ധിയിലേക്കുള്ള മനുഷ്യന്റെ യാത്രയില്‍ നിഷേധിക്കുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന മൃഗവാസനകളെക്കുറിച്ച്‌ മറയത്തു നിന്നും മാറി ഇറയത്തുവന്നുനിന്നു പറഞ്ഞതിനാലാണ്‌ മാധവിക്കുട്ടി നമ്മുടെ വിശുദ്ധ 'സംസ്കാര' ത്തിനു അനഭിമതയായത്‌. മട്ടുള്ളവരുടെ പ്രേതവിചാരണകളെ ഭയന്ന്‌ തന്റെ എഴുത്തിനെ മാട്ടിമറിക്കാന്‍ കഴിയാതെപോയ ദൌര്‍ബല്യമാണ്‌ ഇവരെ നിരാലംബയാക്കിയത്‌.

എഴുത്തുകാരന്റെ സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും നിരുപാധികമായിരിക്കണമെന്നു നിഷ്ഠ്യുള്ള ഒറ്റ സാഹിത്യകാരി മാത്രമേ ഭാരതത്തിലുണ്ടായിട്ടുള്ളൂ എന്ന്‌ ഏവര്‍ക്കുമറിയാം. ആത്‌മരതിയുടെ സായൂജ്യത്തിനായി സ്വപ്നസാഹിത്യം രചിക്കുന്ന മാധവിക്കുട്ടിയെ വായിക്കപ്പെടുമ്പോള്‍ എഴുത്തുകാരി തന്നെ കഥയിലെ നായികയായി വായനക്കരിലേക്ക്‌ ഒരു ബാധ പോലെ സന്നിവേശിക്കപ്പെടുന്നു. ഈ സ്ഫടികസൌന്ദര്യം കാണാതെ അല്‍പ്പവായനയിലൂടെ സദാചാരലംഘനമായും സാമൂഹിക വിമര്‍ശനമായും വായിക്കപ്പെട്ടുപോയതിനാലാണ്‌ ഇവര്‍ക്ക്‌ നിത്യം ഒളിയമ്പുകളേല്‍ക്കേണ്ടി വരുന്നത്‌. മാധവിക്കുട്ടി മദമിളകിയ സ്ത്രീയാണെന്ന ഒരു ചിത്രം ഒരു സമൂഹമാകെ വ്യാപിപ്പിക്കുവാന്‍ മാത്രമേ ഇത്തരം വായനക്കര്‍ ശ്രമിച്ചിട്ടുള്ളൂ.

എഴുതുമ്പോള്‍ മാധവിക്കുട്ടിക്ക്‌ ഭയത്തിന്റെ അര്‍ത്ഥം അറിഞ്ഞുകൂടാതാകുന്നു. ഒരു വിനാശത്തിന്റെ മുന്നേറ്റം പോലെ എഴുതാന്‍ പോലും അവര്‍ക്കു കഴിയുന്നു. പ്രാര്‍ത്ഥനയുടെ അടിസ്ഥാനരൂപങ്ങള്‍ കൈകാര്യം ചെയ്യുന്നതുപോലെ ലൈംഗികതയെ അവര്‍ വിശകലനം ചെയ്യുന്നു. - കെ. പി. അപ്പന്‍ ഒരിക്കല്‍ മാധവിക്കുട്ടിയെക്കുറിച്ചെഴുതിയതാണിത്‌.

ആണും പെണ്ണും തമ്മില്‍ സന്താനോല്‍പാദനത്തിനായി ചെയ്യുന്ന ശാരീരികസംഗമമാണ്‌ ലൈംഗികത എന്ന പൊതുവായ അറിവിനപ്പുറത്തുള്ള അറിവാണ്‌ മാധവിക്കുട്ടിയുടെ രചനയിലെ അടയാളങ്ങള്‍. മനുഷ്യനിലെ രതികല്‍പ്പനകളെ സംസ്കാരതിന്റെ തടവറക്കുള്ളില്‍ അടക്കിവെക്കേണ്ടിവരുമ്പോഴുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളുടെ അനുരണനങ്ങള്‍ അടുത്തറിഞ്ഞതും പറഞ്ഞുകൊടുത്തതുമാണ്‌ അവരിലെ അക്ഷന്തവ്യതയായി കണക്കാക്കപ്പെട്ടത്‌.

മുട്ടത്തു വര്‍ക്കി, കാനം ഇ. ജെ., മുതലായ പൈങ്കിളിസാഹിത്യകാരുടേയും, അയ്യനേത്ത്‌, പമ്മന്‍ തുടങ്ങിയ ഇക്കിളിസാഹിത്യകാരുടേയും സൃഷ്ടികള്‍ വായിച്ച്‌ ഇന്ദ്രിയങ്ങളില്‍ ഇളക്കമുണ്ടാക്കിയിരുന്ന ഒരു വായനാസമൂഹത്തിന്‌ മാധവിക്കുട്ടിയുടെ രചനകളും അതിലെ രത്യംശങ്ങളും അവനവന്റെ തന്നെ നേര്‍ക്കുനേരെ വരുന്ന ശരങ്ങളായി സ്വയം തൊന്നിപ്പിച്ചിട്ടുണ്ടാകാം. ഇവരുടെ രചനകളില്‍ അടക്കിവെക്കലുകളിലൂടെ അക്രമാസക്തമായിപ്പോയ മനസ്സു ചുമക്കുന്ന തന്റെ തന്നെ ഛായ ഒരോരുത്തരും കാണാന്‍ തുടങ്ങുന്നു.

വിവാഹം കഴിഞ്ഞവരിലെ ലൈംഗികതയും അരാജകത്വവും മാധവിക്കുട്ടി തന്റെ മസൃണഭാഷയിലൂടെ പറഞ്ഞപ്പോള്‍ അതിന്‌ നാനാര്‍ത്ഥങ്ങള്‍ കണ്ടെത്തുകയായിരുന്നു ഒരുപിടി മലയാളികള്‍ ചെയ്തത്‌. കേരളത്തിലെ വിവിധ ലൈംഗിക കുറ്റകൃത്യങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു സത്യമുണ്ട്‌. പ്രതികളില്‍ കൂടുതല്‍ പേരും വിവാഹിതരും കുടുംബമായി കഴിയുന്നവരുമാണ്‌. മാധവിക്കുട്ടി അടയാളപ്പെടുത്തിയ അരാജകത്വത്തിന്റെ അടിയാന്‍മാരാണിവര്‍.

ഓര്‍മ്മ വെച്ച നാള്‍ മുതല്‍ പ്രവാസത്തിലായിരുന്ന ഒരു കഥാകാരി തിരിച്ചെത്തി വര്‍ഷങ്ങള്‍ക്കു ശേഷം ജീവിതത്തിന്റെ സന്ധ്യാവേളയില്‍ നാടിന്റെ പടിയിറങ്ങി മറ്റൊരു പ്രവാസജീവിതത്തെക്കുറിച്ചു ചിന്തിക്കുന്നുവെങ്കില്‍ അവരുടെ നൊമ്പരങ്ങള്‍ക്കു മറുപടി പറയാന്‍ നാം ബാദ്ധ്യസ്ഥരാണ്‌.

മലയാളത്തിലെ ഇതര സാഹിത്യകാരില്‍ നിന്നെല്ലാം വ്യത്യസ്തയായി ഒരുപാടു സൌഭാഗ്യങ്ങള്‍ക്കിടയില്‍ ജനിച്ചു വളര്‍ന്നവളാണ്‌ മാധവിക്കുട്ടി. അതുകൊണ്ടുതന്നെ താഴേക്കിടയിലുള്ളവരുടെ വേദനകളെ ഉപരിപ്ലവമായി മാത്രമേ അവര്‍ക്കു കാണാന്‍ സാധിച്ചിട്ടുള്ളൂ. ആഢ്യത്തത്തിന്റെ അടിച്ചമര്‍ത്തലുകളില്‍ അവരുടെ ആനന്ദവും ഉള്‍പ്പെട്ടതില്‍ നിന്നുള്ള അമര്‍ഷമാണ്‌ അവരുടെ രചനയിലെ രത്യംശങ്ങള്‍. തന്നേക്കാള്‍ വളരെയധികം പ്രായക്കൂടുതലുള്ള ഭര്‍ത്താവിനോടൊപ്പം പത്തൊമ്പതാം വയസ്സുമുതല്‍ ജീവിക്കേണ്ടിവന്നപ്പോള്‍ ഒരു കൌമാരക്കാരിയുടെ നഷ്ടസ്വപ്നങ്ങളും കല്‍പ്പനകളും അവരെ എന്നും പിന്‍വിളി വിളിച്ചിരുന്നു.

ചന്ദനമരങ്ങളില്‍ നായികക്ക്‌ കല്യാണിക്കുട്ടിയോടുണ്ടായ പ്രണയം ഇത്തരമൊരു നഷ്ടസ്മൃതിയുടെ മൂര്‍ത്തീകരണമാണ്‌. കൌമാരത്തിലെ ഏകാന്തതയില്‍ വീണുകിട്ടിയ പ്രണയവും തുടര്‍ന്നുണ്ടായ രതിയുടെ കടന്നുവരവും ഒരു ഉല്‍സവം പോലെ ആഘോഷിക്കുകയും ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ഒരു കളിപ്പാവയെപ്പോലെ അതിനെ കയ്യിലെടുത്ത്‌ ഓമനിക്കുകയും ചെയ്യുന്നു.

ഇത്തരം കല്‍പ്പനകളെ സദാചാരത്തിന്റെ വേലിക്കെട്ടു നോക്കാതെ സ്വപ്നസാഹിത്യത്തിന്റെ ഭാഷ്യത്തിലൂടെ അവതരിപ്പിക്കുവാന്‍ ധൈര്യം കാട്ടിയ സാഹിത്യകാരിയാണ്‌ മാധവിക്കുട്ടി. ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ മാജിക്കല്‍ റിയലിസത്തെ മാറോടണച്ചു പുകഴ്ത്തി സംസാരിച്ച വായനാസമൂഹമാണ്‌ മാധവിക്കുട്ടിയുടെ സ്വപ്നസാഹിത്യത്തെ ഒരു വിഭ്രമമായി വായിച്ചവസാനിപ്പിച്ചതും ഇകഴ്ത്തിയതുമെന്നതാണ്‌ ദയനീയത. തന്റെ തോന്നലും തന്റെ സ്വപ്നങ്ങളുമാണ്‌ തന്റെ സാഹിത്യമെന്ന്‌ ഭയലേശമെന്യേ അവര്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. ഇങ്ങനെ പറയുന്ന ഒരേ ഒരു സാഹിത്യകാരി മാത്രമേ ഭാരത്തൈലുണ്ടായിട്ടുള്ളൂ എന്ന സത്യം മറച്ചുവെക്കനാകാത്തതാണ്‌. അത്‌ അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവരോട്‌ പറയാതെ പിന്നീടെപ്പോഴെങ്കിലും പറയാനും എഴുതാനും വേണ്ടി കരുതിവെക്കുന്നത്‌ ആ സാഹിത്യകാരിക്കു ഒരു ഗുണവും ചെയ്യില്ല.

തല്ലിച്ചളുക്കിയ തകരപ്പാത്രം പോലെ വഴിയുലുപേക്ഷിക്കാനുള്ളതല്ല മാധവിക്കുട്ടി എന്ന കഥാകാരി. കാലമുരുളുമ്പോള്‍ തിമിരമേല്‍ക്കാത്ത കണ്ണുകളിലൂടെയും നവീകരിക്കപ്പെട്ട വായനയിലൂടെയും മാധവിക്കുട്ടിയെ വാഴ്ത്തുന്ന ഒരു തലമുറ വരാനിരിക്കുന്നുണ്ട്‌. ജീവിച്ചിരുന്നപ്പോള്‍ യേശുക്രിസ്തുവിനുപോലും കല്ലേറു ഏറ്റിട്ടുള്ള കാര്യമോര്‍ത്തെങ്കിലും ഈ സ്വപ്നസാഹിത്യത്തിന്റെ 'അമ്മ' മലയാളിത്തത്തോട്‌ ക്ഷമിക്കുമെന്നു നമുക്കു വിശ്വസിക്കാം.

പുറംനാട്ടിലെ ജീവിതം എന്നും തന്റെ സര്‍ഗ്ഗശക്തിയെ പോഷിപ്പിക്കാറുണ്ട്‌ എന്നു പറഞ്ഞിട്ടുള്ള മാധവിക്കുട്ടിക്ക്‌ ഈ സായന്തനപ്രവാസം കൂടുതലെഴുതാന്‍ പ്രചോദനമാകട്ടെ. പക്ഷേ ഒരു കാര്യമുണ്ട്‌. മലയാളഭാഷയെ തിര്യക്കുകളുടെ ശ്രേണിയിലാക്കാന്‍ ഈ സാഹിത്യകാരിക്ക്‌ അര്‍ഹതയോ അവകാശമോ ഇല്ല. കാരണം ലോകത്തിന്റെ ഏതു കോണിലിരുന്നാലും മാധവിക്കുട്ടിക്ക്‌ മലയാളത്തില്‍ മാത്രമേ ചിന്തിക്കാന്‍ കഴിയൂ എന്നത്‌ കമലാദാസിന്റെ ഇംഗ്ലീഷു കവിതകളിലൂടെ നടന്നവര്‍ക്കറിയാം. വിധുരസ്‌മരണകളും, ഗ്രാമ്യതയുടെ പിന്‍വിളിയും വള്ളുവനാടന്‍ ഉള്‍ഗ്രാമത്തിലെ നടുമുറ്റങ്ങളില്‍ തത്തിക്കളിക്കുന്ന കാറ്റിന്റെ ഗന്ധവും അവരെ വായിക്കുമ്പോള്‍ അനുഭവിച്ചറിയുന്നുവെങ്കില്‍ കമലാദാസ്‌ മലയാളിയായതുകൊണ്ടുമാത്രമാണ്‌. മലയാളം അവരുടെ മാതൃഭാഷയായതിനാലാണ്‌. മാധവിക്കുട്ടിയുടെ നല്ല രചനകളെല്ലാം മലയാളത്തിലാണെന്ന്‌ ഈ സാഹിത്യകാരിക്കു നിഷേധിക്കുവാനും മലയാളികള്‍ക്കു മറക്കുവാനും കഴിയില്ല.

17 comments:

ഗുരുജി said...

വിവാഹം കഴിഞ്ഞവരിലെ ലൈംഗികതയും അരാജകത്വവും മാധവിക്കുട്ടി തന്റെ മസൃണഭാഷയിലൂടെ പറഞ്ഞപ്പോള്‍ അതിന്‌ നാനാര്‍ത്ഥങ്ങള്‍ കണ്ടെത്തുകയായിരുന്നു ഒരുപിടി മലയാളികള്‍ ചെയ്തത്‌. കേരളത്തിലെ വിവിധ ലൈംഗിക കുറ്റകൃത്യങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു സത്യമുണ്ട്‌. പ്രതികളില്‍ കൂടുതല്‍ പേരും വിവാഹിതരും കുടുംബമായി കഴിയുന്നവരുമാണ്‌. മാധവിക്കുട്ടി അടയാളപ്പെടുത്തിയ അരാജകത്വത്തിന്റെ അടിയാന്‍മാരാണിവര്‍.

ഗുരുജി said...

മുട്ടത്തു വര്‍ക്കി, കാനം ഇ. ജെ., മുതലായ പൈങ്കിളിസാഹിത്യകാരുടേയും, അയ്യനേത്ത്‌, പമ്മന്‍ തുടങ്ങിയ ഇക്കിളിസാഹിത്യകാരുടേയും സൃഷ്ടികള്‍ വായിച്ച്‌ ഇന്ദ്രിയങ്ങളില്‍ ഇളക്കമുണ്ടാക്കിയിരുന്ന ഒരു വായനാസമൂഹത്തിന്‌ മാധവിക്കുട്ടിയുടെ രചനകളും അതിലെ രത്യംശങ്ങളും അവനവന്റെ തന്നെ നേര്‍ക്കുനേരെ വരുന്ന ശരങ്ങളായി സ്വയം തൊന്നിപ്പിച്ചിട്ടുണ്ടാകാം. ഇവരുടെ രചനകളില്‍ അടക്കിവെക്കലുകളിലൂടെ അക്രമാസക്തമായിപ്പോയ മനസ്സു ചുമക്കുന്ന തന്റെ തന്നെ ഛായ ഒരോരുത്തരും കാണാന്‍ തുടങ്ങുന്നു.

വിനയന്‍ said...

കമലാ ദാസ് എന്നും വേറിട്ട് നിന്നിട്ടൂള്ള കഥാകാരി തന്നെ.പാശ്ചാത്യന്റെ തോന്നിവാസങ്ങള്‍ ആധുനിക മായി കാണുകയും ഭാക്കിയെല്ലാം അശ്ലീലമായി കാണ്‍ഊകയും ചെയ്യുന്ന ശരാശരി മലയാളി മാധവിക്കുട്ടിയെ ശകാരിച്ചു.മനസ്സില്‍ കുപ്പത്തൊട്ടിയും പുറത്ത് സാംസ്കാരികത്hഅയും കൊണ്ടു നടന്ന കപടന്മാരാണ് മാധവിക്കുട്ടിയെ ഒരു പാട് ബുദ്ധിമുട്ടിച്ചത്.തികച്ചും വ്യക്തിപരമായിരുന്ന മതം മാറ്റം പോലും മറ്റു പലതിനോടും ഏച്ചു കെട്ടി.മലയാളി പലപ്പോഴും പലതു കൊണ്ടും സ്വയം ഭോഗം ചെയ്യുകയാണ് പതിവ്.ഇതും അങ്ങനെ തന്നെ.

നന്ദി ഗുരുജി

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

എന്ത്‌ കൊണ്ട്‌ മാധവികുട്ടി എന്ന് ചിന്തിക്കുംബോള്‍ അടിവരയിടുന്ന കാര്യം ജീവിതത്തെ അവര്‍ സത്യസന്ധമായി സമീപിച്ചു എന്നു തന്നെയാണ്‌ അത്‌ കൊണ്ട്‌ കൂടിയാണ്‌ അവരുടെ ജീവിതം ഒരു പോരട്ടമായി മാറുന്നത്‌. അവര്‍ക്കും മുന്‍പും, സ്ത്രീ പക്ഷവാദികളുടെ ഉത്സവങ്ങല്‍ നിറയുന്ന ഇന്നും പെണ്‍കാഴ്ചയുടെ സത്യസന്ധമായ ജീവിത സ്വരം കേള്‍പ്പിച്ചവര്‍ വിരലിലെണ്ണാന്‍ പോലും മലയാള സാഹ്യത്യത്തില്‍ ഇല്ല എന്നത്‌ അവരെ കൃത്യമായി അടയാളപെടുത്തുന്നു. അസത്യ-ആണ്ഡ്യ-ആണ്‍ കാഴ്ച ശീലങ്ങളില്‍ തലച്ചോറുകളെ പണയം വെച്ചവര്‍ക്ക്‌ അവര്‍ കണ്ണിലെ കരടവുന്നതും അത്‌ കൊണ്ട്‌ തന്നെയാണ്‌. ഇങ്ങിനെ യൊരു പോസ്റ്റ്‌ തീര്‍ച്ചയായും മലയാള ബ്ലോഗ്‌ സമുഹത്തിന്‌ അവര്‍ക്ക്‌ നല്‍കാനുള്ള നന്ദിപൂര്‍വ്വമായ ഒരു കടപ്പാടണ്‌. നന്ദി സുഹൃത്തെ ഒപ്പം ഭാവുകങ്ങളും

Unknown said...

എന്ത് തന്നെയായാലും അവര്‍ ഇസ്ലാം മതം സ്വീകരിച്ച് സുരയ്യ ആയത് അവര്‍ക്ക് പറ്റിയ ഒരു പാളിച്ച തന്നെ ആയിരുന്നു എന്നാണ് എന്റെ അഭിപ്രായം . സര്‍വ്വസ്വതന്ത്രമായ ഒരു സാംസ്ക്കാരികതയാണ് ഹൈന്ദവത എന്നത് . ആരെന്ത് പറഞ്ഞാലും ഹൈന്ദവത എന്നത് ഒരു മതം ആവുകയില്ല . അപരിമിതമായ വ്യക്തിസ്വാതന്ത്ര്യമാണ് ഹിന്ദുസമൂഹം അനുഭവിക്കുന്നത് . ചിന്താശീലര്‍ പ്രത്യേകിച്ചും മാധവിക്കുട്ടിയെ പോലുള്ളവര്‍ മതത്തിന്റെ വേലിക്കെട്ടുകള്‍ പൊട്ടിച്ച് മാനവികതയുടെ സാര്‍വ്വലൌകികതയില്‍ വിലയം ചെയ്യുകയായിരുന്നത് വേണ്ടിയിരുന്നത് . ഇവിടെ ഹിന്ദു എന്നത് ഒരു മതം അല്ലായ്കയാല്‍ നാം ഹൈന്ദവര്‍ ജന്മനാ ഒരു മതത്തിലും പെടാത്തവരും തുടര്‍ന്നും മതരഹിതരുമാണ് . ആ ഒരു സ്വാതന്ത്ര്യം അനുഭവിക്കുന്നയിടത്ത് നിന്നാണ് ഒരു മതത്തിന്റെ പാരതന്ത്ര്യത്തിലേക്ക് അവര്‍ സ്വയം ചെക്കേറിയത് . അവര്‍ക്ക് പെട്ടെന്ന് രക്ഷപ്പെടാന്‍ കഴിയാത്ത ഒരു വിഷമവൃത്തത്തില്‍ അകപ്പെട്ടുപോയത് കൊണ്ടാണ് അവര്‍ക്ക് നാട് വിട്ട് പോകേണ്ടി വന്നത് എന്നാണെന്റെ തോന്നല്‍ . അതവര്‍ക്ക് തുറന്ന് പറയാനും കഴിയില്ല . ഇസ്ലാം മതത്തിന്റെ വേലിക്കെട്ടുകളില്‍ സ്വയം തളച്ചിടപ്പെടന്‍ അവര്‍ക്ക് കഴിയുകയില്ല തന്നെ !

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

അഞ്ചരകണ്ടിയുടെ ആന മണ്ടത്തരം വയിച്ച്‌ ചിരിക്കണോ സഹതപിക്കണോ എന്നെനിക്കറിയില്ല. 3000 വര്‍ഷത്തെ ഭാരത ചരിത്രം, ഇന്നും നിലനില്‍ക്കുന്ന കോടികണക്കുന്‌ മനുഷ്യ്‌രരുടെ അസമത്വത്തിന്റെ ദുരന്ത ജീവിത ചിത്രങ്ങള്‍, സര്‍വ്വോപരി വേദങ്ങളും, മനുസ്മൃതിയും, പുരണങ്ങളെയും മറ്റും പഠിക്കാനും വായിക്കനുമുള്ള അവസരം. എന്നിട്ടും അഞ്ചരകണ്ടിയുടെ ആന മണ്ടത്തരം വയിച്ച്‌ ചിരിക്കണോ സഹതപിക്കണോ എന്നെനിക്കറിയില്ല. 3000 വര്‍ഷത്തെ ഭാരത ചരിത്രം, ഇന്നും നിലനില്‍ക്കുന്ന കോടികണക്കുന്‌ മനുഷ്യ്‌രരുടെ അസമത്വത്തിന്റെ ദുരന്ത ജീവിത ചിത്രങ്ങള്‍, സര്‍വ്വോപരി വേദങ്ങളും, മനുസ്മൃതിയും, പുരണങ്ങളെയും മറ്റും പഠിക്കാനും വായിക്കനുമുള്ള അവസരം. എന്നിട്ടും അഞ്ചരക്കണ്ടി എന്ന നവ ഭാരതീയ ഹിന്ദുത്വവാദി ഒരു സെമിറ്റിക്‌ മതത്തെ കുറ്റപ്പെടുത്തി കൊണ്ട്‌ ഹിന്ദുത്വത്തെ ഉയര്‍ത്തിപിടിക്കാന്‍ ശ്രമിക്കുന്നു. താങ്കളുടെ ഫാസിസ്റ്റ്‌ വാദത്തിന്റെ മുഖം മൂടി വലിച്ചു കീറന്‍ എനിക്ക്‌ കഴിയും. അത്‌ നിങ്ങള്‍ പറഞ്ഞ ഹിന്ദുത്വ ഗ്രന്ധങ്ങളെ അടിസ്ഥനമാക്കി തന്നെ പക്ഷെ ഞാന്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയ്യും ചെയ്യുന്ന ഹിന്ദു സുഹൃത്തുകളുടെ സുമനസ്സുകള്‍ വേദനിക്കാന്‍ കാരണമായെക്കാം എന്നത്‌ കൊണ്ട്‌ ഞാനത്‌ പറയുന്നില്ല. ഒരു കാര്യം മനസ്സിലാക്കുന്നത്‌ നന്ന് അത്‌ ലോകത്ത്‌ എറ്റവുമധികം വേഗത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന മതമാണ്‌ ഇസ്ലാം അത്‌ ഒരു മാധവിക്കുട്ടി എന്ന് പറയുന്ന ഒരു എഴുത്തുകാരി മാത്രമല്ല കാറ്റ്‌ സ്റ്റീവന്‍ (യുസുഫുള്‍ ഇസ്ലം) എന്ന ലോകപ്രശസ്ത പോപ്പ്‌ ഗായകനും, മോറിസ്സ്‌ ബുക്കായ്‌ എന്ന ശസ്ത്രാന്‍ഞ്ജാനും, ഗില്‍ഗ്രീസ്‌ (ജിഹാദ, അമേരിക്ക) ചര്‍ച്ച്‌ ടീച്ചറും, തുടങ്ങി എണ്ണിയൊലുടങ്ങാത്ത പ്രതിഭകള്‍ അകാര്‍ഷിക്ക പ്പെട്ടുകൊണ്ടിരിക്കുന്നത്‌ ഇസ്ലാമിന്റെ ശക്തി തന്നെയാണ്‌ തെളിയിക്കുന്നത്‌ അതു കൊണ്ട്‌ തന്നെയാണ്‌ ലോകപ്രശസ്തായായ യിവോണ്‍ റിഡലി എന്ന മനുഷ്യാവകാശ പ്രവര്‍ത്തക അത്‌ തുറന്ന് പറഞ്ഞത്‌. തെളിവുകള്‍ വേണമെങ്കില്‍ അറീക്കൂ. മറ്റു മതങ്ങളെ അപേക്ഷിച്ച്‌ 200 % അധികമാണ്‌ ഇസ്ലാമിലേയ്ക്കുള്ള പരിവര്‍ത്തനം, ജീവിതത്തിന്റെ എറ്റവും സുന്ദരമെന്ന് താങ്കള്‍ കരുതുന്ന പണത്തിന്റെയും പ്രതാപത്തിന്റെയും, അധികാരത്തിന്റെയും സിംഹസനങ്ങള്‍ വലിച്ചെറിഞ്ഞ്‌ ഈ മതത്തിലെയ്ക്ക്‌ കടന്നു വരുന്നത്‌ ഉള്‍നാടുകളില്‍ പട്ടിണികിടക്കുന്ന അക്ഷരാഭ്യാസമില്ലാത്ത പട്ടിണി പാവങ്ങളല്ല. ചെന്നായയുടെ മനസ്സുമായി ഒരമ്മപെറ്റമക്കളെ പോലെ കഴിയുന്ന ഭാരതീയരുടെ നെഞ്ചുകളില്‍ വിഷം കലക്കി എന്തു ക്രൂരതയും ചെയ്യിക്കാന്‍ പാകപ്പെടുത്തി സമാധാനത്തിന്റെ അന്ത:കരയി ഈ ബ്ലോഗുകളില്‍ പോലും വിഷം കലക്കാന്‍ ഇറങ്ങി പുറപ്പെട്ട താലിബാനിസ്റ്റ്‌ ചിന്തഗതിയുമയി മനസ്സില്‍ വെറുപ്പിന്റെ കാളകൂടവിഷം പേറി നടക്കുന്ന സുഹൃത്തെ പുനര്‍ ജന്മത്തിലെക്കല്ല മറിച്ച്‌ ശ്രീകൃഷ്ണന്‍ യുദ്ധമുഖത്ത്‌ ആശയകുഴപ്പത്തിലകപ്പെട്ടനില്‍ക്കുംബോള്‍ അര്‍ജൂനനൊട്‌ പറയുന്നത്‌ മരണത്തോടെ ജീവിതത്തിന്റെ നന്മതിന്മകളുടെ കണക്ക്‌ നോക്കുന്ന ദിവസത്തെ കുറിച്ചണ്‌. കരുതിയിരുന്നോളു ആ തീര്‍പ്പിന്റെ ദിവസത്തെ.

ചിതല്‍ said...

തന്റെ തോന്നലും തന്റെ സ്വപ്നങ്ങളുമാണ്‌ തന്റെ സാഹിത്യമെന്ന്‌ ഭയലേശമെന്യേ അവര്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. ഇങ്ങനെ പറയുന്ന ഒരേ ഒരു സാഹിത്യകാരി മാത്രമേ ഭാരത്തൈലുണ്ടായിട്ടുള്ളൂ എന്ന സത്യം മറച്ചുവെക്കനാകാത്തതാണ്‌. അത്‌ അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവരോട്‌ പറയാതെ പിന്നീടെപ്പോഴെങ്കിലും പറയാനും എഴുതാനും വേണ്ടി കരുതിവെക്കുന്നത്‌ ആ സാഹിത്യകാരിക്കു ഒരു ഗുണവും ചെയ്യില്ല,,,
ഇത്‌ തന്നെ പറയാനുള്ളു..
വളരെ നല്ല പോസ്റ്റ്‌
നന്‍മകള്‍ നേരുന്നു..

Unknown said...

മനുഷ്യന് ഈ ലോകത്ത് ജീ‍വിയ്ക്കാന്‍ മതം ആവശ്യമില്ല എന്നാണെന്റെ അഭിപ്രായം . മാത്രമല്ല, മതം എന്ന ഒരു സംഭവം ഈ ലോകത്ത് ഇല്ല താനും . അത് ചില മനുഷ്യരുടെ മനസ്സില്‍ മാത്രം തോന്നുന്ന വിശ്വാസങ്ങളാണ് . ഒരു കാക്ക കാക്ക മാത്രമാകുന്ന പോലെ , ഒരു പൂച്ച പൂച്ച മാത്രമാകുന്ന പോലെ , അങ്ങനെ ഏതൊരു ജീവിയും അതേ ജീവി മാത്രമാകുന്ന പോലെ ഏതൊരു മനുഷ്യനും മനുഷ്യന്‍ മാത്രമാണ് . അവന്റെ ആവശ്യങ്ങള്‍ , വിചാരവികാരങ്ങള്‍ , ശരീരം എല്ലാമെല്ലാം ഒന്ന് . മനുഷ്യര്‍ എത്രയോ സഹസ്രാബ്ദങ്ങള്‍ ഈ ഭൂമിയില്‍ മതം എന്ന ബ്രാന്‍ഡ് ഇല്ലാതെ ജീവിച്ചു . മനുഷ്യനെ നേര്‍ വഴിക്ക് നയിക്കാന്‍ അവന് ശരിയായ ശിക്ഷണം ലഭിക്കേണ്ടതുണ്ട് . എന്നാല്‍ അതിന് മതം വേണ്ട . മതം മനുഷ്യനെ വിഭജിച്ച് നിര്‍ത്താനും പരസ്പരം കൊല്ലാനും മാത്രമേ സഹായിച്ചിട്ടുള്ളൂ‍. ഇന്ന് ലോകത്ത് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മതങ്ങള്‍ തന്നെയാണ് . മതങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം ഈ ലോകത്ത് ശാന്തിയും സമാധാനവും ആര്‍ക്കും സ്വപ്നം കാണാന്‍ കൂടി കഴിയില്ല . അതാത് ചരിത്ര കാലഘട്ടങ്ങളില്‍ മതങ്ങള്‍ മനുഷ്യന് ആവശ്യമായിരിക്കാം . എന്നാല്‍ ആതാത് ചരിത്രദൌത്യങ്ങള്‍ നിര്‍വ്വഹിച്ചതിന് ശേഷം അതാത് മതങ്ങള്‍ കൊഴിഞ്ഞ് പോകണമായിരുന്നു. ഇപ്പോള്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതങ്ങള്‍ നിലനില്‍ക്കുന്നത് അതാതിന്റെ കൈകാര്യകര്‍ത്താക്കളുടെ നിക്ഷിപ്തതാല്പര്യക്കാരുടെ ഭൌതികാവശ്യങ്ങള്‍ നിറവേറ്റപ്പെടാന്‍ വേണ്ടി മത്രമാണ് .

മതപരിവര്‍ത്തനം എന്ന വാക്ക് വളരെ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട് . ഒരു കൃസ്ത്യാനി ഇസ്ലാം മതം സ്വീകരിച്ചാല്‍ അത് മതപരിവര്‍ത്തനം ആണ് ;മറിച്ചും . എന്നാല്‍ ഒരു ഹിന്ദു ഏത് മതം സ്വീകരിച്ചാലും അത് മതപരിവര്‍ത്തനമല്ല . അത് ആ മതത്തില്‍ ചേരല്‍ മാത്രമാണ് . കാരണം മതം എന്നത് ജന്മനാ സിദ്ധമാകുന്ന ഒന്നല്ല . ജനിക്കുമ്പോള്‍ ഏത് ശിശുവും മനുഷ്യശിശു മാത്രമാണ് . അല്ലാതെ ഏതെങ്കിലും മതശിശുവല്ല. പിന്നീട് രക്ഷിതാക്കള്‍ തങ്ങളുടെ താല്പര്യപ്രകാരം ഒരു മതത്തില്‍ നിര്‍ദ്ധിഷ്ട ചടങ്ങിലൂടെ കുട്ടിയെ മതത്തിലേക്ക് ചേര്‍ക്കുകയാണ് ചെയ്യുന്നത് . ഹിന്ദുക്കള്‍ ഭൂരിപക്ഷവും അങ്ങനെ യാതൊരു ചടങ്ങും ചെയ്തു ഒരു മതത്തിലും ചേരാത്തവരാണ് . ബ്രാഹ്മണര്‍ മാത്രം ഉപനയനം എന്ന ചടങ്ങിലൂടെ ബ്രാഹ്മണ്യം സ്വീകരിക്കുന്നു .

മതപരിവര്‍ത്തനം ചെയ്യുന്ന ഒരു വ്യക്തിക്ക് എന്ത് മാറ്റമാണ് സംഭവിക്കുന്നത് . ഒരു പ്രത്യേക വിഭാഗത്തോടൊപ്പം ചേരുന്നു എന്നല്ലാതെ വേറെയെന്താണുള്ളത് . ആളുകള്‍ തങ്ങളുടെ മതത്തിലേക്ക് കൂ‍ടുതല്‍ വന്ന് ചേര്‍ന്നത് കൊണ്ട് ആ മതത്തില്‍ പെട്ടവര്‍ക്ക് എന്ത് നേട്ടമോ മാറ്റമോ ആണുണ്ടാവുന്നത് . ഒന്നുമില്ല . ഇതെല്ലാം ഓരോ വിശ്വാസങ്ങള്‍ മാത്രം . വിശ്വാസങ്ങള്‍ക്ക് മനസ്സില്‍ മത്രമേ നിലനില്‍പ്പുള്ളൂ. ഈ ലോകത്ത് മനുഷ്യരെ മാത്രം കാണാനാണെനിക്കിഷ്ടം . ഞാനങ്ങനെ കാണുകയും ചെയ്യുന്നു . ജീവിതം മനുഷ്യര്‍ക്ക് കുറച്ചു സന്തോഷവും കൂടുതല്‍ ദു:ഖങ്ങളും നല്‍കുന്നു. കുറച്ചു കാലം ഈ ഭൂമിയില്‍ ജീവിയ്ക്കുന്നു. ജിവിത്തത്തിന്റെ എല്ലാ സുഖങ്ങളും ദുരിതങ്ങളും എല്ലാവരും പോലെ പങ്ക് വയ്ക്കുന്നു. ഈ രീതിയിലുള്ള മതങ്ങളും വിഭജനങ്ങളും അതിന്റെ ഫലമായുണ്ടാവുന്ന സ്പര്‍ദ്ധകളും ഭീകരവാദങ്ങളും ഒന്നും അനിവാര്യമായിരുന്നില്ല . എല്ലാം മനുഷ്യനിര്‍മ്മിതങ്ങള്‍ മാത്രം . ഒരു പക്ഷെ ഈ പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ജീവജാലങ്ങളോ നമ്മെപ്പോലെ ബുദ്ധിശക്തിയുള്ള മനുഷ്യരോ ഉണ്ടങ്കില്‍ അവിടെ ഈ ഭൂമിയിലെപ്പോലെ മതങ്ങളോ തര്‍ക്കങ്ങളോ ഉണ്ടാവണമെന്നില്ല . മറിച്ചും ആവാം . മതങ്ങളില്ലാത്ത , വിഭാഗീയതയില്ലാത , സ്വാര്‍ത്ഥതകളില്ലാത എല്ലാ മനുഷ്യരും സമഭാവനയോടെ ജീവിയ്ക്കുന്ന ഒരു ലോകം ; ഒരു പക്ഷേ പല ലോകങ്ങള്‍ ! അങ്ങനെയും ആവാമല്ലോ . ഇപ്പറഞ്ഞ ഒരു ലോകം ഇവിടെ സൃഷ്ടിക്കാന്‍ ഇനി കഴിയില്ല . അതിന്റെ കാരണം ഒന്ന് മാത്രം , അത് മതങ്ങളാണ് .

എന്റെ ഈ അഭിപ്രായങ്ങള്‍ ആനമണ്ടത്തരങ്ങളാണ് കരുതുന്ന മതവിശ്വാസികള്‍ക്ക് വേണ്ടുവോളം ചിരിക്കാം !

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

നിങ്ങള്‍ക്ക്‌ മതമില്ലെങ്കില്‍ അത്‌ നിങ്ങളുടെ ഇഷ്ടം, പക്ഷെ പിന്നെ എന്തിനാണ്‌ നിങ്ങള്‍ ഇസ്ലാം വ്യകത്യ സ്വാതന്ത്ര്യം ഹനിക്കുന്ന മതമാണ്‌ എന്ന ധ്വനിയില്‍ സംസരിച്ചത്‌. നിങ്ങള്‍ പറയുന്ന ഡാര്‍വ്വനിസത്തിന്റെ ശൈലി നിങ്ങള്‍ ചെയ്ത തെറ്റിനെ ന്യായികരിക്കുന്നില്ല. ഒരാള്‍ വിശ്വാസിയാകുന്നതും അവിശ്വാസിയാകുന്നതും അയള്‍ക്ക്‌ ആര്‍ജിതമായ അറിവിന്റെ അടിസ്ഥനത്തിലാണ്‌. അതിനെ നിങ്ങള്‍ ഈ ബ്ലോഗ്‌ താളിലെയ്ക്ക്‌ വലിച്ചിഴക്കുകയും പിന്നെ പെട്ടെന്ന് മലക്കം മറിയുന്നത്‌ സത്യസന്‍ഡതയല്ല മറിച്ക്‌ കപട്യമാണ്‌ വെളിവാക്കുന്നത്‌. അദ്യ മനുഷ്യന്‍ കുരങ്ങനായിരുന്നോ ?, അതോ മനുഷ്യനായിരുന്നോ ?, മതമുണ്ടായിരുന്നോ ? മതങ്ങളാണൊ അതോ ഡര്‍വ്വനിസമാണൊ മാനവീകതയുടെ ശത്രു ? എന്നെല്ലാം പ്രമാണങ്ങളുടെ ചരിത്രത്തിന്റെ, അടിസ്ഥനത്തില്‍ നമുക്ക്‌ ചര്‍ച്ച ചെയ്യാം അതിന്‌ ഒരു മതത്തെ അവഹേളികതിരിക്കാന്‍ ശ്രമിക്കൂ. സുഹൃത്തെ

Unknown said...

ഗുരുജി ക്ഷമിക്കണം , ഒരു ഓഫ് കൂടി ഇനി ഇല്ല . എനിക്ക് മതമില്ല എന്ന് മാത്രമല്ല സുഹൃത്തേ ഞാന്‍ പറയുന്നത് . മനുഷ്യര്‍ക്ക് ആര്‍ക്കും മതം ആവശ്യമില്ല എന്നു കൂടിയാണ് . മതത്തിലേക്ക് ആളെ കൂട്ടാന്‍ ഓരോ മതക്കാരനും പ്രചാരം ചെയ്യാന്‍ അവകാശമുണ്ടെങ്കില്‍ മതം വേണ്ട എന്ന് പ്രചരിപ്പിക്കാന്‍ മതരഹിതര്‍ക്കും അവകാശമുണ്ട്. ഏത് മതവും വിമര്‍ശനത്തിനതീതമല്ല . ഇസ്ലാം മതവും വിമര്‍ശിക്കപ്പെടും . അതില്‍ അസഹിഷ്ണുത കാട്ടിയത് കൊണ്ടോ വിമര്‍ശനങ്ങളെ അവഹേളിക്കലായി കണ്ട് പ്രകോപിതനാകുന്നതിലോ കാര്യമില്ല . ഈ ബ്ലോഗില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം അല്ല ഇത് . വേണമെങ്കില്‍ ഞാന്‍ മേലെ എഴുതിയ കമന്റ് എന്റെ ചിന്താശകലങ്ങള്‍ എന്ന ബ്ലോഗില്‍ പെയിസ്റ്റ് ചെയ്തിട്ടുണ്ട് . അവിടെ വെച്ച് നമുക്ക് സംവദിക്കാം .

ഗുരുജീ , ഓഫ് ടോപിക്ക് ആയ ഒരു കമന്റ് എഴുതി ഈ പോസ്റ്റിന്റെ ചര്‍ച്ച വഴിതിരിച്ചു വിടുക എന്റെ ഉദ്ധേശ്യമായിരുന്നില്ല . മാധവിക്കുട്ടി ഒരു മതം സ്വീകരിച്ചത് , അത് അവരുടെ വ്യക്തിപരമായ കാര്യമാണെങ്കിലും അവരുടെ ഒരു വായനക്കാരന്‍ എന്ന അവകാശം ഉപയോഗപ്പെടുത്തി ഞാന്‍ എന്റെ വിയോജിപ്പ് ഇവിടെ രേഖപ്പെടുത്തി എന്നേ ഉണ്ടായിരുന്നുള്ളൂ .

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

വിമര്‍ശനത്തിന്റെയും അവഹേളനത്തിന്റെയും ഭാഷ ഏതെന്ന് ആദ്യം പഠിച്ചു വരൂ. അമേരിക്കക്കരനാവുക, അല്ലെങ്കില്‍ ഇന്ത്യക്കരനാവുക എന്നതല്ല കാര്യം മനുഷ്യനാവുക എന്നതും മനവീകമായ കാഴ്ചപാടിലൂടെ ജീവിക്കുക എന്നതുമാണ്‌ കാര്യം. അത്‌ നിങ്ങള്‍ക്ക്‌ മനസ്സിലാവുമോ കുരങ്ങന്‍ അപ്പൂപ്പനാണ്‌ എന്ന്‌ ശാസ്ത്രത്തിന്റെ ഒരു പിന്‍ബലവുമില്ലാതെ വേദ വാക്യമായി കൊണ്ട്‌ നടക്കുന്നവരല്ലെ നിങ്ങള്‍. സാഹ്യത്യം സഹ്യത്യത്തിന്റെ വഴിക്കും മതം അതിന്റെ വഴിക്കും പൊയ്ക്കോട്ടെ അതിനെ ഈ ബ്ലോഗിലെയ്ക്ക്‌ വലിച്ചിഴച്ചത്‌ നിങ്ങളാണ്‌ ഞാനല്ല. ഞാന്‍ വിശ്വസിക്കുന്ന ഒരു അശയത്തെ നിങ്ങള്‍ അപമനിക്കുംബോള്‍ എനിക്ക്‌ നോക്കിനില്‍ക്കാന്‍ കഴിയില്ല, നിങ്ങളെ വ്യകതിപരമായ നിലയിലല്ല മറിച്ച്‌ തെറ്റായ ഒരുസന്ദേശം നിങ്ങള്‍ നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കേണ്ടത്‌ എന്റെ വിശ്വസത്തിന്റെ ഭഗമാണ്‌. ഇത്‌ വെറും ഒരു സംവാദം മാത്രം. ആ ആപ്ത വാക്യം ഓര്‍ക്കൂ. 'ലോകോ സമസ്തോ സുഖിനോ ഭവന്തു'

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ കാഴിയാത്തത്‌ കൊണ്ട്‌ ഇതിവിടെ പോസ്റ്റ്‌ ചെയ്യുന്നു. ബ്ലോഗറുടെ അധികാരം ഉപയോഗിച്ച്‌ താങ്കള്‍ക്ക്‌ എന്ത്‌ വേണമെങ്കിലും ചെയ്യാം എന്നും ഗുരുജിയെ അറിയിക്കുന്നു.

നിങ്ങള്‍ പറയുന്നത്‌ ശുദ്ധ ഭോഷ്ക്കാണ്‌ സുഹൃത്തെ. മതങ്ങള്‍ തന്നെയാണ്‌ മനുഷ്യനെ ഇന്ന് നിലനില്‍ക്കുന്ന ഈ സംസ്ക്കാരിക പരബര്യത്തിലെയ്ക്ക്‌ എത്തിച്ചത്‌ എന്ന് ലൊകത്ത്‌ ജീവിക്കുന്ന പല നരവംശ ശാസ്ത്രജ്നരും നീരീക്ഷിച്ചിട്ടുണ്ട്‌.ദൈവത്തെ നിഷേധിക്കാനും മതം മനുഷ്യചരിത്രത്തില്‍ യാതൊന്നു മല്ലെന്നും പ്രഖ്യപിച്ച്‌ ശാസ്ത്രത്തിന്റെ ലേബലില്‍ 19 നൂറ്റാണ്ടില്‍ ഉദയം ചെയ്ത ഡാര്‍വ്വനിസം എന്ന ആട്ടിന്‍ തോലിട്ട ചെന്നായ അയിരുന്നു മത വൈരങ്ങളുടെയും മുതലാളിത്തതിന്റെ കൊടും വഞ്ചനകളുടെ ഫലമായി ഉണ്ടായ രണ്ട്‌ ലോക മാഹായുദ്ധങ്ങളുടെയും യഥാര്‍ത്ത സുത്രധാരന്‍ എന്ന് നീരിക്ഷിച്ച ബെസ്റ്റ്‌ സെല്ലറുകളില്‍ ഒന്നായ ഒരു പുസ്തകം( റൊബെര്‍ട്ട്‌ വ്രൈറ്റ്‌, തെ മൊരല്‍ ആനിമല്‍, വിന്റഗെ ബൂക്സ്‌, നെവ്യൊര്‍ക്‌: 1994 പി.7) ഇത്‌ നിങ്ങള്‍ക്ക്‌ ഉപകാരപെടുമോ എന്നെനിക്കറിയില്ല കാരണം സത്യസന്ധമായ ജീവിത ഇടപൊടലുകള്‍ നടത്തുന്നവര്‍ക്കാണ്‌ തുറന്ന മനസ്സുണ്ടാവുകയുള്ളു. മതങ്ങളെ ഒന്നടങ്കം അക്ഷേപിക്കുന്നതിന്‌ മുന്‍പ്‌ അദ്യം അത്‌ എന്താണ്‌ എന്നു പഠിക്കാന്‍ ശ്രമിക്കൂ, അതുമല്ലെങ്കില്‍ എന്തിലാണ്‌ താങ്കള്‍ വിശ്വസിക്കുന്നത്‌ എങ്കില്‍ അതിനെ കുറിച്ച്‌ പഠിക്കാന്‍ ശ്രമിക്കൂ എന്ന് അഭ്യാര്‍ഥിക്കുന്നു.
വീണ്ടും നിങ്ങള്‍ ആന മണ്ടത്തരം ആണ്‌ വിളംബുന്നത്‌. ആദ്യം ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം പഠിക്കു സുഹൃത്തെ, ഇന്ധ്യയില്‍ താമസിക്കുന്നവര്‍ എന്ന അര്‍ഥത്തില്‍ ഗ്രീക്ക്‌-ലാറ്റിന്‍-അറബിപദ ഉച്ചാരണ സംസ്ക്കാരിക പിന്‍ബലത്തില്‍ കിട്ടിയ ഒരു വാക്കാണ്‌. ഹിന്ദു എന്നുള്ളത്‌ അല്ലാതെ ഭാരതിയമായ പൈതൃകമല്ല അതിന്നുള്ളത്‌. ആ അര്‍ഥത്തില്‍ വിവക്ഷിക്കുംബോള്‍ ഇന്ധ്യയില്‍ ജീവിക്കുന്ന ഒരോരുത്തരും ഹിന്ദുവാണ്‌. കണ്ണുതുറന്നാല്‍ കാണാന്‍ കഴിയുന്നത്‌ മുസല്‍മാനായ ഞാന്‍ ചെന്നെത്തുന്ന ഒരു പ്രാപിത പിത മഹന്‍ വല്ല പറയനോ, പാണനോ, ആശാരിയോ ആവാം( വല്ല ബ്രഹ്മണനോ നായരൊ ആവാതിരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു, കാരണം വല്ല ചൂഷകനൊ, മാനവ ദ്രോഹിയോ ആയിരുന്നെങ്കില്‍ അതിന്റെ ജിനുകള്‍ എന്നില്‍ ഉണ്ടാവുമല്ലൊ എന്നൊരു ഭയം അങ്ങിനെ യാണെങ്കില്‍ തന്നെ ഒരു സാത്ത്വികനവട്ടെ എന്നും). പിന്നെ എവിടുന്നാണ്‌ നിങ്ങള്‍ക്ക്‌ അബ്രാഹ്മണരായ ഹിന്ദുക്കള്‍ക്ക്‌ മതമില്ല എന്ന് കിട്ടിയത്‌. മതം എന്നതിന്റെ നേരാര്‍ഥം വിശ്വസം എന്നാണ്‌. സൂര്യനെയും, ചന്ദ്രനെയും, പാബിനെയും, എലിയെയും എന്തിന്‌ ഈ പ്രപഞ്ചത്തിലെ സൃഷ്ടാവിന്റെ ദ്ര്ഷ്ടാന്തങ്ങളായ മുപ്പ്ത്തി മുക്കോടി ദൈവങ്ങളെ ആരാധിക്കുന്നവരും, തങ്കളുടെ ജീവിതത്തില്‍ അവക്ക്‌ സ്വധീനം ചെലുത്താന്‍ കഴിൂയും എന്നു വിശ്വസിക്കുന്നവരണെന്ന് കണ്ടെത്താന്‍ വലിയ ബുദ്ധിയൊന്നും അവശ്യമില്ല. കാഴ്ചയുള്ളകണ്ണും സത്യം അംഗീകരിക്കാനുള്ള സന്മനസ്സും മതി, ഹാര്‍ഷ ഭാരത സംസക്കാരമെന്ന പാരവരത്തില്‍ നിങ്ങള്‍ പറഞ്ഞുവന്ന ചാര്‍വാക കാഴ്ചപാടും ഉണ്ട്‌ എന്നു മാത്രം പക്ഷെ എത്രാപേര്‍ ചിന്തിക്കൂ സുഹൃത്തെ തലച്ചോറു കൊണ്ട്‌ അറിയാന്‍ ശ്രമിക്കൂ ഹൃദയം കൊണ്ട്‌. പിന്നെ ഫോസിലുകളുടെയും, ലോക ചരിത്ര സംസക്കാരിക ഉല്‍ഖനനങ്ങളുടെയും 3000 വര്‍ഷത്തിനപ്പുറമുള്ള നമ്മുടെ സംസ്ക്കാരിക പൈതൃകമായ ഉപനിഷത്തുകളുടെയും, വേദങ്ങളുടെയും, ബൈബിളിന്റെയും, ഖുര്‍ ആനിന്റെയും, തുടങ്ങി വിശ്വാസയോഗ്യമായ തെളിവുകളുടെ അടിസ്ഥനത്തില്‍ ഒരെ ഒരു വിശ്വസം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും അത്‌ ഏകദൈവ വിശ്വസം ആണെന്നും നിഷ്‌ പ്രയാസം തെളിയീക്കാന്‍ കഴിയും, മറ്റു പലതും നിങ്ങള്‍ പറഞ്ഞപോലെ സ്വര്‍ഥതാല്‍പര്യതിഷ്ടിതമായി ചേര്‍ക്കപ്പെട്ടതാണ്‌. ഓരോ സുചകങ്ങള്‍ ഞാനിവിടെ കൊടുക്കാം, സമയ പരിധി, ഒരു പ്രശ്നമാണല്ലൊ? ?
1. ഇന്ന് ലോകത്ത്‌ കണ്ടെത്തിയിട്ടുളതില്‍ വെച്ച്‌ എറ്റവും പുരാതന സംസ്ക്കാര്‍ം വെച്ച്‌ പുലര്‍ത്തുന്നത്‌ ആസ്ടേലിയയില്‍ കാണപെടുന്ന ഒരു അദിവാസി വര്‍ഗ്ഗമാണ്‌. അവരോട്‌ ദൈവത്തെ കുറിച്ച്‌ ചോദിച്കാല്‍ അവര്‍ പറയുക , ഉംഗുലുഗുലു, അതിനര്‍ഥം തികച്ചു വ്യത്യസ്തമായ അസ്തിത്വമുള്ള ഏകന്‍ എന്നാണ്‌.
2. ഈശാവാസ്യോപനിഷത്ത്‌.(ശ്ലോകം 12)
അന്‌ധം തമ: പ്രവിശാന്തിയെ സം പൂതി.
മുപാസതെ
തതോഭൂയ ഇവ തേ തമോ യ ഉ സംഭൂത്യം രതാ.
( നശ്വരങ്ങളായ ദേവ പിത്ര് മാതാവാദികളെ ഉപാസിക്കുന്നവന്‍ അജ്ഞാനമാകുന്ന ഘോരാന്‌ധകാരത്തില്‍ പതിക്കുന്നു, അവിനാശിയായ പര്‍മാത്മാവിനെക്കുറിച്ച്‌ മ്യഥ്യാഭിമാനത്തോടു കൂടിയായിരിക്കുന്നവരും ഘോരന്‌ധകാരത്തില്‍ തന്നെ പതിക്കുന്നു.)
3. ഫരിസോയരിലെ ഒരു നിയംജ്ഞന്റെ എല്ലാറ്റിലും പ്രധാനപ്പൊട്ടകല്‍പ്പന ഏതാകുന്നു എന്ന ചോദ്യത്തിന്‌ ഉത്തരമായി യേശു പറഞ്ഞു:
"ഇതാണ്‌ ഒന്നാമത്തെ കല്‍പ്പന ഇസ്രായിലേ കേള്‍ക്കുക നമ്മുടെ ദൈവാമായ കര്‍ത്താവത്രെ ഏക കര്‍ത്താവ്‌. നിന്റെ ദൈവമായ കാര്‍ത്തവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ അത്മാവോടും പുര്‍ണ്ണ മനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടി നീ സ്നേഹിക്കുക" മാര്‍ക്കോസ്‌ 12: 29: 30)
4. "പറയുക അവന്‍ ഏകനാകുന്നു, അവന്‍ പരാശ്രയം അവശ്യമില്ലാത്തവനും എല്ലാവര്‍ക്കും അശ്രയമായിട്ടുള്ളവനുമകുന്നു, അവന്‍ പിതവോ പുത്രനോ അല്ല, അവന്‌ തുല്ല്യമായി ആരും തന്നെ യില്ല. (ഖുര്‍ ആന്‍ 112: 1..4)
താങ്കളോട്‌ ഒരു ചോദ്യം തികച്ചും ഏകമായി അതായത്‌ ഒന്ന് എന്ന അര്‍ഥത്തില്‍ എന്തെങ്കിലുമെന്ന് കാണിച്ചു തരാന്‍ കഴിയുമോ ? സൂക്ഷമ പ്രപഞ്ചത്തില്‍ നിന്നോ സ്ഥൂല പ്രപഞ്ചത്തില്‍ നിന്നോ ?)

നിങ്ങളുടെ മറ്റൊരു കാഴ്ചപാടിലെ പിശക്‌

മതത്തില്‍ ചേരുന്നത്‌ കൊണ്ട്‌ അവനവനു തന്നെയാണു നേട്ടം അവനു ജീവിക്കാന്‍ ഒരു മാര്‍ഗ്ഗ ദര്‍ശനം ലഭിക്കുന്നു. ശരിയായ ഒരു വിശ്വസത്തില്‍ മനസ്സിലാക്കുന്ന ഒരു വ്യകത്യ അവന്റെ എല്ലാ ചലനങ്ങളും നീരീക്ഷിക്കുന്ന ഒരു നാഥാനുണ്ടെന്നും ജീവിതത്തില്‍ പറയുന്ന, ചെയ്യുന്ന ഒരോകാര്യത്തിന്നും നാളെ രക്ഷിതാവിനോട്‌ മതിയായകാരണം ബോധ്യപ്പിക്കേണ്ടി വരും എന്നുള്ളത്‌ കൊണ്ട്‌ സൂക്ഷമതയോടെ ജീവിക്കാന്‍ അവന്‍ മനസ്സികമായി നിര്‍ബധിതനായി തീരുന്നു. താങ്കളുടെ വിശ്വസപ്രകാരം വയറുവിശന്നാല്‍ അരുടെ ഭക്ഷണവും കവര്‍ന്നെടുക്കാം കാരണം അധ്വാനിച്ചുണ്ടാക്കിയ ഭക്ഷണത്തിലെ പ്രോട്ടിനും വൈറ്റമിനും കവര്‍ന്നെടുത്ത ഭക്ഷണത്തിലെതിന്നും വ്യത്യാസം ഒന്നും കാണില്ല. ഞെരംബുകള്‍ക്ക്‌ ചൂടുപിടിച്ചാല്‍ എത്‌ ശരീരത്തെയും പ്രപിക്കാം അവിടെ ബന്ധങ്ങളൊ മുല്ല്യങ്ങളൊ അല്ല പ്രശ്നം ആവശ്യം മാത്രമാണ്‌. അങ്ങിനെ അങ്ങിനെ പറഞ്ഞു ചെല്ലുംബോള്‍ കംബോളത്തിന്റെ രക്ഷസമുഖവുമായി നില്ലക്കുന്ന മുതലാളിതത്തെ നമുക്കു കണ്ടെത്താന്‍ കഴിയും. നീണ്ടു നീണ്ടു പോകുന്നത്‌ കൊണ്ട്‌ ചുരുക്കെഴുത്തിനുള്ള എന്റെ പ്രപ്തിക്കുറവിനെ അംഗീകരിച്ചു കൊണ്ടും ഞാന്‍ ചുരുക്കുന്നു.

അവസാനമായി നിങ്ങള്‍ സുചിപ്പിച്ച അസഹിഷ്ണുതയുടെ കാര്യം

വിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക്‌ അര്‍ഹതയുണ്ട്‌ അവഹേളിക്കാന്‍ ഇല്ല. അവഹേളിച്ചതിനാലാണ്‌ ഞാന്‍ മറുപടി പറയാന്‍ നിര്‍ബന്ധിതനായത്‌. വിമര്‍ശനത്തിന്റെയും, അവഹേളനത്തിന്റെയും വ്യത്യാസം ഞനിവിടെ കുറിക്കാം

ഒരു സ്ത്രീയെ ചൂണ്ടി ( നിങ്ങള്‍ക്ക്‌ എറ്റവും അടുപ്പമുള്ള ഒരാള്‍ എന്നു കരുതു) അവരുമായി അടുക്കരുത്‌ നിങ്ങള്‍ക്ക്‌ മാരക രോഗം വരും എന്നു ഞാന്‍ പറഞ്ഞാല്‍ അത്‌ അവഹേളനം.

അതേ സമയം അവര്‍ ഒരുചീത്ത സ്ത്രീ അണെന്നതിന്ന് തെളിവുണ്ടെന്നും ഇടപെട്ട ഇന്ന ഇന്ന ആള്‍ക്കാര്‍ക്ക്‌ മാരകരോഗം വന്നിട്ടുണ്ട്‌ എന്ന് ഞാന്‍ സമര്‍ഥിച്ചാല്‍ അത്‌ വിമര്‍ശനം

അതുമല്ലെങ്കില്‍ നിങ്ങള്‍ ഉദേശിച്ച രീതിയില്‍

നമ്മുടെ എ. ആര്‍ റഹ്മാന്‍ മുസ്ലീമായതിനു ശേഷം പ്രതിഭയെല്ലാം നശിച്ച്‌ വിട്ടിലിരിക്കേണ്ടി വന്നു എന്നോ അല്ലെങ്കില്‍ കടമനിട്ട ഹിന്ദു വായത്‌ കൊണ്ട്‌ അഗോള പ്രശസ്താനായി( എ ആര്‍ റഹ്മാന്റെ കാര്യത്തില്‍ നേര്‍ വിപരീതം ആണെങ്കിലും ) എന്നോ അതുമാതിരി എന്തെങ്കിലും എഴുതിയിരുന്നെങ്കില്‍ ഞാന്‍ തങ്കളുടെ ഉദേശ ശുദ്ധിയെ ഞാന്‍ സംശയിക്കില്ലായിരുന്നു. അതല്ലല്ലൊ താങ്കള്‍ ചെയ്തത്‌.
നിറുത്തുനു സുഹൃത്തെ വിമര്‍ശനം അത്‌ നല്ല ഉദേശത്തോടെയാണെങ്കില്‍ സ്വഗതാര്‍ഹം തന്നെ. പക്ഷെ ഇതങ്ങിനെ യായിരുന്നില്ല എന്ന് താങ്കളുടെ മനസാക്ഷിക്കും താങ്കളെ വായിക്കുന്ന എല്ലവര്‍ക്കുമറിയം.

വിമര്‍ശിക്കു സ്വഗതം പക്ഷെ അത്‌ എന്താണ്‌ എന്ന് പഠിച്ചതിന്നുശേഷം മാത്രം മതി സുഹൃത്തെ സത്യ സന്ധമായ ഇടപെലുകള്‍ കൊണ്ട്‌ ഈ ബ്ലോഗ്‌ താളുകള്‍ ധന്യമാവട്ടെ എന്ന് ജഗദീശ്വരനോട്‌ പ്രര്‍തിച്ചു കൊണ്ട്‌ നിരുത്തുന്നു.

ബഷീർ said...

മതം എന്നാല്‍ വിശ്വാസം എന്നര്‍ത്ഥം.. ഇവിടെ മതമുള്ളവനും ഇല്ലാത്തവനും ഉണ്ടാവം അഥവാ ഒരു പ്രത്യാക മതത്തില്‍ വിശ്വസിക്കാത്ത തനിക്കു തോന്നുന്നത്‌ മതമാക്കി / വിശ്വാസമാക്കി കഴിയുന്നവര്‍.. അത്തരത്തില്‍ ഒരാളാണു അഞ്ചരക്കണ്ടി എന്നു തോന്നുന്നില്ല.. ഹിന്ദു ഒരു മതമല്ല എന്നത്‌ അഞ്ചരക്കണി പറയുമ്പോഴും അവിടെ ചില ആചാരങ്ങളുന്‍ അനുഷ്ടാനങ്ങളും ഹിന്ദു മതത്തിന്റെ പേരില്‍ ഉള്ളത്‌ നിശേധിക്കാന്‍ കഴിയില്ലല്ലോ.. പിന്നെ അന്തവിശ്വാസങ്ങളുടെ തടവറയില്‍ നിന്ന് ആരെങ്കിലും മോചിതരായാല്‍ അത്‌ കൊണ്ട്‌ ഒരു മതം നശിക്കുന്നെങ്കില്‍ നശിക്കട്ടെ... ലോകത്ത്‌ എല്ലാ മനുഷ്യരും ജനിക്കുന്നത്‌ ഏത്‌ സംസ്കാരവും സ്വീകരിക്കാനുതകുന്ന ശുദ്ധ പ്രക്യതിയിലാണെന്നും അവനെ ക്യസ്ത്യാനിയും , മജൂസി ( തീയെ അരധിക്കുന്നവര്‍ ) ഒക്കെ യാക്കി മാറ്റുന്നത്‌ അവന്റെ മാതാപിതാക്കളാണു / സാഹചര്യമാണു എന്നത്‌ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക എല്ലാവരൂം . തന്റെ വിശ്വസങ്ങളെ പോലെ മറ്റു വിശ്വസങ്ങളുടെ നേര്‍ക്കും സഹിഷ്ണുതയുടെ നിലപാടു സ്വീകരിക്കുന്നതിനൊപ്പം അവര്‍ നിലകൊള്ളുന്നതിലെ നിരര്‍ത്ഥകത അവര്‍ക്കു ബോധ്യപ്പെടുത്തികൊടുക്കേണ്ട ബാധ്യതയും ഒരു വിശ്വാസിക്കുണ്ട്‌. അഞ്ചരക്കണ്ടി മറ്റു പലരെയും പോലെ താന്‍ നിലകൊള്ളുന്ന വ്യത്തത്തില്‍ ഒതുങ്ങി ചിന്തകള്‍ക്ക്‌ കടിഞ്ഞാണിട്ടിരിക്കുന്നു. പുറത്ത്‌ കടക്കാന്‍ തയ്യാറായി മുന്‍ വിധികൂടാതെ പഠിക്കാന്‍ തയ്യറാവുക..

ഒരാള്‍ തന്റെ മതം / വിശ്വസം അപരില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നതാണു ഏതിര്‍ക്കപ്പേടേണ്ടത്‌..
അല്ലാതെ തന്റെ സ്വമനസ്സാല്‍ അവര്‍ സ്വീകരിക്കുന്ന വഴിയെ അല്ല..

കേരളത്തിലെ വര്‍ഗീയ കോമരങ്ങള്‍ ഉറഞ്ഞുതുള്ളിയാണു ഒരു ഏഴുത്തുകാരിയെ നഷ്ടമാക്കിയത്‌ എന്ന് കൂട്ടി വായിക്കുക..

മതങ്ങളെ പറ്റി മനസ്സു തുറന്ന് പഠിക്കുക.. മുന്‍ വിധിയില്ലാതെ.. അപ്പോള്‍ താങ്കളുടെ ഇന്നത്തെ തെറ്റിദ്ധാരണാമതത്തിനു മാറ്റമുണ്ടാകും. എല്ലാ ആശംസകളും

ഗുരുജി said...

കെ.പി സുകുമാരന്റേയും ഷെറീഖിന്റേയും, ബഷീറിന്റേയും ഒക്കെ വലിയ കമന്റുകള്‍ക്ക്‌ ആദ്യമേ ഒരു വലിയ നന്ദി അറിയിക്കട്ടേ. നിങ്ങള്‍ എല്ലവരും ഒരുപാടു വായിച്ചും വിശകലനം നടത്തിയും അഭിപ്രായങ്ങള്‍ പറഞ്ഞത്തില്‍ ഞാന്‍ സന്തോഷിക്കുന്നു. ഈ ബൂലോകത്ത് ഇത്തരം ഗൌരവകരമായ അറിവുകള്‍ പടരുന്നതു ശുഭകരമാണ്‌. ചില പ്രസ്താവങ്ങള്‍ അനാരോഗ്യതയിലേക്കു കടന്നോ എന്ന ഒരു സംശയത്താല്‍ ഞാന്‍ ചിലതു എഴുതിക്കൊള്ളട്ടേ.

നന്മയുടേയും സൌന്ദര്യത്തിന്റേയും ആധാരം ദൈവമാണെന്ന ആപേക്ഷിക ചിന്തയാണ്‌ ഒരു മനുഷ്യനെ മതത്തിലേക്കു കൂട്ടികൂണ്ടുപോകുന്നത്.

ദൈനംദിന ജീവിത്തത്തില്‍ നമുക്കറിയാവുന്ന ഒരു കാര്യമുണ്ട്‌. മറ്റു മനുഷ്യര്‍ക്കുവേണ്ടിയാണ്‌ മനുഷ്യന്‍ ഇവിടെ നിലനില്‍ക്കുന്നത്. പ്രത്യേകിച്ച്‌ ആരുടെ പുഞ്ചിരികളിലും സൌഖ്യത്തിലും നമ്മുടെ സന്തോഷം ആശ്രയിക്കുന്നുവോ അവര്‍ക്കുവേണ്ടി.

ഒരോ സമൂഹത്തിനും കാലാനുസൃതമായ ഈശ്വരസങ്കല്‍പ്പം ഉണ്ടാകാറുണ്ട്‌. സമൂഹവും ജീവിച്ചിരിക്കുന്ന സമയവും ദേശവും അനുസരിച്ച്‌ അതു ഭിന്നമായിരിക്കും. ഭിന്നമായ ഈശ്വരസങ്കല്‍പമാണ്‌ ഭിന്നമായ മതങ്ങളുടേയും ഉറവിടം. (മതം എന്നാല്‍ അഭിപ്രായം എന്നു മാത്രമാണ്‌ അര്‍ത്ഥം എന്നു വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍. ഭിന്ന മതം = ഭിന്നാഭിപ്രായം)

ഇവിടെ സുകുമാരനും ഷെരീഖും ബഷീറും വ്യത്യസ്ത ദേശഭേദങ്ങളില്‍ ഉരുത്തിരിഞ്ഞ രണ്ടു മതങ്ങളുടെ രണ്ടറ്റത്തു നിന്നാണ്‌ സംസാരിക്കുന്നത്‌. രണ്ടുപേരും കാണുന്നത്‌ ശരി. രണ്ടു വീക്ഷണകോണുകളില്‍ നിന്നാണെന്നുമാത്രം.

കാലനുസൃതമായ ഈശ്വരസങ്കല്‍പ്പത്തിനു ഞാന്‍ ഒരു ഉത്തമ ദൃഷ്ടാന്തം സൂചിപ്പിച്ചുകൊള്ളട്ടെ. ക്രൈസ്‌തവരുടെ പഴയ നിയമത്തിലെ ദൈവമായ യഹോവ, അസൂയാലുവും കഠിനഹൃദയനും നിഷ്‌ഠുരനുമൊക്കെയാണെങ്കില്‍ കാലം ഒട്ടു മാറിയപ്പോള്‍, ദേശം ഇത്തിരികൂടി ഒന്നു നീങ്ങിയപ്പോള്‍, പുതിയ നിയമത്തിലൂടെ യേശു വിവരിക്കുന്ന ദൈവം ഒരു പിതാവിനെപ്പോലെ സ്‌നേഹമയിയും കാരുണ്യവാനും പരിത്രാണകനും ആയി മാറുന്നതു കാണാം.

ഒരോ മതത്തിനും അതിന്റേതായ ചരിത്രവും മിത്തും ദര്‍ശനവുമുണ്ട്‌. പിന്നെ അല്പം കലയും. ഈ കലയുടെ അംശം ഇല്ലയിരുന്നെങ്കില്‍ നമ്മള്‍ ആരുംഈ ബ്ലോഗ്‌ വേദിയില്‍ വരികയോ, ഇങ്ങനെ സംവദിക്കുകയോ ചെയ്യില്ല. അപ്പോള്‍ നമ്മളുടെ 'അഭിപ്രായം' എന്തായിരുന്നാലും നമ്മള്‍ക്ക്‌ പൊതുവായ ഒരു ഗുണം ഉണ്ടെന്നു ഇതു സാക്ഷ്യപ്പെടുത്തുന്നു.

ദാര്‍ശനിക തലത്തില്‍ മുഖ്യധാരാ മതങ്ങള്‍ തമ്മില്‍ ഒരളവോളം യോജിപ്പുണ്ട്‌. ഈശ്വരനെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ സങ്കല്‍പ്പങ്ങളാണ്‌ ഭാരതത്തിലെ ഉപനിഷത്തുകള്‍ വരച്ചുകാട്ടുന്നത്‌. ഈ കാര്യത്തില്‍ ഞാന്‍ ഷെരീഖിന്റെ അഭിപ്രയം തന്നെ കടമെടുക്കട്ടെ.
'അഹം ബ്രഹ്മാസ്‌മി' എന്ന പ്രസ്താവം പ്രത്യക്ഷത്തില്‍ സമൂഹവിരുദ്ധമെന്ന്‌ വ്യാഖ്യാനിച്ചേക്കാമെങ്കിലും വാസ്തവത്തില്‍ വ്യക്തിയും സമഷ്ടിയും അല്ലെങ്കില്‍ മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ഐക്യത്തിന്റെ ദൃഢപ്രഖ്യാപനമാണ്‌. എല്ലാ മതവിശ്വാസികളും ഒരുപോലെ സ്വീകാര്യമാക്കേണ്ട നിരുപദ്രവകരമായ ഒരു വ്യാഖ്യാനമല്ലേ ഇത്‌?

മതത്തിന്‌ മനുഷ്യനെ വേണെങ്കിലും മനുഷ്യന്‌ മതം വേണമെന്ന ഒരു അവസ്ഥയിലാണ്‌ നമ്മള്‍. ഈ അവസ്ഥ പ്രപിതാമഹന്‍മാര്‍ ഉണ്ടാക്കിയതാണ്‌. ചരിത്രപ്രവാഹത്തില്‍ സംസ്കാരത്തിന്റെ അംശമായി മതം മാറി. അങ്ങനെ നാമെല്ലാം ആ അംശത്തിന്റെ അധികാരികളായി.

ഭാരതീയ ദര്‍ശനത്തിന്റെ മഹത്വം അതിന്റെ ബഹുസ്വരതയാണ്‌. 'ചാര്‍വാകം' മുതല്‍ അദ്വൈതം വരെ അഥവാ നിരീശ്വരത്വം മുതല്‍ ഏകദൈവവിശ്വാസം വരെയുള്ള വൈവിധ്യമാര്‍ന്ന ദര്‍ശനമാതൃകകള്‍ ഇവിടെ ലഭ്യവുമാണ്‌. അങ്ങനെയുള്ള ഭാരതീയരായ നമ്മള്‍ ഇങ്ങനെ പരസ്പരം 'അഭിപ്രായ' ത്തിന്റെ പെരില്‍ കൊമ്പു കോര്‍ക്കുന്നത്‌ നമ്മളുടെ വീക്ഷണകോണുകള്‍ മാറ്റാത്തതിനാലാകാം എന്നാണെന്റെ അഭിപ്രായം.

അഭിപ്രായം മാറ്റാനുള്ള അവകാശം വ്യക്തികളില്‍ നിക്ഷിപ്തമായിരിക്കെ മാധവിക്കുട്ടി അഭിപ്രായം മാറ്റിയതില്‍ അവരെ അധിക്ഷേപിക്കാനുള്ള അവകാശം അങ്ങനെയാണ്‌ നമുക്കില്ലാതാകുന്നതും.

സ്നേഹമാണ്‌ മതം. ഏതുലോകത്തും, അത്‌ ഇവിടെ ഈ ബൂലോകത്തും. നമുക്കു പരസ്‌പരം സ്നേഹിക്കാം, പരസ്‌പരം വിരല്‍ ചൂണ്ടാതിരിക്കാം, എന്തെന്നാല്‍ അങ്ങനെ ചൂണ്ടുമ്പോള്‍ മറ്റു മൂന്നു വിരലുകള്‍ നമ്മെത്തന്നെ ചൂണ്ടുന്നതിനെ നമുക്കു ഒഴിവാക്കാം.

നന്ദി.

ഗുരുജി said...

കെ.പി സുകുമാരന്റേയും ഷെറീഖിന്റേയും, ബഷീറിന്റേയും ഒക്കെ വലിയ കമന്റുകള്‍ക്ക്‌ ആദ്യമേ ഒരു വലിയ നന്ദി അറിയിക്കട്ടേ. നിങ്ങള്‍ എല്ലവരും ഒരുപാടു വായിച്ചും വിശകലനം നടത്തിയും അഭിപ്രായങ്ങള്‍ പറഞ്ഞത്തില്‍ ഞാന്‍ സന്തോഷിക്കുന്നു. ഈ ബൂലോകത്ത് ഇത്തരം ഗൌരവകരമായ അറിവുകള്‍ പടരുന്നതു ശുഭകരമാണ്‌. ചില പ്രസ്താവങ്ങള്‍ അനാരോഗ്യതയിലേക്കു കടന്നോ എന്ന ഒരു സംശയത്താല്‍ ഞാന്‍ ചിലതു എഴുതിക്കൊള്ളട്ടേ.

നന്മയുടേയും സൌന്ദര്യത്തിന്റേയും ആധാരം ദൈവമാണെന്ന ആപേക്ഷിക ചിന്തയാണ്‌ ഒരു മനുഷ്യനെ മതത്തിലേക്കു കൂട്ടികൂണ്ടുപോകുന്നത്.

ദൈനംദിന ജീവിത്തത്തില്‍ നമുക്കറിയാവുന്ന ഒരു കാര്യമുണ്ട്‌. മറ്റു മനുഷ്യര്‍ക്കുവേണ്ടിയാണ്‌ മനുഷ്യന്‍ ഇവിടെ നിലനില്‍ക്കുന്നത്. പ്രത്യേകിച്ച്‌ ആരുടെ പുഞ്ചിരികളിലും സൌഖ്യത്തിലും നമ്മുടെ സന്തോഷം ആശ്രയിക്കുന്നുവോ അവര്‍ക്കുവേണ്ടി.

ഒരോ സമൂഹത്തിനും കാലാനുസൃതമായ ഈശ്വരസങ്കല്‍പ്പം ഉണ്ടാകാറുണ്ട്‌. സമൂഹവും ജീവിച്ചിരിക്കുന്ന സമയവും ദേശവും അനുസരിച്ച്‌ അതു ഭിന്നമായിരിക്കും. ഭിന്നമായ ഈശ്വരസങ്കല്‍പമാണ്‌ ഭിന്നമായ മതങ്ങളുടേയും ഉറവിടം. (മതം എന്നാല്‍ അഭിപ്രായം എന്നു മാത്രമാണ്‌ അര്‍ത്ഥം എന്നു വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍. ഭിന്ന മതം = ഭിന്നാഭിപ്രായം)

ഇവിടെ സുകുമാരനും ഷെരീഖും ബഷീറും വ്യത്യസ്ത ദേശഭേദങ്ങളില്‍ ഉരുത്തിരിഞ്ഞ രണ്ടു മതങ്ങളുടെ രണ്ടറ്റത്തു നിന്നാണ്‌ സംസാരിക്കുന്നത്‌. രണ്ടുപേരും കാണുന്നത്‌ ശരി. രണ്ടു വീക്ഷണകോണുകളില്‍ നിന്നാണെന്നുമാത്രം.

കാലനുസൃതമായ ഈശ്വരസങ്കല്‍പ്പത്തിനു ഞാന്‍ ഒരു ഉത്തമ ദൃഷ്ടാന്തം സൂചിപ്പിച്ചുകൊള്ളട്ടെ. ക്രൈസ്‌തവരുടെ പഴയ നിയമത്തിലെ ദൈവമായ യഹോവ, അസൂയാലുവും കഠിനഹൃദയനും നിഷ്‌ഠുരനുമൊക്കെയാണെങ്കില്‍ കാലം ഒട്ടു മാറിയപ്പോള്‍, ദേശം ഇത്തിരികൂടി ഒന്നു നീങ്ങിയപ്പോള്‍, പുതിയ നിയമത്തിലൂടെ യേശു വിവരിക്കുന്ന ദൈവം ഒരു പിതാവിനെപ്പോലെ സ്‌നേഹമയിയും കാരുണ്യവാനും പരിത്രാണകനും ആയി മാറുന്നതു കാണാം.

ഒരോ മതത്തിനും അതിന്റേതായ ചരിത്രവും മിത്തും ദര്‍ശനവുമുണ്ട്‌. പിന്നെ അല്പം കലയും. ഈ കലയുടെ അംശം ഇല്ലയിരുന്നെങ്കില്‍ നമ്മള്‍ ആരുംഈ ബ്ലോഗ്‌ വേദിയില്‍ വരികയോ, ഇങ്ങനെ സംവദിക്കുകയോ ചെയ്യില്ല. അപ്പോള്‍ നമ്മളുടെ 'അഭിപ്രായം' എന്തായിരുന്നാലും നമ്മള്‍ക്ക്‌ പൊതുവായ ഒരു ഗുണം ഉണ്ടെന്നു ഇതു സാക്ഷ്യപ്പെടുത്തുന്നു.

ദാര്‍ശനിക തലത്തില്‍ മുഖ്യധാരാ മതങ്ങള്‍ തമ്മില്‍ ഒരളവോളം യോജിപ്പുണ്ട്‌. ഈശ്വരനെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ സങ്കല്‍പ്പങ്ങളാണ്‌ ഭാരതത്തിലെ ഉപനിഷത്തുകള്‍ വരച്ചുകാട്ടുന്നത്‌. ഈ കാര്യത്തില്‍ ഞാന്‍ ഷെരീഖിന്റെ അഭിപ്രയം തന്നെ കടമെടുക്കട്ടെ.
'അഹം ബ്രഹ്മാസ്‌മി' എന്ന പ്രസ്താവം പ്രത്യക്ഷത്തില്‍ സമൂഹവിരുദ്ധമെന്ന്‌ വ്യാഖ്യാനിച്ചേക്കാമെങ്കിലും വാസ്തവത്തില്‍ വ്യക്തിയും സമഷ്ടിയും അല്ലെങ്കില്‍ മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ഐക്യത്തിന്റെ ദൃഢപ്രഖ്യാപനമാണ്‌. എല്ലാ മതവിശ്വാസികളും ഒരുപോലെ സ്വീകാര്യമാക്കേണ്ട നിരുപദ്രവകരമായ ഒരു വ്യാഖ്യാനമല്ലേ ഇത്‌?

മതത്തിന്‌ മനുഷ്യനെ വേണെങ്കിലും മനുഷ്യന്‌ മതം വേണമെന്ന ഒരു അവസ്ഥയിലാണ്‌ നമ്മള്‍. ഈ അവസ്ഥ പ്രപിതാമഹന്‍മാര്‍ ഉണ്ടാക്കിയതാണ്‌. ചരിത്രപ്രവാഹത്തില്‍ സംസ്കാരത്തിന്റെ അംശമായി മതം മാറി. അങ്ങനെ നാമെല്ലാം ആ അംശത്തിന്റെ അധികാരികളായി.

ഭാരതീയ ദര്‍ശനത്തിന്റെ മഹത്വം അതിന്റെ ബഹുസ്വരതയാണ്‌. 'ചാര്‍വാകം' മുതല്‍ അദ്വൈതം വരെ അഥവാ നിരീശ്വരത്വം മുതല്‍ ഏകദൈവവിശ്വാസം വരെയുള്ള വൈവിധ്യമാര്‍ന്ന ദര്‍ശനമാതൃകകള്‍ ഇവിടെ ലഭ്യവുമാണ്‌. അങ്ങനെയുള്ള ഭാരതീയരായ നമ്മള്‍ ഇങ്ങനെ പരസ്പരം 'അഭിപ്രായ' ത്തിന്റെ പെരില്‍ കൊമ്പു കോര്‍ക്കുന്നത്‌ നമ്മളുടെ വീക്ഷണകോണുകള്‍ മാറ്റാത്തതിനാലാകാം എന്നാണെന്റെ അഭിപ്രായം.

അഭിപ്രായം മാറ്റാനുള്ള അവകാശം വ്യക്തികളില്‍ നിക്ഷിപ്തമായിരിക്കെ മാധവിക്കുട്ടി അഭിപ്രായം മാറ്റിയതില്‍ അവരെ അധിക്ഷേപിക്കാനുള്ള അവകാശം അങ്ങനെയാണ്‌ നമുക്കില്ലാതാകുന്നതും.

സ്നേഹമാണ്‌ മതം. ഏതുലോകത്തും, അത്‌ ഇവിടെ ഈ ബൂലോകത്തും. നമുക്കു പരസ്‌പരം സ്നേഹിക്കാം, പരസ്‌പരം വിരല്‍ ചൂണ്ടാതിരിക്കാം, എന്തെന്നാല്‍ അങ്ങനെ ചൂണ്ടുമ്പോള്‍ മറ്റു മൂന്നു വിരലുകള്‍ നമ്മെത്തന്നെ ചൂണ്ടുന്നതിനെ നമുക്കു ഒഴിവാക്കാം.

നന്ദി.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

“തല്ലിച്ചളുക്കിയ തകരപ്പാത്രം പോലെ വഴിയുലുപേക്ഷിക്കാനുള്ളതല്ല മാധവിക്കുട്ടി എന്ന കഥാകാരി. കാലമുരുളുമ്പോള്‍ തിമിരമേല്‍ക്കാത്ത കണ്ണുകളിലൂടെയും നവീകരിക്കപ്പെട്ട വായനയിലൂടെയും മാധവിക്കുട്ടിയെ വാഴ്ത്തുന്ന ഒരു തലമുറ വരാനിരിക്കുന്നുണ്ട്‌. ജീവിച്ചിരുന്നപ്പോള്‍ യേശുക്രിസ്തുവിനുപോലും കല്ലേറു ഏറ്റിട്ടുള്ള കാര്യമോര്‍ത്തെങ്കിലും ഈ സ്വപ്നസാഹിത്യത്തിന്റെ 'അമ്മ' മലയാളിത്തത്തോട്‌ ക്ഷമിക്കുമെന്നു നമുക്കു വിശ്വസിക്കാം.“എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരി.....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കമലാ സുരയ്യയുടെ സാഹിത്യ സൃഷ്ടികളെ അതിയായ് ഇഷ്ടപ്പെടുന്ന ഒരാളാണു ഞാന്‍. പ്രത്യേകിച്ച് എഴുത്തിന്റെ സത്യസന്ധതയില്‍. പിന്നെ അവരെ കുറിച്ച് അവരുടെ വളരെ അടുത്ത കുടുംബ സുഹൃത്ത് ആയ പ്രഭാ പിള്ള (എം.പി.നാരായണ പിള്ളയുടെ ഭാര്യ) പറഞ്ഞ അറിവും. മാധവിക്കുട്ടിയുടെ അടുത്ത് ചെന്ന് എന്തു ചോദിച്ചാലും തരുമത്രെ. ഇപ്പോള്‍ അവര്‍ കഴുത്തിലണിഞ്ഞ മാല കണ്ട് ‘ഹായ് അസ്സലായിരിക്കുന്നു’ എന്ന് പറഞ്ഞാല്‍ ‘നിനക്കത്ര ഇഷ്ടമായെങ്കില്‍ നിനക്കിരിക്കട്ടെ’ എന്ന് പറയുമായിരുന്നുവത്രെ. പിന്നെ അത് വേണ്ടാ എന്ന് പറഞ്ഞ് തലയൂരാന്‍ പെടുന്ന പാടിനെ കുറിച്ചും അവര്‍ പറഞ്ഞപ്പോള്‍ ആ ഹൃദയ വിശാലതയും മനസ്സിലാക്കാന്‍ കഴിഞ്ഞു. അവരെ അടുത്തു പരിചയപ്പെടാന്‍ പല സാദ്ധ്യതകളും ഉണ്ടായപ്പോഴും എന്തോ ഞാനതിനു അല്‍പ്പം പോലും ശ്രമിച്ചില്ല എന്നുള്ളത് എനിക്കിപ്പോഴും അതിശയമായ് തന്നെ തോന്നുന്നു.