Thursday, February 28, 2008

70 ശതമാനം മലയാളികള്‍ തിരിച്ചു മടങ്ങുമ്പോള്‍...

ഗള്‍ഫില്‍ വിസ കാലാവധി 10 വര്‍ഷമാക്കി, 70 ശതമാനം മലയാളികളും തിരികെ നാട്ടിലേക്ക്‌
ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കാലാവധി പത്തുവര്‍ഷമായി ചുരുക്കാന്‍ അറബ്‌ - ഗള്‍ഫ്‌ കോ-ഓപ്പറേറ്റീവ്‌ കൌണ്‍സില്‍ തീരുമാനിച്ചു.

അടുത്ത അറബ്‌ ഉച്ചകോടി ഈ തീരുമാനത്തിന്‌ അംഗീകാരം നല്‍കും. ഇതോടെ പ്രവാസി തൊഴിലാളികളുടെ വേതനത്തിന്റെ തണലില്‍ കെട്ടിപ്പൊക്കിയ കേരള സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയിളകും. നിയം പ്രാബല്യത്തിലാകുന്നതോടെ ഗള്‍ഫിലുള്ള 70 ശതമാനം മലയാളികള്‍ക്ക്‌ തിരിച്ചുപോകേണ്ടിവരും.

സ്വന്തമായി സ്‌പോണ്‍സര്‍ഷിപ്പ്‌ അധികാരമുള്ള ബിസിനസ്‌കാര്‍ക്കും നിക്ഷേപകര്‍ക്കും നിയമം ബാധകമാവുകയില്ല. അറബ്‌-ഗള്‍ഫ്‌ കൌണ്‍സിലിന്റെ ബഹ്‌റൈന്‍, ഖത്തര്‍, യു. എ. ഇ., കുവൈറ്റ്‌, സൌദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളിലാണ്‌ നിയമം പ്രാബല്യത്തില്‍ വരിക. ഒരു രാജ്യത്ത്‌ 20 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക്‌ വോട്ടവകാശത്തിന്‌ അര്‍ഹതയുണ്ടെന്ന ഐക്യരാഷ്‌ട്രസഭയുടെ പുതിയ നിയമമാണ്‌ അറബ്‌ രാജ്യങ്ങളെ തീരുമാനത്തിനു പ്രേരിപ്പിച്ചത്‌. നാടിന്റെ വരുമാനം ഭൂരിഭാഗവും വിദേശരാജ്യങ്ങളിലേക്കു പോകുന്നതും കാരണമാണെന്നു കരുതുന്നു.

65,000 കോടി രൂപയാണ്‌ ഗള്‍ഫ്‌ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന്‌ 2007-ല്‍ കേരളത്തിലേക്ക്‌ ഒഴുകിയെത്തിയത്‌. വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക്‌ കഴിഞ്ഞ വര്‍ഷം ആകെ 1, 05, 300 കോടി (2700 കോടി യു. എസ്‌. ഡോളര്‍) ലഭിച്ചപ്പോളാണ്‌ ഇതില്‍ പകുതിയിലേറെയും കേരളത്തിലേക്കൊഴുകിയത്‌. മൂന്നു കോടിയിലധികം ജനസംഖ്യയുള്ള സംസ്ഥാനത്ത്‌ നാലു ശതമാനത്തിലധികം മാത്രമുള്ള പ്രവാസികളാണ്‌ ബജറ്റിലെ വരുമാനത്തേക്കാള്‍ സമ്പദ്‌ഘടനയെ താങ്ങിനിര്‍ത്തുന്നത്‌.

വലിയൊരു വിഭാഗം തൊഴിലാളികള്‍ കേരളത്തിലേക്കു മടങ്ങുമ്പോള്‍ ഇവരുടെ പുനരധിവാസം സംസ്ഥാന സര്‍ക്കാരിനു വലിയ ഒരു ബാധ്യതയാകും. ഇവരുടെ പുനരധിവാസത്തിനു പ്രവാസി ക്ഷേമനിധി പോലുല്ല സംവിധാനങ്ങള്‍ ആരംഭിച്ചാലേ ഒരു പരിധി വരെ പിടിച്ചു നില്കാന്‍ പറ്റൂ.

പ്രവര്‍ത്തിപരിചയമെന്ന മാനദണ്ഡത്തിനു പകരം യു. എ. ഇ-യില്‍ ജോലിക്കു യോഗ്യതാ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന്‌ ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പിന്‍സ്‌, ഈജിപ്റ്റ്‌, യു. കെ. തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചു വരികയാണ്‌. ഈ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ വലിയൊരു വിഭാഗത്തിനു നാട്ടിലേക്കു ടിക്കറ്റെടുക്കേണ്ടി വരും. അറബ്‌ - ഗള്‍ഫ്‌ രാജ്യങ്ങളില്‍ പൊതു മാപ്പ്‌ ലഭിച്ച്‌ പതിനായിരങ്ങള്‍ നാട്ടിലേക്ക്‌ തിരിച്ചെത്തുന്നതിനു പുറമെയാണ്‌ പുതിയ പ്രതിസന്ധികള്‍.

-മംഗളം ന്യൂസ് - 28 ഫെബ്രുവരി 2008

3 comments:

ഗുരുജി said...

ഗള്‍ഫില്‍ വിസ കാലാവധി 10 വര്‍ഷമാക്കി, 70 ശതമാനം മലയാളികളും തിരികെ നാട്ടിലേക്ക്‌

ഒരു “ദേശാഭിമാനി” said...

ഒപ്പം തന്നെ പുതിയ റിക്രൂട്ട്മെന്റുകള്‍ ഉണ്ടാകും എന്നു ഒരു വശത്തു സമാധാനിക്കാം. എന്നാലും,5-10 കൊല്ലം ഗള്‍ഫില്‍ ജോലി ചെയ്തിട്ടും കാര്യമായി ഒന്നും നീക്കിവക്കാന്‍ സാധിക്കാത്തവരാണു 90% വും എന്ന നഗ്നസത്യം ഓര്‍ക്കുമ്പോള്‍, അവരുടെ ഭാവിക്കുവേണ്ടി കരുതലോടെ ആത്മാര്‍ഥതയോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരും, സംഘടനകളും , ചെയ്യുമെന്നു പ്രതീക്ഷിക്കാം. ഇതു കള്ള നാണയങ്ങള്‍ക്കു മുതലെടുപ്പുനടത്താനുള്ള ഒരവസരമായി മാ‍ാറാതെ ശ്രദ്ധിക്കുകകൂടി വേണം.

ഏ.ആര്‍. നജീം said...

പക്ഷേ ഇത് ഇനി വരുന്നവര്‍ക്ക് മാത്രം ബാധകമാണെന്നാണല്ലോ കേട്ടത്...