Thursday, February 28, 2008

മാടപ്രാവിന്റെ വിധി

വൈകുണ്ഠത്തില്‍ വിഷ്ണുഭഗവാനെ കാണാന്‍ ദേവന്‍മാരുടെ തിരക്ക്‌. കൂട്ടത്തില്‍ യമരാജാവും വന്നു ഭഗവാനെ കാണാന്‍. ഈ സമയം ഗോപുരവാതിലിലെ ഒരു തൂണില്‍ ഒരു ചെറിയ മാടപ്രാവ്‌ ഇരിക്കുന്നുണ്ടായിരുന്നു. മാടപ്രാവിനെ കണ്ടതും യമരാജാവ്‌ പ്രാവിനെ സൂക്ഷിച്ചൊന്നു നോക്കി. ഒപ്പം അത്‌ഭുതത്താല്‍ അദ്ദേഹത്തിന്റെ മുഖം വിടരുകയും ചെയ്തു.

എന്നിട്ട്‌ പ്രാവിനെ നോക്കി ' ഇനി ഒരു മൂന്നു നാഴിക കൂടി' എന്നു മനസ്സില്‍ പറയുകയും ചെയ്തു.

ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു വിഷ്ണുവിന്റെ വാഹനമായ ഗരുഡന്‍. പക്ഷികളുടെ രാജാവാണല്ലോ ഗരുഡന്‍. ആ മാടപ്രാവിന്റെ ആയുസ്സിനെക്കുറിച്ചാണ്‌ യമരാജാവ്‌ ഉത്‌കണ്ഠപ്പെട്ടതെന്നു ഗരുഡനു തീര്‍ച്ചയായിരുന്നു.

യമരാജാവിനെ ഒന്നു പറ്റിക്കണമെന്നു തന്നെ ഗരുഡന്‍ തീരുമാനിച്ചു. യമരാജാവ്‌ വിഷ്ണുവിനെ കാണാന്‍ അകത്തേക്കു പോയ തക്കം നോക്കി ഗരുഡന്‍ ആ മാടപ്രാവിനെ റാഞ്ചിയെടുത്ത്‌ മിന്നല്‍ വേഗത്തില്‍ പറന്ന്‌ അഞ്ഞൂറുയോജന അകലെയുള്ള ദണ്ഡകാരണ്യത്തിലെ ഒരു ഗുഹക്കുള്ളില്‍ കൊണ്ടുപോയി ഒളിപ്പിച്ചു വെച്ച ശേഷം തിരിച്ചു വൈകുണ്ഠത്തില്‍ വന്ന്‌ പഴയ സ്ഥാനത്തിരുന്നു.

അല്പസമയം കഴിഞ്ഞ്‌ യമരാജാവ്‌ വിഷ്ണുവിനെ കണ്ട ശേഷം തിരിച്ചിറങ്ങി വന്നു.

ഉള്ളില്‍ അടക്കിപ്പിടിച്ച കള്ളച്ചിരിയോടെ ഗരുഡന്‍ യമനോടു ചോദിച്ചു.

'അല്ലയോ യമരാജാവേ, അങ്ങു അകത്തേക്കു പോകും മുന്‍പേ ഇവിടിരുന്ന മാടപ്രാവിനെ കണ്ട്‌ എന്തിനാണ്‌ അത്‌ഭുതപ്പെട്ടത്‌?

യമരാജന്‍ മറുപടി പറഞ്ഞു.

'അല്ലയോ പക്ഷിശ്രേഷ്ഠാ, മൂന്നു നാഴികക്കുള്ളില്‍ ദണ്ഡകാരണ്യത്തിലെ ഒരു ഗുഹക്കുള്ളില്‍വെച്ച്‌ ഒരു മലമ്പാമ്പ്‌ വിഴുങ്ങി മരണപ്പെടണമെന്നതായിരുന്നു ആ മാടപ്രാവിന്റെ വിധി. ഇത്രയും പെട്ടെന്ന്‌ ഇത്ര ദൂരെയുള്ള ദണ്ഡകാരണ്യത്തില്‍ ഇത്തിരിപ്പോന്ന ഈ പക്ഷി എങ്ങിനെയെത്തും എന്നു കരുതിയാണ്‌ ഞാന്‍ അത്‌ഭുതപ്പെട്ടത്‌. ഇപ്പോള്‍ എല്ലാം ശുഭമായി."

19 comments:

ഗുരുജി said...

യമരാജാവിനെ ഒന്നു പറ്റിക്കണമെന്നു തന്നെ ഗരുഡന്‍ തീരുമാനിച്ചു. യമരാജാവ്‌ വിഷ്ണുവിനെ കാണാന്‍ അകത്തേക്കു പോയ തക്കം നോക്കി ഗരുഡന്‍ ആ മാടപ്രാവിനെ റാഞ്ചിയെടുത്ത്‌ മിന്നല്‍ വേഗത്തില്‍ പറന്ന്‌ അഞ്ഞൂറുയോജന അകലെയുള്ള ദണ്ഡകാരണ്യത്തിലെ ഒരു ഗുഹക്കുള്ളില്‍ കൊണ്ടുപോയി ഒളിപ്പിച്ചു വെച്ച ശേഷം തിരിച്ചു വൈകുണ്ഠത്തില്‍ വന്ന്‌ പഴയ സ്ഥാനത്തിരുന്നു.

Meenakshi said...

ഹ ഹ ഈ കഥ കേട്ടിട്ടില്ലായിരുന്നു , നന്നായിരിക്കുന്നു ഗുരുജി

എസ് കെ said...

വരാനുള്ളതു വഴിയില്‍ തങ്ങില്ല !!!!

കൃഷ്‌ണ.തൃഷ്‌ണ said...

വിധിയെ തടുക്കാന്‍ ആര്‍ക്കു കഴിയും. ചെറിയ കഥ... വളരെ വളരെ വലിയ നല്ല ഒരു സാരോപദേശം ഗുരുജീ...

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

നന്നായിട്ടുണ്ട് ഗുരുജീ‍ ....

പപ്പൂസ് said...

അതുഗ്രന്‍ കഥ!

ഇടിവാള്‍ said...

ഞാന്‍ ഇപ്പോ ഇത് എന്റെ മോള്‍ക്ക് പറഞ്ഞു കൊടുത്തു.

നല്ല കഥ

അപ്പു said...

നല്ല കഥ. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നത് ഉറപ്പല്ലേ. ഇനിയും ഇതുപോലുള്ള സാരോപദേശ കഥകള്‍ പറയണേ.

വേണു venu said...

വിധിമഹിമയലംഘനീയമെന്നദി ദയനീയമുരച്ചിടുന്നവണ്ണം.
നന്നായിരിക്കുന്നു ഈ കൊച്ചു കഥയുടെ പൊരുള്‍.:ഈ

പാമരന്‍ said...

ഉഗ്രന്‍!

ശ്രീ said...

വിധി!
:)

കേരളക്കാരന്‍ said...

അലംഘനീയാ കമലാസനാജ്ഞ...എന്നല്ലേ പ്രമാണം.
സൂപ്പര്‍, ഉഗ്രന്‍, അടിപൊളി...
എത്ര സത്യമായ കഥ

sivakumar ശിവകുമാര്‍ said...

വളരെ നല്ല കഥ.....

സസ്നേഹം
ശിവ.....

ഗുരുജി said...

മീനാക്ഷി
എസ്. കെ
കൃഷ്ണ.തൃഷ്ണ
കെ. പി. സുകുമാരന്‍ സാര്‍
പപ്പൂസ്‌
ഇടിവാള്‍
അപ്പു
വേണു
പാമരന്‍
ശ്രീ
കേരളക്കാരന്‍
ശിവകുമാര്‍
എല്ലാവര്‍ക്കും കമന്റിനു നന്ദി......നന്ദി...ഇതുവഴി ഇനിയും എല്ലവരും വരണേ....

Rare Rose said...

പുതിയ കഥയാണോ...എന്തായാലും കഥ ഉഗ്രന്‍ !!!......അചഞ്ചലമായ വിധിയെപ്പറ്റി എത്ര ലളിതമായി ഈ കഥ പറയുന്നു....ഇനിയും വേണം ഇതുപോലത്തെ കുട്ടിക്കഥകള്‍....:-)

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

ഗുരുജീ നല്ല കഥ. ഇതിന്റെ മറ്റൊരു വേര്‍ഷന്‍ ഇസ്ലാം ഇതിഹാസങ്ങളില്‍ വേറെ രീതിയിലും ഉണ്ട്. അത് ഞാന്‍ പിന്നീട് പറയാം.

Udayakumar said...

വളരെ നല്ല കഥ. എത്ര നല്ല ഗുണപാഠം. ഇതാണ്‌ വിധി...സൂപ്പര്‍

kilukkampetty said...

വിധി ആര്‍ക്കാ തിരുത്താന്‍ പറ്റുക?നല്ല കധ.

smallgod said...

ഇത്ര നല്ല ഒരു കഥ എന്തേ ഇത്രനാളും കാണാതെപോയത്‌?

ഗുരുജി ഇപ്പോള്‍ ഒന്നും പോസ്റ്റാറില്ലേ....സത്യസന്ധമായ സമീപനം..അതിനാല്‍ താങ്കളെ ബഹുമാനിക്കുന്നു...