Sunday, July 20, 2008

മദര്‍ തെരേസക്കു മരണമുണ്ടെങ്കില്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത

നരബലികൊണ്ടു കുരുതിയാടുന്ന
രുധിരകാളിതന്‍ പുരാണഭൂമിയില്‍
പരദേശത്തുനിന്നൊരു പിറാവുപോല്‍
പറന്നുവന്നതാം പരമസ്‌നേഹമേ
പലനൂറ്റാണ്ടായി മകുടമോഹത്തിന്‍
മരണശംഖൊലി മുഴങ്ങുമീമണ്ണില്‍
ജനകനില്ലാതെ, ജനനിയില്ലാതെ
കുലവും ജാതിയും മതവുമില്ലാതെ
തെരുവില്‍ വാവിട്ടു കരയും ജീവനെ
ഇരുകൈയാല്‍ വാരിയെടുത്തു ചുംബിക്കും
മഹാകാരുണ്യത്തിന്‍ മനുഷ്യരൂപമേ
ഒരു വെളിച്ചത്തിന്‍ വിമലജീവിതം
വെറുമൊരു ചാര കഥ* യെന്നെണ്ണുന്ന
തിമിരകാലത്തിന്നടിമയായ ഞാന്‍
നറും മുലപ്പാലിലലക്കിയ നിന്റെ
തിരുവസ്ത്രത്തുമ്പില്‍, നിണം പുരണ്ടൊരെന്‍
കരം തുടച്ചോട്ടെ.
മഹാപരിത്യാഗം മറന്ന ഭാരതം
മദര്‍ തെരേസയെ മറക്കുമെങ്കിലും
മദര്‍ തെരേസക്കു മരണമുണ്ടെങ്കില്‍
മരണമല്ലയോ മഹിതജീവിതം?

*മദര്‍ തെരേസ സി. ഐ. എ. ഏജന്റാണെന്നു ചില മത-രാഷ്ട്രീയ ഭ്രാന്തന്‍മാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.

-ചുള്ളിക്കാട് - 1995

4 comments:

ഗുരുജി said...

ജനകനില്ലാതെ, ജനനിയില്ലാതെ
കുലവും ജാതിയും മതവുമില്ലാതെ
തെരുവില്‍ വാവിട്ടു കരയും ജീവനെ
ഇരുകൈയാല്‍ വാരിയെടുത്തു ചുംബിക്കും
മഹാകാരുണ്യത്തിന്‍ മനുഷ്യരൂപമേ
--- ചുള്ളിക്കാടിന്റെ മറ്റൊരു കവിത കൂടി

അരൂപിക്കുട്ടന്‍/aroopikkuttan said...

മനോഹരമായ വരികള്‍!
നല്ല വായനക്ക് വഴിതെളിക്കുന്നതിനു നന്ദി!!

അശരീരികള്‍: ഒരു സിനിമാഡ‌യേറിയ!!

Anonymous said...

മഹാപരിത്യാഗം മറന്ന ഭാരതം
മദര്‍ തെരേസയെ മറക്കുമെങ്കിലും
മദര്‍ തെരേസക്കു മരണമുണ്ടെങ്കില്‍
മരണമല്ലയോ മഹിതജീവിതം?
ചുള്ളിക്കാടിനെ ഓര്‍മ്മിപ്പിക്കുന്ന ഈ വരികള്‍ക്കു നന്ദി

പാമരന്‍ said...

ഒരു കാവ്യാഞ്ജലി തന്നെ.