പണ്ട് പണ്ട് ഒരിടത്തൊരിടത്ത് ഒരാള്‍ കുറെ കോഴിയെ വളര്‍ത്തി। രാത്രിയില്‍ കുറുക്കന്‍റെ ശല്യം അധികമായതിനാല്‍ കോഴിക്കു കാവലായി അയാള്‍ ഒരു നായയെയും വളര്‍ത്തി। കോഴികളുടെ കൂടിന്‍റെ വശത്തായി നായയെ പൂട്ടിയിടുകയും ചെയ്തു. കോഴിയെ പിടിക്കാനായി രാത്രിയില്‍ കുറുക്കന്‍ വരുമ്പോള്‍ നായ കുരച്ചു ബഹളം വെക്കാന്‍ തുടങ്ങും. നായയുടെ കുര കേള്‍ക്കുമ്പോള്‍ തന്നെ ഉടമസ്ഥന്‍ അകത്തുനിന്നും 'പിടിച്ചോ, പിടിച്ചോ' എന്നു പറഞ്ഞ് നായയെ പ്രോത്സാഹിപ്പിക്കും. ഇതു കേള്‍ക്കുന്ന നായ കുര തുടര്‍ന്നുകൊണ്ടേയിരിക്കും. കോഴിക്കൂടിന്‍റെ അടുത്തേക്കുപോലും പോകുവാന്‍ സാധിക്കാതെ നിരാശയോടെ മടങ്ങവേ കുറുക്കന്‍ ഇങ്ങനെ പറഞ്ഞു.
'കോഴിയുടെ ഉടമസ്ഥന്‍ 'പിടിച്ചോ, പിടിച്ചോ' എന്നു പറയുന്നു, പക്ഷേ ഈ പഴംകഞ്ഞികുടിയന്‍ നായയാണ് സമ്മതിക്കാത്തത് '
ഉടമസ്ഥന്‍ കൊടുക്കാമെന്നു പറഞ്ഞാലും കൊടുക്കന്‍ സമ്മതിപ്പിക്കാതെ, സ്വന്തം വര്‍ഗ്ഗത്തെ കുരച്ചോടിക്കുന്ന ഒരുപാടു മുഖങ്ങള്‍ പ്രവാസലോകത്തുണ്ട് . തനിക്കുമാത്രമല്ലാതെ മറ്റൊരാള്‍ക്കും ഒരു ആനുകൂല്യവും ഉണ്ടാകുവാന്‍ പാടില്ല എന്ന മനോവിചാരത്തോടെ സഹപ്രവര്‍ത്തകരെ നിഷ്ക്കരുണം നിസ്സഹായാവസ്ഥയിലെത്തിക്കുന്ന മലയാളികള്‍ ഗള്‍ഫുരാജ്യത്തെ കമ്പനികളിലെ നിത്യ കാഴ്ച്ചയാണ് .
ഗള്‍ഫില്‍ ഒരു ജോലി നേടുക, അതിനുവേണ്ടി ട്രാവല്‍ ഏജന്‍സികളുടെയും സബ് ഏജന്‍റുമാരുടേയും തിണ്ണകള്‍ കയറി നടക്കുക എന്നതൊക്കെ മലയാളികളുടെ ശീലമാണ്, ഒരിക്കല്‍ അതു ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ സ്വയം മറക്കുക എന്നത് ഒരു അനുശീലവും। തങ്ങള്‍ ചവുട്ടി വന്ന പടികള്‍ പാടേ മറന്ന് ഇനി ഒരുത്തനും എന്നേപ്പോലെ വളരേണ്ട എന്ന ചിന്താഗതിയോടെ താഴേത്തട്ടിലുള്ളവര്‍ക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങളെ തകിടം മറിച്ചും യാതൊരു ചേതവുമില്ലാതെ തനിക്കു ചെയ്തുകൊടുക്കാന്‍ കഴിയുന്ന സഹായങ്ങള്‍ക്കു നേരെ മുടന്തന്‍ന്യായഘോഷണം നടത്തിയും ജൂനിയര്‍ മലയാളികളുടെ നേരെ കുരയ്ക്കുന്ന ഒരുപാട് 'സീനിയര്‍' മലയാളികളുണ്ട്.
വിദ്യാഭ്യാസയോഗ്യതയോ, അനുഭവസമ്പത്തോ അല്ല മറിച്ച് ഭാഗ്യം എന്ന ഫാക്റ്റര്‍ ആണ് ഗള്‍ഫിലെ ജോലിയുടെ മാനദണ്ഡം। ഭാഗ്യം എന്ന ഫാക്റ്റര്‍ കൊണ്ടുമാത്രം അനര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നവരുടെ ഇടയിലാണ് ഈ അനുശീലം അധികമായി കണ്ടുവരുന്നത്.
ഗള്‍ഫിലെ ബാച്ചിലേര്‍സ് റൂമുകളിലെ വീക്കെന്‍റ്ട് ആഘോഷപരിപാടികളിലും സൊറ പറച്ചില്‍ വേളകളിലും ഇത്തരം ഒരു കഥാപാത്രത്തെ ചൊല്ലി പലരും വേദനിക്കുന്നതു കാണാം। അഥവാ പരിഹസിക്കുന്നതു കാണാം। ആഘോഷം ഇത്തിരി തലക്കു പിടിച്ചു കഴിഞ്ഞാലോ, ഇത്തരം 'സീനിയറ' ന്‍മാരുടെ അച്ഛനപ്പൂപ്പന്‍മാരെ തെറി കൊണ്ട് അഭിഷേകം നടത്തുന്നവരേയും കാണാം.
സ്വന്തം വര്‍ഗ്ഗത്തോട് ശത്രുത കാണിക്കാന്‍ ഈ സീനിയറന്‍മാര്‍ കണ്ടെത്തുന്ന ന്യായീകരണവും അതിന്‍റെ മന:ശാസ്ത്രവും കേവലം സരളം। സ്വാര്‍ത്ഥത। തനിക്കു ലഭിച്ച സ്ഥാനം അനര്‍ഹമാണെന്നും അസുരക്ഷിതവുമാണെന്ന വിചാരമാണ് ഇക്കൂട്ടരെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്। തങ്ങളുടെ സ്ഥാനം മറ്റാരോ തട്ടിയെടുക്കുമെന്നുള്ള ഭയം ഇവരെ വേട്ടയാടുന്നു। തന്നേക്കാള്‍ സമര്‍ത്ഥനും യോഗ്യനുമായ ഒരാള്‍ തനിക്കു പിന്നാലേ ഉണ്ടെന്ന തിരിച്ചറിവില്‍ ഉണ്ടാകുന്ന ഭയം മറച്ചുവെക്കാന്‍ ഇവര്‍ കണ്ടെത്തുന്ന കോഡാണ് ഈ ജാഡയും പരദ്രോഹവും। ഇവര്‍ അസുരക്ഷിതത്ത്വത്തിന്‍റെ ഭയം ചുമന്ന് ചുമന്ന് തലക്കനമുള്ളവരായി മാറുന്നു.
'സീനിയറന്‍' മാരേ, ഒരു കാര്യം ശരിയാണ്। നിങ്ങളേക്കാള്‍ സമര്‍ത്ഥനായ ഒരാള്‍ നിങ്ങളുടെ പിന്നിലുണ്ടെന്നു മറക്കാതിരിക്കുക। ഈ ഭൂമിയില്‍ ഒഴിച്ചുകൂടാത്തവരായി ആരുമില്ല। കാതു കുത്തിയവന്‍ പോയാല്‍ കാതും കുത്തി കടുക്കനുമിട്ട വേരൊരാള്‍ വരും। കോഴി കൂകുന്നതുകൊണ്ടല്ല നേരം വെളുക്കുന്നത്. പല്ലി താങ്ങുന്നതുകൊണ്ടല്ല മച്ച് വീഴാതിരിക്കുന്നത്. തിരിച്ചറിവു നേടുക. നിങ്ങളെപ്പോലെതന്നെ ഉദരപൂരണത്തിനായി കാതങ്ങള്‍ താണ്ടിയെത്തിയ നിന്‍റെ നിറമുള്ള സഹോദരനെ സഹായിക്കാനായില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക. നിങ്ങള്‍ ഭയക്കാതിരിക്കുക. 'സീസര്‍ക്കുള്ളത് സീസര്‍ക്ക് ' എന്ന ബൈബിള്‍ വചനം മറക്കാതെ ഉരുവിട്ടു ശീലിക്കുക. സര്‍വം സുഖ:ഭവന്തു.
Wednesday, January 30, 2008
Subscribe to:
Post Comments (Atom)
5 comments:
ഇതു പ്രവാസലോകത്തെ ചില കാഴ്ച്ചകളില്‍ ഒന്നാണ്. ആരേയും പ്രകോപിപ്പിക്കാനോ, പരിഹസിക്കാനോ അല്ല..
ഇങ്ങനെയുള്ള ആളുകള്‍ ഉണ്ടാവാം. പക്ഷെ സഹായമനസ്കരും ഉണ്ടെന്നുള്ളത് നാം വിസ്മരിച്ചുകൂടാ.
വാല്‍മീകി മാഷ് പറഞ്ഞതിനോട് അനുകൂലിയ്ക്കുന്നു.
:)
ഗുരുജിയില്‍ മുന്‍പ് പോസ്റ്റ് ചെയ്തിരുന്നത് പോലൊരു തോന്നല്‍..വായിച്ചത് പോലെ.
സര്‍വം സുഖ:ഭവന്തു
Post a Comment