വെയിലറിയാതെ, മഴയറിയാതെ, വര്‍ഷങ്ങള്‍ പോകുവതറിയാതെ...
എസ്. ജാനകി പാടിയ ഒരു പഴയ മലയാള സിനിമാഗാനത്തില്‍ നിന്നുള്ളതാണ് ഈ വരികള്‍. ദേവദാരുവിന്‍ കീഴിലെ താപസകന്യകളായ സൂര്യകാന്തിപ്പൂക്കളെപ്പോലെയല്ല, മറിച്ച് ഉച്ചസൂര്യന്‍റെ ഉഷ്ണത്തിലും മഴയുടെ കുളിരറിയാതെയും വര്‍ഷങ്ങള്‍ പോകുന്നതറിയാതെ ജീവിച്ചു തീരുന്ന പ്രവാസി മലയാളികളുടെ പറയാതെ പോകുന്ന ചില ജീവിതചര്യകളിലേക്കു നമുക്കൊന്നു നോക്കാം.
പ്രവാസികളുടെ മനസ്സില്‍ അവന്‍റെ നാടിനും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രായമേറുന്നില്ല. അവന്‍ എന്നാണോ പ്രവാസത്തിന്‍റെ പാന്റ് എടുത്തിട്ടത് , അന്നത്തെ ഒരു ഫോട്ടോ ഇമേജ് ഓരോ പ്രവാസിയും മനസ്സില്‍ ചില്ലിട്ടു വെക്കുന്നു. പിന്നീടിങ്ങോട്ട് വര്‍ഷങ്ങള്‍ പോകുന്നത് അവന്‍ അറിയുന്നേയില്ല. തന്‍റെ മുടി നരയ്ക്കുന്നതും, ഭാര്യയുടെ കവിളിലെ പ്രഭ മങ്ങുന്നതും മകന് മീശ മുളയ്ക്കുന്നതും മകള്‍ വയസ്സറിയിക്കുന്നതും എല്ലം അവന് ഉള്‍ക്കൊള്ളാന്‍ പറ്റാതെ വരുന്നത് ഇതുകൊണ്ടാണ്.
ഭാര്യമാരുടെ ഫോണ്‍ വിളികളിലൂടെയോ, കത്തിലൂടെയോ മാത്രം അവന്‍റെ ലോകം മുന്നോട്ടു നീങ്ങുന്നു. നാട്ടിലേക്കു അവധിക്കു പോകുമ്പോള്‍ തന്‍റെ മോന്‍ എത്ര വലുതായെന്നോ, ഏതു ക്ലാസ്സിലാണു പഠിക്കുന്നതെന്നോ, മകളുടെ ഫ്രോക്കിന്‍റെ സൈസ് എത്രയെന്നോ, എന്തിനേറെ സ്വന്തം ഭാര്യയുടെ ബ്രായുടെ അളവു പോലും എത്രയെന്നറിയാതെ അവര്‍ക്കുവേണ്ടി തുണിത്തരങ്ങളും മറ്റിനങ്ങളും ഊഹങ്ങളിലൂടെ വാങ്ങേണ്ടിവരുന്ന എത്രയോ പ്രവാസികള്‍ ഇവിടെയുണ്ട്.
തുടുത്ത ആരോഗ്യമുണ്ടായിരുന്ന കാലത്ത് വിസ ലഭിച്ച് ഇവിടെയെത്തിയവര്‍ ഇന്നു നര കയറിയവരായിരിക്കുന്നു. കഷണ്ടി ബാധിച്ചവരായിരിക്കുന്നു. ഗള്‍ഫില്‍ കിട്ടുന്ന പലതരം ഹെയര്‍ ഡൈകള്‍ മാറി മാറി പ്രയോഗിച്ച് തലയും മീശയും നെഞ്ചിലെ രോമം വരെയും കറുപ്പിച്ച് കാലത്തെ പിടിച്ചു നിര്‍ത്താന്‍ നോക്കുന്നവര്‍ ഈ മണ്ണില്‍ വീണുപോയ അവരുടെ യൌവനത്തെ മന:പൂര്‍വം മറക്കന്‍ ശ്രമിക്കുന്നു. അവര്‍ കടന്നുപോയ വര്‍ഷങ്ങള്‍ സ്വബോധത്തോടെ മറക്കുന്നു. പലപ്പോഴും മനസ്സ് ഓടിയെത്തുന്നിടത്ത് ശരീരം എത്താനാകാതെ വിഷമിക്കുന്നത് മറ്റാരേയും അറിയിക്കാതിരിക്കാന്‍ ഇവര്‍ വിഫലമായി ശ്രമിക്കുന്നതു കാണാം.
കമ്പനിക്കാര്‍ നല്‍കുന്നതോ, മലയാളി ഹോട്ടലുകളില്‍ നിന്നോ, മലയാളികള്‍ നടത്തുന്ന മെസ്സുകളില്‍ നിന്നോ ലഭിക്കുന്ന മട്ടണും കീമയും ബീഫ് ഫ്രൈയും ചിക്കന്‍ ഫ്രൈയും പൊറോട്ടയും കഴിച്ച് ഇവര്‍ രോഗികളാകുന്നു. കമ്പനി കൊടുക്കുന്നതോ, 'ഷെയറിംഗി' ലൂടെ നേടുന്ന താമസസ്ഥലത്ത് യാതൊരുവിധ പ്രൈവസിയുമില്ലാതെ, പലരോടൊത്ത് മുറികല്‍ പങ്കിട്ട് ജീവിതം കഴിക്കുന്നു. തൊട്ടടുത്തു കിടക്കുന്നവന്‍റെ കൂര്‍ക്കം വലിയാല്‍ ഉറക്കം നഷ്ടപ്പെടുന്നവര്‍, അടുത്തു കിടക്കുന്നവന്‍റെ അധോവായുവിന്‍റെ ദുര്‍ഗന്ധത്താല്‍ ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍, പ്രഭാതത്തില്‍ ഉണര്‍ന്ന് കകൂസില്‍ കയറി മറ്റാരുടെയോ മലം ദര്‍ശിക്കുകയും ഫ്ലഷ് ചെയ്യുകയും ചെയ്യേണ്ടിവരുന്നവര്‍..ഈ നിര നിരവധിയാണ്.
മുയലുകളെപ്പോലെ ഒരു ദിവസം പല തവണ ഇണചേരാന്‍ വികാരം വിജൃംഭിച്ചുനിന്ന ' ആ നല്ല പ്രായത്തില്‍' പ്രവസലോകത്തെത്താന്‍ വിധിക്കപ്പെട്ടവര്‍ തങ്ങളുടെ രതിശീലങ്ങളെ തടവറയിലിടാന്‍ കാലങ്ങളായി ശീലിച്ചുപോരുന്നു. അവസാനം കെട്ടിയിട്ടു വളര്‍ത്തുന്ന കുതിരയെപ്പോലെ ക്ഷയിച്ച വികാരവുമായി വര്‍ഷത്തിലൊരിക്കല്‍ ഇണചേരാന്‍ വിധിക്കപ്പെട്ടവനാകുന്നു പ്രവാസികള്‍.
ലൈംഗിക അവയവങ്ങള്‍ കേവല പ്രാഥമിക ആവശ്യങ്ങള്‍ക്കു മാത്രമായി ഉപയോഗിക്കുന്നതിലേക്ക് അധ:പതിപ്പിക്കുന്ന പ്രവാസികളില്‍ കാമം എന്ന ചേതന വര്‍ഷത്തിലൊരിക്കലോ, രണ്ടു വര്‍ഷത്തിലൊരിക്കലോ മാത്രം അനുശീലിക്കേണ്ടിവരുന്ന ഒരു ശീലമായി കൂപ്പുകുത്തുന്നു. ഗള്‍ഫുലോകത്ത് നിയമവിരുദ്ധമെങ്കിലും സുലഭമായി ലഭിക്കുന്ന നീലച്ചിത്രങ്ങള്‍ ഒളിച്ചിരുന്നോ, കൂട്ടുകാരുമായി കൂട്ടം ചേര്‍ന്നോ കണ്ടു മാത്രം ഉദ്ദീപനമുണ്ടാക്കേണ്ടി വരുന്ന ഭൂരിപക്ഷം പ്രവാസികളും വല്ലപ്പോഴും വീണുകിട്ടുന്ന ഏകാന്തതയിലും, ഇരുട്ടിലും കുളിമുറികളിലും തന്‍റെ ജൈവകാമനയെ സ്വന്തം കൈകളാല്‍ കഴുത്തു ഞെരിച്ചു ശമിപ്പിക്കുന്നു. അങ്ങനെ 'ദമനവും ശമനവും' അവന്‍ സ്വയം അനുശീലിക്കുന്നു.
ഇതിനൊക്കെയിടയിലൂടെ കാലം ഊര്‍ന്നുപോകുന്നത് അവന്‍ അറിയുന്നില്ല. തനിക്കു ലഭിച്ച ഭാര്യയെ മതിയാവോളം സ്നേഹിക്കുവാന്‍ കഴിയാത്തവര്‍..തനിക്കു ജനിച്ച കുഞ്ഞിനെ മതിയാവോളം ലാളിക്കുവാന്‍ കേവല ദിവസങ്ങള്‍ മാത്രം ലഭിച്ചവര്‍. ലാളിച്ചു തീരും മുന്‍പേ മക്കള്‍ വളര്‍ന്നു പോകുന്നു. ഇന്നത്തെ പെണ്‍കുട്ടികളില്‍ 10 വയസ്സ് തികയുന്നതോടെ ആര്‍ത്തവചക്രമുണ്ടാകുന്നു. അന്നുമുതല്‍ അച്ചന് തന്‍റെ മകളെ മടിയിലിരുത്തി ഓമനിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. ബൈക്കും മൊബൈലും ഇന്‍റര്‍നെറ്റും കൂട്ടുകാരുമായി വളര്‍ന്നു ശീലിച്ച മകന്‍ വളര്‍ച്ചയെത്തും മുന്‍പേ തന്നെ അച്ചന്‍റെ ഭാവനയുടെ പരിധിക്കപ്പുറത്തേക്കു വളര്‍ന്നുപോകുന്നു. ചെലുത്താനാകാത്ത ലാളനയുടെ ഭാരം ചുമക്കുന്ന നിരവധി അച്ഛന്‍മാര്‍ പ്രവാസലോകത്തുണ്ട്. ഒഴുക്കനാകാത്തെ പ്രണയം അണകെട്ടി നിര്‍ത്തി ദുര്‍ഗന്ധമുണ്ടാക്കുന്ന ഭര്‍ത്താക്കന്‍മാരും നിരവധി.
കഴുത്തില്‍ ടൈയും കെട്ടി എ.സി മുറികളിലിരുന്ന് മൊബൈല്‍ ഫോണിലൂടെയും ഇന്‍റര്‍നെറ്റ് ചാറ്റിംഗിലൂടെയും വെബ്ക്യാമറയിലൂടെയും, വീഡിയോ കോണ്‍ഫ്രന്‍സിംഗിലൂടെയും ദൈനംദിന ജീവിതം തള്ളിനീക്കുന്ന അഭ്യസ്തവിദ്യരായ 'സ്കില്‍ഡ് കംപ്യൂട്ടറൈസ്‌ഡ്' മലയാളിക്കും കവറോള്‍ എന്ന ഓമനപ്പേരിട്ട വര്‍ക്ക് സ്യൂട്ട് കുപ്പായത്തിനുള്ളില്‍ ശരീരം മൊതം കുത്തിക്കയറ്റി റോഡു പണി മുതല്‍ ഇങ്ങൊട്ടുള്ള ശാരീരികാധ്വാനം വേണ്ട എല്ലാ അറ്റകുറ്റപ്പണികളും ചെയ്യുന്ന 'അണ്‍സ്കില്‍ഡ്' മലയാളിക്കും എല്ലാം ഈയൊരു കാര്യത്തില്‍ ഒരേ മുഖച്ഛായ ആണ്.
കാലം കാത്തു നില്‍ക്കുകയില്ല. നിങ്ങളേയും ആരും കാത്തുനില്‍ക്കുകയില്ല. മുതിര്‍ന്ന പ്രവാസികളൊട് 'കാലം കുറെ ആയില്ലേ ചേട്ടാ, ഇനിയെങ്കിലും നിര്‍ത്തിപ്പൊയ്‌കൂടേ' എന്നു ചോദിക്കുന്ന യുവപ്രവാസികളേ, നിങ്ങളും പ്രവാസത്തിന്‍റെ പാന്‍റ്റിട്ടവരാണ്. ഇലകള്‍ അടരുന്നതുപോലെ നിശ്ശബ്ദമായി കാലം കൊഴിയുന്നത് നിന്‍റെ കാലിന്‍ ചുവട്ടില്‍കൂടിയുമാണ്. മുന്‍ഗാമികള്‍ തട്ടി വീണ കല്ലുകള്‍ നിങ്ങള്‍ക്കൊരു മുന്നറിയിപ്പായിക്കരുതി സൂക്ഷിച്ചു നടക്കുക. തട്ടിവീണവരെ പരിഹസിക്കാതിരിക്കുക
-guruji.masterji@gmail.com
Thursday, January 31, 2008
Subscribe to:
Post Comments (Atom)
2 comments:
പ്രവാസത്തിന്റെ കാഴ്ചകള്‍ വളരെ വ്യക്തമായി അവതരിപ്പിച്ചിരിയ്ക്കുന്നു.
നല്ല പോസ്റ്റ് മാഷേ...
വേദന മാത്രം നിറഞ്ഞ, സത്യങ്ങള്‍ മാത്രം നിറഞ്ഞ, ഒരു പോസ്റ്റ്.
Post a Comment