വിജയകൃഷ്ണന്‍ വെക്കേഷനു പോയപ്പോള്‍, തന്‍റെ നാട്ടുകാരനും അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്നതുമായ ജോസൂട്ടി ഒരു എമര്‍ജന്‍സി ലൈറ്റും ടൈഗര്‍ ബാമും പിന്നെ ഒരു ചെക്കും വിജയകൃഷ്ണന്‍റെ കൈയ്യില്‍ കൊടുത്തു വിട്ടിരുന്നു. അതു കൊണ്ടുക്കൊടുക്കാനായി വിജയകൃഷ്ണന്‍ ജോസൂട്ടിയുടെ അപ്പന്‍ ചാങ്ങേപ്പറമ്പില്‍ തോമാച്ചന്‍റെ വീട്ടിലെത്തി. തോമച്ചന്‍ തന്‍റെ ദു:ഖങ്ങള്‍ വിജയകൃഷ്ണനുമായി പങ്കു വെച്ചതിങ്ങനെയാണ്..
വിജയകൃഷ്ണന്‍ കുഞ്ഞേ, എതെന്നതൊക്കെയാ അവന്‍ തന്നു വിട്ടിരിക്കുന്നേ? ജോസൂട്ടി കഴിഞ്ഞ എട്ടു നോമ്പിനൊന്നു വിളിച്ചതാ, അതിപ്പിന്നെ, ങേഹേ, ഇന്നേവരെ അവന്‍ വിളിച്ചിട്ടില്ല. അവന്‍ വിളിക്കുമ്പോഴൊക്കെ ഞാന്‍ എന്നതാ ഈ പൈസേടെ കണക്കു മാത്രം പറയുന്നേ എന്നാ അവന്‍റെ ചോദ്യം? ഇന്നാളവന്‍റെ അമ്മച്ചിയെ വിളിച്ചാരുന്നു. അന്നേരം ഞാന്‍ ഇവിടില്ലാരുന്നെന്നേ. റബ്ബര്‍ വെട്ടിക്കാന്‍ പൊയിരിക്കുവാരുന്നു. എല്ലായിടത്തും ഞാന്‍ തന്നെ ഓടിനടക്കേണ്ടേ? അന്നു അവളെ വിളിച്ചപ്പോളാ എമര്‍ജന്‍സി ലൈറ്റു കൊടുത്തുവിടണമെന്നു അവള്‍ പറഞ്ഞത്. അവന്‍ കഴിഞ്ഞ തവണ കൊണ്ടുവന്നതു ആലീസിന്‍റെ മോന്‍ പള്ളിക്കൂടം അടച്ചപ്പോള്‍ ഇവിടെ വന്നു നിന്നപ്പോള്‍ അങ്ങു പൊട്ടിച്ചു. അവന്‍റെ തന്തേടെ മൊതല്‍ ആയിരുന്നേല്‍ അറിയാമാരുന്നു. ഞാന്‍ ഒരു പെടയും കൊടുത്തു. അതു പോട്ടെ.
ജോസൂട്ടിക്ക് അവിടെ സുഖമാണൊ മോനേ? പഴേ പൊലൊന്നുമല്ല കുഞ്ഞേ ഇപ്പോ അവന്‍. പെണ്ണുകെട്ടിയേപ്പിന്നെ ആകെ മാറിപ്പൊയെന്നേ. ഞന്‍ ഇതു പറയുന്നതു മോന്‍ അവനെ കാണുമ്പോള്‍ ഒന്നു പറഞ്ഞു കൊടുക്കാന്‍ കൂടിയാ. ഈ പെണ്ണുകെട്ടുന്നതിനു മുന്നേം അവന്‍ അക്കരെ തന്നെയാരുന്നേ. അന്നവന്‍ അയച്ച കാശു കൊണ്ടല്ലേ കുഞ്ഞേ ഈ വീടൊക്കെ ഈ പരുവത്തിലാക്കിയത്. ഇപ്പോ അവന്‍റെ കാശൊക്കെ എന്തിയേ? അവന്‍ എല്ലാം അങ്ങു പെണ്ണുംപിള്ള വീട്ടിലോട്ടു തള്ളുവായിരിക്കും. അവള്‍ വരച്ച വരേലാ മോനേ അവന്‍ .
അല്ലേല്‍ ഇപ്പോ അവന്‍റെ കാശൊക്കെ എവിടെപ്പോയി? ഞങ്ങളു കൃസ്ത്യാനികള്‍ക്കു വീടിനവകാശം എതായാലും എളേ പിള്ളേര്‍ക്കാ. ഈ വീടേതായാലും ഇളയവന്‍ ബോബനു കൊടുക്കേണ്ടി വരും. അതൊക്കെ ജോസൂട്ടിയുടെ പെണ്ണുംപിള്ള ഉറുത്തികൊടുത്തുകാണും. അവന് പെണ്ണുംപിള്ളേടെ നാട്ടില്‍ വസ്തു വാങ്ങാന്‍ ഉദ്ദേശമുണ്ടെന്ന് പുത്തന്‍ കുര്‍ബ്ബാനക്കു അവന്‍റെ അമ്മായിയപ്പനെ പള്ളീല്‍ വെച്ചു കണ്ടപ്പോള്‍ ആ സംസാരത്തീന്നു എനിക്കു തോന്നി.
പിന്നെ എന്‍റെ ഷേര്‍ലിമോളും അക്കരെ തന്നെ നേഴ്‌സായതു കൊണ്ടാ ഇവിടെ കാര്യങ്ങളൊക്കെ ഒരു മാതിരി നടന്നു പോന്നേ. ജോസൂട്ടിയുടെ ഇളേതാണേലും അവള്‍ക്കു കാര്യവിവരമുണ്ട്. അവളേം കെട്ടിച്ചു വിട്ടതാണേ, പക്ഷേ അവള്‍ക്കു വീടൊന്നൊരു വിചാരമൊക്കെയുണ്ട്. അവടെ കെട്ടിയോന്‍റെ നയാ പൈസ അവള്‍ അവന്‍റെ വീട്ടിലോട്ടു കൊടുപ്പിക്കത്തില്ല. അനാവശ്യം കളയിക്കത്തുമില്ല. ആ കാശെല്ലാം സ്വരുക്കൂട്ടിയല്ലിയോ മോനേ ഞാന്‍ ആ പാണ്ടന്‍പറമ്പത്തുകാരുടെ റബ്ബര്‍ തോട്ടം ഇങ്ങു വാങ്ങിയേ. അവടെ കെട്ടിയോന്‍ ഒരു പാവം പിടിച്ച കൊച്ചനാണെന്നേ. അവളു പറയുന്നതു കേട്ടു നിന്നോളും. ഇപ്പോ ദേ ഇളയ ചെക്കന്‍ ബോബനു ഒരു ക്യമറാ മൊബൈലാ കഴിഞ്ഞ ആഴ്ച്ച കൊടുത്തുവിട്ടത്.
എന്‍റെ മൂത്ത മോള്‍ ആലീസിനെ മോന്‍ കണ്ടിട്ടില്ലേ? അവടെ കെട്ടിയോന്‍ മാത്തുക്കുട്ടിക്കു ഗള്‍ഫില്‍ പോകാന്‍ ആ ട്രാവല്‍ ഏജന്‍സിക്കാര്‍ക്കു കൊടുക്കന്‍ 50000 രൂപക്കു വേണ്ടി പണയം വെക്കാനായി ജോസൂട്ടിയുടെ പെണ്ണുംപിള്ളേടെ ഇത്തിരി സ്വര്‍ണ്ണം ചോദിച്ചതിനുണ്ടായ പുകിലൊന്നും പറയേണ്ട. പിന്നെ ഷേര്‍ലിക്കു കൊടുത്ത സ്വര്‍ണ്ണം എടുത്തു പണയം വെച്ചാ കുഞ്ഞേ അവന്‍ പോയത്.
മോനൊരു കാര്യമറിയാവോ? ഞങ്ങടെ കൂട്ടത്തില്‍ ഒരാള്‍ അക്കരെ പോയല്‍ കുടുംബത്തിലുള്ള മറ്റെല്ലവരേയും കൊണ്ടുപോകും. എന്‍റെ അനിയന്‍ ഔതക്കുട്ടിയുടെ എളേ മോന്‍ ഷിബൂനെ ഒന്നു രക്ഷപ്പെടുത്താന്‍ നാലുകൊല്ലമായി ഞാന്‍ പറയുന്നു. ഇതേവരെ അവന് ആ കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ല. അതെങ്ങനാ അവനു അവന്‍റെ പെമ്പ്രന്നോത്തി പറയുന്നതല്ലേ വേദവാക്യം. എന്നാലോ അവളുടെ ആങ്ങള ചെറുക്കനെ അങ്ങു കൊണ്ടുപോവേം ചെയ്തു. അവനു കമ്പ്യൂട്ടറില്‍ എന്തൊ വലിയ പഠിത്തമുണ്ടെന്നൊരു പറച്ചിലും.
ഇവിടുത്തെ കാര്യങ്ങള്‍ എങ്ങനാ നടക്കുന്നേന്ന് ജോസൂട്ടിക്കൊരു വിചാരോമില്ല. നാട്ടിലെ പൈസാ ചെലവ് അവിടിരിക്കുന്ന നിങ്ങള്‍ക്കു മനസ്സിലാകത്തില്ലെന്നേ. കല്യാണം, വെഞ്ചെരിപ്പ്, മാമ്മോദീസ, പള്ളിപ്പിരിവ്, ഉത്‌സവപ്പിരിവ്, കറണ്ടു ചാര്‍ജ്ജ്, ഫോണ്‍ ബില്ല്, ഇതിന്‍റെയൊക്കെ പേരില്‍ മാസാമാസം എത്ര പൈസയാ പെറുക്കുന്നത്? നാട്ടുകാരുടെ കണ്ണില്‍ മോനും മോളും ഇപ്പോ ദേ മരുമോനും ഗള്‍ഫിലായതുകൊണ്ട് ആര്‍ക്കും കൊടുക്കുന്നതൊന്നും അത്രക്കങ്ങു പോരാത്തതുപോലാ. ഇവിടെ ഒരു ബുദ്ധിമുട്ടുമില്ലാ എന്നാ എല്ലരുടെയും വിചാരം.
ദേ ഇന്നു രാവിലെ ഇടവകപ്പള്ളീന്ന് അച്ചന്‍ വന്നുപോയതേ ഉള്ളൂ. പള്ളിവക കോളേജിലെന്തോ സ്വാശ്രയപഠിത്തം തുടങ്ങിയെന്നും അതിനു വേണ്ടി കൈ അയഞ്ഞ് കൊടുക്കണമെന്നുമൊക്കെ പറഞ്ഞോണ്ട്. ഇടയ ലേഖനമാണെന്നും പറഞ്ഞ് ഒരു നോട്ടീസും തന്നിട്ടുപോയി. മക്കളു ഗള്‍ഫിലായതു കൊണ്ട് അവരു അവിടെക്കിടന്നൊണ്ടാക്കുന്ന കാശെല്ലാം പള്ളിക്കു കൊടുക്കണമെന്നാ അച്ചന്‍മാര്‍ വിചാരിക്കുന്നേ. കവലയിലെ കുരിശുംമൂടിനു സംഭാവന കൊടുത്തിട്ട് ആറുമാസമായില്ല. അച്ചന്‍മാര്‍ക്ക് പള്ളിക്കാര്യം നോക്കിയാല്‍ പോരേ, പള്ളിക്കൂടം പഴേപോലെ അങ്ങു നടക്കത്തില്ലിയോ. ഒരോരോ പരിഷ്‌ക്കാരങ്ങള്.
പറഞ്ഞു പറഞ്ഞ് സമയം പോയതറിഞ്ഞില്ല. ദേ കൊണ്ടുവെച്ച ചായേം ചക്കയുപ്പേരിയും മോന്‍ കഴിച്ചില്ലല്ലോ. ജോസൂട്ടിയെ കാണുമ്പോള്‍ ഇവിടുത്തെ കഷ്ടപ്പാടൊക്കെ മോന്‍ അവനോടു പറയണം. തെക്കേലെ മധോന്നായരുടെ മോള്‍ ബിന്ദൂന്‍റെ കല്യാണമാ. അവരുടെ മൂത്തമോന്‍ അങ്ങു പട്ടാളത്തിലാ. പട്ടാളത്തീന്നൊക്കെ കിട്ടുന്നതുകൊണ്ട് ഇന്നത്തെ കാലത്ത് ഒരു പെണ്ണിനെ ഒക്കെ കെട്ടിച്ചുവിടാന്‍ പറ്റുമോ? സ്വര്‍ണ്ണത്തിനൊക്കെ എന്താ വില? അവരാ പടിഞ്ഞാറ്റേലെ 25 സെന്റ് കല്യാണാവശ്യത്തിനായി വില്‍ക്കുമെന്നാ കേള്‍ക്കുന്നേ. നമ്മുടെ ബ്രോക്കര്‍ ഗോവിന്ദന്‍ പറഞ്ഞതാണേ. അങ്ങനെങ്ങാനും അവരു വില്‍ക്കുവാണേല്‍ അതൊന്നു വാങ്ങുന്ന കാര്യം ജോസൂട്ടിയോടു പറയണമെന്നു വിചാരിച്ചിരിക്കുവാ. അവന്‍റെ പെണ്ണുംപിള്ളക്കു പിടിക്കുകേലായിരിക്കും. മോന്‍ അവനെ കാണുമ്പോള്‍ ഈ കാര്യം ഒന്നു ശരിക്കും പറഞ്ഞു കൊടുക്കണം. നല്ല കണ്ണായ വസ്തുവാ. റോഡിറമ്പിലാണു താനും. മറ്റു വല്ല ജാതിക്കാരും വന്നു വാങ്ങുന്നതിനേക്കാള്‍ നല്ലതല്ലിയോന്നു വിചാരിച്ചാ.
മോന്‍റ്റടുത്തല്ലിയോ നമ്മുടെ കുന്നുംപുറത്തെ ദിവാകരനും. അവന്‍ അവിടെ നല്ല നെലേലാ അല്ലിയോ മോനേ? മേമനക്കരുടെ 50 സെന്റ് അവന്‍ ഇന്നാളു വാങ്ങിയ കാര്യോം അന്നു ബ്രോക്കര്‍ ഗോവിന്ദന്‍ പറഞ്ഞാരുന്നു. അവന്‍റെ പഴേ സ്വഭാവമൊക്കെ മാറിയോ മോനേ? ഒരു കണക്കിനു അവന്‍ നാട്ടീന്നു പോയതും നന്നായി.
മോനെന്താ പെണ്ണൊന്നും കെട്ടുന്നില്ലേ? അവിടെത്തന്നെ ആശുപത്രീലുള്ള ഏതോ ഒരു കൊച്ചുമായി അടുപ്പമാണെന്നൊക്കെ അച്ഛന്‍ ഇന്നാളു ഷാപ്പിന്‍റെ അടുത്തുള്ള ഇടവഴിയില്‍ വെച്ചു കണ്ടപ്പോള്‍ സൂചിപ്പിച്ചു.
ഒരു കണക്കിന് കല്യാണം ഉടനെ നടത്താതിരിക്കുന്നതാ നല്ലത്. വീട്ടുകാര്‍ക്കേലും ഗുണമുണ്ടാകുമല്ലോ. എന്‍റെ ജോസൂട്ടിയുടെ കാര്യം തന്നെ നോക്ക്!. ഒരു പെണ്ണു വന്നു കേറിയാലത്തെ അവസ്ഥയേ? ഏതായലും മോന്‍ അവനെ കാണുമ്പോള്‍ എല്ലാം ഒന്നു വിശദമായി പറഞ്ഞേരു കേട്ടോ. അപ്പോ ശരി മോനേ...
തോമാച്ചന്‍റെ കഥ കേട്ടു വിജയകൃഷ്ണന്‍ ചാങ്ങേപ്പറമ്പില്‍ നിന്നും സ്വന്തം വീട്ടിലേക്കു തിരിച്ചു.
Tuesday, February 12, 2008
Subscribe to:
Post Comments (Atom)
4 comments:
കൊള്ളാം..... ഇതിനൊക്കെ എന്താ പറയുക....:)
ഇതു നന്നായിട്ടുണ്ട്, മാഷേ.
:)
വിജയകൃഷ്ണനെ സ്വീകരിച്ചവരോടു ഒരുപാടു നന്ദി...
ചിരിക്കുന്നില്ല. കാരണം ഇതൊക്കെ തന്നെയാ എല്ലായിടതെയും കഥ :D
Post a Comment