Monday, January 28, 2008

ഇങ്ങനേയുമുണ്ടോ ഒരു ഭക്തി

കലിയുഗത്തില്‍ മനുഷ്യന്‍ ഭക്തിയുടെ പേരില്‍ എന്തു കാണിക്കാനും എന്തിനേയും ആരാധിക്കാനും വെമ്പല്‍ കൊള്ളുമെന്നു സാക്ഷാത് ശ്രീകൃഷ്ണ ഭഗവാന്‍ പറഞ്ഞതിന്‍റെ ഒരു പ്രത്യക്ഷഭാവം ഇതാ ഇങ്ങിനേയും.

ഈ കലിയുഗത്തിലെ ഒരു മണ്ഡലക്കാലം. ചെയ്തുകൂട്ടിയ പാപങ്ങള്‍എല്ലാം തീര്‍ക്കാന്‍ മല ചവുട്ടിയാല്‍ മതിയെന്ന വിശ്വാസത്തോടെ കടിച്ചുപിടിച്ചു വ്രതമെടുക്കുന്നവര്‍ പാപമിറക്കുന്ന വിശുദ്ധകാലം. അങ്ങനെ ഈ പുണ്യകാലത്ത്‌ കോയിക്കല്‍പ്പറമ്പിലെ കേശവന്‍ നായരും തന്‍റെ പേരക്കുട്ടിയുമായി മല ചവിട്ടാന്‍ തീരുമാനിച്ചു. അയലത്തു വീട്ടിലെ വാസുക്കുട്ടി കൊണ്ടുക്കൊടുത്ത പലിശക്കാശില്‍ നിന്നാണ്‌ നെയ്ത്തേങ്ങക്കുള്ള നെയ്യും കെട്ടുനിറക്കാനുള്ള സാമഗ്രികളും വാങ്ങിച്ചതെന്നുള്ളത്‌ കേശവന്‍നായര്‍ക്കും പിന്നെ അയ്യപ്പഭഗവാനും മാത്രമേ അറിയൂ.

കഥ ഇങ്ങനെയാണ്‌. ഇരുമുടി കെട്ടുമുറുക്കി, തന്‍റെ ഗള്‍ഫിലെ മോന്‍ പുതിയതായി വങ്ങിയ 'സ്കോര്‍പ്പിയോ' യില്‍ കേശവന്‍നായരും പേരക്കുട്ടിയും ഡ്രൈവറോടൊപ്പം രാത്രിയിലാണ്‌ വീട്ടില്‍ നിന്നും ഇറങ്ങിയത്‌. ഏഴരവെളുപ്പിനെ പമ്പയില്‍ വന്നിറങ്ങി. പമ്പയില്‍ മുങ്ങി, പാപം കഴുകി, തൊഴുതു മുന്നോട്ടു നീങ്ങിയപ്പോള്‍ പേരക്കുട്ടി നിര്‍ബന്ധബുദ്ധിയോടെ കേശവന്‍നയരോട്‌ ഒരു കാര്യം പറഞ്ഞു.

'മുത്തച്ഛാ എനിക്കു അപ്പിയിടാന്‍ മുട്ടുന്നു'

അപ്പിയിടാതെ ഒരു ചുവടു മുന്നോട്ടു നടക്കനാവില്ലെന്നു കുട്ടി തീര്‍ത്തും പറയുകയും അപ്പിയിടുകയും ഒരുമിച്ചായിരുന്നു. കെട്ടും ശരണം വിളിയുമായി അയ്യപ്പന്‍മാര്‍ നടന്നുനീങ്ങുന്ന വഴിയില്‍ കേശവന്‍നായരുടെ കൊച്ചുമകന്‍ അപ്പിയിട്ടു. കണ്ട തമിഴന്‍മാര്‍ക്കും വടക്കന്‍മാര്‍ക്കും ഒക്കെ ഇവിടെ വന്നു തൂറാമെങ്കില്‍ നമ്മുടെ സ്വന്തം നാട്ടിലെ ശബരിമലയില്‍ തൂറാന്‍ മലയാളിയായ കേശവന്‍നായരുടെ പേരക്കുട്ടിക്ക്‌ അവകാശമില്ലേ. കേശവന്‍ നായര്‍ അങ്ങനെയങ്ങ്‌ ആശ്വസിച്ചു.

ഇട്ട അപ്പി എങ്ങനെ 'ഡിസ്പോസ്‌' ചെയ്യുമെന്നതായി കേശവന്‍നായരുടെ അടുത്ത പ്രോബ്ലം. അവസാനം ഒരു ഉപായം കണ്ടെത്തി. കൈയില്‍ കരുതിയിരുന്ന പട്ടുതുണികൊണ്ട്‌ അതങ്ങു മൂടിയിട്ടു.

അയ്യപ്പഭക്തന്‍മാര്‍ തിക്കിത്തിരക്കിവരുന്ന വഴിയില്‍ മൂടിയിട്ട തുണിയില്‍ ചവിട്ടാതിരിക്കാന്‍ കേശവന്‍നായര്‍ ഒരു ഭക്തനോട്‌ ഉറക്കെ വിളിച്ചു പറഞ്ഞു.

'അയ്യോ, അതില്‍ ചവിട്ടരുത്‌'

കേശവന്‍നായര്‍ പറഞ്ഞത്‌ പാതി മാത്രം കേട്ട ഒരു ഭക്തന്‍ തിരിഞ്ഞു നോക്കി. പട്ടുകൊണ്ടു മൂടിയിട്ട ഒരു വസ്തുവില്‍ ചവിട്ടരുതെന്ന്‌ ഒരാള്‍ വിളിച്ചു പറയണമെങ്കില്‍ അവിടെ എന്തെങ്കിലും ദൈവസാന്നിദ്ധ്യമുണ്ടായിരിക്കണം. കേട്ടതു പാതി കേള്‍ക്കാത്തതു പാതി ആ ഭക്തന്‍ ഓടിച്ചെന്നു പട്ടുതുണി കൊണ്ടു മൂടിയിട്ടിടത്തു ചെന്ന്‌ മൂന്ന്‌ പ്രദിക്ഷണം ചെയ്ത്‌ കുമ്പിട്ടു.

മുമ്പേ ഗമിച്ചീടിന ഗോവു തന്‍റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം എന്നാണല്ലോ പ്രമാണം. പിന്നാലെ വന്ന അയ്യപ്പഭക്തന്‍മാരെല്ലാം പട്ടുതുണിക്കു വലം വെക്കുകയും കര്‍പ്പൂരമുഴിയുകയും ചെയ്തുകൊണ്ടേയിരുന്നു.

അവസാനം ആ പുണ്യസ്ഥലം ഒരു നോക്ക്‌ ദര്‍ശിക്കുവാന്‍ അയ്യപ്പഭക്തന്‍മാര്‍ തിക്കിത്തിരക്കി. കേശവന്‍നായരും പേരക്കുട്ടിയും മല ഇറങ്ങി വരുമ്പോള്‍ അയാള്‍ മൂടിയിട്ട പട്ടുതുണിക്കു ചുറ്റും ദിവ്യദര്‍ശനത്തിനും തൊട്ടുതൊഴാനും നിരവധി പേര്‍ ക്യൂ നില്‍ക്കുന്നുണ്ടായിരുന്നു..

9 comments:

ശശി said...

ഇപ്പോഴത്തേ ഭക്തശിരോമണികളേ പറ്റി എഴുതിയതു വളരേ നന്നായി.ഇതുകൂടാതെ പുതിയ ഒരു പ്രവണത കൂടെ വളര്‍ന്നു വരുന്നുണ്ട്. കൂണ്‍ പോലെ പൊട്ടിമുളയ്ക്കുന്ന സ്വാമിമാ‍രും സ്വാമിനിമാരും. ഉലകപ്പുകഴ്പെറ്റ പഴയ വന്‍-കിടക്കാര്‍ക്കു പുറമേ ഇപ്പോള്‍ കണ്ടമാനം ചെറുകിടകാരും ഉയര്‍ന്നു വരുന്നുണ്ട്. അവര്‍ക്കെല്ലാം യഥേഷ്ടം ശിഷ്യരേയും കിട്ടുന്നുണ്ട്. കലികാലം തന്നെ.....

siva // ശിവ said...

വിജയകൃഷ്ണന്‍ മാഷേ നമിച്ചു.....വളരെ ശരി...നന്ദി..

Anonymous said...

shoud realize the real path..we must seek the truth..ohterwise this thing will happen until the dooms day

നമ്മൂടെ ലോകം said...

ഹായ്! അസ്സലായീക്കണൂ! അപ്പീ ശരണം!

(എല്ലാ അമിത ഭക്തന്മാരും കണക്ക് തന്നെ! ഒരു മതോം ജാതീം ഇതിനു അപവാദമല്ല!)

നിരക്ഷരൻ said...

ഇതും ഇതിലപ്പുറവും ഈ ഭക്തശിരോമണികള്‍ ചെയ്തില്ലെങ്കിലേ അതിശയിക്കാനുള്ളൂ.

കേരളക്കാരന്‍ said...

പമ്പയില്‍ മുങ്ങി, പാപം കഴുകി, തൊഴുതു മുന്നോട്ടു നീങ്ങിയപ്പോള്‍ പേരക്കുട്ടി നിര്‍ബന്ധബുദ്ധിയോടെ കേശവന്‍നയരോട്‌ ഒരു കാര്യം പറഞ്ഞു.

'മുത്തച്ഛാ എനിക്കു അപ്പിയിടാന്‍ മുട്ടുന്നു'

അപ്പിയിടാതെ ഒരു ചുവടു മുന്നോട്ടു നടക്കനാവില്ലെന്നു കുട്ടി തീര്‍ത്തും പറയുകയും അപ്പിയിടുകയും ഒരുമിച്ചായിരുന്നു.

അപ്പീ ശരണം!

അനാഗതശ്മശ്രു said...

നന്നായി.
ശരണം!
ശരണം!

krish | കൃഷ് said...

:)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഗുരുജിയേയ് ശരണമയ്യപ്പാ.....