Tuesday, February 19, 2008

മണിമുഴക്കങ്ങള്‍

(കടപ്പാട്‌ - അനില്‍കുമാര്‍ വി. നായര്‍)

ഞാന്‍ എന്നെ നിങ്ങള്‍ക്കു പരിചയപ്പെടുത്താം. ഞാന്‍ നിങ്ങളിലൊരുവന്‍ തന്നെയാണ്‌. അല്ലെങ്കില്‍ നിങ്ങളില്‍ പലരും ഞാനായി മാറേണ്ടവരാണ്‌.

എന്റെ പേരു്‌ ജോസഫ് സ്റ്റീഫന്‍. ഒരിക്കല്‍ അതു ജോസൂട്ടിയായിരുന്നു. പിന്നെ ജോസഫായി, ജോസഫ്‌ സാറായി, ജോസഫ്‌ അച്ചായനായി. ജീവിതത്തില്‍ പലപ്പോഴായി മുഴങ്ങിക്കേട്ട മണിയൊച്ചകള്‍ പോലെ കാലഘട്ടങ്ങള്‍ക്കനുസരിച്ച്‌ പേരിനു മാറ്റം വന്നു. ഞാന്‍ കേട്ട മണിയൊച്ചകളില്‍ ഇങ്ങനൊക്കെയായിരുന്നു.

മണിമുഴക്കം - 1

ഞാന്‍ സ്കൂളിലാണ്‌. അസംബ്ലി ചേരുകയാണ്‌. പബ്ലിക്‌ എക്‌സാമിനേഷന്‌ ഏറ്റവുമധികം മാര്‍ക്ക് വാങ്ങിയ കുട്ടിയയതുകൊണ്ട്‌ എനിക്കു പുരസ്കാരം ലഭിക്കുവാന്‍ പോവുകയാണ്‌. സ്കൂള്‍ വരാന്തയില്‍ അദ്ധ്യാപകര്‍ക്കൊപ്പം നില്ക്കുകയാണ്‌ ഞാന്‍. മുറ്റത്തു വരിവരിയായി നില്‍ക്കുന്ന കുട്ടികളെ കടന്ന്‌ അമ്മച്ചി വരുന്നതു എനിക്കു കാണാം. സ്കൂളിനടുത്തുല്ല കൊട്ടാരത്തു വീട്ടിലാണ്‌ അമ്മച്ചിക്കു ജോലി. കരിപുരണ്ട പാത്രം കഴുകിയ കൈ തുടച്ചിട്ടാകാം മുണ്ടിലാകെ കരി പുരണ്ടിരിക്കുന്നു. പ്രധാന അദ്ധ്യാപകന്‍ എന്നെ പുകഴ്ത്തി പറഞ്ഞു സംസാരിക്കുകയും അവാര്‍ഡ്‌ തരികയും ചെയുമ്പോള്‍ കോന്തല കൊണ്ട്‌ അമ്മച്ചി കണ്ണീര്‍ തുടയ്ക്കുന്നത്‌ എനിക്കു കാണാമായിരുന്നു.

മണിമുഴക്കം - 2

പള്ളിമണികല്‍ മുഴങ്ങുന്നു. കുന്തിരിക്കത്തിന്റേയും സാമ്പ്രാണിയുടെയും ഗന്ധം. സ്വര്‍ണ്ണനിറമുള്ള ചിത്രപ്പണി ചെയ്ത പെട്ടിയില്‍ അമ്മച്ചി കിടക്കുന്നു. ശുഷ്‌കിച്ച ശരീരം നോക്കി കരയാന്‍ ആരുമില്ല. എന്റെ ഭാര്യ റോസ്‌ലിന്‍ അമ്മച്ചിയുടെ മുഖത്തേക്കു നോക്കിയിരിക്കുന്നു. തറവാട്ടു മഹിമ നോക്കിയിരുന്നെങ്കില്‍ എനിക്കു റോസ്‌ലിനെ ഭാര്യയായി കിട്ടുമായിരുന്നില്ല. അത്രയും ഉയര്‍ന്ന കുടുംബക്കാരാണവര്‍. ഗള്‍ഫിലെ ഉയര്‍ന്ന ജോലി കാരണമാണ്‌ എനിക്കു റോസ്‌ലിനെ ഭാര്യയായി കിട്ടിയത്‌. വന്ന നാള്‍ മുതല്‍ അമ്മച്ചിയോടൊപ്പം കഴിയാന്‍ അവള്‍ക്ക്‌ അകല്‍ച്ചയായിരുന്നു. കഷ്ടപ്പാടുകള്‍ ഏറെ സഹിച്ചിട്ടുള്ളതുകൊണ്ടാകാം അമ്മച്ചിക്കു ഇത്തിരി പിശുക്കുണ്ടായിരുന്നു. റോസ്‌ലിന്‍ സമ്പത്തിന്റെ നടുക്കു വളര്‍ന്നതുകൊണ്ട്‌ ധാരാളിയും. അത്തരം ചെറിയ ചെറിയ വഴക്കുകള്‍ മൂര്‍ച്ഛിച്ചപ്പോള്‍ റോസ്‌ലിന്‍ ഞാന്‍ നാട്ടിലില്ലാത്ത സമയത്തെല്ലാം സ്വന്തം വീട്ടിലായിരുന്നു താമസം. മരണസമയത്ത്‌ അമ്മച്ചിയുടെ അരികില്‍ ആരുമുണ്ടായിരുന്നില്ല. മരിച്ചതു തന്നെ ഒരു ദിവസം കഴിഞ്ഞാണ്‌ അറിഞ്ഞത്‌. ഭാഗ്യത്തിനു തനിക്കു പെട്ടെന്നു പോരാന്‍ ലീവു കിട്ടി.

മണിമുഴക്കം - 3

ഇപ്പോള്‍ മണി മുഴങ്ങിയത് കോളേജില്‍ നിന്നാണ്‌. ഇളയ മകന്‍ റോണിയുടെ കോളേജ്‌ അഡ്‌മിഷനു വേണ്ടി നഗരത്തിലെ പ്രശസ്തമായ കോളേജില്‍ വന്നിരിക്കയാണ്‌. എന്റെ മൂത്തമകന്‍ ജെയിംസ്‌ ഇപ്പോള്‍ എഞ്ചിനീയറിംഗിനു പടിക്കുന്നു. അവനെ ചേര്‍ക്കേണ്ടുന്ന സമയത്തൊന്നും ഞാന്‍ നാട്ടിലുണ്ടായിരുന്നില്ല. എന്തെന്നറിയില്ല റോണിയുടെ ഏതു കാര്യം നടക്കുന്ന സമയത്തും ഞാന്‍ നാട്ടിലുണ്ടാകും. മാമോദീസക്കും, സ്കൂളില്‍ ചേര്‍ത്തപ്പോഴും ഇപ്പോള്‍ ഇതാ കോളേജില്‍ ചേര്‍ക്കുന്ന അവസരത്തിലും. അമ്മച്ചിയുടെ ചെറിയ ഛായയുണ്ട്‌ റോണിക്ക്‌. അതുകൊണ്ട്‌ എനിക്കു അവനോട്‌ ഇത്തിരി ഇഷ്ടം കൂടുതലുണ്ട്‌. രണ്ടുമക്കള്‍ക്കും അമ്മച്ചിയോടാണു കൂടുതല്‍ ഇഷ്ടം. എപ്പോഴും കാണുന്നത്‌ അവളെയല്ലേ. വല്ലപ്പോഴും അവധിക്കുവരുമ്പോളുണ്ടാകുന്ന സ്നേഹമല്ലേ എന്നില്‍ നിന്നു കിട്ടിയിട്ടുള്ളൂ. എനിക്കു അവരോട്‌ ഉള്ളു നിറയെ സ്നേഹമാണ്‌. ഞാന്‍ പൊതുവെ ഗൌരവക്കാരനാണ്‌ അവരുടെ മുമ്പില്‍. അല്ലേല്‍ പിള്ളേര്‍ക്കു പേടിക്കാന്‍ ആളില്ലാതാകുമെന്നു വിചാരിച്ചിട്ടാ.

മണിമുഴക്കം - 4

അര മണിക്കൂറായി കാത്തിരിക്കുന്നു. ഭാഗ്യം മണിയടിച്ചു. പേരക്കുട്ടിയുടെ സ്കൂളാണ്‌. ഇതൊക്കെയാണ്‌ എന്റെ ഇപ്പോഴത്തെ ജോലി. പേരക്കുട്ടികളെ സ്കൂളില്‍ കൊണ്ടുവരണം, തിരിച്ചുകൊണ്ടുപോകണം. ബില്ലുകളും നികുതികളും അടക്കാന്‍ പോകണം. അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകണം. എല്ലം ചെയ്യാം. എന്നാലും വര്‍ഷയുടെ ചീത്ത വിളി സഹിക്കാന്‍ വയ്യ. വര്‍ഷയെ നിങ്ങള്‍ അറിയില്ലേ. എന്റെ ഇളയ മകന്‍ റോണിയുടെ ഭാര്യയാണ്‌. അവന്‍ ജോലി ചെയ്യുന്ന അതേ ബാങ്കില്‍ തന്നെയാണ്‌ അവള്‍ക്കും ജോലി. എന്റെ മോന്‍ റോണി മിടുക്കനാണ്‌. അതുകൊണ്ടല്ലേ ഇത്രയും പെട്ടെന്നു ഏരിയ മാനേജര്‍ ആയത്‌. എന്നാലും എന്റെ ഭാര്യ റോസ്‌ലിനു വന്ന മാറ്റാമാണ്‌ ഭയങ്കരം. എന്തിനും ഏതിനും ഒരക്ഷരം പറയാതെ എന്നെ അനുസരിച്ചിരുന്ന റോസ്‌ലിന്‍ ഇപ്പോള്‍ മരുമകളുടെ പക്ഷം പറഞ്ഞു എന്നെ കുറ്റം പറയുന്നു. ഒന്നോര്‍ത്താല്‍ അവളു പാവമാണ്‌. അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. മൂത്ത മോന്‍ ജേയിംസുകുട്ടിയുടെ കൂടെ നിന്നപ്പോള്‍ അവന്റെ ഭാര്യ ഇറക്കിവിട്ടതുപോലെ വര്‍ഷയും ചെയ്തേക്കുമോ എന്ന ഭയം കൊണ്ടാകും അവള്‍ വര്‍ഷയുടെ പക്ഷം പറയുന്നത്‌.

മണിമുഴക്കം - 5

ഇപ്പോള്‍ മണിമുഴങ്ങുന്നത്‌ എന്റെ ഭൂതകാലത്തിലല്ല. ഇവിടെ ഈ വൃദ്ധസദനത്തിലാണ്‌. ഇവിടെ ഇങ്ങിനെയാണ്‌. ഓരോന്നിനും മണിയടിയാണ്‌. പ്രാര്‍ത്ഥനക്കും, ഭക്ഷണം കഴിക്കാനും ഉറങ്ങാന്‍ കിടക്കുന്നതിനും അങ്ങിനെ എല്ലാത്തിനും. ഇപ്പോള്‍ കേട്ടത്‌ അത്താഴം കഴിക്കാനുള്ള മണിയടിയാണ്‌. എനിക്കു നന്നെ വിശക്കുന്നുണ്ട്. ഞാന്‍ അത്താഴഹാളിലേക്കു നടക്കട്ടെ. അതിനു മുമ്പ്‌ ഞാന്‍ ഒന്നു പറയുന്നു. ഒരോ മനുഷ്യനും വലുത്‌ അവരവര്‍ തന്നെയായിരിക്കണം. ഞാന്‍ ആരേയും ശപിക്കുന്നില്ല. കാരണം ഞാന്‍ എന്റെ അമ്മച്ചിയോട്‌ നീതി ചെയ്തില്ല. എന്റെ മക്കള്‍ എന്നോടും. വിതയ്ക്കുന്നതു മാത്രമേ കൊയ്യൂ. കൊടുത്തതേ കിട്ടൂ.

6 comments:

ഗുരുജി said...

ഞാന്‍ ആരേയും ശപിക്കുന്നില്ല. കാരണം ഞാന്‍ എന്റെ അമ്മച്ചിയോട്‌ നീതി ചെയ്തില്ല. എന്റെ മക്കള്‍ എന്നോടും. വിതയ്ക്കുന്നതു മാത്രമേ കൊയ്യൂ. കൊടുത്തതേ കിട്ടൂ.

ശ്രീ said...

വളരെ നല്ലൊരു പോസ്റ്റ്, മാഷേ...

ഇതു പോലെയുള്ള മണിമുഴക്കങ്ങള്‍ എല്ലാവരുടെ ജീവിതത്തിലും പലപ്പോഴായി സംഭവിയ്ക്കുന്നതു തന്നെ. ഇഷ്ടപ്പെട്ടു.
:)

ഏ.ആര്‍. നജീം said...

ഈ മണിമുഴക്കങ്ങള്‍ സമൂഹത്തിലെ പല ബധിര കര്‍‌ണ്ണങ്ങളിലും തുളച്ചു കയറിയിരുന്നെങ്കില്‍....

തോന്ന്യാസി said...

അച്ഛന്‍ പറഞ്ഞതെത്ര ശരിയാണെന്ന് ഓര്‍ത്തുപോയി,

“പുഴ മേലോട്ടൊഴുകുന്ന കാലത്തു മാത്രമേ മക്കള്‍ മതാപിതാക്കളെ സ്നേഹിക്കാന്‍ തുടങ്ങൂ “

ഈ പോസ്റ്റ് ഒരു തുടക്കമാകട്ടെ ആ പുഴയെ മേലോട്ടൊഴുക്കുവാനുള്ള ദൌത്യത്തിന്റെ തുടക്കം

കൃഷ്‌ണ.തൃഷ്‌ണ said...

മനോഹരം. മാര്‍വലെസ്‌
വിവിധദശകളിലെ മണിമുഴക്കങ്ങള്‍.....
നന്നായി ഗുരുജീ....

കേരളക്കാരന്‍ said...

ഇതു ഓരോ മലയാളിയുടേയും കഥയാണ്‌..

വളരെ നല്ല കഥ...നന്നായി ഗുരുജീ
............

ഇപ്പോള്‍ മണിമുഴങ്ങുന്നത്‌ എന്റെ ഭൂതകാലത്തിലല്ല. ഇവിടെ ഈ വൃദ്ധസദനത്തിലാണ്‌. ഇവിടെ ഇങ്ങിനെയാണ്‌. ഓരോന്നിനും മണിയടിയാണ്‌. പ്രാര്‍ത്ഥനക്കും, ഭക്ഷണം കഴിക്കാനും ഉറങ്ങാന്‍ കിടക്കുന്നതിനും അങ്ങിനെ എല്ലാത്തിനും . ..