വിവാഹം
ഒന്നിച്ചു ജീവിക്കാന്‍ പിറന്നവരാണ് നിങ്ങള്‍. എപ്പോഴുമെപ്പോഴും ഒന്നിച്ചു തന്നെ വാഴുക.
മൃത്യുവിന്റെ വെണ്‍ചിറകുകള്‍ നിങ്ങളുടെ ദിനങ്ങളെ ശിഥിലമാക്കുമ്പോഴും നിങ്ങള്‍ ഒരുമിച്ചു തന്നെ പുലരുക.
നിശ്ശബ്ദമായ ഈശ്വരസ്‌മരണയിലും നിങ്ങള്‍ ഒരുമിച്ചിരിക്കുക.
എന്നാല്‍ നിങ്ങളുടെ ഒരുമിക്കലില്‍ അകലങ്ങള്‍ ഉണ്ടായിരിക്കട്ടെ. ആ അകലങ്ങള്‍ക്കിടയില്‍ സ്വര്‍ഗ്ഗസമീരണന്‍ നൃത്തം വെയ്ക്കട്ടെ.
പരസ്പരം സ്‌നേഹിക്കുക. എന്നാല്‍ പരസ്‌പരസ്‌നേഹം ബന്ധനങ്ങള്‍ തീര്‍ക്കാതിരിക്കട്ടെ. രണ്ടു ആത്മാവുകളുടെ തീരങ്ങള്‍ക്കിടയില്‍ അതൊരു അലയാഴിയാകട്ടെ.
അന്യോന്യം പാനപാത്രങ്ങള്‍ നിറയ്ക്കുക. എന്നാല്‍ ഒരേ പാനപാത്രത്തില്‍ നിന്ന് കുടിക്കാതിരിക്കുക. നിങ്ങളുടെ ഭോജ്യം പങ്കുവെക്കുക. എന്നാല്‍ ഒരേ പങ്കില്‍ നിന്ന് കഴിക്കാതിരിക്കുക.
ഒന്നിച്ചു പാട്ടുപാടിയും നൃത്തമാടിയും ആനന്ദിക്കുവിന്‍. എന്നാല്‍ ഒരേ സംഗീതത്താല്‍ സ്പന്ദിക്കുമ്പോഴും വീണയുടെ തന്ത്രികള്‍ വേറിട്ടു നില്‍ക്കും പോലെ, ഓരോ വ്യക്തിയും ഒറ്റക്കുതന്നെ കഴിയുക.
ഹൃദയങ്ങള്‍ പരസ്പരം കൈമാറുവിന്‍. മറ്റൊരാളിനു സൂക്ഷിക്കുവാനായിട്ടാകരുത്. എന്തെന്നാല്‍ ജീവിതത്തിന്റെ കരങ്ങള്‍ക്കല്ലേ ഹൃദയങ്ങളെ ഉള്‍ക്കൊള്ളാനാകൂ.
ഓക്കുമരവും സൈപ്രസും മറ്റൊന്നിന്റെ തണലില്‍ വളരാതെയിരിക്കും പോലെ, ദേവാലയത്തിലെ കല്‍ത്തൂണുകള്‍ വേറിട്ടുനില്‍ക്കും പോലെ, ഒട്ടിച്ചേരാതെ, എന്നാല്‍ ഒരുമിച്ച് ഒന്നായി അടുത്തടുത്ത് നില്‍ക്കുവിന്‍.
കുഞ്ഞുങ്ങള്‍
നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങള്‍ക്ക് ജീവിതത്തോടുള്ള ആസക്തിയുടെ സന്താനങ്ങളാകുന്നു.
നിങ്ങളിലൂടെ വന്നെത്തുന്നെങ്കിലും അവര്‍ നിങ്ങളില്‍ നിന്ന് ആവിര്‍ഭവിക്കുന്നില്ല.
നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെങ്കിലും അവര്‍ നിങ്ങള്‍ക്ക് സ്വന്തമല്ല.
അവര്‍ക്ക് നിങ്ങളുടെ സ്‌നേഹം നല്‍കുക. നിങ്ങളുടെ വിചാരങ്ങള്‍ കൊടുക്കാതിരിക്കുക. എന്തെന്നാല്‍ അവര്‍ക്ക് സ്വന്തം വിചാരങ്ങളുണ്ടല്ലോ.
അവരുടെ ഉടലുകള്‍ക്ക് ഇടം നല്‍കുക. ആത്മാവുകളെ പാര്‍പ്പിക്കാതിരിക്കുക. എന്തെന്നാല്‍ നിങ്ങളുടെ കിനാവുകളില്‍പോലും ചെന്നെത്താന്‍ കഴിയാത്ത നാളെയുടെ മന്ദിരത്തിലാണല്ലോ അവരുടെ ചേതനകള്‍ വസിക്കുന്നത്.
അവരെപ്പോലെയാകാന്‍ നിങ്ങള്‍ക്കു പരിശ്രമിക്കാം. എന്നാല്‍ അവരെ നിങ്ങളെപ്പോലെയാക്കാന്‍ ഒരുമ്പെടാതിരിക്കുക. ജീവിതം പിന്നോട്ടൊഴുകുകയോ, ഇന്നലെകളോട് കുശലം പറയുകയോ ചെയ്യുന്നില്ല.
നിങ്ങള്‍ കേവലം ധനുസ്സുകള്‍ മാത്രമാണ്. കുഞ്ഞുങ്ങള്‍ മുന്നോട്ടു കുതിക്കുന്ന ചേതന മുറ്റിയ ശരങ്ങളാകുന്നു. അനന്തതയുടെ പഥത്തില്‍ കാലമെന്ന എയ്തുകാരന്‍ തന്റെ ലക്ഷ്യം കണ്ട് ശരങ്ങള്‍ സുഗമമായി ദൂരങ്ങളിലേക്ക് കുതിക്കുവാനായി തന്റെ കരുത്തിനാല്‍ നിങ്ങളെ കുലയ്ക്കുന്നുവെന്നു മാത്രം.
കാലമെന്ന ആ ധനുര്‍ധാരിയുടെ കൈകളില്‍ നിങ്ങള്‍ വഴങ്ങുന്നത് ഹൃദയാഹ്ലാദത്തിനാകട്ടെ. ചലിത ബാണങ്ങളെപ്പോലെ, സ്ഥായിയായ ധനുസ്സിനേയും അവന്‍ സ്‌നേഹിക്കുന്നുവല്ലോ.
-ഖലീല്‍ ജിബ്രാന്‍
Thursday, April 10, 2008
Subscribe to:
Post Comments (Atom)
9 comments:
നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങള്‍ക്ക് ജീവിതത്തോടുള്ള ആസക്തിയുടെ സന്താനങ്ങളാകുന്നു.
നിങ്ങളിലൂടെ വന്നെത്തുന്നെങ്കിലും അവര്‍ നിങ്ങളില്‍ നിന്ന് ആവിര്‍ഭവിക്കുന്നില്ല.
നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെങ്കിലും അവര്‍ നിങ്ങള്‍ക്ക് സ്വന്തമല്ല.
അവര്‍ക്ക് നിങ്ങളുടെ സ്‌നേഹം നല്‍കുക. നിങ്ങളുടെ വിചാരങ്ങള്‍ കൊടുക്കാതിരിക്കുക. എന്തെന്നാല്‍ അവര്‍ക്ക് സ്വന്തം വിചാരങ്ങളുണ്ടല്ലോ.
--പുതിയ പോസ്റ്റ്...
പറഞ്ഞിരിക്കുന്നത് അപ്പാടെ സത്യം!
ശരിയാണ്.. പ്രോഫറ്റ് എന്ന കൃതിയില്‍ ജിബ്രാന്‍ എല്ല വസ്തുതകളേയും വിശകലനം ചെയ്യുന്നുണ്ട്..
മൊഴിമാറ്റത്തില്‍ അതിന്റെ ഭാവം നഷ്ടപ്പെട്ടിട്ടില്ല നല്ല അര്‍ത്ഥവത്തായ വരികള്‍.. :)
വളരെ നന്നായിരിക്കുന്നു..എല്ലാ ആശംസകളും
നല്ല ഉശിരന്‍ വരികള്‍
ആവനാഴി - ഇതു വഴി വന്നതിനു നന്ദി..
നന്ദു - നന്ദി
കാന്താരിക്കുട്ടി - നന്ദി
പ്രിയ ഉണ്ണികൃഷ്ണന്‍ - എപ്പോഴും ഇതുവഴി വരുന്നതിനു നന്ദി..
.............
ഒന്നിച്ചു പാട്ടുപാടിയും നൃത്തമാടിയും ആനന്ദിക്കുവിന്‍. എന്നാല്‍ ഒരേ സംഗീതത്താല്‍ സ്പന്ദിക്കുമ്പോഴും വീണയുടെ തന്ത്രികള്‍ വേറിട്ടു നില്‍ക്കും പോലെ, ഓരോ വ്യക്തിയും ഒറ്റക്കുതന്നെ കഴിയുക.
ഊം...
“വീണയുടെ തന്ത്രികള്‍ വേറിട്ടു നില്‍ക്കും പോലെ, ഓരോ വ്യക്തിയും ഒറ്റക്കുതന്നെ കഴിയുക.”
“ഒട്ടിച്ചേരാതെ, എന്നാല്‍ ഒരുമിച്ച് ഒന്നായി അടുത്തടുത്ത് നില്‍ക്കുവിന്‍.”
എന്തോ.. ഇത് തന്നെയല്ലേ ശരി...
മനോഹരം.മൊഴിമാറ്റം എത്തിച്ചു തന്നതിനു നന്ദി
ഗുരുജി,
ചന്ദനില്‍ പോകാനും, ക്രയോജനിക് എഞ്ചിനുണ്ടാക്കനും മനുഷയനെ പഠിപ്പിക്കാം.
പക്ഷേ, എങിനെ ഒരു നല്ല അച്ഛനാകാം?
ഇത് ആരു പഠിപ്പിക്കും?
എല്ലാവരും കല്യാണം കഴിക്കുന്നു, എല്ലാവര്‍ക്കും കുട്ടികളും ഉണ്ടാകുന്നു..
പക്ഷേ, എങ്ങിനെ ഒരു നല്ല അച്ഛനാകാം?
എല്ലാ അറിവും, അനുഭവങ്ങളും മുട്ടുകുത്തുകയാണ്‍നവിടെ!!
(ഞാന്‍ നേരിടുന്ന പ്രയോഗിക പ്രശ്നം പറഞ്ഞുവെന്നേയുള്ളൂ)
Post a Comment