Thursday, January 31, 2008

പ്രവാസത്തിലെ വഴിക്കാഴ്ചകള്‍

വെയിലറിയാതെ, മഴയറിയാതെ, വര്‍ഷങ്ങള്‍ പോകുവതറിയാതെ...

എസ്. ജാനകി പാടിയ ഒരു പഴയ മലയാള സിനിമാഗാനത്തില്‍ നിന്നുള്ളതാണ്‌ ഈ വരികള്‍. ദേവദാരുവിന്‍ കീഴിലെ താപസകന്യകളായ സൂര്യകാന്തിപ്പൂക്കളെപ്പോലെയല്ല, മറിച്ച്‌ ഉച്ചസൂര്യന്‍റെ ഉഷ്ണത്തിലും മഴയുടെ കുളിരറിയാതെയും വര്‍ഷങ്ങള്‍ പോകുന്നതറിയാതെ ജീവിച്ചു തീരുന്ന പ്രവാസി മലയാളികളുടെ പറയാതെ പോകുന്ന ചില ജീവിതചര്യകളിലേക്കു നമുക്കൊന്നു നോക്കാം.

പ്രവാസികളുടെ മനസ്സില്‍ അവന്‍റെ നാടിനും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രായമേറുന്നില്ല. അവന്‍ എന്നാണോ പ്രവാസത്തിന്‍റെ പാന്റ് എടുത്തിട്ടത്‌ , അന്നത്തെ ഒരു ഫോട്ടോ ഇമേജ്‌ ഓരോ പ്രവാസിയും മനസ്സില്‍ ചില്ലിട്ടു വെക്കുന്നു. പിന്നീടിങ്ങോട്ട്‌ വര്‍ഷങ്ങള്‍ പോകുന്നത്‌ അവന്‍ അറിയുന്നേയില്ല. തന്‍റെ മുടി നരയ്ക്കുന്നതും, ഭാര്യയുടെ കവിളിലെ പ്രഭ മങ്ങുന്നതും മകന്‌ മീശ മുളയ്ക്കുന്നതും മകള്‍ വയസ്സറിയിക്കുന്നതും എല്ലം അവന്‌ ഉള്‍ക്കൊള്ളാന്‍ പറ്റാതെ വരുന്നത്‌ ഇതുകൊണ്ടാണ്‌.

ഭാര്യമാരുടെ ഫോണ്‍ വിളികളിലൂടെയോ, കത്തിലൂടെയോ മാത്രം അവന്‍റെ ലോകം മുന്നോട്ടു നീങ്ങുന്നു. നാട്ടിലേക്കു അവധിക്കു പോകുമ്പോള്‍ തന്‍റെ മോന്‍ എത്ര വലുതായെന്നോ, ഏതു ക്ലാസ്സിലാണു പഠിക്കുന്നതെന്നോ, മകളുടെ ഫ്രോക്കിന്‍റെ സൈസ്‌ എത്രയെന്നോ, എന്തിനേറെ സ്വന്തം ഭാര്യയുടെ ബ്രായുടെ അളവു പോലും എത്രയെന്നറിയാതെ അവര്‍ക്കുവേണ്ടി തുണിത്തരങ്ങളും മറ്റിനങ്ങളും ഊഹങ്ങളിലൂടെ വാങ്ങേണ്ടിവരുന്ന എത്രയോ പ്രവാസികള്‍ ഇവിടെയുണ്ട്‌.

തുടുത്ത ആരോഗ്യമുണ്ടായിരുന്ന കാലത്ത്‌ വിസ ലഭിച്ച്‌ ഇവിടെയെത്തിയവര്‍ ഇന്നു നര കയറിയവരായിരിക്കുന്നു. കഷണ്ടി ബാധിച്ചവരായിരിക്കുന്നു. ഗള്‍ഫില്‍ കിട്ടുന്ന പലതരം ഹെയര്‍ ഡൈകള്‍ മാറി മാറി പ്രയോഗിച്ച്‌ തലയും മീശയും നെഞ്ചിലെ രോമം വരെയും കറുപ്പിച്ച്‌ കാലത്തെ പിടിച്ചു നിര്‍ത്താന്‍ നോക്കുന്നവര്‍ ഈ മണ്ണില്‍ വീണുപോയ അവരുടെ യൌവനത്തെ മന:പൂര്‍വം മറക്കന്‍ ശ്രമിക്കുന്നു. അവര്‍ കടന്നുപോയ വര്‍ഷങ്ങള്‍ സ്വബോധത്തോടെ മറക്കുന്നു. പലപ്പോഴും മനസ്സ്‌ ഓടിയെത്തുന്നിടത്ത്‌ ശരീരം എത്താനാകാതെ വിഷമിക്കുന്നത്‌ മറ്റാരേയും അറിയിക്കാതിരിക്കാന്‍ ഇവര്‍ വിഫലമായി ശ്രമിക്കുന്നതു കാണാം.

കമ്പനിക്കാര്‍ നല്‍കുന്നതോ, മലയാളി ഹോട്ടലുകളില്‍ നിന്നോ, മലയാളികള്‍ നടത്തുന്ന മെസ്സുകളില്‍ നിന്നോ ലഭിക്കുന്ന മട്ടണും കീമയും ബീഫ് ഫ്രൈയും ചിക്കന്‍ ഫ്രൈയും പൊറോട്ടയും കഴിച്ച്‌ ഇവര്‍ രോഗികളാകുന്നു. കമ്പനി കൊടുക്കുന്നതോ, 'ഷെയറിംഗി' ലൂടെ നേടുന്ന താമസസ്ഥലത്ത്‌ യാതൊരുവിധ പ്രൈവസിയുമില്ലാതെ, പലരോടൊത്ത്‌ മുറികല്‍ പങ്കിട്ട്‌ ജീവിതം കഴിക്കുന്നു. തൊട്ടടുത്തു കിടക്കുന്നവന്‍റെ കൂര്‍ക്കം വലിയാല്‍ ഉറക്കം നഷ്ടപ്പെടുന്നവര്‍, അടുത്തു കിടക്കുന്നവന്‍റെ അധോവായുവിന്‍റെ ദുര്‍ഗന്ധത്താല്‍ ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍, പ്രഭാതത്തില്‍ ഉണര്‍ന്ന്‌ കകൂസില്‍ കയറി മറ്റാരുടെയോ മലം ദര്‍ശിക്കുകയും ഫ്ലഷ്‌ ചെയ്യുകയും ചെയ്യേണ്ടിവരുന്നവര്‍..ഈ നിര നിരവധിയാണ്‌.

മുയലുകളെപ്പോലെ ഒരു ദിവസം പല തവണ ഇണചേരാന്‍ വികാരം വിജൃംഭിച്ചുനിന്ന ' ആ നല്ല പ്രായത്തില്‍' പ്രവസലോകത്തെത്താന്‍ വിധിക്കപ്പെട്ടവര്‍ തങ്ങളുടെ രതിശീലങ്ങളെ തടവറയിലിടാന്‍ കാലങ്ങളായി ശീലിച്ചുപോരുന്നു. അവസാനം കെട്ടിയിട്ടു വളര്‍ത്തുന്ന കുതിരയെപ്പോലെ ക്ഷയിച്ച വികാരവുമായി വര്‍ഷത്തിലൊരിക്കല്‍ ഇണചേരാന്‍ വിധിക്കപ്പെട്ടവനാകുന്നു പ്രവാസികള്‍.

ലൈംഗിക അവയവങ്ങള്‍ കേവല പ്രാഥമിക ആവശ്യങ്ങള്‍ക്കു മാത്രമായി ഉപയോഗിക്കുന്നതിലേക്ക്‌ അധ:പതിപ്പിക്കുന്ന പ്രവാസികളില്‍ കാമം എന്ന ചേതന വര്‍ഷത്തിലൊരിക്കലോ, രണ്ടു വര്‍ഷത്തിലൊരിക്കലോ മാത്രം അനുശീലിക്കേണ്ടിവരുന്ന ഒരു ശീലമായി കൂപ്പുകുത്തുന്നു. ഗള്‍ഫുലോകത്ത്‌ നിയമവിരുദ്ധമെങ്കിലും സുലഭമായി ലഭിക്കുന്ന നീലച്ചിത്രങ്ങള്‍ ഒളിച്ചിരുന്നോ, കൂട്ടുകാരുമായി കൂട്ടം ചേര്‍ന്നോ കണ്ടു മാത്രം ഉദ്ദീപനമുണ്ടാക്കേണ്ടി വരുന്ന ഭൂരിപക്ഷം പ്രവാസികളും വല്ലപ്പോഴും വീണുകിട്ടുന്ന ഏകാന്തതയിലും, ഇരുട്ടിലും കുളിമുറികളിലും തന്‍റെ ജൈവകാമനയെ സ്വന്തം കൈകളാല്‍ കഴുത്തു ഞെരിച്ചു ശമിപ്പിക്കുന്നു. അങ്ങനെ 'ദമനവും ശമനവും' അവന്‍ സ്വയം അനുശീലിക്കുന്നു.

ഇതിനൊക്കെയിടയിലൂടെ കാലം ഊര്‍ന്നുപോകുന്നത്‌ അവന്‍ അറിയുന്നില്ല. തനിക്കു ലഭിച്ച ഭാര്യയെ മതിയാവോളം സ്നേഹിക്കുവാന്‍ കഴിയാത്തവര്‍..തനിക്കു ജനിച്ച കുഞ്ഞിനെ മതിയാവോളം ലാളിക്കുവാന്‍ കേവല ദിവസങ്ങള്‍ മാത്രം ലഭിച്ചവര്‍. ലാളിച്ചു തീരും മുന്‍പേ മക്കള്‍ വളര്‍ന്നു പോകുന്നു. ഇന്നത്തെ പെണ്‍കുട്ടികളില്‍ 10 വയസ്സ്‌ തികയുന്നതോടെ ആര്‍ത്തവചക്രമുണ്ടാകുന്നു. അന്നുമുതല്‍ അച്ചന്‌ തന്‍റെ മകളെ മടിയിലിരുത്തി ഓമനിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. ബൈക്കും മൊബൈലും ഇന്‍റര്‍നെറ്റും കൂട്ടുകാരുമായി വളര്‍ന്നു ശീലിച്ച മകന്‍ വളര്‍ച്ചയെത്തും മുന്‍പേ തന്നെ അച്ചന്‍റെ ഭാവനയുടെ പരിധിക്കപ്പുറത്തേക്കു വളര്‍ന്നുപോകുന്നു. ചെലുത്താനാകാത്ത ലാളനയുടെ ഭാരം ചുമക്കുന്ന നിരവധി അച്ഛന്‍മാര്‍ പ്രവാസലോകത്തുണ്ട്‌. ഒഴുക്കനാകാത്തെ പ്രണയം അണകെട്ടി നിര്‍ത്തി ദുര്‍ഗന്ധമുണ്ടാക്കുന്ന ഭര്‍ത്താക്കന്‍മാരും നിരവധി.

കഴുത്തില്‍ ടൈയും കെട്ടി എ.സി മുറികളിലിരുന്ന്‌ മൊബൈല്‍ ഫോണിലൂടെയും ഇന്‍റര്‍നെറ്റ്‌ ചാറ്റിംഗിലൂടെയും വെബ്ക്യാമറയിലൂടെയും, വീഡിയോ കോണ്‍ഫ്രന്‍സിംഗിലൂടെയും ദൈനംദിന ജീവിതം തള്ളിനീക്കുന്ന അഭ്യസ്തവിദ്യരായ 'സ്കില്‍ഡ്‌ കംപ്യൂട്ടറൈസ്‌ഡ്‌' മലയാളിക്കും കവറോള്‍ എന്ന ഓമനപ്പേരിട്ട വര്‍ക്ക്‌ സ്യൂട്ട്‌ കുപ്പായത്തിനുള്ളില്‍ ശരീരം മൊതം കുത്തിക്കയറ്റി റോഡു പണി മുതല്‍ ഇങ്ങൊട്ടുള്ള ശാരീരികാധ്വാനം വേണ്ട എല്ലാ അറ്റകുറ്റപ്പണികളും ചെയ്യുന്ന 'അണ്‍സ്കില്‍ഡ്‌' മലയാളിക്കും എല്ലാം ഈയൊരു കാര്യത്തില്‍ ഒരേ മുഖച്ഛായ ആണ്‌.

കാലം കാത്തു നില്‍ക്കുകയില്ല. നിങ്ങളേയും ആരും കാത്തുനില്‍ക്കുകയില്ല. മുതിര്‍ന്ന പ്രവാസികളൊട്‌ 'കാലം കുറെ ആയില്ലേ ചേട്ടാ, ഇനിയെങ്കിലും നിര്‍ത്തിപ്പൊയ്‌കൂടേ' എന്നു ചോദിക്കുന്ന യുവപ്രവാസികളേ, നിങ്ങളും പ്രവാസത്തിന്‍റെ പാന്‍റ്റിട്ടവരാണ്‌. ഇലകള്‍ അടരുന്നതുപോലെ നിശ്ശബ്ദമായി കാലം കൊഴിയുന്നത്‌ നിന്‍റെ കാലിന്‍ ചുവട്ടില്‍കൂടിയുമാണ്‌. മുന്‍ഗാമികള്‍ തട്ടി വീണ കല്ലുകള്‍ നിങ്ങള്‍ക്കൊരു മുന്നറിയിപ്പായിക്കരുതി സൂക്ഷിച്ചു നടക്കുക. തട്ടിവീണവരെ പരിഹസിക്കാതിരിക്കുക

-guruji.masterji@gmail.com

Wednesday, January 30, 2008

ഇവിടെ ഇങ്ങനെയും ചിലര്‍

പണ്ട്‌ പണ്ട്‌ ഒരിടത്തൊരിടത്ത്‌ ഒരാള്‍ കുറെ കോഴിയെ വളര്‍ത്തി। രാത്രിയില്‍ കുറുക്കന്‍റെ ശല്യം അധികമായതിനാല്‍ കോഴിക്കു കാവലായി അയാള്‍ ഒരു നായയെയും വളര്‍ത്തി। കോഴികളുടെ കൂടിന്‍റെ വശത്തായി നായയെ പൂട്ടിയിടുകയും ചെയ്തു. കോഴിയെ പിടിക്കാനായി രാത്രിയില്‍ കുറുക്കന്‍ വരുമ്പോള്‍ നായ കുരച്ചു ബഹളം വെക്കാന്‍ തുടങ്ങും. നായയുടെ കുര കേള്‍ക്കുമ്പോള്‍ തന്നെ ഉടമസ്ഥന്‍ അകത്തുനിന്നും 'പിടിച്ചോ, പിടിച്ചോ' എന്നു പറഞ്ഞ്‌ നായയെ പ്രോത്സാഹിപ്പിക്കും. ഇതു കേള്‍ക്കുന്ന നായ കുര തുടര്‍ന്നുകൊണ്ടേയിരിക്കും. കോഴിക്കൂടിന്‍റെ അടുത്തേക്കുപോലും പോകുവാന്‍ സാധിക്കാതെ നിരാശയോടെ മടങ്ങവേ കുറുക്കന്‍ ഇങ്ങനെ പറഞ്ഞു.

'കോഴിയുടെ ഉടമസ്ഥന്‍ 'പിടിച്ചോ, പിടിച്ചോ' എന്നു പറയുന്നു, പക്ഷേ ഈ പഴംകഞ്ഞികുടിയന്‍ നായയാണ്‌ സമ്മതിക്കാത്തത്‌ '

ഉടമസ്ഥന്‍ കൊടുക്കാമെന്നു പറഞ്ഞാലും കൊടുക്കന്‍ സമ്മതിപ്പിക്കാതെ, സ്വന്തം വര്‍ഗ്ഗത്തെ കുരച്ചോടിക്കുന്ന ഒരുപാടു മുഖങ്ങള്‍ പ്രവാസലോകത്തുണ്ട്‌ . തനിക്കുമാത്രമല്ലാതെ മറ്റൊരാള്‍ക്കും ഒരു ആനുകൂല്യവും ഉണ്ടാകുവാന്‍ പാടില്ല എന്ന മനോവിചാരത്തോടെ സഹപ്രവര്‍ത്തകരെ നിഷ്ക്കരുണം നിസ്സഹായാവസ്ഥയിലെത്തിക്കുന്ന മലയാളികള്‍ ഗള്‍ഫുരാജ്യത്തെ കമ്പനികളിലെ നിത്യ കാഴ്ച്ചയാണ്‌ .

ഗള്‍ഫില്‍ ഒരു ജോലി നേടുക, അതിനുവേണ്ടി ട്രാവല്‍ ഏജന്‍സികളുടെയും സബ്‌ ഏജന്‍റുമാരുടേയും തിണ്ണകള്‍ കയറി നടക്കുക എന്നതൊക്കെ മലയാളികളുടെ ശീലമാണ്‌, ഒരിക്കല്‍ അതു ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ സ്വയം മറക്കുക എന്നത്‌ ഒരു അനുശീലവും। തങ്ങള്‍ ചവുട്ടി വന്ന പടികള്‍ പാടേ മറന്ന്‌ ഇനി ഒരുത്തനും എന്നേപ്പോലെ വളരേണ്ട എന്ന ചിന്താഗതിയോടെ താഴേത്തട്ടിലുള്ളവര്‍ക്ക്‌ കിട്ടേണ്ടുന്ന ആനുകൂല്യങ്ങളെ തകിടം മറിച്ചും യാതൊരു ചേതവുമില്ലാതെ തനിക്കു ചെയ്തുകൊടുക്കാന്‍ കഴിയുന്ന സഹായങ്ങള്‍ക്കു നേരെ മുടന്തന്‍ന്യായഘോഷണം നടത്തിയും ജൂനിയര്‍ മലയാളികളുടെ നേരെ കുരയ്ക്കുന്ന ഒരുപാട്‌ 'സീനിയര്‍' മലയാളികളുണ്ട്‌.

വിദ്യാഭ്യാസയോഗ്യതയോ, അനുഭവസമ്പത്തോ അല്ല മറിച്ച്‌ ഭാഗ്യം എന്ന ഫാക്റ്റര്‍ ആണ്‌ ഗള്‍ഫിലെ ജോലിയുടെ മാനദണ്ഡം। ഭാഗ്യം എന്ന ഫാക്റ്റര്‍ കൊണ്ടുമാത്രം അനര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നവരുടെ ഇടയിലാണ്‌ ഈ അനുശീലം അധികമായി കണ്ടുവരുന്നത്‌.

ഗള്‍ഫിലെ ബാച്ചിലേര്‍സ് റൂമുകളിലെ വീക്കെന്‍റ്ട്‌ ആഘോഷപരിപാടികളിലും സൊറ പറച്ചില്‍ വേളകളിലും ഇത്തരം ഒരു കഥാപാത്രത്തെ ചൊല്ലി പലരും വേദനിക്കുന്നതു കാണാം। അഥവാ പരിഹസിക്കുന്നതു കാണാം। ആഘോഷം ഇത്തിരി തലക്കു പിടിച്ചു കഴിഞ്ഞാലോ, ഇത്തരം 'സീനിയറ' ന്‍മാരുടെ അച്ഛനപ്പൂപ്പന്‍മാരെ തെറി കൊണ്ട്‌ അഭിഷേകം നടത്തുന്നവരേയും കാണാം.

സ്വന്തം വര്‍ഗ്ഗത്തോട്‌ ശത്രുത കാണിക്കാന്‍ ഈ സീനിയറന്‍മാര്‍ കണ്ടെത്തുന്ന ന്യായീകരണവും അതിന്‍റെ മന:ശാസ്ത്രവും കേവലം സരളം। സ്വാര്‍ത്ഥത। തനിക്കു ലഭിച്ച സ്ഥാനം അനര്‍ഹമാണെന്നും അസുരക്ഷിതവുമാണെന്ന വിചാരമാണ്‌ ഇക്കൂട്ടരെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്‌। തങ്ങളുടെ സ്ഥാനം മറ്റാരോ തട്ടിയെടുക്കുമെന്നുള്ള ഭയം ഇവരെ വേട്ടയാടുന്നു। തന്നേക്കാള്‍ സമര്‍ത്ഥനും യോഗ്യനുമായ ഒരാള്‍ തനിക്കു പിന്നാലേ ഉണ്ടെന്ന തിരിച്ചറിവില്‍ ഉണ്ടാകുന്ന ഭയം മറച്ചുവെക്കാന്‍ ഇവര്‍ കണ്ടെത്തുന്ന കോഡാണ്‌ ഈ ജാഡയും പരദ്രോഹവും। ഇവര്‍ അസുരക്ഷിതത്ത്വത്തിന്‍റെ ഭയം ചുമന്ന്‌ ചുമന്ന്‌ തലക്കനമുള്ളവരായി മാറുന്നു.

'സീനിയറന്‍' മാരേ, ഒരു കാര്യം ശരിയാണ്‌। നിങ്ങളേക്കാള്‍ സമര്‍ത്ഥനായ ഒരാള്‍ നിങ്ങളുടെ പിന്നിലുണ്ടെന്നു മറക്കാതിരിക്കുക। ഈ ഭൂമിയില്‍ ഒഴിച്ചുകൂടാത്തവരായി ആരുമില്ല। കാതു കുത്തിയവന്‍ പോയാല്‍ കാതും കുത്തി കടുക്കനുമിട്ട വേരൊരാള്‍ വരും। കോഴി കൂകുന്നതുകൊണ്ടല്ല നേരം വെളുക്കുന്നത്‌. പല്ലി താങ്ങുന്നതുകൊണ്ടല്ല മച്ച്‌ വീഴാതിരിക്കുന്നത്‌. തിരിച്ചറിവു നേടുക. നിങ്ങളെപ്പോലെതന്നെ ഉദരപൂരണത്തിനായി കാതങ്ങള്‍ താണ്ടിയെത്തിയ നിന്‍റെ നിറമുള്ള സഹോദരനെ സഹായിക്കാനായില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക. നിങ്ങള്‍ ഭയക്കാതിരിക്കുക. 'സീസര്‍ക്കുള്ളത്‌ സീസര്‍ക്ക്‌ ' എന്ന ബൈബിള്‍ വചനം മറക്കാതെ ഉരുവിട്ടു ശീലിക്കുക. സര്‍വം സുഖ:ഭവന്തു.

Monday, January 28, 2008

ഇങ്ങനേയുമുണ്ടോ ഒരു ഭക്തി

കലിയുഗത്തില്‍ മനുഷ്യന്‍ ഭക്തിയുടെ പേരില്‍ എന്തു കാണിക്കാനും എന്തിനേയും ആരാധിക്കാനും വെമ്പല്‍ കൊള്ളുമെന്നു സാക്ഷാത് ശ്രീകൃഷ്ണ ഭഗവാന്‍ പറഞ്ഞതിന്‍റെ ഒരു പ്രത്യക്ഷഭാവം ഇതാ ഇങ്ങിനേയും.

ഈ കലിയുഗത്തിലെ ഒരു മണ്ഡലക്കാലം. ചെയ്തുകൂട്ടിയ പാപങ്ങള്‍എല്ലാം തീര്‍ക്കാന്‍ മല ചവുട്ടിയാല്‍ മതിയെന്ന വിശ്വാസത്തോടെ കടിച്ചുപിടിച്ചു വ്രതമെടുക്കുന്നവര്‍ പാപമിറക്കുന്ന വിശുദ്ധകാലം. അങ്ങനെ ഈ പുണ്യകാലത്ത്‌ കോയിക്കല്‍പ്പറമ്പിലെ കേശവന്‍ നായരും തന്‍റെ പേരക്കുട്ടിയുമായി മല ചവിട്ടാന്‍ തീരുമാനിച്ചു. അയലത്തു വീട്ടിലെ വാസുക്കുട്ടി കൊണ്ടുക്കൊടുത്ത പലിശക്കാശില്‍ നിന്നാണ്‌ നെയ്ത്തേങ്ങക്കുള്ള നെയ്യും കെട്ടുനിറക്കാനുള്ള സാമഗ്രികളും വാങ്ങിച്ചതെന്നുള്ളത്‌ കേശവന്‍നായര്‍ക്കും പിന്നെ അയ്യപ്പഭഗവാനും മാത്രമേ അറിയൂ.

കഥ ഇങ്ങനെയാണ്‌. ഇരുമുടി കെട്ടുമുറുക്കി, തന്‍റെ ഗള്‍ഫിലെ മോന്‍ പുതിയതായി വങ്ങിയ 'സ്കോര്‍പ്പിയോ' യില്‍ കേശവന്‍നായരും പേരക്കുട്ടിയും ഡ്രൈവറോടൊപ്പം രാത്രിയിലാണ്‌ വീട്ടില്‍ നിന്നും ഇറങ്ങിയത്‌. ഏഴരവെളുപ്പിനെ പമ്പയില്‍ വന്നിറങ്ങി. പമ്പയില്‍ മുങ്ങി, പാപം കഴുകി, തൊഴുതു മുന്നോട്ടു നീങ്ങിയപ്പോള്‍ പേരക്കുട്ടി നിര്‍ബന്ധബുദ്ധിയോടെ കേശവന്‍നയരോട്‌ ഒരു കാര്യം പറഞ്ഞു.

'മുത്തച്ഛാ എനിക്കു അപ്പിയിടാന്‍ മുട്ടുന്നു'

അപ്പിയിടാതെ ഒരു ചുവടു മുന്നോട്ടു നടക്കനാവില്ലെന്നു കുട്ടി തീര്‍ത്തും പറയുകയും അപ്പിയിടുകയും ഒരുമിച്ചായിരുന്നു. കെട്ടും ശരണം വിളിയുമായി അയ്യപ്പന്‍മാര്‍ നടന്നുനീങ്ങുന്ന വഴിയില്‍ കേശവന്‍നായരുടെ കൊച്ചുമകന്‍ അപ്പിയിട്ടു. കണ്ട തമിഴന്‍മാര്‍ക്കും വടക്കന്‍മാര്‍ക്കും ഒക്കെ ഇവിടെ വന്നു തൂറാമെങ്കില്‍ നമ്മുടെ സ്വന്തം നാട്ടിലെ ശബരിമലയില്‍ തൂറാന്‍ മലയാളിയായ കേശവന്‍നായരുടെ പേരക്കുട്ടിക്ക്‌ അവകാശമില്ലേ. കേശവന്‍ നായര്‍ അങ്ങനെയങ്ങ്‌ ആശ്വസിച്ചു.

ഇട്ട അപ്പി എങ്ങനെ 'ഡിസ്പോസ്‌' ചെയ്യുമെന്നതായി കേശവന്‍നായരുടെ അടുത്ത പ്രോബ്ലം. അവസാനം ഒരു ഉപായം കണ്ടെത്തി. കൈയില്‍ കരുതിയിരുന്ന പട്ടുതുണികൊണ്ട്‌ അതങ്ങു മൂടിയിട്ടു.

അയ്യപ്പഭക്തന്‍മാര്‍ തിക്കിത്തിരക്കിവരുന്ന വഴിയില്‍ മൂടിയിട്ട തുണിയില്‍ ചവിട്ടാതിരിക്കാന്‍ കേശവന്‍നായര്‍ ഒരു ഭക്തനോട്‌ ഉറക്കെ വിളിച്ചു പറഞ്ഞു.

'അയ്യോ, അതില്‍ ചവിട്ടരുത്‌'

കേശവന്‍നായര്‍ പറഞ്ഞത്‌ പാതി മാത്രം കേട്ട ഒരു ഭക്തന്‍ തിരിഞ്ഞു നോക്കി. പട്ടുകൊണ്ടു മൂടിയിട്ട ഒരു വസ്തുവില്‍ ചവിട്ടരുതെന്ന്‌ ഒരാള്‍ വിളിച്ചു പറയണമെങ്കില്‍ അവിടെ എന്തെങ്കിലും ദൈവസാന്നിദ്ധ്യമുണ്ടായിരിക്കണം. കേട്ടതു പാതി കേള്‍ക്കാത്തതു പാതി ആ ഭക്തന്‍ ഓടിച്ചെന്നു പട്ടുതുണി കൊണ്ടു മൂടിയിട്ടിടത്തു ചെന്ന്‌ മൂന്ന്‌ പ്രദിക്ഷണം ചെയ്ത്‌ കുമ്പിട്ടു.

മുമ്പേ ഗമിച്ചീടിന ഗോവു തന്‍റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം എന്നാണല്ലോ പ്രമാണം. പിന്നാലെ വന്ന അയ്യപ്പഭക്തന്‍മാരെല്ലാം പട്ടുതുണിക്കു വലം വെക്കുകയും കര്‍പ്പൂരമുഴിയുകയും ചെയ്തുകൊണ്ടേയിരുന്നു.

അവസാനം ആ പുണ്യസ്ഥലം ഒരു നോക്ക്‌ ദര്‍ശിക്കുവാന്‍ അയ്യപ്പഭക്തന്‍മാര്‍ തിക്കിത്തിരക്കി. കേശവന്‍നായരും പേരക്കുട്ടിയും മല ഇറങ്ങി വരുമ്പോള്‍ അയാള്‍ മൂടിയിട്ട പട്ടുതുണിക്കു ചുറ്റും ദിവ്യദര്‍ശനത്തിനും തൊട്ടുതൊഴാനും നിരവധി പേര്‍ ക്യൂ നില്‍ക്കുന്നുണ്ടായിരുന്നു..

Sunday, January 27, 2008

കുന്നുംപുറത്തെ ദിവാകരന്‍റെ ഇംഗ്ലീഷ്‌

(കുന്നുംപുറത്തെ ദിവാകരന്‍ അമേരിക്കന്‍ കമ്പനിയിലെ ഫോര്‍മാനാണ്‌. സായിപ്പിന്‌ ഒത്താശ പാടുന്നവനായതു കൊണ്ട്‌ ദിവാകരനെ സായിപ്പിനിഷ്ടവുമാണ്‌. ദിവാകരന്‍ തന്‍റെ കമ്പനിയിലുള്ള മി. മൈക്കുമായി നടത്തിയ ലഘു സംഭാഷണം നമ്മുടെ വിജയകൃഷ്ണന്‍ കേട്ടപ്പോള്‍)

ദിവാകരന്‍ എന്നു സായിപ്പിന്‍റെ വായില്‍ കൊള്ളാത്തതുകൊണ്ട്‌ ദിവാകരനെ 'മി. കറണ്‍' എന്നാണ്‌ കമ്പനിയിലാകെ അറിയുന്നത്‌.

Mike: How are you KaRan?

Divakaran: Good Morning Sir (വണക്കം സാറേ)

Mike: What's up? You alright KaRan?

Divakaran: I good Sir (എനിക്കു സുഖം തന്നെ സാര്‍)

Mike: Is your family OK?

Divakaran: No Sir. My mother too much days hospital (ഇല്ല സാര്‍. എന്‍റെ അമ്മ കുറെ ദിവസമായി ആശുപത്രിയില്‍ ആണ്‌.)

Mike: What happened to her?

Divakaran: Me mother starting head rotate, and and food come out. Now three week hospital. Too much money need (തുടക്കത്തില്‍ തലകറക്കവും പിന്നെ ഛര്‍ദ്ദിലുമായിരുന്നു. ഇപ്പോള്‍ മൂന്നാഴ്ച്ചയായി ആശുപത്രിയില്‍ തന്നെയാ. ഒരുപാടു പൈസ വേണം.)

Mike: OK. How youre'all doing at work?

Divakaran: No good feeling. My Lead man no good (ഒരു സുഖവുമില്ല സാര്‍. എന്‍റെ ലീഡ്‌മാന്‍ നല്ലതല്ല.)

Mike: Why?

Divakaran: Yesterday big problem. He told too much bad word. (ഇന്നലെ വലിയ പ്രശ്നമായിരുന്നു. അങ്ങേരു എന്നെ ഒരുപാടു ചീത്ത വിളിച്ചു.)

Mike: Really?

Divakaran: He told to me mother fu.cker. Me, my place, this big bad word (എന്നെ അയാള്‍ ഇന്നലെ മദര്‍ഫക്കര്‍ എന്നു വിളിച്ചു. ഞങ്ങളുടെ നാട്ടില്‍ അതു വലിയ ചീത്തയാണ്‌)

Mike: Did he?

Divakaran: Yes, you know in me country, father fuck mother, mother no fuck nobody. I go complain manager (നിനക്കറിയാമോ, ഞങ്ങളുടെ നാട്ടില്‍ അച്ഛന്‍ മാത്രമേ അമ്മയെ അങ്ങനെ ചെയ്യൂ. ഞാന്‍ മാനേജരോട്‌ പരാതി കൊടുക്കാന്‍ പോവുകയാണ്‌)

Mike: Be cool KaRan. You will be alright!

Divakaran: You know, I work dust. No break work work work. He no like. (നിനക്കറിയാമോ, ഞാന്‍ പൊടിയിലാണ്‌ പണിയെടുക്കുന്നത്‌. ഒരു ബ്രേക്കുപോലും എടുക്കാതെ പണി തന്നെ പണി. എന്നിട്ടും അവനു പിടിക്കുന്നില്ല.)

Mike: Is he that bad?

Divakaran: He work AC. complete day AC. Not doing one work. I go compalint. see (അവന്‍ എ. സി. റൂമിലാ ഇരിക്കുന്നത്‌. മുഴുവന്‍ ദിവസവും എ. സി.യില്‍ തന്നെ. എന്നാലോ ഒറ്റപ്പണി ചെയ്യില്ല. ഞാന്‍ പരാതി കൊടുക്കാന്‍ പൊകുവാ നോക്കിക്കോ)

Mike: Dont worry KaRan. I will talk to that guy.

Divakaran: You no no talk him. I manager told already (വേണ്ട, വേണ്ട, നീ അവനോടൊന്നും ചോദിക്കേണ്ട. ഞാന്‍ മാനേജറോടു പറഞ്ഞു കഴിഞ്ഞു.)

Mike; Why did he yell at you anyway KaRan?

Divakaran: Yesterday brake time, me sleep come. Me sleeping, He come and bad words, bad words. No stop. (ഇന്നലെ ബ്രേക്കുസമയത്ത് എനിക്കുറക്കം വന്നു. ഞാനൊന്നുറങ്ങി. അന്നേരം അയാള്‍ വന്ന്‌ നിര്‍ത്താതെ ചീത്ത വിളിക്കാനും തുടങ്ങി.)

Mike: Americans are like that..dont worry about it KaRan.

Divakaran: He American, I Indian. I do all work. He boss making. He go play play. He no go womens back. I work work. but he complain me. (അവന്‍ അമേരിക്കക്കാരന്‍ ആണെങ്കില്‍ ഞാന്‍ ഇന്‍ഡ്യാക്കാരനാണ്‌. ഞാനാ ഇവിടുത്തെ എല്ലാ പണിയും ചെയ്യുന്നേ. അവന്‍ ചുമ്മാതെ കളിച്ചും കറങ്ങിയും നടക്കുകയാ. പെണ്ണുങ്ങളുടെ പിറകീന്നു മാറില്ല. ഞാനോ പണി തന്നെ പണി. എന്നിട്ടും അവന്‍ എന്നെ കുറ്റപ്പെടുത്തുന്നു.)

Mike: Leave it KaRan. So is your mother doing better now?

Divakaran: I home call Friday Friday. Me wife talking. Me wife, Me mother no see good. No talk good, I nothing do Sir (ഞാന്‍ എല്ലാ വെള്ളിയാഴ്ച തോറും വീട്ടില്‍ വിളിക്കാറുണ്ട്. എന്‍റെ ഭാര്യയോടും സംസാരിക്കാറുണ്ട്‌. എന്‍റെ ഭാര്യക്ക്‌ അമ്മയെ കണ്ടൂകൂടാ. അവര്‍ തമ്മില്‍ മിണ്ടില്ല. ഞാനെന്തോ ചെയ്യാനാ? )

Mike: Everything will be alright KaRan. Be cool Man.

ഈ സമയത്ത്‌ നമ്മുടെ വിജയകൃഷ്ണന്‍ കൈയില്‍ ഒരു പേപ്പറുമായി അവിടെയെത്തി

Mike: What is this Mr. Kr'sna?

Vijayakrishnan: Sir, shall I bring the document here that you need to sign?

Mike: What?

Vijayakrishnan: Sir, should I bring the paper work here that you need to sign prior to sending to Human Resources?

Mike: What? I don't understand you. You are from India too? Right?

Vijayakrishnan: Yes Sir.

Mike: Then why can't you be expressive like KaRan?

Vijayakrishnan: I was asking you, whether should I bring those papers here to sign?

Mike: Stop Kr'sna. I do not understand your way of talking. Why do you confuse me with this 'shall', 'could' and 'would' shits. Call Mr. KaRan to translate you for me.

പാവം വിജയകൃഷ്ണന്‍ കുന്നുംപുറത്ത് ദിവാകരനെ വിളിക്കാനായി നടന്നുപോയി.

അമ്മക്കു വീണ്ടും ഒരെഴുത്ത്‌

എന്‍റെ അമ്മക്ക്‌

ഇത്തവണ മറുപടി എഴുതാന്‍ ഇത്തിരി വൈകി. ഒന്നാമത്‌ സമയമില്ലമ്മേ. പിന്നെ ഈ ചൂടത്തെ പണിയും കഴിഞ്ഞു വന്നാല്‍ ആകെ ക്ഷീണമാണ്‌. ഞാന്‍ ഇവിടുത്തെ കാര്യങ്ങള്‍ ഒന്നും എഴുതുന്നില്ലായെന്നല്ലേ അമ്മക്കു പരാതി. വെറുതെ പറഞ്ഞു അമ്മയെക്കൂടി എന്തിനാ വിഷമിപ്പിക്കുന്നേ എന്നു കരുതിയാ.

രാവിലെ നാലരക്കുണര്‍ന്നു ജോലിക്കു പോകണം. നമ്മുടെ നാട്ടില്‍ പാടത്തു കൊയ്യാന്‍ പോകുന്ന പെണ്ണുങ്ങള്‍ പോലും ഇത്ര പുലര്‍ച്ചെ ജോലിക്കുപോകില്ല. മംഗലത്തെ രാമേട്ടന്‍ അഞ്ചുമണിക്കു പശുവിനെ കറക്കാന്‍ വരുന്നത്‌ എവറെഡി ടോര്‍ച്ചുമായിട്ടല്ലേ. ഇവിടെ അഞ്ചുമണിയാകുമ്പോഴേക്കും ഭയങ്കര വെയിലാണമ്മേ. ഇതിന്നിടയില്‍ പറയുവാ അമ്മക്കു കാലിനു നീരു കുറയാത്തത്‌ പശുവിന്‍റെ പിന്നാലേ ഇങ്ങനെ നടക്കുന്നതു കൊണ്ടാണ്‌. ഇനി അതിനെ അങ്ങു വിറ്റൂടേ? അല്ലേല്‍ തന്നെ നമ്മള്‍ പുതിയതായി വെച്ച വീട്ടില്‌ തെക്കുപുറത്ത്‌ എരുത്തില്‌ ചേരത്തപോലുണ്ട്‌. ഇപ്പോള്‍ നിത്യച്ചിലവിന്‌ പാല്‌ വിക്കേണ്ട ഗതികേടൊന്നുമില്ലല്ലോ

ഞാന്‍ ഇപ്പോള്‍ ഒരു അമേരിക്കന്‍ കമ്പനിയിലാണ്‌ ജോലി എന്നു പറഞ്ഞില്ലേ. അവിടെ ജോലിക്കു കയറുന്നതു തന്നെ ഒരു ചടങ്ങാണ്‌. ശബരിമലയില്‍ പൊലുമില്ലമ്മേ ഇത്ര നീണ്ട ക്യൂ. അതുപോലത്തെ വലിയ ക്യൂവില്‍ മണിക്കൂറുകളോളം നിന്നുവേണം ജോലിക്കു കയറാന്‍. അന്നു അച്ഛന്‍റെ കാലൊടിഞ്ഞപ്പോള്‍ സിയെമ്മെസ്‌ ആശുപത്രിയില്‍ വെച്ച്‌ എക്സ്റേ എടുക്കുന്ന ഒരു മെഷ്യന്‍ ഞാന്‍ അമ്മയെ കാണിച്ചില്ലേ, അതുപോലത്തെ മെഷ്യനിലൂടെ ദിവസവും കയറിയിറങ്ങണം. ഇതൊക്കെ കഴിഞ്ഞ്‌ ജോലിക്കെത്തുന്നതു തന്നെ ക്ഷീണിച്ചാണ്‌.

കുന്നുംപുറത്തെ ദിവാകരനും എന്‍റെ കമ്പനിയില്‍ തന്നെയാണ്‌. ഞങ്ങളുടെ കമ്പനിയിലെ മേലാളന്‍മാരെല്ലാം സായിപ്പന്‍മാരാണ്‌. അവരുടെ പ്രീതി പിടിച്ചു പറ്റുന്നവര്‍ക്കും അടുക്കുപറയുന്നവര്‍ക്കുമൊക്കെ സുഖമാണ്‌. ദിവാകരന്‍ ഒരു സായിപ്പിനെ ഒട്ടിനടക്കുന്നതുകൊണ്ട്‌ അവനു പല കാര്യത്തിലും ഗുണമുണ്ട്‌. പഠിപ്പുകൊണ്ടൊന്നും ഇവിടെ യാതൊരു കാര്യവുമില്ലമ്മേ. ഗള്‍ഫില്‌ ഭാഗ്യം വേണം. നമ്മുടെ നാട്ടില്‌ കളക്ടര്‍മാര്‍ പഠിത്തമില്ലാത്ത മന്ത്രിമാരെ അനുസരിക്കുന്ന പോലെയാണ്‌ ഇവിടെ. കഴിവും വിദ്യാഭ്യാസവുമുള്ളവര്‍ ഭാഗ്യമുള്ളവരെ അനുസരിക്കേണ്ടിവരും. ദിവാകരനെപ്പോലെ അര്‍ഹതയില്ലാതെ സ്ഥാനക്കയറ്റം കിട്ടുന്നവര്‍ പിന്നെ ഒരോതരം പത്രാസു കാട്ടും.

തേങ്ങയിടാന്‍ വരുന്ന ഗോപലന്‍ മൂപ്പരുടെ മോന്‍ വിജയനും ഈ കമ്പനിയിലുണ്ടമ്മേ. അവിടെ റബ്ബര്‍ വെട്ടിക്കൊണ്ടിരുന്ന അവന്‍ ഇവിടെ ക്ലാര്‍ക്ക് പണിയാണ്‌. പണ്ട്‌ പാര്‍ട്ടി ആഫീസില്‍ വെച്ച്‌ കത്തിക്കുത്തുണ്ടാക്കിയ കേസൊക്കെ ഒഴിവായെന്ന്‌ ഇന്നാള്‌ കമ്പനിയുടെ മുന്നിലെ ക്യൂവില്‍ വെച്ചു കണ്ടപ്പോള്‍ അവന്‍ പറഞ്ഞു. അവന്‍റെ കൂടെ ജോലി ചെയ്യുന്ന ഒരു മദാമ്മയുമായി അവനെന്തോ അടുപ്പമുണ്ടെന്ന്‌ അവന്‍റെ മുറിയില്‍ താമസിക്കുന്ന സോമന്‍ എന്നോടു പറഞ്ഞു. അസൂയകൊണ്ടാകുമെന്നാ ഞാന്‍ ആദ്യം കരുതിയത്‌. പക്ഷേ കേട്ടതൊക്കെ ശരിയാണെന്ന്‌ പിന്നീട്‌ മനസ്സിലായി. പെണ്ണുംപിള്ളേം രണ്ടു കുട്ടികളും നാട്ടിലുണ്ടെന്നത്‌ മറന്നാണ്‌ അവന്‍ ഈ തോന്ന്യാസത്തിനൊക്കെ നടക്കുന്നത്‌. നാട്ടിലും അവന്‍ അത്ര ശരിയായിരുന്നില്ലല്ലോ.

ഞാന്‍ നേരത്തെ പറഞ്ഞില്ലേ അന്യനാട്ടില്‌ മലയാളീടെ ശത്രു മലയാളി തന്നെയാണെന്ന്‌. ഇവിടെ പുറമെ എല്ലവരും ചിരിച്ചു കാണിക്കുമെങ്കിലും ഒരു കാര്യം വരുമ്പോള്‍ എല്ലവരും കണക്കാണമ്മേ. ജോലിസ്ഥലത്തൊക്കെ എവിടുന്നാ പാര വരുന്നേ എന്നു പറയാന്‍ പറ്റില്ലമ്മേ. നമ്മുടെ മാടമ്പള്ളിലെ മാധവിയമ്മയെപ്പോലെയാണ്‌ എല്ലവരും. പുറമെ സന്തോഷം കാണിക്കും. പക്ഷേ അകംപല്ലുകൊണ്ടിറുമ്മും. പണ്ട്‌ അമ്മ പറഞ്ഞ ഒരു കഥയില്ലേ. ആനക്ക്‌ ആളെ കാണിക്കാന്‍ രണ്ടു പല്ലു പുറത്തും ചവക്കാനായി വേറെ പല്ലുകള്‍ അകത്തും. അതുപോലെയാണ്‌ ഇവിടെ എല്ലാരും എന്നു ചിലപ്പോള്‍ തോന്നിപ്പോകും. പിന്നെ ആരോടും വഴക്കിനുപോകാത്തതുകൊണ്ട്‌ എനിക്കു പ്രശ്നങ്ങളൊന്നുമില്ല.

വൈകിട്ട്‌ വീട്ടിലെത്തിയാല്‍ ഭക്ഷണം തയ്യറാക്കണം. തുണി കഴുകണം. ഇതൊക്കെ കഴിയുമ്പോള്‍ എഴുത്തെഴുതാനൊന്നും നേരം കിട്ടില്ല. തൊട്ടപ്പുറത്തെ മുറിയില്‍ കള്ളുകുടിയും ബഹളവുമാണ്‌ എപ്പോഴും. ഗള്‍ഫില്‍ കള്ളും ചാരായോം കിട്ടില്ലായെന്നല്ലേ നാട്ടിലോക്കെ പറയുന്നത്‌. ഇവിടെ വേണ്ടവര്‍ക്ക്‌ അതെല്ലാം ധാരാളമുണ്ടമ്മേ. ദിവാകരനൊക്കെ നിത്യവും സേവയുണ്ടത്രേ. അവന്‍റെ അച്ഛനും അത്ര മോശമായിരുന്നില്ലല്ലോ. ചിലരൊക്കെ ജീവിക്കുന്നതു കണ്ടാല്‍ മദ്യം കുടിക്കാനായിട്ടാണ്‌ വിസ എടുത്തിവിടെ വന്നതെന്നു തോന്നിപ്പോകും. ഇതിന്നിടയില്‍ പറയുവാ അച്ഛനോട്‌ കുടി ഇത്തിരി കുറക്കാന്‍ അമ്മ പറയണം. നമ്മുടെ ഇപ്പോഴത്തെ നില കൂടി ഓര്‍ക്കണ്ടേ?

ഞാന്‍ നിഷയുടെ കാര്യം പറഞ്ഞിട്ട്‌ അമ്മ ഒന്നും എഴുതിയില്ലല്ലോ. നല്ല വീട്ടുകാരാണമ്മേ. അവളുടെ അച്ഛന്‌ എലക്ട്രിസിറ്റി ആപ്പീസിലാണ്‌ ജോലി. ഒരു വീടും അറുപതു സെന്‍റു സ്ഥലവുമുണ്ട്‌. ഒരാങ്ങള ചെറുക്കനുണ്ട്‌. അവരുടെ വീടും 20 സെന്‍റും ആങ്ങളക്കാണ്‌. റോഡു സൈഡിലുള്ള 40 സെന്‍റും നിഷയുടെ പേരിലാക്കുമെന്നാണ്‌ അവള്‍ പറയുന്നത്‌. അതൊന്നുമില്ലെങ്കിലും ഇവിടെ ഗവര്‍മെന്‍റു നേഴ്സാണ്‌. നല്ല ഒരു ജീവിതത്തിന്‌ നമ്മള്‍ ആ ജോലി മാത്രം നോക്കിയാല്‍ പോരേ? അമ്മ അമ്മാമയോടും ഇളയച്ഛനോടും ഇക്കാര്യം പറയണം. അമ്മവനു നീരസം കാണും. എനിക്കിപ്പോളത്തെ അവസ്ഥയില്‍ ഷീലയെ കെട്ടാന്‍ ഒട്ടും താത്പര്യമില്ല. ഒരു ജോലിയുള്ള പെണ്ണാകുമ്പോള്‍ ജീവിതം കുറെക്കൂടി നന്നായിട്ടു പോകില്ലേ? പണ്ടാരോ എന്തോ വാക്കൊക്കെ പറഞ്ഞു എന്നു വെച്ച് എനിക്കു ഭാവി കൂടി നോക്കേണ്ടേ?

ഇവിടുത്തെ വിശേഷങ്ങള്‍ ഇങ്ങനൊക്കെയാണ്‌. കൂടുതല്‍ എഴുതാനിരുന്നല്‍ ഉറങ്ങാന്‍ പറ്റില്ല. രാവിലേ നാലുമണിക്കുണരേണ്ടതല്ലേ? ആരെങ്കിലും നാട്ടില്‍ നിന്നും വരുമ്പോള്‍ ഇത്തിരി അഷ്ടചൂര്‍ണ്ണം കൊടുത്തുവിടണം. ഈയിടെയായി ഗ്യാസിന്‍റെ അസ്കിതയുണ്ട്‌. ഇവിടെ നിഷയുടെ ആശുപത്രിയില്‍ ചെന്നാല്‍ ഇംഗ്ലീഷുമരുന്നു കിട്ടും. എന്നാലും കല്യാണത്തിനു മുന്നേ എന്തിനാന്നു വിചാരിച്ചിട്ടാ.

വനജേടത്തീം വാസന്തിയും അന്നത്തേതില്‍ പിന്നെ വിളിച്ചിട്ടില്ല. കൊടുത്തതൊക്കെ കുറഞ്ഞുപോകുന്നതു കൊണ്ടായിരിക്കും. എന്തേലും പുതിയ ആവശ്യങ്ങള്‍ വരുമ്പോള്‍ വിളിക്കുമായിരിക്കും. നിഷയുടെ കാര്യം അവരോടും അമ്മ പറയണം, മാത്രമല്ല കാര്യമായിട്ടെടുക്കയും വേണം. കല്യാണം കഴിഞ്ഞാലും എല്ലാരുടേയും കാര്യങ്ങള്‍ ഞാന്‍ ഇതുപോലെ തന്നെ നോക്കില്ലേ, പിന്നെന്താ.. അതുകൊണ്ട്‌ ഈ കാര്യം കാര്യാമായിട്ടെടുക്കണം.

കൂടുതല്‍ വിശേഷങ്ങള്‍ പിന്നീടെഴുതാം

എന്ന്‌..വിജയകൃഷ്ണന്‍.

Friday, January 25, 2008

അമ്മക്കൊരു കത്ത്‌

(ഈ കത്തു ഒരു പരമ്പര ആണ്‌. തുടര്‍ച്ചയായി ഒരു ഗൂഗിള്‍ ഗ്രൂപ്പിലൂടെ ഇതു ഞാന്‍ മുമ്പ്‌ അയച്ചിട്ടുണ്ട്‌. ഇതിനു മുമ്പ്‌ വിജയകൃഷ്ണന്‍റെ കത്തുകള്‍ ആരെങ്കിലും വായിച്ചിട്ടുണ്ടെങ്കില്‍ അതു എഴുതിയ ആള്‍ ഈ ഞാന്‍തന്നെയാണ്‌ എന്നു അറിയിക്കുന്നു. ഇപ്പോള്‍ ബ്ലോഗ്‌ ആക്കി എന്നു മാത്രം.)

എന്‍റെ അമ്മക്ക്‌
കുറെ നാളുകള്‍ക്കു ശേഷമാണ്‌ ഒരു കത്തെഴുതുന്നത്‌. ഇതു കുറച്ച്‌ അധികം കാര്യങ്ങള്‍ പറയാനുള്ളതു കൊണ്ടാണ്‌. ഫോണ്‍ വിളിച്ചു മാസാമാസം എത്ര കാശാണ്‌ ചെലവാകുന്നത്‌. നമുക്കു രണ്ടു പേര്‍ക്കും ഇംഗ്ലീഷ്‌ അറിയാമായിരുന്നെങ്കില്‍ ഇപ്പോള്‍ ചാറ്റിംഗ്‌ നടത്താമായിരുന്നു. അതാ ഇപ്പോള്‍ ലാഭം. ടി. വി. യില്‍ മമ്മൂട്ടി വന്നു പരസ്യം പറയുന്നുണ്ടല്ലോ നാട്ടില്‍ എല്ലവരേയും ഫ്രീ ആയി കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്നു എന്ന്‌. അമ്മക്കു പോയി ഒന്നു പഠിച്ചൂടേ? ഇപ്പോള്‍ ഒരു പണിയും ഇല്ലല്ലോ. വെറുതെ ഇരിക്കുകയല്ലേ. ഇതു ഞാന്‍ ചോര നീരാക്കി ഓവര്‍ടൈം ചെയ്തുണ്ടാക്കുന്ന പൈസയാണ്‌. എത്രയെന്നു കരുതിയാ ഫോണ്‍ ചെയ്തു കളയുക. അമ്മക്കറിയാമോ ഞാന്‍ കാലത്തെ ഒന്നും കഴിക്കാതെയാണ്‌ ജോലിക്കു പോകുന്നത്‌. എനിക്കു കാശു കൊടുത്തു വാങ്ങാന്‍ പറ്റാതെയല്ല. ഒന്നമതു സമയം കാണില്ല. പിന്നെ അതും കൂടി വീട്ടിലേക്കയച്ചാല്‍ അത്രേം അവിടെ എന്തേലും വാങ്ങാമല്ലോ എന്നു കരുതും.

പുഴക്കക്കരെ ഞാന്‍ വാങ്ങിയ അമ്പതു സെന്‍റു സ്ഥലത്ത്‌ അച്ഛന്‍ വല്ലതും നട്ടു പിടിപ്പിക്കുന്നുണ്ടോ? എവിടെ അല്ലേ? അച്ഛന്‍ അഞ്ചാറാളുകളേയും കൂട്ടി സ്ഥിരം പറമ്പില്‍ ശീട്ടുകളി ആണെന്ന്‌ കുന്നുംപുറത്തെ ദിവാകരന്‍ നാട്ടില്‍ പോയി വന്നപ്പോള്‍ പറഞ്ഞല്ലോ. അച്ഛനു ശീട്ടുകളിക്കാന്‍ വേണ്ട സ്ഥലത്തിനല്ല ഞാന്‍ അതു വാങ്ങിയത്‌. അച്ഛന്‍റെ വൈകുന്നേരത്തെ സേവ സ്വഭാവം ഇതുവരെ മാറിയില്ല അല്ലേ. അച്ഛന്‍ വെള്ളമടിച്ചു മുണ്ടഴിഞ്ഞു റോഡില്‍ കിടക്കുന്നത് കണ്ടു എന്ന്‌ ദിവാകരന്‍ എല്ലാരുടേം മുന്നില്‍ വെച്ചു പറഞ്ഞ്‌ എന്നെ കളിയാക്കി. പണ്ടത്തെ കാലമല്ല. നമുക്കു ഇപ്പോള്‍ ഇത്തിരി നിലയും വിലയും ഒക്കെ ഉണ്ട്‌. അതറിഞ്ഞ്‌ പെരുമാറാന്‍ അമ്മ അച്ഛനോടു പറയണം. ഓ, ദിവാകരന്‍ ഒരു മാന്യന്‍. അവന്‍റെ അച്ഛന്‍ കുടിച്ചു പാമ്പായി മുട്ടൊപ്പം വെള്ളത്തില്‍ വീണാണ്‌ ചത്തതെന്നു എനിക്കു തിരിച്ചു പറയാന്‍ തോന്നിയതാ. പിന്നെ ഞാന്‍ അടക്കി. എന്തിനാ നാട്ടുകാര്‍ തമ്മില്‍ അന്യനാട്ടില്‍ കിടന്നു വഴക്കിടുന്നേ എന്നു കരുതി. അല്ലേലും അന്യനാട്ടില്‍ ചെന്നാല്‍ മലയാളീടെ ഏറ്റവും വലിയ ശത്രു മലയാളി തന്നെയാ.

ദിവാകരന്‍റെ രണ്ടാമത്തെ കുട്ടീടെ 28 കേമമായിരുന്നു എന്ന്‌ അവന്‍ പറഞ്ഞു. പള്ളിപ്പുറത്തു സ്കൂളില്‍ എന്‍റെ ക്ലാസ്സിലായിരുന്നു ദിവാകരന്‍. അല്ലേലും അവന്‌ ബാധ്യത ഒന്നുമില്ലല്ലോ. എന്‍റെ കാര്യം അങ്ങനെയാണോ? വനജേടത്തീടേം വാസന്തീടേം കല്യാണം നടത്തി. ചെറ്റപ്പുര ടെറസ്സ്‌ വീടാക്കി. കുറച്ചു സ്ഥലം വാങ്ങി. ഹൌസിങ്‌ ലോണ്‍ എടുത്തത്‌ കഴിഞ്ഞ മാസമാ അടച്ചു തീര്‍ന്നത്‌. 'വിശേഷം' ഉണ്ടെന്നു പറയാന്‍ വാസന്തി വിളിച്ചിരുന്നു. ഇനി അതും ഒരു ചെലവല്ലേ? അവള്‍ വീട്ടിലെ ഡി.വി. ഡി. എടുത്തുകൊണ്ടു പോകാന്‍ പോയപ്പോള്‍ അമ്മ വഴക്കിട്ടു വാങ്ങിവെച്ചുവോ? എന്നോട്‌ അവള്‍ സങ്കടം പറഞ്ഞു. ഇനി വരുമ്പോള്‍ പുതിയതൊന്നു വാങ്ങിവരണം എന്നാ പറഞ്ഞിരിക്കുന്നേ. മോഹനളിയന്‍റെ സ്റ്റുഡിയോയില്‍ ഇപ്പോള്‍ വലിയ ബിസിനസ്സ്‌ ഒന്നും നടക്കുന്നില്ലത്രേ. മോഡേണ്‍ ഡിജിറ്റല്‍ ക്യാമറ വാങ്ങണമെന്നൊക്കെ പറയുന്നതു കേട്ടു. ഞാന്‍ അധികം ശ്രദ്ധിക്കാന്‍ പോയില്ല.

വനജേടത്തീടെ കുട്ടൂസിനെ നഴ്സറിയില്‍ ഇത്തവണ ചേര്‍ത്താറായി അല്ലേ? ഇംഗ്ലീഷ്‌ മീഡിയത്തില്‍ ചേര്‍ക്കാന്‍ പറയണം. മലയാളം കൊണ്ടൊന്നും ഒരു കാര്യവുമില്ല. അന്യനാട്ടില്‍ വന്നാലേ ഇംഗ്ലീഷിന്‍റെ വില മനസ്സിലാകൂ. അവനെങ്കിലും ഇംഗ്ലീഷ്‌ പഠിച്ചു വളരട്ടെ. വനജേടത്തിക്കു കഴിഞ്ഞ തവണ വന്നപ്പോള്‍ കൊടുത്ത മൊബൈല്‍ ഫോണ്‍ ശരിക്കും ശബ്ദം കേള്‍ക്കുന്നില്ല എന്നു പറഞ്ഞു. ഇനി വരുമ്പോള്‍ ക്യാമറ ഉള്ളതു വേണമെന്നു. അല്ലേലും ചെറുപ്പം തൊട്ടു എന്തു കൊടുത്താലും വനജേടത്തി ഒരു കുറ്റം കണ്ടു പിടിക്കും. ശിവനളിയന്‍ വിസ അയച്ചു തായോ എന്നു എപ്പോള്‍ വിളിച്ചാലും പറയും. അവിടെ നിന്നു നോക്കുമ്പോള്‍ ഇതു സ്വര്‍ഗമാണെന്നു തോന്നും. ഇവിടെ വന്നാലേ ദുരിതമറിയൂ. അവിടെ നല്ല ജോലിയുള്ളത്‌ എന്തിനാ കളയുന്നേ? ഗവര്‍മെണ്ടു ഓഫീസില്‍ പ്യൂണ്‍ എന്നു പറഞ്ഞാല്‍ എന്താ വരുമാനം?

ഞാനും നാട്ടില്‍ വരാറായി. ഇത്തവണ അറബി വിസ പുതുക്കുമോന്ന്‌ അറിയില്ല. ഞാന്‍ അതിന്‍റെ ടെന്‍ഷനിലാണ്‌. കുന്നത്തൃക്കോവിലെ ഹനുമാന്‌ വടമാല നേര്‍ന്നാല്‍ വിചാരിച്ച കാര്യം നടക്കുമെന്നല്ലേ പറയാറ്. അമ്മ ഒരെണ്ണം നേരണം.

പിന്നെ ഏറ്റവും പ്രധാന കാര്യം. കഴിഞ്ഞ മാസം വര്‍ക്ക്‌ സൈറ്റില്‍ വെച്ച്‌ ഒരു അപകടം പറ്റിയ കാര്യം ഞാന്‍ പറഞ്ഞില്ലേ. അന്ന്‌ അവിടെ അടുത്തുള്ള ഒരു ഹോസ്പിറ്റലിലാണ്‌ പോയത്‌. അവിടെ വെച്ച്‌ ഞാന്‍ ഒരു കുട്ടിയെ പരിചയപ്പെട്ടു. നിഷ എന്നാണ്‌ പേഋ. അടൂരാണ്‌ വീട്‌. ഇവിടെ നേഴ്സാണ്‌. എന്നേക്കാളും ശമ്പളമുണ്ടമ്മേ അവള്‍ക്ക്‌. ഇനിയിപ്പോള്‍ അറബി വിസ പുതുക്കി ഇല്ലെങ്കിലും അവള്‍ വിചാരിച്ചാല്‍ എനിക്ക്‌ പുഷ്പം പോലെ വിസ കിട്ടും. നല്ല അച്ചടക്കവും ഭംഗിയുമുള്ള കുട്ടിയാണ്‌.

ഇതു കേട്ടാല്‍ ചിലപ്പോള്‍ അമ്മാവന്‍ വഴക്കിനു വരും. എന്നു വെച്ചു നമുക്കു നമ്മുടെ കാര്യം പറയേണ്ടേ? എനിക്കു ഇങ്ങോട്ടു വരാന്‍ 50000 രൂപ തന്നു, അതിനുവേണ്ടി അവരുടെ വീടു പണയം വെച്ചു എന്നൊക്കെ പറയും. ആ കാശു അങ്ങോട്ടു കൊടുത്താല്‍ തീര്‍ന്നില്ലേ? നമ്മള്‍ എടുത്തു വെച്ചിട്ടു കൊടുക്കാഞ്ഞതല്ലല്ലോ. ഓരോരോ ചിലവു വന്നതു കൊണ്ടു മാറിപ്പോയന്നല്ലേയുള്ളൂ. പിന്നെ ഷീലയേയും പറ്റി അത്ര നല്ലതൊന്നുമല്ല കേള്‍ക്കുന്നേ. ഞാന്‍ അവിടെ ഉള്ളപ്പോള്‍ എന്നോടു എങ്ങനെ ആയിരുന്നു എന്ന്‌ എനിക്ക്‌ അറിഞ്ഞൂടേ. ഒന്നുമില്ലാതെ ആളുകള്‍ ഓരോന്നു പറയില്ലല്ലോ. തീയില്ലാതെ പുകയുണ്ടാകുമോ? അതുകൊണ്ട് എനിക്കു യാതൊരു കുറ്റബോധവുമില്ല. അല്ലെങ്കില്‍ തന്നെ പണ്ടത്തെപ്പോലെയാണോ അമ്മേ നമ്മള്‍ ഇപ്പോള്‍. ഉള്ളതില്‍ നിന്നും താഴേക്കു വരണം എന്നു ആര്‍ക്കേലും തോന്നുമോ? എപ്പോളും ഉയരത്തില്‍ എത്തണമെന്നല്ലേ ചിന്തിക്കേണ്ടത്‌. അത്‌ ഒരു തെറ്റാണോ അമ്മേ?

ഞാന്‍ കത്തു ചുരുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അടുത്തതില്‍ എഴുതാം.

എന്ന്‌ അമ്മയുടെ മോന്‍ വിജയകൃഷ്ണന്‍.
guruji.masterji@gmail.com